ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം
Tweet 61/365
അംറ് ബിൻ അബസ (റ):
മുത്ത് നബിﷺയുടെ പ്രബോധനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇസ്‌ലാം സ്വീകരിച്ച പ്രമുഖരിൽ ഒരാളാണ് അംറ്(റ). മക്കയുടെ പുറത്ത് നിന്നുള്ള ഇദ്ദേഹം ഇസ്‌ലാം അംഗീകരിച്ച ആദ്യ വിദേശിയെന്ന വിലാസത്തിനും ഉടമയാണ്. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസിൽ ഇസ്‌ലാമിലുള്ള നാലിൽ നാലാമൻ എന്ന പ്രയോഗം ഇദ്ദേഹത്തെ കുറിച്ചും കാണാം.
ഒരേ ദിവസം തന്നെ പലരും ഇസ്‌ലാം സ്വീകരിക്കുമ്പോൾ ഇന്നലെവരെയുള്ള എണ്ണത്തോട് ചേർത്ത് എല്ലാവർക്കും പ്രയോഗിക്കാമല്ലോ? ഒന്നുകിൽ അങ്ങനെയാവാം, അല്ലെങ്കിൽ ഓരോരുത്തരും അവരവരുടെ അറിവും ബോധ്യവും അടിസ്ഥാനപ്പെടുത്തി പരിചയപ്പെടുത്തിയതും ആവാം.
അംറ്(റ) ഇസ്‌ലാമിലേക്ക് വരുന്ന സാഹചര്യം അദ്ദേഹം തന്നെ വിവരിച്ചത് അബൂസലാം അൽഹബശി ഉദ്ദരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു, വിഗ്രഹാരാധന അർത്ഥശൂന്യമാണെന്ന ഒരു ചിന്ത നേരത്തേ തന്നെ എന്റെ മനസ്സിൽ കടന്നു കൂടി. അത് ചിലരോടൊക്കെ പങ്കുവെച്ചു. ഒരിക്കൽ ഞാൻ വിഗ്രഹാരാധനയെ നിരസിച്ച് കൊണ്ടു സംസാരിക്കുകയായിരുന്നു. ശ്രോതാക്കളിൽ ഒരാൾ പറഞ്ഞു. താങ്കളുടെ ഈ ആശയം പറയുന്ന ഒരാൾ മക്കയിൽ രംഗ പ്രവേശനം ചെയ്തതായി കേൾക്കുന്നുണ്ട്.
ഞാൻ ഉടനേ മക്കയിലേക്ക് തിരിച്ചു. വിഗ്രഹാരാധനയെ എതിർത്ത് കൊണ്ട് രംഗത്ത് വന്ന വ്യക്തിയെ അന്വേഷിച്ചു. അതെ, മുഹമ്മദ് നബി ﷺ. അവിടുന്ന് രഹസ്യമായി കഴിയുകയാണ്. രാത്രി മാത്രമേ നേരിൽ കാണാൻ കഴിയൂ. രാത്രി കഅബ പ്രദക്ഷിണം ചെയ്യാൻ വരും. ഈ വിവരങ്ങൾ എനിക്ക് ലഭിച്ചു. ഞാൻ കഅബയുടെ മേൽ അണിയിച്ചിട്ടുള്ള വസ്ത്രാവരണത്തിനുള്ളിൽ(കിസ്‌വ) കാത്തിരുന്നു. അങ്ങനെയിരിക്കെ 'ലാഇലാഹ ഇല്ലല്ലാഹ്' എന്നുച്ചരിച്ചു കൊണ്ട് ഒരാൾ കടന്നു വന്നു. അത് നബി ﷺ യാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാനടുത്ത് ചെന്നു സംസാരിക്കാൻ തുടങ്ങി. "അവിടുന്ന് എന്താകുന്നു.?"
നബി ﷺ: ഞാൻ അല്ലാഹുവിന്റെ ദൂതൻ.
ഞാൻ: എന്ന് വെച്ചാൽ?
നബി ﷺ: അല്ലാഹു അവന്റെ സന്ദേശം ജനങ്ങൾക്ക് എത്തിച്ച് കൊടുക്കാൻ എന്നെ നിയോഗിച്ചിരിക്കുന്നു.
ഞാൻ: എന്ത് സന്ദേശവുമായിട്ടാണ് നിയോഗിച്ചിരിക്കുന്നത്?
നബി ﷺ: അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. അവനോട് ആരെയും പങ്കു ചേർക്കരുത്. കുടുംബബന്ധങ്ങൾ പുലർത്തണം.
ഞാൻ: ഇപ്പോൾ ആരൊക്കെയാണ് അവിടുത്തെ അംഗീകരിച്ചത്?
നബി ﷺ: ഒരു സ്വതന്ത്രനും ഒരടിമയും.
ഉടനെ ഞാൻ ഉടമ്പടി ചെയ്യാൻ താൽപര്യപ്പെട്ടു. അവിടുന്ന് തിരുകരങ്ങൾ നീട്ടി. ഞാൻ സത്യവിശ്വാസത്തിന്റെ കരാർ ചെയ്തു.
ഞാൻ ചോദിച്ചു, അല്ലയോ പ്രവാചകരേ.. ഞാൻ അവിടുത്തെ അനുഗമിച്ച് ഇവിടെത്തന്നെ കഴിഞ്ഞോട്ടെ.
നബി ﷺ പറഞ്ഞു. വേണ്ട, ഇപ്പോൾ താങ്കൾക്കിവിടെ തുടരാൻ പ്രയാസമായിരിക്കും. ഏറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരും. ഇപ്പോൾ നിങ്ങൾ നിങ്ങളുടെ നാട്ടിലേക്ക് തന്നെ മടങ്ങുക. ഞാൻ പരസ്യമായി രംഗത്ത് വന്ന ശേഷം വീണ്ടും വരിക. ഞാൻ നാട്ടിലേക്ക് മടങ്ങി. എന്റെ കുടുംബത്തിൽ തന്നെ എത്തിച്ചേർന്നു. ശരിയായ ഒരു വിശ്വാസിയായി ജീവിച്ചു. മുത്ത് നബി ﷺ യുടെ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ അവിടുന്ന് മദീനയിലേക്ക് പലായനം ചെയ്ത വിവരം അറിഞ്ഞു. മദീനയിൽ ചെന്ന് നബി ﷺ യെ സന്ദർശിച്ചു. ഞാൻ ചോദിച്ചു, എന്നെ ഓർമയുണ്ടോ അവിടുന്ന്? അപ്പോൾ പറഞ്ഞു. അതേ, താങ്കൾ മക്കയിൽ വന്നിരുന്നല്ലോ എന്നെ കാണാൻ. ഞാൻ പറഞ്ഞു, അവിടുത്തേക്ക് ലഭിച്ച കാര്യങ്ങൾ എനിക്ക് പഠിപ്പിച്ചു തന്നാലും. മുത്ത് നബി ﷺ എനിക്കാവശ്യമായ കാര്യങ്ങൾ പറഞ്ഞു തന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment