"എഫ്ബീയിലോ ബ്ലോഗിലോ മറ്റോ ഞാനൊരു ടെക്സ്റ്റോ വീഡിയോയോ മറ്റോ പോസ്റ്റ് ചെയ്താൽ അതു കൊണ്ടിവിടെ എന്തു മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്?" എന്നു ചോദിക്കുന്നവരെ കണ്ടിട്ടുണ്ട്. എനിക്കു തോന്നുന്നത് വെറുമൊരു വ്യക്തിയിലെങ്കിലും മാറ്റം സൃഷ്ടിക്കാൻ നമ്മുടെ പോസ്റ്റ് കാരണമായേക്കാമെങ്കിൽ അതിനെ പോസിറ്റീവായിട്ടെടുക്കണം എന്നാണ്. എന്തൊക്കെ പറഞ്ഞാലും, ഒരു പോസ്റ്റ് / വീഡിയോ പബ്ലിഷ് ചെയ്യുന്നതിനു വേണ്ടി അധ്വാനിക്കുന്നത് നമ്മുടെ അറിവിലും വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിചയസമ്പന്നതയിലും പുരോഗതിയുണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ലല്ലോ.
താടി നരച്ച, തലപ്പാവു വെച്ച വയോധികനായ ഒരു പണ്ഡിതന്റെ വീഡിയോ നിങ്ങൾ പോസ്റ്റ് ചെയ്യുന്നത് സങ്കൽപ്പിച്ചു നോക്കൂ - അതിനെ പ്രയോജനപ്പെടുത്തുന്നവർ മഹാനായ ഒരു ശയ്ഖിന്റെ ഉപദേശങ്ങൾ സ്വീകരിക്കുന്ന പ്രാധാന്യത്തോടെ ആയിരിക്കില്ലേ അതു കാണുന്നുണ്ടാവുക? നിങ്ങൾ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും ഗൂഗ്ളാണ് ഇന്നു പലരുടെയും ശയ്ഖ്, വാട്സപ്പാണ് യൂണിവേഴ്സിറ്റി. അതിനാൽ വാസ്തവ വിരുദ്ധമായതോ അടിസ്ഥാന രഹിതമായതോ പ്രമുഖരായ പണ്ഡിതരുടെ വീക്ഷണത്തിനും വ്യാഖ്യാനത്തിനും എതിരായതോ ആയ കാര്യങ്ങൾ പറയുന്നതിൽ കണിശമായ സൂക്ഷ്മത പാലിക്കണം.
ആവിഷ്കാരത്തിൽ പരമ്പരാഗത സ്റ്റൈൽ ആയിരിക്കണമെന്നില്ല. വെബ്‌സൈറ്റുകളിൽ ലളിതമായ ഇന്റർഫേസുകൾ ആകുന്നതും യൂസർ ഫ്രണ്ട്ലി ആവുക, സഹായകമായ ഗൈഡുകൾ ഉണ്ടാകുക എന്നതും സാങ്കേതികമായി കൂടുതൽ പരിചയമില്ലാത്തവർക്ക് പോലും എല്ലാം ആക്‌സസ് ചെയ്യാൻ സഹായിക്കും. ഇത്തരത്തിലുള്ള ലളിതമായ സാങ്കേതികത്വങ്ങൾ കൂടി പരിഗണിക്കുവാൻ തയ്യാറായാൽ റിസൽട്ട് വളരെ വലുതായിരിക്കും.
ഈയിടെ ശ്രദ്ധിച്ച അറബിയിലെയും മലയാളത്തിലെയും ഇംഗ്ലീഷിലെയും ഒരു പിടി സൈറ്റുകളുണ്ട്. വിവിധ വിഷയങ്ങൾ മുസ്‌ലിം ബാക്ഗ്രൗണ്ടിൽ കൈകാര്യം ചെയ്യുന്നവ - എല്ലാം ലളിതം, സുന്ദരം. അവയധികവും റൺ ചെയ്യുന്നത് വെറും സാധാരണക്കാരാണ്, ഇസ്‌ലാമിനെ ഓൺലൈനിൽ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും തങ്ങളുടെ കഴിവുകൾ ഉപയോഗിക്കുന്ന ചില 'വ്യക്തികൾ'. അവർ എല്ലാം തികഞ്ഞവരൊന്നുമല്ല. അവരുടെ വ്യത്യസ്തമായ അഭിപ്രായങ്ങളും പല കാര്യങ്ങളെയും കൊണ്ടു പോകുന്ന രീതിയും പലപ്പോഴും എന്റെ വ്യക്തിപരമായ വീക്ഷണങ്ങളോടോ നിലപാടുകളോടോ വിയോജിക്കുന്നുണ്ടെന്നു എനിക്ക് ഉറപ്പുണ്ട്. അതേസമയം, തങ്ങൾക്കു ചുറ്റുമുള്ള യാഥാർഥ്യങ്ങളെ കണ്ടറിയാനും 'അരങ്ങിൽ നിന്നു മുങ്ങാതെ' ചോദ്യങ്ങളെ എതിരിടാനും സ്ഥിരോത്സാഹത്തോടെ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കാനും അവർ കാണിക്കുന്ന ആർജ്ജവമാണ് പ്രധാനം. ബാക്കിയുള്ള പലരുടെയും കാര്യമോ? വലിയ കഴിവും അനുകൂലമായ സാഹചര്യങ്ങളും സാങ്കേതികമായ സംവിധാനങ്ങളും എമ്പാടും ഉള്ളവർ ധാരാളം ഉണ്ട്. പക്ഷേ, അനങ്ങാപ്പാറ നയത്തിൽ മാത്രം മാറ്റമില്ല. ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ് റ. പറഞ്ഞതോർക്കുന്നു : അൽ ബറകതു ഫിൽ ഹറക - സക്രിയമായിരിക്കുന്നതിലാണ് അല്ലാഹുവിന്റെ അനുഗ്രഹം!
വില്യം കൗപ്പറിന്റെ പ്രശസ്തമായ വരികൾ:
But oars alone can ne’er prevail
to reach the distant coast;
The breath of Heaven must swell the sail,
or all the toil is lost.
തുഴകൾക്കു മാത്രമാവില്ല,
വിദൂര തീരങ്ങളിലെത്താൻ;
വാനപഥങ്ങളിലെ ഉച്ഛ്വാസം
നിറയണം യാനപാത്രങ്ങളിൽ,
ഇല്ലെങ്കിലെല്ലാ അധ്വാനവും വ്യർഥം.
നാം ഒരു വെബ്സൈറ്റു തുടങ്ങുന്നുവെന്നിരിക്കട്ടെ, ശ്രദ്ധിക്കേണ്ട ചിലതു പറയാം.
#പ്രീസ്റ്റെപ് : നിയ്യത്തു നന്നാക്കുക.
ചെയ്യുന്നതെല്ലാം അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാക്കുക. ഭൗതികമായ പ്രശസ്തി, സ്ഥാന മാനങ്ങൾ, മറ്റു നേട്ടങ്ങൾ എന്നിവ മനം കവരാതിരിക്കട്ടെ. ഭൗതിക പ്രമത്തത നമ്മുടെ കർമങ്ങളുടെ ആത്മാവിനെ ഊതിക്കെടുത്തും.
#സ്റ്റെപ്_1: നിങ്ങളുടെ ഇടം കണ്ടെത്തുക.
നിങ്ങൾക്ക് എന്തെങ്കിലും പ്രത്യേക കഴിവോ വാസനയോ ഉണ്ടോ? ഇസ്‌ലാമിക് വിജറ്റുകൾ, തീമുകൾ, ആപ്പുകൾ, സോഫ്റ്റ്‌വെയർ എന്നിവ എങ്ങനെ പ്രോഗ്രാം ചെയ്യണമെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾക്കു എന്തിലാണ് താല്പര്യമുള്ളത്? മുസ്‌ലിം സമാജത്തിനു ഗുണകരമാവുന്ന തരത്തിലുള്ള പൊതു പ്രവർത്തനം ഇഷ്ടമാണോ? അല്ലെങ്കിൽ കല? സോഫ്റ്റ്‌വെയർ? കവിത? ചരിത്രം? ഫാഷൻ? ഒരു ബ്ലോഗോ വെബ്സൈറ്റോ തുടങ്ങാമോ? ആകർഷകവും ലളിതവുമായ ചില വീഡിയോകൾ റെക്കോർഡ് ചെയ്തു പബ്ലിഷ് ചെയ്യാമോ? ഒരു പ്രത്യേക വിഷയത്തിൽ ലേഖനങ്ങൾ എഴുതുകയോ ശേഖരിക്കുകയോ ചെയ്യാമോ? പ്രാദേശിക തലത്തിലോ മറ്റോ നടക്കുന്ന പ്രഭാഷണങ്ങളും പഠന സദസ്സുകളും തത്സമയം സ്ട്രീം ചെയ്യാമോ? മതപരമായി ഗുണകരമായേക്കാവുന്ന ഒരു FAQ ഫോറം ആരംഭിക്കാമോ? സമാനമായ അഭിരുചികളുള്ളവരെ ചേർത്ത് ക്രിയാത്മകമായി മുസ്‌ലിം ഇഷ്യൂസിൽ ഇടപെടുന്ന ഒരു പേജ് ഓപൺ ചെയ്താലോ? അങ്ങനെയങ്ങനെ വേറെ എന്തെങ്കിലും....?
തീർച്ചയായും സൈബറിടം പരിചയമുള്ള ഓരോ മുസ്‌ലിമിനും അവരുടേതായ രീതിയിൽ ഇസ്‌ലാമിനു സംഭാവന ചെയ്യാൻ കഴിയും. അതിനാൽ നിങ്ങളുടെ താൽപ്പര്യങ്ങളും കഴിവുകളും പ്രയോജനപ്പെടുത്തുക. ഏറ്റവും മികച്ച രീതിയിൽ എന്തു ചെയ്യാൻ കഴിയുമെന്നത് ചിന്തിച്ചുറപ്പിക്കുക.
#സ്റ്റെപ്_3: ധീരമായി ആരംഭിക്കുക.
വെബ്സൈറ്റിനെ കുറിച്ചാലോചിക്കുന്നവർ ആദ്യം കുറച്ച് ഉള്ളടക്കം സൃഷ്ടിക്കണം. ഈ ഘട്ടത്തിൽ നിങ്ങളുടെ സ്വന്തം ഡൊമെയ്‌ൻ വാങ്ങുകയും നിങ്ങളുടെ സ്വന്തം സൈറ്റ് ഹോസ്റ്റ് ചെയ്യുകയും ചെയ്യേണ്ടതില്ല, അത് ചെലവേറിയതും സാങ്കേതികമായി സങ്കീർണ്ണവുമാണ്. പകരം WordPress, Blogspot, Tumblr, Youtube, Vimeo, Flickr, Deviantart, Twitter, Facebook മുതലായവ പോലുള്ള സൗജന്യ സേവനങ്ങൾ ഉപയോഗപ്പെടുത്താം. നമ്മുടെ സൈറ്റിനായി ഉപയോഗിക്കാനാകുന്ന കാര്യങ്ങൾ കണ്ടെത്തുക, അനുമതിക്കായി പ്രസാധകർക്കും രചയിതാക്കൾക്കും എഴുതുക. ലേഖനങ്ങൾ എഴുതുക, വീഡിയോകൾ സൃഷ്‌ടിക്കുക, ട്വീറ്റ് ചെയ്യാൻ തുടങ്ങുക. ഓരോ കണ്ടന്റും ആകർഷകവും നൂതനവും ക്രിയാത്മകവും പുതുമയുള്ളതുമായിരിക്കുക. നിരവധി മികച്ച ആശയങ്ങളുള്ളവർക്ക് വളരെയധികം സാധ്യതകളുണ്ട് എന്നു നമുക്കു മറക്കാതിരിക്കാം.
#സ്റ്റെപ്_4: പരസ്യം ചെയ്‌ത് ഫീഡ്‌ബാക്ക് ശേഖരിക്കുക.
ഗൂഗ്ളിൽ പരസ്യം ചെയ്യുക, മറ്റ് ബ്ലോഗുകളിൽ കമന്റുകൾ പോസ്റ്റ് ചെയ്യുക, ഇസ്‌ലാമുമായി ബന്ധപ്പെട്ട സെർച്ച് എഞ്ചിനുകളിൽ നിങ്ങളുടെ സൈറ്റ് ലിസ്റ്റ് ചെയ്യുക. മറ്റ് വെബ്‌സൈറ്റ് ഉടമകളോടും സുഹൃത്തുക്കളോടും താൽപ്പര്യമുള്ളവരോടും നിങ്ങളുടെ സൈറ്റ് പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ആവശ്യപ്പെടുക. ആരോഗ്യകരമായ വിമർശനങ്ങളെ ഉൾക്കൊള്ളുക, ഉചിതമായ മാറ്റങ്ങൾ സ്വീകരിക്കുക, ലക്ഷ്യം സദാ മനസ്സിൽ സൂക്ഷിക്കുക. നിഷേധാത്മക വിമർശനങ്ങൾ കാര്യമാക്കരുത്. ആഗ്രഹിച്ച പ്രതികരണം ലഭിച്ചില്ലെങ്കിൽ നിരാശപ്പെടരുത്. ഇന്റർനെറ്റ് ഒരു വലിയ ഇടമാണ്, സാധ്യതയാണ്, നാം ക്രിയാത്മകമായി സംഭാവന ചെയ്തിട്ടുണ്ടെങ്കിൽ അല്ലാഹുവിന്റെയടുക്കൽ ഉന്നതമായ പ്രതിഫലം നമുക്കുണ്ടെന്നറിയുക, ഇൻശാ അല്ലാഹ്, അല്ലാഹു അനുഗ്രഹിക്കട്ടെ.
#സ്റ്റെപ്_5: നിലനിർത്താൻ അധ്വാനിക്കുക.
യഥാർത്ഥത്തിൽ തുടങ്ങുന്നതിനേക്കാൾ ഏറ്റവും കഠിനമായ സ്റ്റെപ്പാണ് അതു നിലനിർത്തുക എന്നത്. കാലഹരണപ്പെട്ടതും അനാഥവുമായ നിരവധി ഇസ്‌ലാമിക സൈറ്റുകൾ ഇവിടെയുണ്ട്. അല്ലെങ്കിൽ മോശമായത്, നല്ല ഉള്ളടക്കങ്ങൾ പൂർണ്ണമായും എടുത്തു കളഞ്ഞവ വരെ! നല്ല അധ്വാനങ്ങൾ വെറുതെ നശിപ്പിക്കരുത്. മുന്നോട്ടു കൊണ്ടു പോകാൻ സാധ്യമല്ലാത്തതു തുടങ്ങാതിരിക്കുക, പകരം സാധിക്കുന്ന മറ്റുള്ളവരെ തുടങ്ങാനും തുടരാനും പ്രോത്സാഹിപ്പിക്കുക. തുടങ്ങിയാൽ പിന്നെ കൃത്യമായ അപ്‌ഡേറ്റും പോസ്റ്റു ചെയ്യലും തുടരുക, ആനുകാലിക പ്രാധാന്യമുള്ളതും ആകർഷകമായതും കാലഘട്ടം ആവശ്യപ്പെടുന്നതുമായ ഉള്ളടക്കങ്ങൾ സ്വീകരിക്കുക. സമകാലിക പ്രശ്നങ്ങളെ കൃത്യമായി സംബോധന ചെയ്യുക. ഉപയോക്താക്കളിൽ കൂടുതൽ സാധാരണക്കാരായിരിക്കും, അവരെ ഫോക്കസ് ചെയ്തു മുന്നോട്ടു പോവുക - അതിനനുസരിച്ചുള്ള ഫലം കൂടുതൽ ഉണ്ടാകും, ഇൻശാ അല്ലാഹ്, തീർച്ച. ഏതെങ്കിലും ഘട്ടത്തിൽ തുടരാൻ കഴിയുന്നില്ലെന്നു വന്നാൽ അർഹരായവർക്ക് കൈമാറുക, നല്ല രീതിയിൽ നടത്താൻ കഴിയുന്നവരെ ഉത്തരവാദിത്വപ്പെട്ട പോസ്റ്റുകളിൽ നിയോഗിക്കുക. പൂമരം നിലനിൽക്കുന്നിടത്തോളം പുഷ്പിച്ചു കൊണ്ടേയിരിക്കും, വെട്ടി നശിപ്പിക്കാതിരിക്കുക.
NB: ഇന്റർനെറ്റിൽ ഇപ്പോൾ മുഫ്തികളുടെ ഒരു കുറവും ഇല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന നിലയാണ് പലപ്പോഴും. അതുകൊണ്ടാണ് യോഗ്യരായവരായവരാണ് ഈ മേഖലയിൽ ഇടപെടേണ്ടതെന്നു ആദ്യത്തെ കുറിപ്പിൽ തന്നെ പ്രത്യേകം പറഞ്ഞു വച്ചത്. അല്ലാതെ, നാളെ രാവിലെ മുതൽ അടകോടനുൾപ്പെടെ ഓരോരുത്തരും ഓരോ വെബ്സൈറ്റ് തുടങ്ങണം എന്നല്ല ഇപ്പറഞ്ഞതിന്റെ ഉദ്ദേശ്യമെന്ന് അറിയുന്നവരായിരിക്കും എൻ്റെ അനുവാചകർ. നിലവിലുള്ളതിന്റെ കണ്ടന്റ് വികസിപ്പിക്കാൻ സാധിക്കുന്നവർ അങ്ങനെ ചെയ്യട്ടെ. പലതായി ചിതറി കിടക്കുന്നവയെ ക്ലബ് ചെയ്യാൻ പറ്റുന്നവർ അത് ഏറ്റെടുക്കുക. എവിടെയാണ് നമ്മുടെ സമുദായത്തിനു കുറവുള്ളത് എന്നു നോക്കി അത് പരിഹരിക്കുക. മറ്റൊന്നിന്റെ ഭാഗമാകുന്നതിനു പകരം സ്വന്തമായി ചെയ്യുന്നതു മാത്രമായിരിക്കും തങ്ങളുടെ ഇടം എന്ന് മനസ്സിലാക്കിയവർ പുതുതായി ആരംഭിക്കുകയും ചെയ്യുക - എന്തുതന്നെയായാലും നിഷ്ക്രിയത്വം വെടിഞ്ഞ് സക്രിയമായി ഇടപെടുക. ഇസ്‌ലാം നീണാൽ വാഴട്ടെ, ആമീൻ!
(തുടരും)

No comments:
Post a Comment