പ്രവാചകത്വ പ്രഖ്യാപനത്തിന്റെ പതിനൊന്നാം വർഷം റജബ് ഇരുപത്തിയേഴ് രാത്രി. പ്രബോധന വഴിയിൽ പ്രയാസങ്ങൾ അതിജീവിക്കുന്ന പുണ്യനബിﷺക്ക് അംഗീകാരത്തിന്റെയും ആശ്വാസത്തിന്റെയും രാവായിരുന്നു അത്. അഥവാ മുത്ത് നബിﷺയെ അത്യുന്നതങ്ങളിൽ ക്ഷണിച്ചു വരുത്തി പ്രപഞ്ചാധിപനായ അല്ലാഹു പ്രത്യേക സംഭാഷണം നടത്തിയ മിഅറാജിന്റെയും ഇസ്റാഇന്റെയും മുഹൂർത്തം.
മക്കയിൽ നിന്ന് ബൈതുൽ മുഖദ്ദസ് വരെയുള്ള രാത്രിസഞ്ചാരത്തിനാണ് സാങ്കേതികമായി ഇസ്റാഅ് എന്ന് പറയുന്നത്. വിശുദ്ധ ഖുർആനിലെ പതിനേഴാമത്തെ അധ്യായത്തിന്റെ പേരും ഇസ്റാഅ് എന്നാണ്. ഈ അധ്യായത്തിലെ പ്രാരംഭ സൂക്തം തന്നെ മുത്ത് നബിﷺയുടെ നിശായാത്രയാണ് പരാമർശിക്കുന്നത്. ആശയം ഇങ്ങനെയാണ്. "ഒരു രാത്രിയിൽ തന്റെ വിശിഷ്ട ദാസനെ മസ്ജിദുൽ ഹറാമിൽ നിന്ന് പരിസരം പവിത്രമായ മസ്ജിദുൽ അഖ്‌സയിലേക്ക് രാത്രിയിൽ സഞ്ചരിപ്പിച്ചവൻ എത്ര പരിശുദ്ധൻ" ബൈതുൽ മുഖദ്ദസിൽ നിന്ന് ഉപരിലോകത്തേക്കുള്ള പ്രയാണത്തിനാണ് 'മിഅറാജ്' അഥവാ ആകാശാരോഹണം എന്ന് പറയുന്നത്. വിശുദ്ധ ഖുർആനിലെ അന്നജ്മ് അധ്യായത്തിലെ ഒന്നു മുതൽ പതിനെട്ട് വരെയുള്ള സൂക്തങ്ങൾ ഈ സംഭവത്തെ പരാമർശിക്കുന്നു.
മുത്ത്നബിﷺയുടെ ജീവിതത്തിലെ വളരെ സവിശേഷമായ ഈ സംഭവത്തെ കുറിച്ച് പ്രമാണങ്ങളിൽ വന്ന ആഖ്യാനങ്ങൾ നിരവധിയാണ്. നബിﷺ പിതൃ സഹോദരനായ അബൂത്വാലിബിൻ്റെ മകൾ ഉമ്മുഹാനി എന്നറിയപ്പെടുന്ന ഹിന്ദിന്റെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും ഉറങ്ങിയപ്പോൾ ജിബ്‌രീൽ(അ) നബിﷺ യെ സമീപിച്ചു. അനസ്(റ) അബൂദർറിൽ നിന്ന് ഉദ്ദരിക്കുകയാണ്. മുത്ത് നബിﷺ പറയുന്നു. വീടിന്റെ മേൽകൂരയിൽ ഒരു വിടവിലൂടെ ജിബ്‌രീൽ(അ) പ്രത്യക്ഷപ്പെട്ടു. എന്റെ അടുത്ത് വന്ന് എന്റെ നെഞ്ച് വിടർത്തി. സംസം വെള്ളം കൊണ്ട് അതിനെ കഴുകി. പിന്നെ ഒരു സ്വർണത്തളിക കൊണ്ടുവന്നു. അതിൽ വിശ്വാസവും തത്വജ്ഞാനവും അഥവാ ഈമാനും ഹിക്മതും നിറച്ചിരുന്നു. അത് എന്റെ ഹൃദയാന്തരത്തിലേക്ക് പകർന്നു. ശേഷം മാറിടം പൂർവ്വാവസ്ഥയിലേക്ക് കൂട്ടിച്ചേർത്തു. പിന്നീടെന്റെ കൈപിടിച്ച് ഭൗമാകാശത്തിലേക്ക് ഉയർന്നു. മക്കയിൽ നിന്ന് ബൈതുൽ മുഖദ്ദസിലേക്കുള്ള പ്രയാണം ബുറാഖ് എന്ന വാഹനത്തിന്മേലായിരുന്നു. കോവർ കഴുതയെക്കാൾ ചെറുതും കഴുതയെക്കാൾ വലുതുമായ ഒരു തരം മൃഗമായിരുന്നു ബുറാഖ്. മിന്നൽ എന്നർത്ഥമുള്ള 'ബർഖ്' എന്ന അറബി പദത്തിൽ നിന്ന് മിന്നൽ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനം എന്ന അർത്ഥത്തിൽ 'ബുറാഖ്' എന്ന നാമം പ്രയോഗിക്കപ്പെട്ടു എന്ന് പറഞ്ഞവരുണ്ട്. മുൻകാല പ്രവാചകന്മാർ സഞ്ചരിച്ച വാഹനമായിരുന്നു, ഇബ്രാഹീം നബി (അ) മക്കയിൽ വന്നു പോയിരുന്ന വാഹനമായിരുന്നു എന്നിങ്ങനെയുള്ള പരാമർശങ്ങൾ ചില നിവേദനങ്ങളിൽ വന്നിട്ടുണ്ട്.
നിമിഷാർധത്തിൽ ഓരോ ചുവടുകൾ വെച്ച ബുറാഖ് അതിവേഗം ബൈതുൽ മുഖദ്ദസിലെത്തി. യാത്രാമധ്യേ പല അത്ഭുത കാഴ്ചകളും ദർശിച്ചു. ഹെബ്രോണും ബത്'ലഹേമും സന്ദർശിച്ചു. മൂസാ പ്രവാചകൻ(അ) അന്ത്യവിശ്രമം കൊള്ളുന്ന ചുവന്ന കുന്നിനടുത്ത് കൂടി യാത്ര ചെയ്തു. മൂസാനബി (അ) ഖബറിനുള്ളിൽ നിസ്കരിക്കുന്ന കാഴ്ച കണ്ടു. മുൻകാല പ്രവാചകന്മാരെയും ജനതയെയും സ്മരിപ്പിക്കുന്ന പല രംഗങ്ങളും ദർശിച്ചു. ചില പ്രത്യേക സ്ഥലങ്ങളിൽ എത്തിയപ്പോൾ ജിബ്‌രീലി(അ)ന്റെ നിർദ്ദേശ പ്രകാരം ഇറങ്ങി നിസ്‌കാരം നിർവഹിച്ചു. പലായനം ചെയ്തെത്തേണ്ട ത്വൈബ അഥവാ മദീനയിലും ഇറങ്ങി. വിവിധയിനം ശിക്ഷാ രംഗങ്ങൾ കാണാനിടയായി. അതിന്റെ വിശദാംശങ്ങൾ ജിബ്‌രീൽ(അ) നബിﷺക്ക് പറഞ്ഞു കൊടുത്തു. സൽകർമ്മികളായ മുൻഗാമികൾ അനുഭവിക്കുന്ന ആനന്ദങ്ങളുടെ രംഗങ്ങൾ ദൃശ്യമായി. അവർ ആരൊക്കെയാണെന്ന് ജിബ്‌രീൽ (അ) വിശദീകരിച്ചു.
ബൈതുൽ മുഖദ്ദസിൽ എത്തിയപ്പോൾ പൂർവ്വകാല പ്രവാചകന്മാർ എല്ലാം സ്വീകരിക്കാനുണ്ടായിരുന്നു. ആദ്യം നബിﷺയും ജിബ്‌രീലും (അ) മാത്രം നിസ്കാരം നിർവഹിച്ചു. ശേഷം എല്ലാ പ്രവാചകർക്കും ഇമാമായി നബി ﷺ സമൂഹ നിസ്കാരത്തിന് നേതൃത്വം നൽകി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
No comments:
Post a Comment