Tweet 53/365
വഹിയ്, പ്രവാചകത്വം എന്നിവയാണ് നാം പരിചയപ്പെട്ടത്. എന്നാൽ പ്രവാചകന്മാരെ നിയോഗിക്കുന്നതിന്റെ താത്പര്യമെന്താണ്? ഉത്തരം ലളിതമാണ്. മനുഷ്യനെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹു അവൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മനഷ്യർക്കെത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു. അതിനായി മനുഷ്യരിൽ നിന്നു തന്നെ ദൂതന്മാരെ സംവിധാനിച്ചു. അവരാണ് പ്രവാചകന്മാർ. മനുഷ്യനു മാർഗദർശനം നൽകാൻ എന്തു മാർഗവും സ്വീകരിക്കാൻ അധികാരവും കഴിവുമുള്ളവനാണ് അല്ലാഹു. അതിൽ നിന്നു അവൻ സ്വീകരിച്ച മാർഗം മാതൃകാപുരുഷന്മാരായ ദൂതന്മാരെ നിയോഗിക്കുക, പ്രമാണങ്ങളായ ഗ്രന്ഥങ്ങളെ അവതരിപ്പിക്കുക എന്നതായിരുന്നു. സൃഷ്ടികളിൽ വെച്ച് മനുഷ്യനെ സവിശേഷ പ്രകൃതിയിലും സ്വഭാവത്തിലുമാക്കിയതും അവൻ തന്നെയാണ്. അതിനനുസൃതമായ ജീവിത രീതിയാണ് സ്രഷ്ടാവ് മനുഷ്യന് നിർദേശിച്ചത്.
ശരി, മുഹമ്മദ് നബിﷺ പ്രപഞ്ചനാഥൻ നിയോഗിച്ച ദൂതനാണ് എന്നതിനെ യുക്തി പരമായി എങ്ങനെ മനസ്സിലാക്കാം. നമുക്ക് ഒന്നു ആലോചിച്ചു നോക്കാം. മുഹമ്മദ്ﷺ മക്കയിലെ ഉന്നത തറവാട്ടിൽ ജനിച്ചു. മാതാപിതാക്കൾ ഉന്നത ഗുണങ്ങളുള്ളവരും അറിയപ്പെട്ടവരും. ജനിച്ചു വീണ ദേശത്തും ജനതയിലും തന്നെ വളർന്നു വലുതായി. കൗമാര യൗവ്വനങ്ങൾ മാതൃകാപരമായി ജീവിച്ചു. സമൂഹം ഒന്നടക്കം വിശ്വസ്തൻ, സത്യസന്ധൻ എന്നീ വിലാസങ്ങളിൽ വിളിച്ചു കൊണ്ടിരുന്നു. തമാശക്ക് പോലും കളവ് പറഞ്ഞിട്ടേ ഇല്ല. ആരുടെയും ഒരവകാശവും ഹനിച്ചില്ല. ഏതെങ്കിലും ഒരു കുറ്റകൃത്യത്തിൽ പെടുകയോ സ്വഭാവ ദൂഷ്യങ്ങൾ പുലർത്തുകയോ ചെയ്തില്ല. അങ്ങനെ നാൽപത് കൊല്ലം സ്വന്തം നാട്ടിൽ തന്നെ ജീവിക്കുന്നു. അതിനിടയിൽ മക്കയിലെ പ്രമുഖരുടെയടക്കം വിലപിടിപ്പുള്ള വസ്തുക്കളുടെ സൂക്ഷിപ്പുകാരനായി. പ്രതിസന്ധികളിൽ മധ്യസ്ഥ റോളിൽ അവരോധിക്കപ്പെട്ടു. ഇങ്ങനെയെല്ലാമുള്ള ഒരാളാണ് അതേ ജനതയിൽ ഞാൻ ദൈവതൂതനാണെന്ന് പ്രഖ്യാപിച്ചത്. നാൽപത് കൊല്ലം എന്തെങ്കിലും ഒരു കാരണത്താൽ ഒരിക്കൽപോലും കളവ് പറയാത്ത ഒരാൾ ഇത്രയും വലിയ ഒരു കാര്യത്തിൽ മഹാകള്ളം പറയുകയോ? സാമാന്യമായിത്തന്നെ നമുക്കതുൾകൊള്ളാൻ കഴിയുമോ? ഇല്ല. അപ്പോൾ ഈ വാദം ശരിയാകാനല്ലേ തരമുള്ളൂ.
ഇനിയും നമുക്കാലോചിക്കാം. ഞാൻ ദൈവദൂതനാണ് എന്ന് വാദിച്ചപ്പോൾ എന്തെങ്കിലും തെളിവോ സാക്ഷ്യമോ ഹാജരാക്കിയിരുന്നോ? അതെ, ഖുർആൻ എന്ന മഹത്തായ ഒരു ഗ്രന്ഥം അവതരിപ്പിച്ചു. അത് രക്ഷിതാവിന്റെ വചനങ്ങളാണെന്നും അവകാശപ്പെട്ടു. ശരി, അത്തരമൊരു ഗ്രന്ഥം സ്വന്തം എഴുതിയിട്ട് അല്ലാഹുവിൽ നിന്നാണ് എന്ന് അവകാശപ്പെടാൻ സാധ്യതയുണ്ടോ? അതെങ്ങനെ ഈ വ്യക്തി സാമ്പ്രദായികമായി ഒരു വിദ്യാഭ്യാസവും നേടിയിട്ടേ ഇല്ല. ഒരഭ്യാസവും നൽകിയ ഒരധ്യാപകനുമില്ല. എന്നാലിനി എവിടെന്നെങ്കിലും കോപ്പിയടിച്ചതായിരിക്കുമോ? അതിനും ഒരു സാധ്യതയും കാണുന്നില്ല. കാരണം ഖുർആനിന്റെ അതേ ഭാഷയിലോ ഉള്ളടക്കത്തിലോ ശൈലിയിലോ ലോകത്ത് ഒരു വേദഗ്രന്ഥവും അറിയപ്പെട്ടിട്ടുപോലുമില്ല. വർത്തമാനകാലത്ത് ചിന്തിക്കുകയാണെങ്കിൽ ഒന്നര സഹസ്രാബ്ദത്തോളം ഒരു ഗ്രന്ഥം ഇത്രമേൽ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും കോടിക്കണക്കിന് വ്യക്തികൾ നിത്യജീവിതത്തിൽ പാരായണം ചെയ്യുകയും ചെയ്യുന്നു. ഇത്തരമൊരു ഗ്രന്ഥം വേറിട്ടതെന്നല്ലാതെ പിന്നെന്ത് പറയാനാണ്? ഇങ്ങനെ ചോദിക്കാവുന്ന എല്ലാ ചോദ്യങ്ങളും മനസ്സിൽ ഹാജരാക്കിയാലും ഉത്തരം ഈ ഗ്രന്ഥത്തിന്റെ ദൈവികതയിലേക്കേ എത്തിക്കൂ. ഇന്നുവരെയും തത്തുല്യമായ ഒരു ഗ്രന്ഥം അവതരിപ്പിക്കാൻ വിമർശകർക്ക് പോലും സാധിച്ചിട്ടില്ല എന്നതും ചേർത്ത് വായിക്കാം.
മറ്റെന്തെങ്കിലും തെളിവുകൾ? അതേ അങ്ങനെയും ഒന്നു ചിന്തിക്കാം. ശരി പ്രവാചകന്റെ പ്രവചനങ്ങൾ ഒരു പ്രമാണമാണ്. ഭൗതികമായ യാതൊരു നിഗമനങ്ങളാലും പറയാനാവാത്ത പല പ്രവചനങ്ങളും അവതരിപ്പിച്ചു. അതെല്ലാം പകൽ പോലെ പുലർന്നു. അത്തരമൊരു പട്ടിക തന്നെ തയ്യാറാക്കാൻ കഴിയും.
ഇനി ആരെങ്കിലും ഒന്നു കൂടി കടന്ന് ഇങ്ങനെ ചോദിച്ചാലോ? മുഹമ്മദ് ﷺ എന്ന ഒരു വ്യക്തി ആയിരത്തി നാനൂറ് കൊല്ലങ്ങൾക് മുമ്പ് ജീവിച്ചിരുന്നോ? അതല്ല കേവലം ഒരു കഥാപാത്രമാണോ?
ഇവിടെയും ഉത്തരം ലളിതമാണ്. ചരിത്രത്തിൽ ഒരാൾ ജീവിച്ചിരുന്നു എന്നതിന് ലോകത്ത് സമർപ്പിക്കാവുന്നതിൽ ഏറ്റവും ശക്തമായ തെളിവുകൾ മുഹമ്മദ് നബിﷺ ജീവിച്ചിരുന്നു എന്നതിന് മാത്രമേ ഉള്ളു. മുഹമ്മദ് ﷺ മുതൽ ഇന്നേ വരെയുള്ള വിജ്ഞാന പരമ്പരയും സന്താന പരമ്പരയും ഇടയിൽ ഒരാൾ പോലും വിട്ടു പോകാതെ രേഖപ്പെട്ടുകിടക്കുന്നു. അവ രേഖപ്പെടുത്തിയവരുടെ ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നു.
ചരിത്രത്തിന്റെ ജ്ഞാന ശാസ്ത്രം മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങൾ വെച്ച് ഇവയൊക്കെ പരിശോധിക്കാനും സാധ്യമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ
وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി

No comments:
Post a Comment