അബൂദർറ് അൽ ഗിഫാരി(റ).
മക്കയുടെയും മദീനയുടെയും ഇടയിൽ സഫ്റാഅ് താഴ്‌വരയിൽ താമസിക്കുന്ന ഗോത്രമാണ് ഗിഫാർ. ഗോത്രത്തിലെ പ്രമുഖ വ്യക്തിയാണ് അബൂദർറ്(റ). മക്കയിൽ മുഹമ്മദ്ﷺ പ്രവാചകത്വ പ്രഖ്യാപനം നടത്തിയ വിവരം അദ്ദേഹം അറിഞ്ഞു. ഉടനെ സഹോദരൻ അനീസിനെ അടുത്ത് വിളിച്ചു പറഞ്ഞു. പ്രിയ സഹോദരാ നീ മക്കയിലേക്ക് പോകണം. രംഗപ്രവേശനം ചെയ്ത പ്രവാചകനെ കുറിച്ച് അന്വേഷിക്കണം. കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വരണം. അനീസ് മക്കയിലേക്ക് പുറപ്പെട്ടു. വിവരങ്ങൾ ശേഖരിച്ചു മടങ്ങി വന്നു. അബൂ ദർറ്(റ) വിശദീകരിക്കുന്നു. ഞാൻ സഹോദരനോട് വിവരങ്ങൾ അന്വേഷിച്ചു. അനീസ് പറഞ്ഞു തുടങ്ങി. ഞാൻ ആ പ്രവാചകനെ കണ്ടുമുട്ടി. അല്ലാഹു നിയോഗിച്ച സത്യദൂതനാണവിടുന്ന്. ഏകനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവു, സൽസ്വഭാവത്തിൽ ജീവിക്കണം എന്നൊക്കെയാണ് അവിടുന്ന് ഉപദേശിക്കുന്നത്. ശരി, ജനങ്ങൾ എന്താണ് പറയുന്നത് ? ഞാൻ ചോദിച്ചു. കവിയാണ്, ജോത്സ്യനാണ്, മാരണക്കാരനാണ് എന്നൊക്കെയാണ് എതിരാളികൾ പറയുന്നത്. പക്ഷേ അത് കവിതയോ ജോത്സ്യമോ മാരണമോ ഒന്നുമല്ല. അവർ പറയുന്നത് കളവാണ് പ്രവാചകൻ പറയുന്നത് സത്യം മാത്രമാണ്. കവി കൂടിയായ അനീസ് വിശദീകരിച്ചു. ഞാൻ പറഞ്ഞു, നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് മതിയായിട്ടില്ല. ഞാൻ തന്നെ നേരിട്ട് മക്കയിലേക്ക് പോവുകയാണ്. പ്രവാചകനെ നേരിൽ കണ്ടിട്ടു വരാം. അനീസ് പറഞ്ഞു, ശരി പക്ഷേ മക്കക്കാരെ സൂക്ഷിക്കണം. അവർ പ്രവാചകനോട് ശത്രുതയിലാണ്. അവരെ അന്വേഷിച്ചു ചെല്ലുന്നവരെയും അവർ അക്രമിച്ചേക്കും. ഞാൻ ഒരു തോൽപാത്രത്തിൽ വെള്ളവും ഒരു വടിയും എടുത്ത് യാത്രതിരിച്ചു. മക്കയിലെത്തി. പള്ളിയിൽ പ്രവേശിച്ച് പ്രവാചകനെ കണ്ടെത്താൻ ശ്രമിച്ചു. എന്നാൽ ആരോടും ചോദിക്കാൻ കഴിയുന്നില്ല.
