Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 26, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 12/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

✍️ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം 
അതെ, ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ യാത്രാ സാമഗ്രികൾക്കൊപ്പം മരച്ചുവട്ടിൽ വിശ്രമിക്കുകയാണ്. വലിയവർ എല്ലാവരും വന്നിട്ടുണ്ട്. ബഹീറാ ഇടപെട്ടു. അത് പാടില്ല, അദ്ദേഹത്തെയും വിളിക്കൂ. കൂട്ടത്തിലൊരാൾ പറഞ്ഞു: അബ്ദുല്ലയുടെ മകൻ മുഹമ്മദ് ﷺനെ ഒഴിവാക്കിയിട്ട് വന്നത് ശരിയായില്ല. ഇത് കേട്ടപ്പോൾ പാതിരിയുടെ മനം കുളിർത്തു. മുഹമ്മദ് എന്ന പേരു കേട്ടപ്പോൾ  മനസ്സിൽ ഒരു തണുപ്പ് ലഭിച്ചതുപോലെ. തോറയിൽ പറയപ്പെട്ട അഹ്മദിന് സാമ്യമുള്ള പേരാണല്ലോ ഇത്. വൈകിയില്ല, കൂട്ടത്തിൽ നിന്ന് ഒരാൾ പോയി കൂട്ടിക്കൊണ്ടുവന്നു. മുഹമ്മദ് ﷺ മൂത്താപ്പയുടെ അടുക്കൽ തന്നെ ഇരുന്നു. കുട്ടിയെ കണ്ടമാത്രയിൽ ബഹീറായുടെ ആത്മ നേത്രങ്ങൾ മിഴി തുറന്നു. മേഘം തണലിട്ടു സഞ്ചരിച്ച കാഴ്ച കൂടി മനസ്സിൽ തെളിഞ്ഞു. സംഘത്തോടായി അദ്ദേഹം ചോദിച്ചു. പ്രയാസങ്ങൾ ഏറെയുള്ള ഈ യാത്രയിൽ എന്തിനാണ് ഈ കുട്ടിയെയും കൂടെ കൊണ്ടുവന്നത്. എന്നിട്ട് നിങ്ങൾ ആ കുട്ടിയെ മാത്രം ചരക്കുകൾക്കൊപ്പം നിർത്തിവരികയും ചെയ്തു?

മറുപടിക്ക് കാത്ത് നിൽക്കാതെ കുട്ടിയെ സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങി. വാഗ്ദത്ത പ്രവാചകന്റെ എല്ലാ ലക്ഷണവും ഒത്തിണങ്ങിയ വ്യക്തിയാണല്ലോ ഇത് . പ്രവാചകത്വമുദ്രയെ കുറിച്ചും വേദത്തിൽ വന്നിട്ടുണ്ട്, പക്ഷേ കുപ്പായം തുറന്ന് ചുമൽ പരിശോധിക്കാൻ എങ്ങനെ ആവശ്യപ്പെടും? ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കെ ഖുറൈശികൾ എഴുന്നേറ്റു. തമ്പിലേക്ക്ലേക്ക് മടങ്ങാൻ തുടങ്ങി.

അബൂത്വാലിബ് അൽപമൊന്ന് വൈകി. പാതിരിയോട് ഒന്ന് ചോദിച്ചാലോ ഈ മകനിൽ അദ്ദേഹം എന്താണ് ശ്രദ്ധിക്കുന്നതെന്ന്. അപ്പോഴേക്കും പാതിരി സംസാരിക്കാൻ തുടങ്ങി. നിങ്ങളുടെ ലാത്തിനെയും ഉസ്സാ യെയും മുൻ നിർത്തി ഞാൻ ചോദിക്കുന്നു. നിങ്ങൾ സത്യസന്ധമായി മറുപടി പറയുമോ? ഉടനെ കുട്ടി ഇടപെട്ടു ലാത്തിനെയും ഉസ്സായെയും മുൻ നിർത്തി ഒന്നും ചോദിക്കരുത് . ശരി, അല്ലാഹുവിനെ സാക്ഷി നിർത്തി ഞാൻ ചോദിക്കട്ടെ. അതേ ചോദിച്ചോളൂ. വ്യക്തിപരമായ ചില ചോദ്യങ്ങൾ ബഹീറാ ചോദിച്ചു. വ്യക്തമായി അതിന് മറുപടിയും നൽകി. പ്രവാചകത്വ മുദ്ര പരിശോധിച്ചു. ബഹീറാക്ക് കാര്യങ്ങൾ ബോധ്യമായി. ബഹീറായിൽ കണ്ടമാറ്റം അബൂ ത്വാലിബിനെ ആശ്ചര്യപ്പെടുത്തി. അദ്ദേഹം ചോദിച്ചു. എന്താണിത്ര പ്രാധാന്യത്തോടെ നിങ്ങൾ അപഗ്രഥിക്കുന്നത്. ഓ ഖുറൈശികളേ, ഇത് ലോകത്തിന് കാരുണ്യമായി പ്രപഞ്ചാധിപൻ നിയോഗിച്ച പ്രവാചകനാണ്. ബഹീറാ മറുപടി പറഞ്ഞു.

പിന്നീട് സംഭാഷണം ഇങ്ങനെ തുടർന്നു. നിങ്ങൾക്കെങ്ങനെ അറിയാം?
അതെ ഈ സംഘം കടന്നുവരുന്നത് ഞാൻ ദൂരെ നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു. പാർശ്വങ്ങളിലെ മരങ്ങളും കല്ലുകളും ഈ വ്യക്തിക്ക് സാഷ്ടാംഗം ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു പ്രവാചകന് മാത്രമേ അങ്ങനെ ഉണ്ടാകൂ. പോരാത്തതിന് ചുമലിൽ  ഉള്ള പ്രവാചകത്വമുദ്രയും ഞാൻ പരിശോധിച്ചു. 
നിങ്ങളുടെ സംഘത്തിൽ മേഘം തണൽ നൽകുന്നത് ആർക്കാണെന്ന് ഞാൻ ശ്രദ്ധിച്ചു.

തുടർന്ന് അബൂ ത്വാലിബുമായി ഒരിന്റർവ്യൂ നടത്തി.
ഇത് നിങ്ങളുടെ ആരാണ്?
എന്റെ മകൻ.
അങ്ങനെ ആകാൻ തരമില്ലല്ലോ? ഈ കുട്ടിയുടെ പിതാവ് ജീവിച്ചിരിക്കാൻ സാധ്യതയില്ല.
അതെ ശരിയാണ് ഇതെന്റെ സഹോദരന്റെ മകനാണ്.
പിതാവെവിടെ?
ഭാര്യ ഗർഭിണിയായിരിക്കെതന്നെ മരണപ്പെട്ടു പോയി.
അല്ലാഹ്! വാഗ്ദത്ത പ്രവാചകൻറെ  എല്ലാ ലക്ഷണങ്ങളും  ഈ കുട്ടിയിൽ ഒത്തു ചേർന്നിരിക്കുന്നു.

അല്ലയോ അബൂ ത്വാലിബ്, എനിക്ക് നിങ്ങളോടൊരപേക്ഷയുണ്ട്.
നിങ്ങളുടെ സഹോദര പുത്രനോടൊപ്പം വേഗം നാട്ടിലേക്ക് മടങ്ങിക്കോളൂ. ജൂതന്മാർ തിരിച്ചറിഞ്ഞാൽ  അപകടത്തിന് സാധ്യതയുണ്ട്. വേദങ്ങൾ മുന്നറിയിപ്പു നൽകിയ ഈ പ്രവാചകൻ വലിയ മഹത്വത്തിന്റെ ഉടമയാണ്..!

       കാലങ്ങൾ കാത്തിരുന്ന് വാഗ്ദത്ത നബിയെ തിരിച്ചറിഞ്ഞ ജർജസ് പക്ഷേ പ്രവാചക നിയോഗത്തിന് മുമ്പ് മൺമറഞ്ഞു. സത്യവിശ്വാസത്തിൽ ഉറച്ച് പരലോക വിജയം പ്രതീക്ഷിച്ച് യാത്രയായി.
അര നൂറ്റാണ്ടിന്റെ അന്വേഷണം സഫലമാക്കിയായിരുന്നു വിയോഗം.
പ്രവാചക ചരിത്രത്തിൽ എന്നന്നേക്കുമായി അടയാളപ്പെട്ട ബഹീറാ അവസാനിക്കാത്ത ഓർമയുടെ ഭാഗമായി മാറി.
(തുടരും)
ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി

No comments: