Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, September 3, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 80/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

Tweet 80/365
മുജാഹിദ് (റ) പ്രസ്താവിക്കുന്നു. ഖുറൈശികൾ ബിലാലി(റ)ന്റെ കഴുത്തിൽ കയറു കെട്ടി. അദ്ദേഹത്തെ മക്കയിലെ മലകൾക്കിടയിൽ വലിച്ചിഴക്കാൻ കുട്ടികളോട് പറഞ്ഞു. അതുപ്രകാരം കുട്ടികൾ വലിച്ചിഴച്ചു. ബിലാൽ(റ) അഹദ് അഹദ് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ബിലാൽ(റ) തന്നെ പിൽക്കാലത്ത് പറഞ്ഞു. അവർ എന്നെ ഒരു രാവും പകലും തുടർച്ചയായി കെട്ടിവലിച്ചു. എന്റെ തൊണ്ട വരണ്ടു. ഒരക്ഷരവും പുറത്ത് വരാത്ത അവസ്ഥയിലായി.

      ബിലാലി(റ)നെ ശിക്ഷിക്കുന്ന രംഗം കണ്ടുകൊണ്ട് വറഖത് ബിൻ നൗഫൽ കടന്നു പോയി. അദ്ദേഹം പറഞ്ഞു, ബിലാലേ ശരിയാണ് ബിലാൽ. അഹദ് അഹദ് അല്ലാഹു സത്യം. ഉമയ്യത്തിനോട് പറഞ്ഞു, ഇദ്ദേഹത്തെ നിങ്ങൾ കൊല്ലുകയാണോ? അങ്ങനെയെങ്ങാനും സംഭവിച്ചാൽ ബിലാലി(റ)ന്റെ ഖബറിടം ഞാൻ കാരുണ്യഭവനമായി പരിപാലിക്കും.

     ഒടുവിൽ അബൂബക്കർ (റ) അതുവഴി കടന്നു വന്നു. അദ്ദേഹം ഉമയ്യത്തിനോട് ചോദിച്ചു. അല്ലയോ ഉമയ്യാ: ഈ പാവത്തിന്റെ കാര്യത്തിൽ നീ പടച്ചനെ ഭയക്കുന്നില്ലേ? നീയീ പാവത്തെ ഏതു വരെയാണ് ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നത്? ഉമയ്യ പറഞ്ഞു. നിങ്ങൾ തന്നെയാണ് ഇവനെ നശിപ്പിച്ചത്. നിങ്ങൾ തന്നെ ഇവനെ രക്ഷപ്പെടുത്താൻ വേണ്ടത് ചെയ്തോളൂ. അബൂബക്കർ (റ) പറഞ്ഞു, ശരി എൻ്റെ അടുക്കൽ ആരോഗ്യവാനും നിന്റെ വിശ്വാസത്തിൽ ഉറച്ചു ജീവിക്കുന്നവനുമായ ഒരു കറുത്ത അടിമയുണ്ട്. അവനെ ഞാൻ നിനക്ക് തരാം പകരം ബിലാലി(റ)നെ മോചിപ്പിച്ചോളൂ. ഉമയ്യ: സമ്മതിച്ചു. അബൂബക്കർ(റ) ബിലാലി(റ)നെ ഏറ്റെടുത്ത് സ്വതന്ത്രനാക്കി. ബിലാൽ(റ) അടിമത്തത്തിന്റെ ചങ്ങലയിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചു.

    മുഹമ്മദ് ബിൻ സീരീനിന്റെ നിവേദനത്തിൽ ഇപ്രകാരം വായിക്കാം. ബിലാൽ(റ) മുസ്‌ലിമായപ്പോൾ ശത്രുക്കൾ അദ്ദേഹത്തെ മരുഭൂമിയിൽ കിടത്തി മർദ്ദിക്കാൻ തുടങ്ങി. എന്നിട്ടവർ പറഞ്ഞു, നിന്റെ ദൈവം ലാതയും ഉസ്സയുമാണെന്ന് പറയൂ അദ്ദേഹം പറഞ്ഞു. അഹദ് അഹദ് എന്റെ രക്ഷിതാവ് ഏകനായ അല്ലാഹുവാണ്. അപ്പോൾ അബൂബക്കർ(റ) അതുവഴി കടന്നു വന്നു. അദ്ദേഹം ചോദിച്ചു, നിങ്ങൾ എന്തിനാണിദ്ദേഹത്തെ പീഡിപ്പിക്കുന്നത്? ശേഷം, ഏഴ് ഊഖിയ വില നൽകി ബിലാലി(റ)നെ വാങ്ങി സ്വതന്ത്രനാക്കി. വിവരം നബി ﷺ യെ അറിയിച്ചു. അവിടുന്നു പറഞ്ഞു, ഞാനും അതിൽ പങ്കാളിയാകാം. ഉടനെ സിദീഖ് (റ) ഇതിനകം അദ്ദേഹത്തെ സ്വതന്ത്രനാക്കികഴിഞ്ഞു.
അഞ്ച് ഊഖിയയാണ് നൽകിയതെന്ന അഭിപ്രായവും ഉണ്ട്.

   വിശ്വാസികൾ മർദനങ്ങളുടെ നാളുകളിലൂടെ കടന്നു പോവുകയാണ്. ഒരു ഭാഗത്ത് അത് വേദനയും നൊമ്പരവുമാണ് പങ്കുവെക്കുന്നത്. എന്നാൽ മറുഭാഗത്ത് ആത്മധൈര്യത്തിൻ്റെയും വിശ്വാസധാർഢ്യതയുടെയും പ്രഖ്യാപനങ്ങൾകൂടിയായിരുന്നു.

       വിശ്വാസ സംരക്ഷണത്തിന് വേണ്ടി ആത്മത്യാഗം ചെയ്ത ഖബ്ബാബ് ബിൻ അൽ അറത്തി(റ)നെ ഒന്നു വായിച്ചു നോക്കാം. സിബാഉ ബിൻ അബ്ദുൽ ഉസ്സയും കൂട്ടുകാരും ഖബ്ബാബി(റ)നോട് ചോദിച്ചു. നീ വഴിപിഴച്ചെന്നും ഹാഷിം കുടുംബത്തിലെ ആ പുതിയ വാദവുമായി വന്ന വ്യക്തിയെ നീ അനുകരിക്കുന്നു എന്നും കേട്ടല്ലോ? ആലയിൽ ആയുധപ്പണിയിൽ നിന്ന ഖബ്ബാബ്(റ) ചോദിച്ചവരോടെന്നല്ലാതെ പറഞ്ഞു. "ഞാൻ വഴിപിഴച്ചതൊന്നുമല്ല. നിങ്ങൾ ആരാധിക്കുന്ന ദൈവങ്ങളെ വിട്ട് രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കുന്നു. അത്ര മാത്രം". അടിമയായ കൊല്ലപ്പണിക്കാരന്റെ ഈ മറുപടി സിബാഇനു പിടിച്ചില്ല. അവൻ മർദ്ദനമുറകൾക്കൊരുങ്ങി. ആലയിലെ ആയുധങ്ങളെടുത്ത് പരിക്കേൽപിച്ചു ഖബ്ബാബ്(റ) രക്തത്തിൽ കുളിച്ചു. വിവരം മക്കയിൽ പ്രചരിച്ചു. ഒരടിമ പരസ്യമായി വിശ്വാസം പ്രഖ്യാപിച്ചത് അവർക്ക് ഉൾക്കൊള്ളാനായില്ല. ഖുറൈശി പ്രമുഖൻമാരായ അബൂജഹലും അബൂസുഫ്'യാനും വലീദും ദാറുന്നദ്'വയിൽ ഒരുമിച്ചുകൂടി. അക്രമങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഖബ്ബാബി(റ)നെ നിലക്ക് നിർത്താൻ അദ്ദേഹത്തിന്റെ യജമാനത്തി ഉമ്മു അൻമാറിന്റെ സഹോദരൻ സിബാഇനെ ഏൽപിച്ചു. ഖബ്ബാബി(റ)നെ എരിയുന്ന വെയിലത്ത് പൊള്ളുന്ന മണലിൽ നഗ്നനായികിടത്തി. ഭാരമുള്ള കല്ലുകൾ മേനിയിൽ കയറ്റി വെച്ചു. എന്നിട്ട് ചോദിച്ചു, മുഹമ്മദ് ﷺ നെപ്പറ്റി നീ ഇപ്പോൾ എന്ത് പറയുന്നു. അദ്ദേഹം പറഞ്ഞു. "അല്ലാഹുവിന്റെ ദൂതൻ എന്റെ പ്രവാചകൻ" ശരീരത്തിൽ ഇരുമ്പു കവചങ്ങൾ അണിയിച്ചിട്ട് അവർ ചോദിക്കും ലാത്തയെയും ഉസ്സയെയും കുറിച്ച് നീ എന്ത്‌ പറയുന്നു. എന്ത് പറയാൻ രണ്ടു കൽ പ്രതിമകൾ എന്ന് ഖബ്ബാബ്(റ) മറുപടി പറയും. അതോടെ അവർ മർദ്ദനങ്ങളുടെ മൂർച്ച കുട്ടും...

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽബുഖാരി

No comments: