Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, September 6, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 83/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

Tweet 83/365
സുമയ്യ(റ)യുടെ വഴിയിൽ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ മർദ്ദനമേൽക്കേണ്ടി വന്ന മഹതിയാണ് ലബീബ(റ). ബനുൽ മുഅമ്മലിലെ പരിചാരകയായിരുന്നു അവർ. ഖുറൈശികൾ അവരെ മർദ്ദിച്ചു. മരണപ്പെട്ടു എന്ന അവസ്ഥയെത്തി. അബൂബക്കർ(റ) ശത്രുക്കളിൽ നിന്ന് അവരെ വിലക്കു വാങ്ങി രക്ഷപ്പെടുത്തി.

സിന്നീറ അല്ലെങ്കിൽ സൻബറ എന്ന പേരിൽ റോമൻ വംശജയായ ഒരു ധീര വനിതയെയും ഈ കൂട്ടത്തിൽ വായിക്കാനുണ്ട്. ഖുറൈശികൾ അവരെ മർദ്ദിച്ച് അന്ധയാക്കി. ശേഷം, ഈ ദുർഗതി ലാത, ഉസ്സ ദൈവങ്ങളുടെ കോപമാണെന്ന് പറഞ്ഞു. ഉടനെ മഹതി അല്ലാഹുവിനെ വാഴ്ത്തി. അടുത്ത ദിവസം  കാഴ്ച തിരിച്ചു കിട്ടി. അപ്പോൾ ശത്രുക്കൾ ഇത് മാരണമാണെന്നാരോപിച്ചു. അബൂബക്കർ(റ) ശത്രുക്കളിൽ നിന്ന് മഹതിയെയും വാങ്ങി മോചിപ്പിച്ചു.

അബുബക്കർ(റ) തന്നെ മോചിപ്പിച്ച മറ്റു ചിലരാണ് ഉമ്മു ഉനൈസ്, നഹ്ദിയ, നഹ്ദിയ്യയുടെ മകൾ, ഉമ്മു ബിലാൽ, ഹമാമ എന്നിവർ. ഇവരിൽ മിക്ക ആളുകളെയും മർദ്ദനങ്ങളേറ്റുവാങ്ങുമ്പോൾ ശ്രദ്ധയിൽ പെട്ടാണ് മോചിപ്പിച്ചത്. ദുർബലരും പാവങ്ങളുമായ ഒരു പറ്റം വിശ്വാസികളെ മോചിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അബൂബക്കറി(റ)ന്റെ പിതാവ് അബൂഖുഹാഫ മകനോട് പറഞ്ഞു. മോനേ ഈ ദുർബലരായ ആളുകളെ മോചിപ്പിച്ചിട്ട് നിനക്കെന്താണ് കാര്യം? കുറച്ച് ആരോഗ്യവാന്മാരായ ആളുകളെ മോചിപ്പിച്ചാൽ നിനക്ക് കായികമായി ഒരു സുരക്ഷയെങ്കിലും ലഭിക്കുമായിരുന്നില്ലേ? മഹാനവർകൾ പറഞ്ഞു.
ഉപ്പാ ഞാൻ ഈ മോചനങ്ങൾ നടത്തുന്നത് എന്റെ താത്പര്യത്തിനല്ല. അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാൻ വേണ്ടി മാത്രമാണ്. ഈ കർമത്തെ പ്രശംസിച്ച് കൊണ്ടാണ് ഖുർആനിലെ അല്ലൈൽ അധ്യായത്തിലെ അഞ്ച് മുതൽ സൂക്തങ്ങൾ അവതരിച്ചത്.

മക്കയിൽ വിശ്വാസികളുടെ ജീവിതം ദുസ്സഹമായി. എങ്ങോട്ട് തിരിഞ്ഞാലും മർദ്ദനം പീഢനം. പാവങ്ങളുടെ ദൈന്യതകൾ മുത്ത് നബിﷺയെ നൊമ്പരപ്പെടുത്തി. പരിഹാരങ്ങൾക്ക് വേണ്ടി അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്നു. വിശ്വാസികളെ സന്ദർഭോചിതമായി ആശ്വസിപ്പിച്ചു. തുടർന്ന് അവരോട് പറഞ്ഞു. നിങ്ങൾ എത്യോപ്യയിലേക്ക് പലായനം ചെയ്തോളൂ. സത്യത്തിന്റെ ദേശമാണത്. അവിടുത്തെ ഭരണാധികാരി നജ്ജാശി നീതിമാനാണ്. അവിടെ ആരും അക്രമിക്കപ്പെടുകയില്ല. അല്ലാഹു ഒരു പരിഹാരം നൽകുന്നത് വരെ അവിടെ തുടരുക.

അങ്ങനെ ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ പലായനം നടന്നു. പ്രവാചകത്വ പ്രഖ്യാപനത്തിന്റെ അഞ്ചാം വർഷം റജബ് മാസത്തിലായിരുന്നു പലായനം. പന്ത്രണ്ട് പുരുഷന്മാരും
നാല് സ്ത്രീകളുമാണ് പലായനം ചെയ്തത്. അവരുടെ പേരുകൾ ഇങ്ങനെ വായിക്കാം.

1. ഉസ്മാൻ ബിൻ അഫ്ഫാൻ(റ)
2. പത്നി റുഖിയ്യ(റ)( മുത്ത് നബിﷺയുടെ മകൾ)
3. അബൂ ഹുദൈഫ ബിൻ ഉത്ബ(റ)
4.  പത്നി സഹ്‌ല ബിൻത് സുഹൈൽ(റ)
5. സുബൈർ ബിൻ അൽ അവ്വാം(റ)
6. മിസ്അബ് ബിൻ ഉമൈർ(റ)
7. അബ്ദുർറഹ്മാൻ ബിൻ ഔഫ്(റ)
8. ഉസ്മാൻ ബിൻ മള്ഗൂൻ(റ)
9. അബൂ സബ്റ ബിൻ അബൂ റഹം(റ)
10. ഹാത്വബ് ബിൻ അംറ്(റ)
11. സുഹൈൽ ബിൻ ബൈളാ(റ)
12. അബ്ദുല്ലാ ഇബ്നു മസ്ഊദ്(റ)
13. അബൂസലമ ബിൻ അബ്ദുൽ അസദ്(റ)
14. പത്നി ഉമ്മു സലമ: ബിൻത് അബീ ഉമയ്യ:(റ)
15. ആമിറ് ബിന് റബീഅ:(റ)
16. പത്നി ലൈല: ബിൻത് അബീ ഹസ്മ:(റ)

അബൂഹസ്മയുടെ മകൾ ലൈല(റ) എന്നവർ പറയുന്നു. ഞങ്ങൾ ഇസ്‌ലാം സ്വീകരിച്ചപ്പോൾ ഏറ്റവും ശത്രുത പുലർത്തിയ ആളായിരുന്നു ഉമർ. ഞങ്ങൾ പലായനത്തിന് ഒരുങ്ങിയപ്പോൾ  ഒട്ടകപ്പുറത്ത് കയറിയ എന്നോട് അദ്ദേഹം ചോദിച്ചു എങ്ങോട്ടാണ്  ഉമ്മു അബ്ദില്ലാ ? ഞാൻ പറഞ്ഞു, ഞങ്ങൾ ഇസ്‌ലാം വിശ്വസിച്ചതിന്റെ പേരിൽ നിങ്ങൾ ഞങ്ങളെ അക്രമിക്കുകയല്ലേ! ഞങ്ങൾ പീഡിപ്പിക്കപ്പെടാത്ത നാട് തേടിപ്പോവുകയാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു, അല്ലാഹു നിങ്ങൾക്കൊപ്പമുണ്ടാകട്ടെ. ഞാനിക്കാര്യം ഭർത്താവിനോട് പറഞ്ഞു. ഉമറിനെന്തോ ഒരു മനസ്താപം ഉള്ളത് പോലെ എന്ന് ഞാൻ കൂട്ടിച്ചേർത്തു. അപ്പോൾ ഭർത്താവ് പറഞ്ഞു, നീ വിചാരിക്കുന്നുണ്ടോ അയാൾ ഇസ്‌ലാമാകും എന്ന്? ഉമറിന്റെ കഴുത മുസ്‌ലിമായാലും ഉമർ മുസ്‌ലിമാവുകയില്ല.!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

No comments: