പരിഹാസങ്ങളും അപഹാസങ്ങളും മുത്ത് നബി ﷺ യെ നൊമ്പരപ്പെടുത്തി. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ എല്ലാം ക്ഷമയോടെ നേരിട്ടു. അപ്പോഴേക്കും ഖുർആനിന്റെ ആശ്വാസ സൂക്തങ്ങൾ അവതരിച്ചു. "തങ്ങൾക്ക് മുമ്പ് ദൂതന്മാർ പരിഹസിക്കപ്പെട്ടിട്ടുണ്ട്. നിഷേധികൾക്ക് എപ്പോഴും നാം സാവകാശം നൽകിയിരുന്നു. അവസാനം നാമവരെ പിടികൂടുകയും ചെയ്യ്തു. നൽകിയ ശിക്ഷ എത്ര കഠിനമായിരുന്നു". (അൽ റഅദ്/32) "നിശ്ചയം തങ്ങളെ പരിഹസിക്കുന്നവരിൽ നിന്ന് രക്ഷപ്പെടുത്താൻ നാം തന്നെ മതി".(അൽഹിജ്റ്/95) "ഈ ജനത തങ്ങളെ കുറിച്ച് പറയുന്ന വർത്തമാനങ്ങളിൽ തങ്ങൾക്ക് മനോവേദനയുണ്ടെന്ന് നമുക്കറിയാം. അല്ലാഹുവിനെ വാഴ്ത്തുകയും അവന് സാഷ്ടാംഗം നമിക്കുകയും ചെയ്യുക. അന്ത്യനിമിഷം വരെ അല്ലാഹുവിന്റെ ആരാധനയിൽ കഴിയുക". (അൽഹിജ്റ്/95-99)
മുത്ത് നബി ﷺ പൂർണാർത്ഥത്തിൽ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു. പ്രവർത്തനവഴിയിൽ കൂടുതൽ ഉൻമേഷത്തോടെയും ജാഗ്രതയോടെയും മുന്നോട്ട് ഗമിച്ചു. എന്നാൽ തങ്ങളെ പരിഹസിച്ചവർ ലോകജനതക്ക് മുന്നിൽ അപഹാസ്യരായി. അവരുടെ പരിണതികൾ ഗുണപാഠങ്ങളായി. നബി ﷺ യെ അപഹസിക്കാൻ മുന്നിൽ നിന്ന ചിലരെ ഒന്നു വായിച്ചു നോക്കാം.
1. അൽ അസ്'വദ് ബിൻ അബ്ദു യഗൂസ്:
ബലാദുരി വിശദീകരിക്കുന്നു. അയാൾ വിശ്വാസികളെ കണ്ടാൽ പറയും. ഓ കിസ്റയെയും കൈസറിനെയും ഒക്കെ അനന്തരമെടുക്കുന്ന ലോകരാജാക്കൾ വന്നിരിക്കുന്നു. നബി ﷺ യെക്കണ്ടാൽ ചോദിക്കും ഇന്ന് ആകാശത്ത് നിന്ന് വല്ല വാർത്തയും ഉണ്ടോ? പരിഹാസപൂർവ്വം നിരന്തരം ഇത് ചോദിച്ചു കൊണ്ടേ ഇരിക്കും. ഒരു ദിവസം അയാൾ വീട്ടിൽ നിന്ന് പുറത്ത് പോയി . വിഷബാധയേറ്റു. വെളുത്ത സുന്ദരനായിരുന്ന അയാളുടെ മുഖം ഇരുണ്ടു വിവർണമായി. ഹബ്ശയിലെ കറുത്ത വർഗ്ഗക്കാരിൽ പെട്ടവരെപ്പോലെയായി. വീട്ടുകാർ അയാളെ ബഹിഷ്കരിച്ചു. അയാൾ പരിഭ്രാന്തനായി അലഞ്ഞു. ദാഹിച്ചു വിവശനായി അന്ത്യം വരിച്ചു. കർമഫലം അയാൾ അനുഭവിച്ചു.
2. ഹാരിസ് ബിൻ ഖൈസ് അസ്സഹ്'മി:
മാതാവ് അൻഥിലയുടെ മകൻ എന്നാണ് അറിയപ്പെട്ടിരുന്നത്. അയാൾ കല്ലിനെയാണ് ആരാധിച്ചിരുന്നത്. ഭംഗിയുള്ള ഒരു കല്ലിനെ പൂജിക്കും അതിനേക്കാൾ ഭംഗിയുള മറ്റൊരു കല്ലു കണ്ടാൽ ആദ്യത്തേതിനെ വിട്ട് പുതിയതിനെ പൂജിക്കും. ഇതായിരുന്നു രീതി. ഖുർആനിലെ അൽഫുർഖാൻ അധ്യായത്തിൽ നാൽപത്തിമൂന്നാം സൂക്തത്തിൽ ഇയാളെ കുറിച്ച് പരാമർശമുണ്ട്. ആശയം ഇങ്ങനെയാണ്. "സ്വന്തം ഇഛയെ ദൈവമാക്കിയവനെ കുറിച്ച് അവിടുന്ന് ചിന്തിച്ചിട്ടുണ്ടോ?അവരെ നേർവഴിയിലാക്കാനുള്ള ചുമതല തങ്ങൾക്കേൽക്കാനാകുമോ?" അയാൾ പറയുമായിരുന്നു, മുഹമ്മദ് ﷺ സ്വയം വഞ്ചിക്കപ്പടുകയും അനുയായികളെ വഞ്ചിക്കുകയും ചെയ്തിരിക്കുന്നു. കാരണം, മരണാനന്തരം ജീവിതമുണ്ടത്രെ. കാലമാണ് എല്ലാം നശിപ്പിക്കുന്നത്. കാലഭേദങ്ങളാണ് മാറ്റങ്ങളുടെ കാരണം. പരിഹാസപൂർവ്വം മതത്തെയും പ്രവാചകനെ ﷺ യും സമീപിച്ചു. അയാളുടെ അന്ത്യത്തെ കുറിച്ചുള്ള വായന ഇങ്ങനെയാണ്. അയാൾ ഉപ്പിലിട്ട മത്സ്യം കഴിച്ചു. ദാഹിച്ചു ദാഹിച്ചു വലഞ്ഞു. വെളളത്തിനു മേൽ വെള്ളം കുടിച്ച് വയറിന് രോഗം ബാധിച്ചു, അന്ത്യം വരിച്ചു. ഹീനമായ അന്ത്യത്തെ കുറിച്ച് വേറെയും അഭിപ്രായങ്ങളുണ്ട്.
3. അസ്‌വദ് ബിൻ അൽ മുത്വലിബ്:
പ്രവാചകരെ ﷺ യും അനുയായികളെയും നിരന്തരം അപഹസിച്ചു. ഓ വലിയ ലോക രാജാക്കൾ, കിസ്റയെയും കൈസറിനെയും ഉടമപ്പെടുത്തുന്നവർ എന്നിങ്ങനെ കളിയാക്കി. നബി ﷺ യെ വേദനിപ്പിക്കുന്ന പല വർത്തമാനങ്ങളും പറഞ്ഞു. ഒടുവിൽ അയാൾക്കും തിക്തമായ പരിണതി അനുഭവിക്കേണ്ടി വന്നു. മകൻ മുഖത്തടിച്ചു. ശാമിൽ നിന്ന് വരുന്ന മകനെ സ്വീകരിക്കാൻ പോയ വഴിയിൽ ഒരു മരച്ചുവട്ടിലിരുന്നു. അവിടുന്ന് അടിയേറ്റ് കാഴ്ച നഷ്ടമായി. അയാളുടെ മക്കൾ സംഅയും അഖീലും ബദറിൽ കൊല്ലപ്പെട്ടു. യഥാക്രമം അബൂദുജാനയും അലിയ്യുമാണ് അവരെ നേരിട്ടത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment