Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, July 19, 2022

ബീഫാത്തിമ പാടലടുക്ക - നന്മ കൈമുതലാക്കിയ മഹതി യാത്രയായി

വിനയവും കുടുമ്പ സ്നേഹവും സമന്വയിപ്പിച്ചു കഷ്ട നഷ്ടങ്ങളുടെ വഴിയിൽ ക്ഷമയും ജീവിതത്തിൽ നന്മയും കൈമുതലാക്കിയ കമ്പാർ അമ്മായി എന്ന് ഞങ്ങൾ സ്നേഹ ബഹുമാനത്തോടെ വിളിച്ചിരുന്ന മർഹൂം അന്തുമാൻ കാക്കാന്റെ ഭാര്യ മഹതി ബീഫാത്തിമ എന്നവർ അല്ലാഹുവിലേക്ക് യാത്രയായി.
ബന്ധുക്കളിൽ ആര് സന്ദർശിക്കാൻ പോയാലും സ്വന്തം മക്കളെപ്പോലെ പരിഗണിച്ചു ഒരുപാട് നേരം കുടുമ്പക്കാരുടെ സുഖാന്വേഷണം ഒക്കെ നടത്തി ശേഷം  നൽകുന്ന ആ മഹതിയുടെ  ഊഷ്മളമായ ആതിഥ്യം ഇനി ഇല്ല എന്നോർക്കുമ്പോൾ ഒരു ശൂന്യത അനുഭവപ്പെടുന്നു. 
കുടുമ്പ ബന്ധം ചേർക്കുന്നതിൽ വളരെ ഉത്സാഹം കാണിച്ചിരുന്ന മർഹൂം അന്തുമാൻ  കാക്കയെ പോലെ തന്നെ നാട്ടിലെ എല്ലാവരും ഒരേ മനസോടെ കണ്ടിരുന്ന  അവരുടെ ജീവിതം സൂക്ഷ്മതയോടെയായിരുന്നു കഴിച്ചു കൂട്ടിയിരുന്നത്. മറ്റുള്ളവരെ കുറിച്ചു എന്തെങ്കിലും വേണ്ടാത്തത് പറയുന്നതായി ഞാൻ ഇന്നേ വരെ കേട്ടിട്ടില്ല. ഈമാൻ സലാമത്താവാൻ എപ്പോഴും ദുആ ചെയ്യണം എന്ന് കാണുമ്പോഴൊക്കെ എല്ലാവരോടും പറഞ്ഞിരുന്നത് ശാശ്വത ലോകത്തേക്കുള്ള യാത്രയെ കുറിച്ചു  എപ്പോഴും ചിന്തിച്ചിരുന്നത് കൊണ്ടാവാം.  കഴിഞ്ഞ പ്രാവശ്യം ദുബായിലേക്ക് ഞാൻ യാത്ര തിരിക്കുമ്പോഴുള്ള യാത്ര പറച്ചിലിൽ ആരോഗ്യം കുറഞ്ഞു വരുകയാണെന്നും ഈമാനോടെ മരിക്കാൻ ദുആ ചെയ്യണമെന്നും കൈ പിടിച്ചു പറഞ്ഞപ്പോൾ അതൊരു  അവസാന  യാത്ര പറച്ചിലായിരിക്കുമെന്ന്  കരുതിയിരുന്നില്ല! 
വെളുത്ത തട്ടം കൊണ്ട് തല മറച്ചു തസ്ബീഹ് മാലയും പിടിച്ചു ദിക്‌റും സലാത്തും ചൊല്ലിക്കൊണ്ട് ചെറിയ പുഞ്ചിരിയോടെ നമ്മെ വരവേറ്റിരുന്ന  കമ്പാർ അമ്മായി എന്ന ആ മഹതിയുടെ മുഖം മനസുകളിൽ നിന്ന് ഒരിക്കലും മരിക്കുന്നില്ല!  
ഇന്നലെ, ഇന്ന്, നാളെ എന്ന നിലയിൽ നമുക്ക് മുമ്പേ നടന്നവരും   ഒപ്പം നടന്നവരും  നടക്കുന്നവരും എന്നെന്നേക്കുമായി വിട പറഞ്ഞു പോവുമ്പോൾ ഓർമ്മകളിലൂടെ കണ്ണുകൾ നനയുകയാണ്, മനസുകൾ വിതുമ്പുകയാണ്. പക്ഷെ മരണം ഉറപ്പായും സംഭവിക്കുക തന്നെ ചെയ്യും, എല്ലാവർക്കും ! ആ സത്യം മനസ്സിലാക്കി നമുക്ക് മുമ്പേ പോയവർ കാണിച്ചു തന്ന സ്നേഹത്തിന്റെയും  കുടുമ്പ ബന്ധത്തിന്റെയും ബഹുമാനത്തിന്റെയും നന്മയുടെയും  സന്ദേശം നാം ഉൾകൊള്ളുമ്പോൾ നമ്മുടെ  ജീവിതം അർത്ഥപൂർണ്ണ വും സഫലവുമാവുകയാണ്.  അല്ലാഹുവിനെ പേടിച്ചു ജീവിച്ച മഹതി അവർകളുടെ വിയോഗം നാടിന്ന് തീരാ നഷ്ടം തന്നെ! അള്ളാഹു അവർക്ക് സ്വർഗീയ കവാടം തുറന്നു കൊടുക്കട്ടെ!   
എല്ലാവരും അവർക്ക് വേണ്ടി ദുആ ചെയ്യണമെന്നു  അഭ്യർത്ഥിക്കുന്നു. 
അവരെയും നമ്മെയും നമ്മിൽ നിന്ന് വിട പറഞ്ഞു പോയ എല്ലാവരെയും അള്ളാഹു സ്വർഗ്ഗ പൂങ്കാവനത്തിൽ ഒരുമിച്ചു കൂട്ടിത്തരട്ടെ. അമീൻ   
✍️✍️ഷംസു പാടലട്ക്ക

No comments: