Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 19, 2022

ഇന്റർനെറ്റും ഇസ്‌ലാമും ഭാഗം 1 || Internet and Islam Part 1 || Malayalam

(ലേഖന പരമ്പര ആരംഭിക്കുന്നു.)
✍️മുഹമ്മദ് സജീർ ബുഖാരി
അൽ അസ്വ്'ർ / കാലം എന്നു നാമകരണം ചെയ്യപ്പെട്ടിട്ടുള്ള വിശുദ്ധ ഖുർആനിലെ നൂറ്റിമൂന്നാം അധ്യായത്തെ സംബന്ധിച്ച് ഇമാം ത്വബരി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ സ്വഹാബതുൽ കിറാം പരസ്പരം കണ്ടാൽ ഈ സൂറത് അന്യോനം ഓതിക്കേൾപ്പിക്കാതെ പിരിഞ്ഞു പോകാറില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സൂറതിനെ സംബന്ധിച്ച് ജനങ്ങൾ ചിന്തിച്ചിരുന്നെങ്കിൽ അവർക്കു അതുതന്നെ മതിയാകുമായിരുന്നു എന്ന് ഇമാം ശാഫിഈ റ. ഒരിക്കൽ പറയുകയുണ്ടായി. 

വിശ്വസിക്കുക, സത്കർമ്മങ്ങൾ ചെയ്യുക, അന്യോന്യം സത്യവും ക്ഷമയും സ്ഥിരതയും ഉപദേശിക്കുക - അളന്നു മുറിച്ച വാക്കുകളിൽ തുറന്നുവെച്ച അറ്റമില്ലാത്ത ആശയലോകമാണ് ഈ അധ്യായം. തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിനോടുള്ളതല്ലാതെ തന്നെ ഓരോ വ്യക്തിക്കും മൂന്നുതരം ബന്ധങ്ങളുണ്ട് - സ്വന്തത്തോട്, കുടുംബത്തോട്, സമൂഹത്തോട്. ഈ മൂന്നു തലങ്ങളിലും വിശ്വാസത്തോടുള്ള പ്രതിബദ്ധത നിലനിർത്തുകയും സത്കർമ്മങ്ങളിൽ നിരതരാവുകയും ചെയ്യുക എന്നതാണ് നമ്മുടെ പ്രഥമ ബാധ്യത. രണ്ടാമത്തേത് പഠിച്ചറിഞ്ഞ കാര്യങ്ങളുടെ പ്രബോധനം നിർവഹിക്കുക എന്നത് - ഇക്കാര്യങ്ങൾ അറിയാത്തവർ ശുഷ്കമായിരിക്കും.

നമ്മുടെ കാലത്ത് എത്രയെങ്ങാനും പേരാണ് എല്ലാ ദിവസവും ഇന്റർനെറ്റിലൂടെ പരസ്പരം സംവദിക്കുകയും പഠിക്കുകയും ചെയ്യുന്നത്. ഡാറ്റാ റെഫറൻസ് മുതൽ വാർത്തകൾ വായിക്കുന്നതിനും കുശലാന്വേഷണം നടത്തുന്നതിനും വരെ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. ഒന്നും മിസ് ആവാതിരിക്കാൻ ഐഫോൺ തലക്കു വെച്ചു ഉറങ്ങുന്ന തരത്തിൽ ലോകം ഇപ്പോൾ വയർഡ് ആണ്. ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ ആളുകൾ എത്രമാത്രം അടിമപ്പെട്ടിരിക്കുന്നു എന്നതിന്റെ സ്ഥിതിവിവരക്കണക്കുകൾ മനസ്സിനെ അലോസരപ്പെടുത്തുന്നതാണ്. മനുഷ്യർ ഇപ്പോൾ പാർക്കുന്ന ഇടം 'ഇന്റർനെറ്റ് ക്ലൗഡ്' ആണെന്നു പറഞ്ഞാൽ അധികപ്പറ്റാവില്ല. 

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക് വിരുദ്ധ വെബ്‌സൈറ്റുകളും, യൂടൂബ് വിമർശകരും, നാസ്തിക - മിഷണറി ബ്ലോഗർമാരും ദിനേനയെന്നോണം ഏറ്റവും പുതിയതും കൂടുതൽ സങ്കീർണ്ണവുമായ ആരോപണങ്ങൾ കെട്ടിച്ചമച്ചുണ്ടാക്കി അവരുടെ ഇസ്‌ലാമോഫോബിക് ക്രൂരതകൾ പ്രസിദ്ധീകരിക്കുന്ന അനുഭവങ്ങൾ വർദ്ധിക്കുന്നു. പുതുതലമുറയിലെ വിദ്യാസമ്പന്നരായ നല്ലൊരു പറ്റം പണ്ഡിതർ ഉൾപ്പെടെ എത്രയോ മുസ്‌ലിംകൾ ഇൻറർനെറ്റ് ഉപയോഗത്തിൽ സജീവമാണ്. എന്നാൽ, ഇത്തരം രംഗങ്ങളിൽ ക്രിയാത്മകമായ പ്രതിരോധം തീർക്കാൻ അധ്വാനിക്കുന്നവർ എത്ര പേരുണ്ട് എന്നത് ആലോചിച്ചു മാത്രം പറയണം.

ഇസ്‌ലാമിനെ മറ്റുള്ളവർക്ക് അധ്യയനം ചെയ്യാൻ യോഗ്യതയുള്ള പുതുതലമുറയിലെ ഉസ്താദുമാർ പ്രസ്തുത ലക്ഷ്യത്തിൽ ദിനേന നിശ്ചിതസമയം ചിലവഴിക്കുന്നത് ഗുണകരമായിരിക്കും. ഇസ്‌ലാമുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിച്ചു വരുന്ന, ഇസ്‌ലാമിനെ കുറിച്ച് അറിവില്ലാത്തവരോ നാമമാത്ര പരിജ്ഞാനം മാത്രമുള്ളവരോ ആയ ധാരാളം പേർക്ക് അതുകൊണ്ട് വലിയ നേട്ടങ്ങൾ നേടാൻ സാധിക്കും. 

പലപ്പോഴും ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നത് തീർത്തും ഇസ്‌ലാം വിരുദ്ധരും ഇസ്‌ലാമോഫോബിക്കുകളുമായ ആളുകളാണ് എന്നത് പലർക്കും അറിയില്ല. എത്രയോ പേർ ഇസ്‌ലാം പഠനത്തിന് അവലംബിക്കുന്ന വിക്കി ഇസ്‌ലാം എന്ന വെബ്സൈറ്റിനെ സംബന്ധിച്ച് നേരത്തേ എഴുതിയിട്ടുണ്ടായിരുന്നല്ലോ. Jihad / ജിഹാദ് അല്ലെങ്കിൽ Women in Islam / ഇസ്‌ലാമിലെ സ്ത്രീ പോലുള്ള പദങ്ങൾക്കായി ഗൂഗ്ളിൽ സെർച്ച് ചെയ്താൽ ദൃശ്യമാകുന്ന മുൻനിര വെബ്‌സൈറ്റുകളും ലിങ്കുകളും നോക്കൂ. മുസ്‌ലിംകൾ നടത്തുന്ന ചില വെബ്‌സൈറ്റുകളും മുസ്‌ലിംകളെ ആക്രമിക്കുന്ന ആളുകൾ നടത്തുന്ന വെബ്‌സൈറ്റുകളും താരതമ്യം ചെയ്യുക, വ്യത്യാസം ശ്രദ്ധിക്കുക - വാസ്‌തവത്തിൽ, നമുക്ക്‌ ഇനിയും ഒരുപാട്‌ ജോലികൾ ചെയ്യാനുണ്ട്‌ എന്ന് നാം സ്വയം ചിന്തിക്കാതിരിക്കില്ല. അമുസ്‌ലിംകൾക്ക് മാത്രമല്ല, മുസ്‌ലിംകൾക്കും ഇസ്‌ലാമിനെക്കുറിച്ചുള്ള ഈ തെറ്റായ വിവരങ്ങളെ പ്രതിരോധിക്കാൻ അടിയന്തര പ്രാധാന്യത്തോടെ ക്രിയാത്മകമായി നാം വല്ലതും ചെയ്യേണ്ടതുണ്ട്. ഈ മേഖലയിൽ ധാരാളം പേർ ചെയ്തു കൊണ്ടിരിക്കുന്ന കുറേ നല്ല സംരംഭങ്ങളെ ഒന്നും വിലകുറച്ചു കണ്ടുകൊണ്ടല്ല ഇതു പറയുന്നത്.

ഒരാളെയെങ്കിലും നിർബന്ധിച്ച് മതപരിവർത്തനം ചെയ്യിക്കണം എന്നല്ല ഇപ്പറഞ്ഞതിന്റെ സാരം. ഒരാളിൽ ഈമാൻ / ഹിദായത് സൃഷ്ടിക്കുക എന്നത് നമ്മുടെ ജോലിയല്ല. അത് ഒരോ വ്യക്തിയും അല്ലാഹുവും തമ്മിലുള്ള ബന്ധമാണ്. യഥാർത്ഥവും സത്യവും നല്ലതുമായ ഇസ്‌ലാമിനെ അവതരിപ്പിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ സ്വീകരിക്കുകയോ തള്ളുകയോ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ് (എപ്പോഴും വിശ്വസിക്കാത്ത ആളുകൾ ഉണ്ടാകും, നമ്മളത് അംഗീകരിക്കണം.) എന്നിരുന്നാലും, ഏതെങ്കിലും പാലിൻ-ഗെല്ലർ രാക്ഷസന്മാർ “terrorism - honor - killing - jeehad - shariah - izlam” സൃഷ്ടിച്ച് പച്ചക്കള്ളങ്ങൾ എഴുന്നള്ളിക്കുമ്പോൾ മൗനമവലംബിച്ചിരിക്കരുത്. അതാണ് ശരിയായ ഇസ്‌ലാം എന്ന് ഒരാളെങ്കിലും തെറ്റിദ്ധരിക്കുന്ന അവസ്ഥ ഭൂഷണമല്ല. 

യോഗ്യരായ ഓരോരുത്തരും അന്യോന്യം സത്യവും ക്ഷമയും ഉപദേശിക്കുന്നതിൽ പങ്കെടുക്കേണ്ട സമയമാണിത്. ഈ പരസ്‌പര അധ്യാപനത്തിൽ ഒരുമിച്ച് ചേരാനാണ് വിശുദ്ധ ഖുർആൻ നമ്മോട് ആവശ്യപ്പെടുന്നത്. അതിനു മുന്നിട്ടിറങ്ങുകയും യഥാർത്ഥ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുകയും അത് യഥാവിധി ജനങ്ങളിലേക്ക് എത്തിക്കുകയും വേണം.

No comments: