അലി(റ)വിൽ നിന്ന് ഇബ്നു മാജ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. നബി(സ) പറഞ്ഞു: ശഅ്ബാൻ പകുതിയുടെ രാവെത്തിയാൽ നിങ്ങൾ നിന്നു നിസ്കരിക്കുകയും പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുവീൻ. നിശ്ചയം അല്ലാഹു സൂര്യാസ്തമയമായാൽ ചോദിക്കും: വല്ലവരും പൊറുക്കലിനെ തേടുന്നുണ്ടെങ്കിൽ ഞാൻ പാെറുത്തു തരാം, വല്ലവരും ഭക്ഷ്യവസ്തുക്കൾ തേടുന്നുണ്ടെങ്കിൽ ഞാൻ നൽകാം, വല്ല പ്രയാസങ്ങളനുഭവിക്കുന്നവരുമുണ്ടെങ്കിൽ ഞാൻ സുഖപ്പെടുത്തി തരാം എന്നിങ്ങനെ സുബ്ഹി വരെ ചോദിച്ചു കൊണ്ടിരിക്കും. (ഇബ്നുമാജ 1388, മിശ്കാത്ത് 1308).
ഈ ഹദീസിൽ ബറാഅത്ത് രാവിൽ നിസ്കരിക്കാനും പകൽ നോമ്പനുഷ്ഠിക്കാനും കൽപനയുണ്ട്. ഈ ഹദീസിന്റെയടിസ്ഥാനത്തിൽ ബറാഅത്ത് ദിനത്തിൽ നോമ്പ് സുന്നത്താവുമോ ഇല്ലയോ എന്നും ഹദീസ് സ്വഹീഹാണോ ളഈഫാണോ എന്നും ഇമാം ശിഹാബുദ്ദീൻ റംലി(റ)യോട് ചോദിക്കപ്പെട്ടു. അവർ മറുപടി പറഞ്ഞു: ശഅ്ബാൻ പതിനഞ്ച് എന്നല്ല, പതിമൂന്നും പതിനാലുമടക്കം നോമ്പ് സുന്നത്തുള്ളതാണ്. പ്രസ്തുത ഹദീസ് തെളിവായി സ്വീകരിക്കാവുന്നതു തന്നെ. (ഫതാവാ റംലി 2/79).
ഇമാം ഇബ്നു ഹജർ(റ) വിനോട് ചോദിക്കപ്പെട്ടു: ഇബ്നുമാജ(റ) ഉദ്ധരിച്ച പ്രസ്തുത ഹദീസിന്റെ അടിസ്ഥാനത്തിൽ ശഅ്ബാൻ പതിനഞ്ചിന്റെ നോമ്പ് സുന്നത്താവുമോ? അവരുടെ മറുപടി: അന്നത്തെ നോമ്പ് സുന്നത്തു തന്നെ. സുന്നത്താവുന്നത് പക്ഷേ അയ്യാമുൽ ബീളിൽ (ശഅ്ബാൻ 13, 14, 15, ദിവസങ്ങൾ) പെട്ടതാണെന്ന നിലക്കാണ്. ആ ദിവസത്തിന്റെ പ്രത്യേകതയുടെ ഭാഗമായിട്ടല്ല. ഇബ്നുമാജ(റ)യുടെ ഹദീസ് ളഈഫാണ്. (ഫതാവൽ കുബ്റാ 2/80).
എന്നാൽ ഇബ്നു ഹജർ(റ) തന്നെ ഹദീസ് ഗ്രന്ഥമായ മിശ്കാത്തിന് രചിച്ച വ്യാഖ്യാനത്തിൽ ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് പറയുന്നു: പകൽ നോമ്പനുഷ്ഠിക്കാൻ കൽപ്പിക്കാനുള്ള കാരണം അന്നത്തെ പ്രത്യേക നോമ്പ് എന്ന നിലക്കും അയ്യാമുൽ ബീളിന്റെ സുന്നത്തു നോമ്പ് എന്ന നിലക്കുമാണ്. (ഫത്ഹുൽ ഇലാഹ് 5/148).
