Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, June 22, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 8/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

✍️ഡോ. ഫാറൂഖ് നഈമി കൊല്ലം 
അബ്ദുൽ മുത്വലിബിന് ഇപ്പോൾ വയസ്സ് 120 ആയി(ചരിത്രത്തിൽ 82,95,140,144 എന്നീ അഭിപ്രായങ്ങളുമുണ്ട്). താൻ ഈ ലോകം പിരിയാനായി എന്ന ചിന്ത അദ്ദേഹത്തിന് തന്നെ ഉണ്ടായിത്തുടങ്ങി. അപ്പോൾ അദ്ദേഹത്തിന് വേറിട്ട ഒരാഗ്രഹം ജനിച്ചു. എന്റെ വിയോഗാനന്തരം പാടാനുള്ള വിലാപകാവ്യം എനിക്കൊന്നു കേൾക്കണം. സാധാരണ ആളുകൾ മരണപ്പെട്ടവരെ പുകഴ്തി പാടുന്നതിനാണല്ലോ വിലാപകാവ്യം എന്ന് പറയുക. അദ്ദേഹം തന്റെ കവയിത്രികളായ ആറ്പെൺമക്കളെയും വിളിച്ചു. സ്വഫിയ്യ, ബർറ, ആത്വിക, ഉമ്മു ഹകീം, ഉമൈമ, അർവ എന്നിങ്ങനെയാണ് അവരുടെ പേരുകൾ. തന്റെ ആഗ്രഹം മക്കളോട് പങ്കുവെച്ചു. ആറു പേരും അത് കൃത്യമായി നിർവ്വഹിച്ചു. മൂത്തമകൾ സ്വഫിയ്യയുടെ ദീർഘകാവ്യം അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു. മരണത്തിന് മുമ്പ് വിലാപകാവ്യം കേട്ടയാൾ എന്ന ശ്രുതി അദ്ദേഹത്തിന് ലഭിച്ചു. മഹാ മനസ്കനായ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു.

             പ്രിയപ്പെട്ട പിതാമഹന്റെ വിയോഗം എട്ടുവയസ്സുകാരനായ മുഹമ്മദ് ﷺ നെ ആഴത്തിൽ നൊമ്പരപ്പെടുത്തി. പിതാവിനെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മകന് ഉപ്പയും വലിയുപ്പയുമായിരുന്നു അബ്ദുൽ മുത്വലിബ്. ഉമ്മയും മൺമറഞ്ഞതിൽ പിന്നെ എല്ലാമായിരുന്നു അവിടുന്ന്. അനാഥത്വത്തിന്റെ ഒരു വേദന കൂടി അവിടുന്ന് കടിച്ചിറക്കി. തങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞു. പോറ്റുമ്മയായ ഉമ്മു ഐമൻ രംഗം വിശദീകരിക്കുന്നു. 'അബ്‌ദുൽ മുത്വലിബ് മരണപ്പെട്ടപ്പോൾ നബി ﷺ ക്ക് എട്ടു വയസ്സു പ്രായമായിരുന്നു. പിതാമഹന്റെ മൃതദ്ദേഹം കിടത്തിയ കട്ടിലിനു പിന്നിൽ നിന്ന് മുത്ത് നബിﷺ ദീർഘനേരം കരയുന്നത് ഞാൻ കണ്ടു'. വിരഹത്തിൻറെ വേദന സഹിക്കാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങൾ.

               ആസന്ന സമയത്തും അബ്ദുൽ മുത്വലിബ് പൗത്രനെ കുറിച്ചുള്ള ചിന്തയിലായിരുന്നു .അതിനാൽ തന്നെ മക്കളോട് സവിശേഷമായ ചില വസ്വിയതുകൾ ചെയ്തിരുന്നു. തിരുനബി ﷺ യുടെ  പ്രത്യേക ഉത്തരവാദിത്വം മകൻ അബൂത്വാലിബിനെ ഏൽപിച്ചു. പിതാവ് അബ്‌ദുല്ല എന്നവരുടെ പൂർണ സഹോദരനായിരുന്നു അബൂത്വാലിബ്. ഈ വിഷയത്തിൽ വേറിട്ട ഒരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. അബ്ദുൽ മുത്വലിബിന് ശേഷം മുഹമ്മദ് ﷺ  മോന്റെ സംരക്ഷണം സുബൈർ ‌ആവശ്യപ്പെട്ടു. സഹോദരനായ അബൂത്വാലിബിനോട് മത്സരിച്ചു. ഒടുവിൽ നറുക്കിടാൻ തീരുമാനിച്ചു. നറുക്ക് അബൂത്വാലിബിനാണ് ലഭിച്ചത്. തിരുനബിക്കും ﷺ കൂടുതൽ താത്പര്യം അബൂത്വാലിബിനോടായിരുന്നു. എന്നിരുന്നാലും ലഭിച്ച അവസരങ്ങളിലൊക്കെ സുബൈർ മുത്ത് നബി ﷺ യെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തിരുനബി ﷺ യുടെ പതിനാലാം വയസ്സിൽ സുബൈർ പരലോകം പ്രാപിച്ചു. പിന്നീട് പൂർണമായും അബൂത്വാലിബിനൊപ്പമായി.

                 ക്രിസ്താബ്ദം 579 ലാണ് അബ്‌ദുൽ മുത്വലിബിന്റെ വിയോഗം. മക്കയിലെ 'അൽ ഹജൂൻ' എന്ന പ്രവിശ്യലാണ് മറമാടിയത്. പ്രപിതാമഹൻ 'ഖുസയ്യ്' ന്റെ ഖബറിനോട് ചേർന്നാണ് ഖബ്ർ ഒരുക്കിയത്.

                                പിതാവിനെപ്പോലെ മക്കയുടെ സാരഥ്യവും അബൂ ത്വാലിബിന് ലഭിച്ചു. എന്നാൽ സാമ്പത്തികാവസ്ഥ അത്രമേൽ മെച്ചമായിരുന്നില്ല. കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന്റെ ചിലവ് നടത്താൻ തന്നെ പ്രയാസപ്പെട്ടിരുന്നു. പക്ഷേ മുത്തുനബി ﷺ യുടെ ആഗമനം അദ്ദേഹത്തിന് ആശ്വാസം നൽകി. തിരുനബി ﷺ ഒപ്പമുള്ള സുപ്രയിൽ കുറഞ്ഞ ഭക്ഷണം കൊണ്ട് എല്ലാവർക്കും വിശപ്പടങ്ങുമായിരുന്നു. എന്റെ പൊന്നുമോൻ വരുന്നത് വരെ കാത്തിരിക്കാൻ മക്കളോടദ്ദേഹം ആവശ്യപ്പെടും. പാനം ചെയ്യാനുള്ള പാൽ ആദ്യം നബി ﷺയെ ക്കൊണ്ട് കുടിപ്പിക്കും. ശേഷമേ സന്താനങ്ങൾക്ക് നൽകിയിരുന്നുള്ളു. ഇത്തരം സന്ദർഭങ്ങളിലെല്ലാം പ്രിയ മകന്റെ സാന്നിധ്യത്തിന്റെ അനുഗ്രഹം എടുത്ത് പറഞ്ഞു ആശംസകൾ നേരും. പൊന്നുമോന്റെ ഓരോ ചലനങ്ങളും ഭാവങ്ങളും നിരീക്ഷിച്ചുകൊണ്ട് എപ്പോഴും ഒപ്പം നിർത്തി. അനാഥത്വത്തിന്റെ നൊമ്പരം അറിയാതിരിക്കാൻ ഏറെ ശ്രദ്ധിച്ചു.
                      ഏതായാലും അനാഥത്വം ഒരു ഭാഗ്യദോഷമായിരുന്നില്ലേ? എന്ന സംശയം ഉയർന്നു വന്നേക്കാം...(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി
                                                              

No comments: