Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 21, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 68/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

✍️ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം 
Tweet 68/365
പ്രവാചകനെ ﷺ അവമതിക്കാൻ അബൂത്വാലിബ് അനുവദിക്കില്ല എന്നവർക്ക് ബോധ്യമായി. ഉമാറത് ബിൻ വലീദിനെയും കൂട്ടി അവർ അദ്ദേഹത്തെ സമീപിച്ചു. എന്നിട്ട് പറഞ്ഞു. ഏറെ ആരോഗ്യവാനും സുന്ദരനുമാണ് ഉമാറ: ഇദ്ദേഹത്തെ നിങ്ങൾ മകനായി സ്വീകരിച്ചോളൂ. പകരം മുഹമ്മദി ﷺ നെ നിങ്ങൾ ഞങ്ങൾക്ക് വിട്ടു തരിക. പകരത്തിനു പകരമായി നമുക്ക് തീരുമാനത്തിലെത്താം. അബൂത്വാലിബ് പ്രതികരിച്ചു. ഇതെത്ര ഹീനമായ  നീതിയാണ്. നിങ്ങളുടെ മകനെ ഞാൻ പോറ്റി വളർത്തുക. എന്റെ മകനെ നിങ്ങൾക്ക് കൊല്ലാൻ വിട്ടുതരിക.. ഛേ! ഇതൊരിക്കലും സ്വീകാര്യമല്ല. ഏതെങ്കിലും നാൽകാലികൾ പോലും അതിന്റേതല്ലാത്ത കുഞ്ഞിനെ സ്വന്തം കുഞ്ഞായി കാണുമോ?

        മുത്വ്ഇമു ബിന് അദിയ്യ് പറഞ്ഞു. അല്ലയോ അബൂത്വാലിബ് നിങ്ങളോട് ഞങ്ങൾ നീതിയുക്തമായിട്ടല്ലേ പെരുമാറിയത്? പക്ഷേ, നിങ്ങൾ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാത്തതെന്താണ്? അബൂത്വാലിബ് ഇടപെട്ടു. അല്ല, നിങ്ങൾ ഒരു നിലക്കുമുള്ള നീതിയല്ല സ്വീകരിച്ചത്. മറിച്ച് നിന്ദിക്കാനാണ് നിങ്ങൾ ശ്രമിച്ചത്. പരസ്യമായി എന്നെ എതിർക്കാനാണ് നിങ്ങൾ ജനങ്ങളെ ഇളക്കിവിട്ടത്. ഇനി നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യാം.

      പരസ്യമായ ഒരെതിർപ്പിലേക്ക് രംഗം എത്തിച്ചേർന്നു. പോർവിളിയുടെ സ്വരങ്ങൾ ഉയർന്നു. ഓരോ ഗോത്രങ്ങളും അവരിൽ നിന്ന്  ഇസ്‌ലാം സ്വീകരിച്ചവരെ അക്രമിക്കാൻ തുടങ്ങി. എന്നാൽ അബൂത്വാലിബ് മുത്തി നബിﷺക്ക് സംരക്ഷണമൊരുക്കി. അദ്ദേഹത്തിന്റെ കുടുംബക്കാരായ ബനൂഹാഷിം, ബനുൽ മുത്വലിബ് എന്നിവരെ ഒരുമിച്ചു കൂട്ടി. നമ്മുടെ കുടുംബത്തിൽ നിന്നുള്ള മുഹമ്മദ് ﷺ നെ സംരക്ഷിക്കണമെന്ന സന്ദേശം അവർക്ക് കൈമാറി. അബൂലഹബൊഴികെ ഏവരും അതംഗീകരിച്ചു.
മുത്ത് നബിﷺയെ പുകഴ്ത്തിക്കൊണ്ട് അബൂത്വാലിബ് ഇങ്ങനെ പാടി
(ഇദജ്തമഅത് യൗമൻ ഖുറൈശുൻ...)
ഖുറൈശികൾ ഒരു നാൾ ഒരുമിച്ചു കൂടുകിൽ
അബ്ദുമനാഫല്ലോ സത്തയും അർത്ഥവും
അബ്ദു മനാഫിലെ നേതാക്കൾ വന്നാലോ
ഹാഷിമല്ലോ അതിൽ മുമ്പനും വമ്പനും
അവരിലും  ശ്രേഷ്ഠത ആർക്കെന്ന് നോക്കുകിൽ
അത്യുന്നതരായവർ മുത്ത് മുഹമ്മദാംﷺ.
 
        അങ്ങനെയിരിക്കെ ഒരു ദിവസം നബി ﷺ  കഅബയുടെ പരിസരത്തു കൂടി നടന്നു പോവുകയായിരുന്നു. പെട്ടെന്ന് അബൂജഹൽ മുന്നിൽ ചാടി വീണു. നബിﷺയെ ശല്ല്യപ്പെടുത്തി. അഹങ്കാരത്തോടെ ഉറഞ്ഞു തുളളി. നബിﷺ ഒന്നും പ്രതികരിച്ചില്ല. നിശബ്ദമായി അവിടുന്ന് നടന്നു നീങ്ങി. പരിസരത്തുള്ളവരെല്ലാം നോക്കിക്കൊണ്ടിരുന്നു. മുത്ത് നബിﷺയുടെ പിതൃസഹോദരൻ ഹംസ വേട്ട കഴിഞ്ഞു വരികയാണ്. മുന്നിൽ നടക്കുന്ന രണ്ട് സ്ത്രീകൾ എന്തോ സംസാരിക്കുന്നു ഹംസ ശ്രദ്ധിച്ചു. 'അബൂജഹൽ മുഹമ്മദി ﷺ നെതിരെ ചെയ്ത പ്രവർത്തനങ്ങൾ ഇദ്ദേഹം അറിഞ്ഞാൽ എന്താകും.' ഹംസ അവരോട് കാര്യങ്ങൾ അന്വേഷിച്ചു. വിവരമറിഞ്ഞപ്പോൾ രക്തം തിളച്ചു. കുടുംബബന്ധത്തിന്റെ കൂറ് ഉണർന്നു. നേരെ കഅബയെ ലക്ഷ്യം വെച്ചു നടന്നു. സാധാരണ വേട്ട കഴിഞ്ഞാൽ അങ്ങനെയാണ്. കഅബയെ പ്രദക്ഷിണം ചെയ്തിട്ടേ വീട്ടിലേക്ക് മടങ്ങു.
     അതാ പള്ളിയുടെ ഒരു ഭാഗത്തിരിക്കുന്നു അബൂജഹൽ. ഹംസ നേരേ അടുത്തേക്ക് ചെന്നു. വില്ല് കൊണ്ട് അയാളുടെ തല നേരേ ആക്കി. ശേഷം പറഞ്ഞു, ഞാൻ മുഹമ്മദ്ﷺന്റെ മതത്തിൽ ചേർന്നിരിക്കുന്നു. നിങ്ങൾ സത്യവാന്മാരാണെങ്കിൽ എന്നെ തടഞ്ഞോളൂ. ഖുറൈശികൾ ചാടിവീണു. അല്ലയോ അബൂയഅ്ലാ.. അബൂയഅലാ.. (എന്താണീ കേൾക്കുന്നത് ഹംസാ എന്നു സാരം)

      ഈ സംഭവത്തിന്റെ മറ്റൊരു നിവേദനം ഇങ്ങനെയാണ്. നബിﷺ സഫാ കുന്നിനു ചാരെ ഇരിക്കുകയായിരുന്നു. അബൂ ജഹൽ അതുവഴി കടന്നു വന്നു. മുത്ത്നബിﷺയെ വല്ലാതെ ആക്ഷേപിച്ചു. പറയാവുന്നതൊക്കെപ്പറഞ്ഞു. നബിﷺ ഒന്നും മിണ്ടിയില്ല. അബ്ദുല്ലാഹിബിന് ജൂദആന്റെ പരിചാരക അവരുടെ വീട്ടിൽ ഇരുന്ന് ഈ രംഗം കാണുന്നുണ്ടായിരുന്നു. അൽപം കഴിഞ്ഞപ്പോൾ ഹംസ വേട്ട കഴിഞ്ഞ് അത് വഴി വന്നു. കഅബയെ ത്വവാഫ് ചെയ്ത ശേഷം ഖുറൈശികളുടെ ക്ലബിലേക്ക് തിരിഞ്ഞ് പതിവ് പോലെ കുശലം പറഞ്ഞു. ഉടനെ പരിചാരക സ്ത്രീ പറഞ്ഞു. അല്ലയോ അബൂ ഉമാറ: അൽപം മുമ്പ് അബൂൽ ഹകം നിങ്ങളുടെ സഹോദര പുത്രനോട് ചെയ്തതെന്താണെന്ന് നിങ്ങൾക്കറിയുമോ?
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

No comments: