Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 15, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 62/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

✍️ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം 
Tweet 62/365
ഖാലിദ് ബിൻ സഈദ്(റ):
ഇസ്‌ലാമിലേക്ക് നാലാമത് വന്നയാൾ എന്ന പ്രയോഗം ചരിത്രത്തിൽ പലരെകുറിച്ചും കാണാം. അതിൽ ഒരാളാണ് ഖാലിദ് ബിൻ സഈദ്(റ). ഇദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണത്തിനു പിന്നിൽ അബൂബക്കർ(റ)ന്റെ ഒരിടപെടൽ ഉണ്ട്. ഖുറൈശി പ്രമുഖൻ ആസ് ബിൻ ഉമയ്യയുടെ മകനായിരുന്നു ഖാലിദി(റ)ന്റെ പിതാവ് സഈദ്. അത് കൊണ്ട് തന്നെ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഖാലിദി(റ)ന്റെ മനം മാറ്റത്തിന് കാരണമായ ഒരു സ്വപ്നത്തെ കുറിച്ച് ഇങ്ങനെ വായിക്കാം. ഭീതിതമായ ഒരഗ്നി കുണ്ഠത്തിന് ചാരെയാണ് താനുള്ളത്. പിതാവ് സഈദ് തന്നെ അതിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്നു. അപ്പോഴതാ മുഹമ്മദ് ﷺ അരക്കെട്ടിന് പിടിച്ച് അഗ്നിയിൽ നിന്ന് തന്നെ രക്ഷപ്പെടുത്തുന്നു. ഭയപ്പെടുത്തുന്ന ഈ കാഴ്ച ഖാലിദിനെ സ്വാധീനിച്ചു. തന്റെ സ്വപ്നം പ്രിയ സുഹൃത്തായ അബുബക്കറി(റ)നോട് പങ്കുവച്ചു. അബൂബക്കർ(റ) ഇസ്‌ലാം പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസമായിരുന്നു ഈ സംഭാഷണം. അദ്ദേഹം പറഞ്ഞു, അല്ലയോ ഖാലിദ്.. താങ്കൾക്ക് അല്ലാഹു നന്മ വിധിച്ചിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. കാരണം മുഹമ്മദ് ബിൻ അബ്ദില്ലാഹ് ﷺ പ്രവാചകത്വം പ്രഖ്യാപിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ എത്രയും വേഗം നബി സവിധത്തിലെത്തുക. പ്രവാചകരുടെ മാർഗം പിൻതുടരുക. നിന്റെ എല്ലാ ഭയങ്ങളിൽ നിന്നും നിനക്ക് രക്ഷ ലഭിക്കും. ഖാലിദ്(റ) ഉടനെ പുറപ്പെട്ടു. തിരുനബി ﷺ യുടെ മഹദ് സന്നിധിയിലെത്തി. ഇസ്‌ലാം സ്വീകരിച്ചു.
   അബൂബക്കർ(റ) കഴിഞ്ഞാൽ നബി കുടുംബത്തിന് പുറത്ത് നിന്ന് ഇസ്ലാം സ്വീകരിച്ചയാൾ എന്ന പദവി ഖാലിദ്(റ) നാണ്. അദ്ദേഹത്തിന്റെ ഭാര്യ ഉമൈറ ബിൻത് ഖലഫും ഉടനെ തന്നെ ഇസ്‌ലാമിലേക്ക് വന്നു.

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിന് 
പ്രാരംഭ കാലത്ത് തന്നെ ഇസ്‌ലാം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു. തുടർന്ന് നബി ﷺ യുടെ സന്തത സഹചാരിയായി ജീവിക്കാൻ അവസരമുണ്ടായി. അബ്ദുല്ലാഹിബിന് മസ്ഊദ്(റ)വിന്റെ ഇസ്‌ലാം സ്വീകരണവുമായിബന്ധപ്പെട്ട സാഹചര്യം ചരിത്രത്തിൽ നിന്ന് നമുക്ക് വായിക്കാം. ഇമാം അഹ്‌മദ് (റ) മുസ്നദിൽ ഉദ്ദരിക്കുന്ന നിവേദന പ്രകാരം ഇബ്നു മസ്ഊദ്(റ) തന്നെ പറയുന്നു. എന്റെ കൗമാരകാലത്ത് ഞാൻ ഉഖ്ബത് ബിൻ അബീ മുഐത്വിന്റെ ആടുകളെ മേയ്ക്കുന്ന ജോലി ചെയ്തിരുന്നു. അതിനിടയിൽ ആടുകളോടൊപ്പം മക്കയിലെ ഒരു മലമ്പ്രദേശത്ത് നിൽക്കുമ്പോൾ രണ്ട് പേർ അവിടേക്ക് ഓടിയെത്തി. മുഹമ്മദ് ﷺ യും അബൂബക്കർ സിദ്ദീഖ്(റ)വുമായിരുന്നു അതെന്ന് പിന്നീട് മനസ്സിലായി. മക്കയിലെ ബഹുദൈവാരാധകരുടെ ശല്യത്തിൽ നിന്ന് രക്ഷപ്പെട്ടു വരികയായിരുന്നു. അവർ എന്നോട് ചോദിച്ചു, മോനേ.. ഞങ്ങൾക്ക് കുടിക്കാൻ തരാൻ പറ്റുന്ന പാലുണ്ടോ നിന്റെയടുത്ത്? ഞാൻ പറഞ്ഞു, ഞാൻ ഈ ആടുകളുടെ സൂക്ഷിപ്പുകാരൻ മാത്രമാണ്. ഞാൻ ഉടമസ്ഥൻ അല്ലാത്തതിനാൽ തരാൻ നിവൃത്തിയില്ല. ഉടനെ എന്നോട് ചോദിച്ചു. പ്രസവിക്കാത്ത, കറവയില്ലാത്ത, കൂറ്റൻ മെതിക്കാത്ത വല്ല ആടും ഉണ്ടോ? കറവയില്ലാത്ത, അകിടുകൾ ചുരുണ്ട, വൈകല്യമുള്ള ഒരാടിനെ ഞാൻ ചൂണ്ടിക്കാണിച്ചു. മുത്ത് നബി ﷺ ആ ആടിനെ സമീപിച്ചു. എന്തോ ചില മന്ത്രങ്ങൾ ചൊല്ലി അകിടിൽ തലോടി. അബൂബക്കർ(റ) അൽപം കുഴിയുള്ള ഒരു പാറക്കഷ്ണം എടുത്ത് പാത്രത്തിന് പകരം നീട്ടികൊടുത്തു. അതാ ആ കൽപാത്രത്തിലേക്ക് പാൽ നിറഞ്ഞ് പത ഉയർന്നിരിക്കുന്നു. മുത്ത് നബി ﷺ പാനം ചെയ്തു. ശേഷം അബൂബക്കറി(റ)ന് നൽകി. അദ്ദേഹവും കുടിച്ചു. ശേഷം എനിക്ക് നേരെ നീട്ടി. ഞാനും കുടിച്ചു. തുടർന്നു നബി ﷺ ആടിൻ്റെ അകിട്ടിൽ കൈവച്ചു. ചുരുങ്ങട്ടെ എന്നു പറഞ്ഞു. അകിട് പൂർവ്വ സ്ഥിതിയിലായി.
     ഈ അനുഭവം ഇബ്നു മസ്ഊദി(റ)നെ സ്വാധീനിച്ചു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. അന്ന് ആകെയുള്ള ആറ് മുസ്‌ലിംകളിൽ ആറാമത്തെയാളായിരുന്നു ഞാൻ എന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിട്ടുണ്ട്.
      അസാധാരണമായി നീളം കുറഞ്ഞ കുറിയ ആളായിരുന്നു അദ്ദഹം. ഒരിക്കലദ്ദേഹത്തിന്റെ കാലിന്റെ  ചെറുപ്പത്തെചൊല്ലി ചില കൂട്ടുകാർ ചിരിച്ചു. നബി ﷺ ഇടപെട്ടു, അല്ലാഹുസത്യം! ഇദ്ദേഹത്തിന്റെ കാലിന്റെ മൂല്യം പരലോകത്ത് ഉഹ്ദ് പർവ്വതത്തേക്കാൾ  ഘനമുള്ളതായിരിക്കും.
ജിബിരിൽ(അ) എത്തിച്ചു തന്ന അതേ രീതിയിൽ ഖുർആൻ പഠിക്കണമെങ്കിൽ ഇബ്നു മസ്ഊദി(റ)ൽ നിന്നു പഠിച്ചോളൂ എന്ന് നബി ﷺ അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

No comments: