Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 7, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 51/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

✍️ഡോ.മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം 
Tweet 51/365
അഞ്ച്: ജിബ്‌രീൽ(അ) ജിബ്‌രീലിന്റെ യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് സന്ദേശം കൈമാറുക. ഈ വിധത്തിൽ അത്യപൂർവ്വമായി മാത്രമേ ഉണ്ടാകാറുള്ളൂ. പ്രവാചകന്മാരിൽ തന്നെ ജിബ്രീലി(അ)ന്റെ യഥാർത്ഥ രൂപം മുത്ത്നബി ﷺ മാത്രമേ കണ്ടിട്ടുള്ളു. അവിടുന്ന് രണ്ട് പ്രാവശ്യമേ അങ്ങനെ ദർശനമുണ്ടായിട്ടുള്ളൂ എന്ന അഭിപ്രായം രേഖകളിൽ വന്നിട്ടുണ്ട്.

ആറ്: മധ്യവർത്തികളില്ലാതെ അല്ലാഹു നേരിട്ട് സന്ദേശം നൽകും. സന്ദേശം ലഭിക്കുക ഒരു തിരശ്ശീലക്ക് പിന്നിൽ നിന്നായിരിക്കും. മൂസാനബി(അ)യോടുള്ള അല്ലാഹുവിന്റെ സംഭാഷണം ഈ വിധത്തിലായിരുന്നു.

ഏഴ്: മധ്യവർത്തിയോ തിരശ്ശീലയോ ഇല്ലാതെയുള്ള അല്ലാഹുവിന്റെ സംഭാഷണം. മിഅറാജ് വേളയിൽ അല്ലാഹു നബി ﷺ യോട് സംഭാഷണം നടത്തിയത് ഈ വിധത്തിലായിരുന്നു. പ്രസ്തുത രാത്രിയിൽ നബി ﷺ അല്ലാഹുവിനെ നേരിട്ട് കാണുകയും സന്ദേശം സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യം അന്നജ്മ് അധ്യായത്തിൽ ഖുർആൻ തന്നെ പ്രസ്താവിക്കുന്നതിങ്ങനെയാണ്. "അങ്ങനെ അല്ലാഹു അവന്റെ അടിമക്ക് വഹിയ് നൽകേണ്ടത് വഹ്‌യ് നൽകി."

എട്ട്: ഉറക്കത്തിൽ അല്ലാഹു നബിക്ക് സന്ദേശം നൽകുന്ന രീതി. സ്വപ്നദർശനമല്ലാത്ത പ്രത്യേകമായ ഒരു സംവേദന മാർഗ്ഗമാണത്. ഇമാം അഹമദ് ഉദ്ദരിച്ച സുപ്രധാനമായ ഒരു ഹദീസിൽ ഈ വിധത്തിലുള്ള സന്ദേശം കാണാം. ഇമാം ഇബ്നു അബ്ബാസ് ഉദ്ദരിക്കുന്നു. നബി ﷺ പറഞ്ഞു. എന്റെ നാഥൻ ഏറ്റവും സുന്ദരമായി എന്റെയടുത്ത് വന്നു.(സ്വപ്നത്തിൽ എന്ന് നബി പറഞ്ഞുവെന്നാണ് എന്റെ ധാരണ) എന്നെ വിളിച്ചു. ഓ മുഹമ്മദ്.. സർവ്വാത്മനാ എന്റെ നാഥന് ഞാനുത്തരം ചെയ്യുന്നു, ഞാൻ പറഞ്ഞു.
   അല്ലാഹു ചോദിച്ചു, അത്യുന്നതങ്ങളിൽ എന്തിനെ കുറിച്ചാണ് ചർച്ച നടക്കുന്നത് എന്നറിയാമോ?
ഞാൻ പറഞ്ഞു, എന്റെ നാഥാ എനിക്കറിയില്ല. അപ്പോൾ അല്ലാഹു പ്രത്യേകമായ ചില അനുഗ്രഹ വർഷങ്ങൾ എന്റെമേൽ ചൊരിഞ്ഞു. അതോടെ ഉദയാസ്തമാനങ്ങൾക്കിടയിലുള്ളതെല്ലാം ഞാൻ അറിഞ്ഞു.

ഒമ്പത്: തേനീച്ചകളുടെ ഇരമ്പൽ പോലെ അനുഭവപ്പെടുകയും ഒപ്പം ദിവ്യ സന്ദേശം ലഭിക്കുകയും ചെയ്യുന്ന രീതി. ഈ അനുഭവം ഉമർ (റ) പങ്കുവെച്ചത് ഇമാം അഹ്‌മദ് ഉദ്ദരിച്ച ഹദീസിൽ കാണാം.
പത്ത്: ഗവേഷണപരമായി വിഷയങ്ങളെ സമീപിക്കുമ്പോൾ മുത്ത് നബിയുടെ ഹൃദയത്തിൽ ലഭിക്കുന്ന തീർപ്പുകൾ, പ്രസ്താവിക്കുന്ന തീരുമാനങ്ങൾ. ഇജ്തിഹാദ് വഹ്‌യിൽ പെടുമോ എന്ന വൈജ്ഞാനിക ചർച്ചയുണ്ട്. എന്നാലും അവിടുന്ന് മൊഴിയുന്നതെന്തും വഹ്യിന്റെ അടിസ്ഥാനത്തിലാണ് എന്നതിൽ ഇതും ഉൾപ്പെടും. ദിവ്യസന്ദേശങ്ങളുടെ വേറെയും രീതികളുണ്ട്. സന്ദേശം എത്തിക്കുന്ന ഭാവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഏറെയും വ്യത്യാസപ്പെടുന്നത്. വഹിയിന് നാൽപത്തിയാറ് ഇനങ്ങളുണ്ട് എന്ന് ഹദീസിൽ തന്നെ വന്നിട്ടുണ്ട്.

      മുത്ത് നബി ﷺ ക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ മഹത്വം ഖുർആൻ പരിചയപ്പെടുത്തുന്നു. 53ാം അധ്യായം അന്നജ്മിലെ ഒന്നു മുതൽ അഞ്ച് വരെയുള്ള സൂക്തങ്ങളുടെ ആശയം ഇപ്രകാരമാണ് "അസ്തമാന നക്ഷത്രം സത്യം. നിങ്ങളുടെ കൂട്ടുകാരൻ(നബി) വഴി തെറ്റിയിട്ടില്ല. (സത്യത്തിൽ നിന്ന്) വഴുതിമാറിയിട്ടുമില്ല. തന്നിഷ്ടപ്രകാരം നബി സംസാരിക്കുകയില്ല.(സംസാരം)അവിടുത്തേക്ക് ലഭിക്കുന്ന വഹിയ് മാത്രമായിരിക്കും സുശക്തനായ ഒരാൾ നബിയെ അത് പഠിപ്പിച്ചിരിക്കുന്നു."
      മുത്ത് നബി ﷺ യുടെ അറിവിന്റെയും പ്രസ്താവനകളുടെയും ഉറവിടം വഹിയ് തന്നെയാണ്. ഇത് ബോധ്യപ്പെടുത്തുന്ന ഒരു ഹദീസ് ഇമാം അബൂദാവൂദ് നിവേദനം ചെയ്തിട്ടുണ്ട്. അബ്ദുല്ലാഹി ബിൻ അംറ് പറയുന്നു. തിരുനബിﷺയിൽ നിന്ന് കേൾക്കുന്നതെല്ലാം ഞാൻ പകർത്തി വെക്കുമായിരുന്നു. മന:പാഠമാക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തു വന്നത്. അപ്പോൾ ചില ഖുറൈശികൾ എന്നെ വിലക്കി. അവർ പറഞ്ഞു, പ്രവാചകൻ പറയുന്ന എല്ലാകാര്യങ്ങളും നിങ്ങൾ എഴുതിവെക്കുകയോ? അവിടുന്ന് കോപിക്കേണ്ടിവരുമ്പോഴും അല്ലാത്തപ്പോഴും ഒക്കെ സംസാരിക്കുന്ന മനുഷ്യനല്ലേ? ഇത് കേട്ട ഞാൻ എഴുത്ത് നിർത്തി. ഇക്കാര്യം പിന്നീട് ഞാൻ നബി ﷺ യോട് പങ്കുവെച്ചു. അവിടുന്ന് പറഞ്ഞു, നീ എഴുതിക്കോളൂ... എന്റെ ആത്മാവിന്റെ അധിപൻ തന്നെ സത്യം! എന്നിൽ നിന്ന് സത്യമല്ലാത്തതൊന്നും ഉണ്ടാവില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

No comments: