4. ആസ്വ് ബിൻ വാഇൽ:
നബി ﷺ യെയും അനുയായികളെയും ആക്ഷേപിക്കുന്നതിൽ മുന്നിൽ നിന്ന ആളായിരുന്നു ഇയാൾ. ഖബ്ബാബ് ബിൻ അൽ അറത്ത് എന്നവർ പറയുന്നതായി ഹദീസുകളിൽ ഇങ്ങനെ ഒരു നിവേദനം കാണാം. ജാഹിലിയ്യാ കാലത്ത് ഞാൻ ഒരു ആയുധപ്പണിക്കാരനായിരുന്നു. ആസ്വ് ഇബ്നു വാഇലിനു വേണ്ടി ഒരു വാൾ നിർമിച്ചു നൽകി. ആ ഇടപാടിന്റെ തുക വാങ്ങാനായി ഞാൻ ചെന്നു. അയാൾ പറഞ്ഞു മുഹമ്മദ് ﷺ യെ നിഷേധിക്കാതെ ഞാൻ നിനക്ക് തരാനുള്ളത് തരില്ല. ഞാൻ പറഞ്ഞു. നിങ്ങൾ മരണപ്പെട്ട് പുനർജനിക്കുന്നത് വരെ ഞാൻ മുഹമ്മദ് ﷺ നബിയെ നിഷേധിക്കില്ല. ഞാൻ മരിച്ചിട്ട് പിന്നെ നിയോഗിക്കപ്പെടുകയോ? ആശ്ചര്യത്തോടെ അയാൾ ചോദിച്ചു. ഞാൻ പറഞ്ഞു, അതെ. അയാൾ തുടർന്നു, ശരി എന്നാൽ നിനക്ക് തരാനുള്ളത് അപ്പോൾ ഞാൻ തരാം. ഖബ്ബാബേ.. നീയും നിന്റെ നേതാവും അല്ലാഹുവിന്റെ അടുക്കൽ എന്നെക്കാൾ സ്വാധീനമുള്ളവരൊന്നുമല്ല. ഈ വിഷയകമായി വിശുദ്ധ ഖുർആൻ മർയം അധ്യായത്തിലെ എഴുപത്തിയേഴ് മുതൽ എൺപത് വരെ സൂക്തങ്ങൾ അവതരിച്ചു. സംക്ഷിപ്തം ഇങ്ങനെ വായിക്കാം. "നമ്മുടെ സൂക്തങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുകയും എനിക്കെന്നും സമ്പാദ്യവും സന്താനവും ലഭിച്ചു കൊണ്ടിരിക്കും എന്ന് വീമ്പു പറയുകയും ചെയ്യുന്നവനെ കണ്ടില്ലയോ? അല്ല അവൻ വല്ല അദൃശ്യവും അറിയുകയോ കരുണാവാരിധിയായ അല്ലാഹുവിൽ നിന്ന് വല്ല കരാറും വാങ്ങിവെക്കുകയോ ചെയ്തിട്ടുണ്ടോ? ഇല്ല ഒരിക്കലുമില്ല. അവൻ പറയുന്നതൊക്കെയും നാം രേഖപ്പെടുത്തുകയും അവന്റെ ശിക്ഷയെ നാം ശക്തിപ്പെടുത്തുകയും ചെയ്യുന്നു".
ഇയാളുടെ അന്ത്യത്തെ കുറിച്ച് സീറാ ഗ്രന്ഥങ്ങളിൽ വന്ന വിശകലനം ഇങ്ങനെയാണ്. കഴുതപ്പുറത്ത് ത്വാഇഫിലേക്ക് യാത്ര ചെയ്യവെ വാഹനം മെട കാണിച്ചു. നിലത്ത് വീണ അയാൾക്ക് കാലിൽ പരിക്കു പറ്റി. പരിക്ക് ഗുരുതരമായി. അംറ് ചികിത്സിക്കാൻ ആളെത്തേടി ത്വാഇഫിലേക്ക് പോയെങ്കിലും വൈകാതെ തന്നെ ആസ്വ് ബിൻ വാഇലിന് ദാരുണമായ അന്ത്യം നേരിടേണ്ടി വന്നു.
5. അബൂ ലഹബ്:
മുത്ത് നബി ﷺ യെ ഏറ്റവും വിമർശിക്കുകയും അപഹസിക്കുകയും ചെയ്തയാളായിരുന്നു അബൂലഹബ്. തിരുനബി ﷺ യുടെ കവാടത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മുതൽ പിന്നാലെ നടന്ന് പരിഹസികുന്നത് വരെ എല്ലാ നിന്ദ്യമായ സമീപനങ്ങളും അയാൾ സ്വീകരിച്ചിട്ടുണ്ട്. അയാളുടെ മോശമായ പിന്തുടർച്ചയുടെ പല രംഗങ്ങളും കഴിഞ്ഞ പല അധ്യായങ്ങളിലും നാം വായിച്ചു കഴിഞ്ഞു. അയാളുടെ നിന്ദ്യമായ അന്ത്യവും ദാരുണമായ പരിണിതിയും ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എണ്ണിപ്പറയപ്പെട്ടവർക്ക് പുറമേ വലീദ് ബിൻ അൽ മുഗീറ:, ഹകം ബിൻ അബുൽ ആസ്വ്,
മാലിക് ബിൻ ത്വലാത്വില: എന്നിവരുടെയും പിൽകാല ചരിത്രങ്ങൾ സീറാഗ്രന്ഥങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇരുട്ടിന്റെയും അക്രമത്തിന്റെയും ഉപാസകർക്കുണ്ടായ കർമഭേദങ്ങൾ ചരിത്രം നൽകുന്ന ഒരു ഗുണപാഠമാണ്. ആരുടെയും കഷ്ടമോ ദുരന്തമോ മുത്ത്നബി ﷺ ആശിച്ചില്ല. അക്രമത്തിനനുകൂലമായി നിൽക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്തില്ല. എന്നാൽ പ്രപഞ്ചാധിപന്റെ വ്യവസ്ഥിതിയുടെ ഭാഗമാണ് നന്മകൾക്കുള്ള സമ്മാനവും തിന്മകൾക്കുള്ള ശിക്ഷയും. ഒരു പക്ഷേ പല സമൂഹഘടനയിലും ഭൂരിപക്ഷമാളുകൾ തിന്മകളിൽ നിന്നും വിട്ടു നിൽക്കുന്നത് ശിക്ഷയെ ഭയന്നു കൊണ്ടായിരിക്കും. ഏറെ ചിട്ടകൾ സംരക്ഷിക്കപ്പെടുന്ന നഗരസംവിധാനങ്ങളും ഗതാഗത നിയമങ്ങളും നിലനിന്നുപോകുന്നത് ലംഘനത്തിൻമേൽ സഹിക്കേണ്ടി വരുന്ന സാമ്പത്തികമോ അല്ലാതെയോ ഉള്ള ശിക്ഷാരീതികളായിരിക്കും.
നമ്മുടെ നാട്ടിൽ പല തെറ്റുകളും വ്യാപകമാകുന്നത് മാതൃകാപരമായ ശിക്ഷാനടപടികൾ ഏർപെടുത്താത്തതിനാലാണ്.
നന്മയുടെ പ്രവാചകനെ ﷺ അപഹസിച്ചവർക്കുള്ള തിക്തപരിണിതികൾ നാം അത്തരം വീഴ്ചകളിൽ അകപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പുകളാണ്.
വിമർശങ്ങളുടെ നടുവിൽ നിന്ന് ആദർശ സംരക്ഷണത്തിനായി സഹിഷ്ണുതയോടെ അതിജീവനം തേടുന്ന മുത്ത് നബി ﷺ യുടെ നാൾവഴികളിലൂടെയുള്ള സഞ്ചാരം നമുക്ക് തുടരാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
No comments:
Post a Comment