ഇസ്റാഉം മിഅ്റാജും പ്രയാണങ്ങൾക്കിടയിലെ വിവിധ കാഴ്ചകളുടെ വ്യത്യസ്ഥരീതിയിലുള്ള നിവേദനങ്ങൾ സീറാഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്. ഈ നിവേദനങ്ങളിൽ നിന്ന് ലഭ്യമായവയെ ക്രോഡീകരിച്ചുകൊണ്ട് ഒരു ആഖ്യാനമായി സുബ്‌ലുൽ ഹുദയിൽ ഒരധ്യായം ഉണ്ട്. അതിന്റെ സംക്ഷിപ്തം ഇങ്ങനെ വായിക്കാം.
മലക്ക് ജിബ്‌രീൽ(അ) നബി ﷺ യുടെ വലത്തും മികാഈൽ(അ) ഇടത്തുമായി മക്കയിൽ നിന്ന് യാത്രതിരിച്ചു. കുറെ മുന്നോട്ട് ഗമിച്ചു. ഈത്തപ്പനകൾ നിറഞ്ഞ ഒരു ദേശത്തെത്തി. അവിടെയിറങ്ങി നിസ്കരിക്കാൻ ജിബ്‌രീൽ(അ) നബി ﷺ യോട് പറഞ്ഞു. നബി ﷺ അപ്രകാരം നിർവ്വഹിച്ചു. ശേഷം യാത്ര തുടർന്നു. അപ്പോൾ ചോദിച്ചു. ഈ നിസ്കരിച്ച പ്രദേശം ഏതാണെന്നറിയാമോ? നബി ﷺ പറഞ്ഞു അറിയില്ല. ജിബ്‌രീൽ(അ) തുടർന്നു. ഇതാണ് ത്വൈബ. ഇവിടേക്കാണ് പലായനം ചെയ്ത് എത്താനുളളത്. ബുറാഖ് മുന്നോട്ട് ഗമിച്ചു. നോട്ടമെത്തുന്ന ദൂരത്തിൽ അടുത്ത ചുവട് എന്ന രീതിയിലാണ് ബുറാഖ് സഞ്ചരിക്കുന്നത്. അടുത്ത ഒരു ദേശമെത്തി. അവിടെയിറങ്ങി നിസ്കരിക്കാൻ ജിബ്‌രീൽ(അ) നബി ﷺ യോട് പറഞ്ഞു. അപ്രകാരം നിർവഹിച്ചു. ശേഷം യാത്ര തുടർന്നപ്പോൾ ജിബ്‌രീൽ(അ) ചോദിച്ചു. ഇതെവിടെയാണെന്നറിയാമോ? ഇല്ലെന്ന് നബി ﷺ പ്രതികരിച്ചു. ഇതാണ് മദ്‌യൻ. മൂസാ നബി(അ)യുടെ മരത്തിനടുത്ത് ജിബ്‌രീൽ(അ) വിശദീകരിച്ചു. വീണ്ടും മുന്നോട്ട് ഗമിച്ചു. അടുത്ത ഒരു സ്ഥലത്ത് ഇറങ്ങി നിസ്കരിച്ചു. ശേഷം ജിബ്‌രീൽ(അ) വിശദീകരിച്ചു. ഇതാണ് സീനാ പർവ്വതം അല്ലാഹുവിന്റെ വചനം മൂസാനബി(അ) കേട്ട സ്ഥലം.
ശേഷം കോട്ടകൾ കാണപ്പെടുന്ന ഒരു ദേശത്തിറങ്ങി. നിസ്കാരം നിർവഹിച്ചു. ഈ പ്രദേശമാണ് ഈസാനബി(അ)യുടെ ജന്മദേശമായ ബത്‌ലഹേം എന്ന് ജിബ്‌രീൽ(അ) വിവരിച്ചു കൊടുത്തു. അൽപം മുന്നോട്ട് ഗമിച്ചപ്പോൾ ഭൂതവർഗത്തിലെ ഇഫ്‌രീത് തീ നാളവുമായി കാണപ്പെടുന്നു. തിരിഞ്ഞു നോക്കുമ്പോഴെല്ലാം ദൃഷ്ടിയിൽ പെടുന്നു. ജിബ്‌രീൽ(അ) നബി ﷺ ക്ക് ഒരു മന്ത്രം പറഞ്ഞു കൊടുത്തു. 'ഖുൽ അഊദു ബി വജ്ഹില്ലാഹിൽ കരീം...' എന്നാണാ മന്ത്രത്തിന്റെ തുടക്കം. അത് ചൊല്ലിയാൽ കാണപ്പെട്ട തീനാളം കെട്ടുപോകുമെന്ന് ജിബ്‌രീൽ(അ) പറഞ്ഞു. അപ്രകാരം നബി ﷺ അത് ചൊല്ലി. പറഞ്ഞ പ്രകാരം ഇഫ്‌രീതിന്റെ നാളം അണഞ്ഞു. അവൻ മുഖം കുത്തി വീണു.
സഞ്ചാരം മുന്നോട്ട് നീങ്ങി. ഒരു ജനതയുടെ അടുത്തെത്തി. അവർ ഒരു ദിവസം വിതക്കും അടുത്ത ദിവസം കൊയ്യും. കൊയ്യുന്തോറും വിളവുകൾ പൂർവ്വസ്ഥിതിയിൽ എത്തുന്നു. നബി ﷺ ജിബ്‌രീലി(അ)നോട് ചോദിച്ചു. ഇവരാരാണ്. ഇവരാണ് അല്ലാഹുവിന്റെ മാർഗത്തിൽ ജീവാർപ്പണം നടത്തിയവർ. അവരുടെ നന്മകൾക്ക് എഴുപതിനായിരം ഇരട്ടി വരെ പ്രതിഫലം നൽകപ്പെടും. അവർ വിനിയോഗിച്ചതിന് മുഴുവൻ അവർക്ക് അനന്തരം ലഭിക്കും. അപ്പോഴതാ ഒരു മികച്ച സുഗന്ധം. നബി ﷺ ചോദിച്ചു. ഇതെന്താണ്? ഫിർഔനിന്റെ മകളുടെ പരിചാരക മാശിത(മുടി വാർന്നു കൊടുത്തിരുന്നവർ)യുടെയും സന്താനങ്ങളുടെയും സുഗന്ധമാണ്. എന്റെ രക്ഷിതാവും ലോകത്തിന്റെ അധിപനും അല്ലാഹുവാണ് ഫറോവയല്ല എന്ന് വിശ്വസിച്ച് പ്രഖ്യാപിച്ചതിന്റെ പേരിൽ തിളച്ച എണ്ണയിൽ എറിഞ്ഞ് കൊല്ലപ്പെട്ടവരാണവർ.
തല തല്ലിപ്പൊളിക്കപ്പെടുകയും വീണ്ടും പൂർവ്വസ്ഥിതിയിലാവുകയും ഈ പ്രവണത ആവർത്തിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ അടുത്തെത്തി. നിസ്കാരം ഉപേക്ഷിച്ച് മറ്റു കാര്യങ്ങളിൽ വ്യാപൃതരായവർ അനുഭവിക്കുന്ന ശിക്ഷയുടെ കാഴ്ചകളാണിതെന്ന് ജിബ്‌രീൽ(അ) വിശദീകരിച്ചു. തുടർന്ന് മറ്റൊരു വിഭാഗത്തെ കണ്ടു. അവരുടെ മുന്നിലും പിന്നിലും കണ്ടം വെച്ചിരിക്കുന്നു. നാൽകാലികളെ പോലെ മേഞ്ഞു കൊണ്ടിരിക്കുന്നു. നരകവാസികൾക്കൊരുക്കിയ ശിക്ഷകളുടെ ഭാഗമായ ചലവും മുള്ളുമൊക്കെയാണവർ മേയുന്നത്. മുത്ത് നബി ﷺ ചോദിച്ചു ഇവരാരാണ്? ദാനധർമങ്ങൾ നൽകാത്തവർ അനുഭവിക്കുന്ന ശിക്ഷകളുടെ കാഴ്ചയാണതെന്ന് ജിബ്‌രീൽ(അ) വിശദീകരണം നൽകി. മറ്റൊരു വിഭാഗത്തെ കൂടികണ്ടു. അവരുടെ മുന്നിൽ ഒരു പാത്രത്തിൽ നല്ല വൃത്തിയുള്ള മാംസം, മറ്റൊരു പാത്രത്തിൽ വൃത്തിഹീനമായ മാംസം. അവർ രണ്ടാമത്തേതിൽ നിന്ന് കഴിക്കുന്നു. ഇവരാരാണെന്ന് ജിബ്‌രീൽ(അ) വിശദീകരിച്ചു. അവർ അനുവദിക്കപ്പെട്ട ഇണകൾ ഉണ്ടായിരിക്കെ അവരിൽ തൃപ്ത്തിപ്പെടാതെ അന്യരോടൊപ്പം ശയിച്ചിരുന്നവരാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
No comments:
Post a Comment