കൂടാതെ ശഅ്ബാനിനെ കുറിച്ച് പ്രതിപാദിക്കുന്ന അൽ ഈളാഹ് വൽ ബയാൻ എന്ന ഗ്രന്ഥം രചിച്ചപ്പോൾ അതിലും ഇബ്നുഹജർ(റ) അന്നത്തെ രാത്രിയുടെ ശ്രേഷ്ഠത വിവരിക്കാൻ ആദ്യമായി കൊണ്ടുവന്നത് മുകളിലുദ്ധരിച്ച ഇബ്നുമാജ(റ)യുടെ ഈ ഹദീസ് തന്നെയാണ്.
ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് ഇബ്നുഹജർ(റ) ശഅ്ബാൻ പതിനഞ്ചിന് നോമ്പ് പ്രത്യേകം സുന്നത്താണെന്നതിനെ അംഗീകരിക്കുന്നുണ്ട് എന്ന് തന്നെയാണ്.
ളഈഫായ ഹദീസ് വന്നത് കൊണ്ട് , ദീനിൽ സൂക്ഷ്മത പാലിക്കൽ സുന്നത്താണ് എന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ അന്ന് പ്രത്യേകം സുന്നത്തുണ്ട് എന്ന് പറയാം , അത് കൊണ്ടായിരിക്കും ഫത്ഹുൽ ഇലാഹിൽ അന്നത്തെ പ്രത്യേകതക്ക് വേണ്ടി എന്ന് പറഞ്ഞത്. എന്നാൽ ഫതാവൽ കുബ്റയിൽ പറഞ്ഞത് ഈ ഹദീസ് ളഈഫായത് കൊണ്ട് ഈ ഹദീസ് കൊണ്ട് മാത്രം പ്രതേക സുന്നത്ത് എന്ന് പറയാൻ പറ്റില്ല എന്നാണ്. അപ്പോൾ ഇബ്നു ഹജറിനിൽ ഹൈത്തമിയും ശിഹാബുദ്ദീനു റംലിയും തമ്മിൽ അഭിപ്രായ വ്യത്യാസമുള്ളത് ഈ ഹദീസ് കൊണ്ട് മാത്രം തെളിവ് പിടിക്കാൻ പറ്റുമോ , ഇല്ലയോ എന്ന വിഷയത്തിൽ മാത്രമാണ്.
ഹദീസ് ളഈഫാണെങ്കിലും അമൽ ചെയ്യുന്നതുകൊണ്ട് വിരോധമില്ലെന്നു മാത്രമല്ല , സുന്നത്താണെന്നും അവർ തന്നെ സ്ഥിരപ്പെടുത്തിയിട്ടുമുണ്ട്. അവർ പറയുന്നു: ളഈഫായ ഹദീസ് കൊണ്ട് അമൽ ചെയ്യാമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിട്ടുള്ളതാണ്. കാരണം യഥാർത്ഥത്തിൽ ആ ഹദീസ് സ്വഹീഹ് തന്നെയാണെങ്കിൽ അതനുസരിച്ച് അമൽ ചെയ്തതിന്റെ പ്രതിഫലം ലഭിക്കും. അതല്ല ഹദീസ് ളഈഫാണെങ്കിൽ തന്നെ അതുപ്രകാരം അമൽ ചെയ്യുന്നതിനാൽ ഒരു വിധി അനുവദനീയമാക്കുകയോ നിഷിദ്ധമാക്കപ്പെടുകയോ ചെയ്യുന്നില്ല. മറ്റൊരാളുടെ അവകാശം കളങ്കമാവുന്നുമില്ല. മാത്രമല്ല ളഈഫായ ഹദീസ് കൊണ്ട് പുതിയ ഒരു ഇബാദത്തിനെ സ്ഥിരപ്പെടുത്തൽ വരുന്നില്ല. മറിച്ച് ഹദീസിൽ വിവരിക്കുന്ന പ്രതിഫലം ലഭിക്കണമെന്ന പ്രതീക്ഷ മാത്രമാണ് അവന്നുണ്ടാവുന്നത്. (ഫത്ഹുൽ മുബീൻ 109).

No comments:
Post a Comment