മറ്റൊരു നിവേദനത്തിൽ തുടരുന്നു. ഞാൻ ഒരാളെ സമീപിച്ചു. അയാളോട് രഹസ്യമായി ചോദിച്ചു. 'സാബിഈ' ആണെന്ന് വാദിക്കുന്ന ആ വ്യക്തിയെ ഒന്നുകാണാനെന്താ മാർഗ്ഗം? സത്യവിശ്വാസിക്ക് അവർ പ്രയോഗിക്കുന്ന പദമാണ് 'സാബിഈ'. കേട്ടമാത്രയിൽ അദ്ദേഹം വിളിച്ചു പറഞ്ഞു ഇതാ ഒരു സാബിഈ വന്നിരിക്കുന്നു. അവിടെ കൂടിയ ഏവരും എന്നെ അക്രമിക്കാൻ തുടങ്ങി. ആ താഴ്‌വരയിലുള്ള എല്ലാവരും ഓടിക്കൂടി കല്ലും എല്ലും കിട്ടിയതൊക്കെ എടുത്ത് എന്നെ എറിയാൻ തുടങ്ങി. ഞാൻ ബോധരഹിതനായി നിലം പതിച്ചു. ശേഷം ഞാനുണർന്നപ്പോൾ ചെമ്മണ്ണ് പുരണ്ട ഒരു പ്രതിമയെപ്പോലെയായി. സംസം കിണറിന്റടുത്തേക്ക് നടന്നു. ശരീരമൊക്കെ കഴുകി വൃത്തിയാക്കി. വയർ നിറയെ സംസം വെള്ളംകുടിച്ചു. അങ്ങനെ മുപ്പത് രാപ്പകലുകൾ അവിടെ കഴിച്ചു കൂട്ടി. ഭക്ഷണവും പാനീയവുമൊക്കെയായി സംസം മാത്രം കുടിച്ചു. എൻ്റെ വയറിന്റെ മടക്കുകൾ നിവർന്നു. ശരീരം പുഷ്ടിപ്പെട്ടു. വിശപ്പിന്റെ കാളലൊന്നും എനിക്കുണ്ടായില്ല.
നല്ല നിലാവുള്ള ഒരു രാത്രി. ഖുറൈശികൾ നല്ല ഉറക്കിലാണ്. ഞാൻ കഅബയുടെയും അതിന്റെ വിരിപ്പുകളുടെയും ഇടയിൽ കടന്നു. ഇപ്പോൾ കഅബയെ പ്രദക്ഷിണം വക്കുന്ന ആളുകളൊന്നുമില്ല. രണ്ട് സ്ത്രീകൾ മാത്രം 'ഇസാഫ്', 'നാഇല' എന്നീ ദേവൻമാരെ വിളിച്ചു പ്രാർത്ഥിക്കുന്നു, കഅബയെ വലയം വെക്കുന്നു. അവർ പ്രദക്ഷിണത്തിനിടെ എന്റെ അടുത്തെത്തിയപ്പോൾ ഞാൻ അവരുടെ വിശ്വാസത്തെ കളിയാക്കി ഇങ്ങനെ പറഞ്ഞു. ആ ദൈവങ്ങളിൽ ഒന്നിനെ അടുത്തതിന് അങ്ങ് കെട്ടിച്ചു കൊടുത്തേക്ക്. അവർ ഒന്നും പ്രതികരിച്ചില്ല. വീണ്ടും അവർ എന്റെ അടുത്തെത്തിയപ്പോൾ ഞാൻ വീണ്ടും കളിയാക്കി. അവർ രണ്ടിനെയും തമ്മിൽ ഒന്ന് ചേർപ്പിച്ചോളി. എന്റെ ഈ വാക്കുകൾ കേട്ടപ്പോൾ അവർ തമ്മിൽ പറഞ്ഞു. നമ്മുടെ കക്ഷികളെയൊന്നും ഇവിടെ കാണാനില്ലല്ലോ! അവർ രണ്ട് പേരും പുറത്തേക്ക് നടന്നു.
ആ സമയം മുഹമ്മദ് ﷺ യും അബൂബക്കറും(റ) കഅബയുടെ അടുത്തേക്ക് കടന്നു വന്നു. അവർ സ്ത്രീകളോട് ചോദിച്ചു. എന്തേ? സ്ത്രീകൾ പറഞ്ഞു. കഅബയുടെയും വിരിപ്പിന്റെയും ഇടയിൽ ഒരു 'സാബിഈ' ഇരിക്കുന്നുണ്ട്. അയാൾ വായയിൽ കൊള്ളാത്ത വർത്തമാനമാണ് പറയുന്നത്.
പ്രവാചകർﷺ കഅബയുടെ അടുത്ത് വന്നു. ഹജറുൽ അസ്‌വദ് ചുംബിച്ചു. രണ്ട് പേരും കഅബ ത്വവാഫ് (പ്രദക്ഷിണം) ചെയ്തു. ശേഷം നിസ്കാരം നിർവഹിച്ചു. അപ്പോൾ ഞാൻ അടുത്തേക്ക് ചെന്നു. അസ്സലാമു അലൈക യാ റസൂലല്ലാഹ്ﷺ. അല്ലയോ അല്ലാഹുവിൻറെ ദൂതരേ സലാം...
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment