Tweet 58/365
മുത്ത് നബിﷺയും അലി(റ)വും ആദ്യകാലത്ത് ആരാധനയിൽ ഏർപെട്ട ഒരു രംഗം നമുക്ക് വായിച്ച് നോക്കാം. യമനിൽ നിന്ന് വ്യാപാരാർത്ഥം മക്കയിൽ വന്നു കൊണ്ടിരുന്ന അഫീഫ് അൽ കിൻദി എന്നവർ പറയുന്നു. ഞാൻ ഒരു ഹജ്ജ് വേളയിൽ മക്കയിലെത്തി. അബ്ബാസ് എന്നവരുടെ കൂടെയാണ് ഞാൻ താമസിച്ചത്. ഞങ്ങൾ തമ്മിൽ കച്ചവട ബന്ധങ്ങളുണ്ടായിരുന്നു. അദ്ദേഹം യമനിൽ വന്നാൽ എൻ്റെയടുക്കലാണുണ്ടാവുക. ഒരു ദിവസം ഞങ്ങൾ മിനയിൽ ഇരിക്കുകയാണ്. അപ്പോഴതാ യുവത്വം പിന്നിട്ട ഒരാൾ ഒരു ടെന്റിൽ നിന്ന് പുറത്തേക്കിറങ്ങി. ആകാശത്തേക്ക് നോക്കി മധ്യാഹ്നം പിന്നിട്ടു എന്നുറപ്പിച്ചു. ശേഷം നിസ്കാരം ആരംഭിച്ചു. തൊട്ടുപിന്നിൽ ഒരു സ്ത്രീ ഇറങ്ങി വന്നു ആദ്യത്തെ വ്യക്തിയുടെ പിന്നിൽ തുടർന്നു. ഉടനെ ഒരു കൗമാര പ്രായക്കാരൻ ഇറങ്ങി വന്നു. ഇവരോടൊപ്പം ചേർന്ന് നിസ്കരിച്ചു. ഞാൻ ചോദിച്ചു. അല്ലയോ അബ്ബാസ് അവർ ആരാണ്? അവർ എന്താണ് ചെയ്യുന്നത്? അദ്ദേഹം പറഞ്ഞു. ആദ്യം പുറത്ത് വന്നത് എന്റെ സഹോദരൻ അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദാ ﷺ ണ്. ശേഷം വന്നത് ഖുവൈലിദിന്റെ മകൾ ഖദീജ:(റ) മുഹമ്മദ് ﷺ ന്റെ ഭാര്യ. ആ ചെറുപ്പക്കാരനാരാണ്.? ഞാൻ ചോദിച്ചു. അത് എന്റെ സഹോദരൻ അബൂത്വാലിബിന്റെ മകൻ അലി(റ). അവർ നിസ്കരിക്കുകയാണ് അബ്ബാസ് തുടർന്നു. മുഹമ്മദ് ﷺ പറയുന്നത്. മുഹമ്മദ് ﷺ അല്ലാഹുവിന്റെ പ്രവാചകനാണെന്നാണ്. പ്രസ്തുത വാദം ഭാര്യയും അലി(റ)യും മാത്രമേ അംഗീകരിച്ചിട്ടുള്ളൂ. കിസ്റയുടെയും കൈസറിന്റെയും നിധി കുംഭങ്ങൾ വരെ അവർ ജയിച്ചടക്കും എന്നാണ് ഇപ്പോൾ വാദിക്കുന്നത്.
അഫീഫ് എന്നവർ പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു. അന്നദ്ദേഹം പറഞ്ഞു. എന്റെ ഭാഗ്യ ദോഷമെന്നല്ലാതെ എന്ത് പറയാൻ. അന്ന് ഞാൻ സന്മാർഗം സ്വീകരിച്ചിരുന്നെങ്കിൽ, ഞാൻ അലി(റ)യുടെ രണ്ടാമനായി ഇസ്‌ലാമിൽ ചേരാമായിരുന്നു.
അലി(റ)യുടെ ഇസ്‌ലാം ആശ്ലേഷത്തിന്റെ പ്രത്യേകത പറയുന്ന ഒരു നിവേദനം കൂടി വായിക്കാം. ഉമർ (റ) പറയുന്നു. ഞാനും അബൂബക്കർ, അബൂ ഉബൈദ (റ) എന്നിവരടങ്ങുന്ന ഒരു സംഘം നബി ﷺ സവിധത്തിൽ ഇരിക്കുകയായിരുന്നു. അലി(റ) അവിടേക്ക് കടന്നു വന്നു. അപ്പോൾ അലി(റ) യുടെ ചുമലിൽ തട്ടിക്കൊണ്ട് നബി ﷺ പറഞ്ഞു. ഓ അലീ.. നിങ്ങളാണ് വിശ്വാസികളിൽ ഒന്നാമൻ. നിങ്ങൾ തന്നെയാണ് മുസ്‌ലിംകളിൽ ഒന്നാമൻ. മൂസാനബി(അ)ക്ക് ഹാറൂൻ(അ) എന്ന പോലെയാണ് നിങ്ങൾ എനിക്ക്.
സൽമാനുൽ ഫാരിസി(റ) പറയുന്നു. പരലോകത്ത് നബി ﷺ യുടെ കൗസർ പാനീയത്തിനടുത്ത് ആദ്യം എത്തുന്നത് മുത്ത് നബിﷺയെ ആദ്യം വിശ്വസിച്ച ആളായിരിക്കും. ആ സൗഭാഗ്യം അലി (റ) നുള്ളതാണ്.
ഇബ്നു അബ്ബാസ് ഉദ്ദരിക്കുന്നു. ഒരിക്കൽ നബി ﷺ പറഞ്ഞു. ചരിത്രത്തിൽ ആദ്യം അംഗീകരിച്ചവർ മൂന്നു പേരാണ്. മൂസാ നബി(അ)യെ യൂശഅ ബിൻ നൂനും ഇസാനബി(അ)യെ ഹബീബുന്നജ്ജാറും(സ്വാഹിബു യാസീൻ)എന്നെ അലിയും.
മുത്ത് നബി ﷺ യോടുള്ള നിരന്തര സഹവാസം അലിയെ അറിവിന്റെ ഉറവിടമാക്കി. വിജ്ഞാനത്തിന്റെ പട്ടണത്തിലേക്കുള്ള കവാടമാക്കി.
ഏതു പ്രയാസഘട്ടത്തിലും നബി ﷺ ക്കൊപ്പം ഉറച്ചു നിന്ന അദ്ദേഹം ജീവൻ പണയം വെച്ചും നബിﷺക്ക് വേണ്ടി നിലകൊണ്ടു.
ആത്മീയതയിലും ആരാധനാ ക്രമങ്ങളിലും കൃത്യമായ ചിട്ടകൾ സഹവാസ ജീവിതത്തിലൂടെ മുത്ത് നബി ﷺയിൽ നിന്ന് പകർന്നെടുത്തു. പ്രിയമകൾ ഫാത്വിമ(റ)യെ വധുവായി സ്വീകരിച്ചപ്പോൾ നബി ﷺ യുടെ പിതൃസഹോദരന്റെ മകൻ എന്നതിനൊപ്പം മരുമകൻ കൂടിയായി. മുത്ത് നബി ﷺ യുടെ സന്താന പരമ്പരകളുടെ പിതാവ് എന്ന പദവിയിലെത്തിയപ്പോൾ പോറ്റുമകൻ എന്നതിൽ നിന്ന് മാറി സ്വന്തം പുത്രന്റെ സ്ഥാനത്തുമെത്തി. ലോക ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ നിരവധി വിലാസങ്ങൾ അലി (റ) ന് സ്വന്തമായി.
അലി(റ)യുടെ കൗമാരവും യൗവ്വനവും ദാമ്പത്യ ജീവിതവും എല്ലാം തിരുനബി ﷺ യുടെ തണലിൽ തന്നെയായിരുന്നു.
നബി ﷺ അലി(റ)യെ ഏറ്റെടുത്തപ്പോൾ അബ്ബാസ് ജഅഫറിനെ ഏറ്റെടുത്തിരുന്നുവല്ലോ. അദ്ദേഹവും ആദ്യഘട്ടത്തിൽ തന്നെ ഇസ്‌ലാം സ്വീകരിച്ചു. രണ്ട് സന്താനങ്ങളും മുത്ത് നബി ﷺയോടൊപ്പം തന്നെയുണ്ടാകണം എന്ന് അബൂത്വാലിബ് ആഗ്രഹിച്ചിരുന്നു. അതിനായി അവരെ പ്രേരിപ്പിക്കുകയും ചെയ്തു. 'ഉസ്ദുൽ ഗാബ' എന്ന ഗ്രന്ഥത്തിൽ ഇങ്ങനെയൊരു സംഭവം വായിക്കാം. ഒരിക്കൽ നബി ﷺ യും അലി(റ)യും നിസ്കാരത്തിലായിരുന്നു. അബൂത്വാലിബ് മകൻ ജഅഫറിനൊപ്പം അവിടേക്ക് കടന്നു വന്നു. ഉടനെ ജഅഫറിനോട് പറഞ്ഞു. നോക്കിനിൽകാതെ നീയും അവരോടൊപ്പം കൂടിക്കോളൂ. അവസരം പാഴാക്കാതെ ജഅഫർ നബി ﷺ യോടൊപ്പം ചേർന്ന് നിസ്കരിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment