9400397681
കായൽ പട്ടണം മഹ്ളറത്തുൽ ഖാദിരിയ്യയിൽ നിന്ന് ബിരുദ പoനത്തിന് ശേഷം കരുവമ്പൊയിൽ അൽ മുനവ്വറ തഹ്ഫീളുൽ ഖുർആൻ കോളേജിലായിരുന്നു അധ്യാപനം.പ്രസ്തുത അധ്യാപന കാലത്ത് ഇടക്കിടെ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ എന്നറിയപ്പെടുന്ന കരുവമ്പൊയിൽ സ്വദേശിയായ ചെറിയ എ പി ഉസ്താദിനെ സന്ദർശിക്കും. സ്ഥാപനത്തിൻ്റെ തൊട്ടടുത്താണ് ഉസ്താദിൻ്റെ വീട്.
മർക്കസിലെ ക്ലാസ്സ് കഴിഞ്ഞാൽ മറ്റു പരിപാടികളില്ലെങ്കിൽ ഉസ്താദ് കരുവമ്പൊയിലിലെ വീട്ടിലെത്തും.
കരുവമ്പൊയിൽ ടൗണിൽ ബസ്സിറങ്ങി ആരുടെയെങ്കിലും ബൈക്കിൽ കയറി ഒരുവശത്തേക്കായി ചന്തി ഉറപ്പിച്ചിരിക്കുന്ന ഉസ്താദിൻ്റെ ബൈക്ക് യാത്ര ഏറെ അത്ഭുതപ്പെടുത്തി. ആശ്ചര്യത്തോടെ വിദ്യാർത്ഥികൾക്ക് കാണിച്ച് കൊടുത്തെങ്കിലും നിത്യമായ കാഴ്ച ആയത് കൊണ്ട് അവർക്കത് ആശ്ചര്യമായില്ല. ചിലപ്പോൾ കാരന്തൂരിലേക്ക് ബൈക്കിലായിരുന്നു യാത്ര...
യാത്രക്ക് മുന്തിയ വാഹനം വേണമെന്ന നിബന്ധനയൊന്നും ഉസ്താദിനില്ല.
വീട്ടിൽ എത്തിയാൽ വെള്ള വസ്ത്രം മാറ്റി വെച്ച് നേരെ പാടത്തിറങ്ങും. വീട്ടിൻ്റെ ചുറ്റുവട്ടത്തായി തോട്ടവും കൃഷിയിടവുമാണുള്ളത്.
നിത്യോപയോഗത്തിനുള്ള പലതും സ്വകരം കൊണ്ട് കൃഷി ചെയ്തിരുന്നു.
ഏറെ നേരം പാടത്ത് പണിയെടുത്തുള്ള ചെറിയ എ പി ഉസ്താദിൻ്റെ ജീവിത ശൈലി പലപ്പോഴും അത്ഭുതപ്പെടുത്തും. തികഞ്ഞ കർഷകനായിരുന്നു അദ്ദേഹം.
മഗ്രിബ് ബാങ്കിൻ്റെ അൽപം മുമ്പ് കുളിച്ച് വൃത്തിയായി വീട്ടുമുറ്റത്തോട് ചേർന്നുള്ള പള്ളിയിൽ ജമാഅത്തിന് എത്തും. നിസ്കാരവും ഔറാദും കഴിഞ്ഞാൽ വീട്ടിൻ്റെ കോലായിൽ ഇരുന്ന് അൽപ നേരം സംസാരിക്കും.
സന്ദർശനത്തിൻ്റെ ഇടവേള നീണ്ടാൽ സുബ്ഹ് നിസ്കാരം കഴിഞ്ഞുള്ള പ്രഭാതസവാരിയിൽ കണ്ടുമുട്ടുമ്പോഴായിരിക്കും ആ ഗർജ്ജ സ്വരം വരുന്നത്.
"എന്താ മൗല്യാരെ കൊറേയായല്ലോ കണ്ടിട്ട്"...
വലിയ വരോടും ചെറിയവരോടും നിറപുഞ്ചിരിയോടെയാണ് ഉസ്താദിൻ്റെ പെരുമാറ്റം...
ശൈഖുനാ സുൽത്താനുൽ ഉലമയുടെ രൂപ സാദൃശ്യത്തെപ്പറ്റി ഒരിക്കൽ ചെറിയ എ പി ഉസ്താദിനോട് നേരിട്ട് ചോദിച്ചപ്പോൾ അൽപ്പ നേരം ചിരിച്ചു.
"അതിപ്പൊ പലർക്കുള്ള സംശയാണ്, പലേരും എന്നെ കാണുമ്പോൾ ഉസ്താദാണെന്ന് ഭാവിച്ച് എൻ്റെ മുമ്പിൽ പെട്ടിറ്റുണ്ട്.
ഒരിക്കൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ നടന്നു പോകുമ്പോൾ മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണൻ വലിയ ആദരവോടെ എന്നെ സ്വീകരിച്ചു. എ പി ഉസ്താദാണെന്ന് ധരിച്ച് പലതും സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് ആള് മാറിയതറിയുന്നത്."
ഇങ്ങനെ പലരും...
ശൈഖുനാ എ പി ഉസ്താദിൻ്റെ ദർസിൽ ആദ്യ കാല വിദ്യാർത്ഥികളിൽ പ്രമുഖനാണ് എ പി മുഹമ്മദ് മുസ്ലിയാർ.
എല്ലാം എ പി ഉസ്താദിൽ നിന്നാണ് പഠിച്ചത്. കിതാബുകൾ ഓതി പഠിക്കണം. കൂർമ്മ ബുദ്ധിക്കാർക്ക് മാത്രം മനസ്സിലാകുന്ന അധ്യാപന രീതിയായിരുന്നില്ല എ പി ഉസ്താദിൻ്റെ ദർസ്.ദർസിനിടയിൽ പല ചർച്ചകളും കടന്നു വരും. മതവും ആനുകാലികവുമെല്ലാം എ പി ഉസ്താദ് ദർസിൽ വിവരിച്ച് കൊടുത്ത നല്ല ഓർമകൾ ചെറിയ എ പി ഉസ്താദ് വിവരിക്കും.
തുഹ്ഫയുടെ മുഴുവൻ വാള്യവും സുൽത്താനുൽ ഉലമയിൽ നിന്നാണ് ഓതിയത്. ഒടുവിൽ തുഹ്ഫയുടെ എല്ലാവാള്യവും സുൽത്താനുൽ ഉലമ തൻ്റെ ശിഷ്യനായ ചെറിയ എ പി ഉസ്താദിൻ്റെ കൈയ്യിൽ കൊടുത്ത് ചൊല്ലിക്കൊടുക്കാനുള്ള പൊരുത്തവും നൽകിയ മധുരം നിറഞ്ഞ ഓർമ പങ്കുവെക്കുമ്പോൾ ആ പണ്ഡിത ഗുരുവിൻ്റെ മുഖത്ത് സന്തോഷത്തിൻ്റെ അശ്രുകണങ്ങൾ കവിൾതടങ്ങളിലൊഴുകി...
പ്രസംഗ പരിശീലനവും എ പി ഉസ്താദിൽ നിന്നാണ് ലഭിച്ചത്. ദർസിലെ സാഹിത്യ സമാജങ്ങളിൽ വ്യത്യസ്ത വിഷയങ്ങളായിരിക്കും തെരഞ്ഞെടുക്കുക.
മുതഅല്ലിംകളുടെ പ്രസംഗം റൂമിൻ്റെ അകത്തിരുന്ന് എ പി ഉസ്താദ് ശ്രദ്ധിക്കും.സമാജം കഴിയാൻ നേരത്ത് പുറത്തിറങ്ങി വന്ന് തെറ്റുകൾ തിരുത്തിക്കൊടുക്കും. മറ്റ് ദർസുകളില്ലാത്ത പoന രീതിയായിരുന്നു എ പി ഉസ്താദിൻ്റെ ദർസിൽ ഉണ്ടായിരുന്നതെന്ന് ചെറിയ എപി ഉസ്താദ് പറഞ്ഞത് ഇന്നും ഓർക്കുന്നു.
ദർസ് പoനം കഴിഞ്ഞ് കോളേജിലേക്ക് ഉപരി പoനത്തിന് മുഹമ്മദ് മുസ്ലിയാരെ പറഞ്ഞയച്ചതും ശൈഖുന സുൽത്താനുൽ ഉലമയാണ്.
ചെറിയ എ പി ഉസ്താദ് കോളേജിൽ പോവുന്നതിൻ്റെ തലേ രാത്രി ഉസ്താദായ സുൽത്താനുൽ ഉലമ കരുവമ്പൊയിലിലെ വീട്ടിൽ വരികയും അന്നത്തെ ദിവസം അവിടെ താമസിക്കുകയും പിറ്റേ ദിവസം കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വരെ മുഹമ്മദ് മുസ്ലിയാരെ അനുഗമിക്കുകയും ചെയ്ത രംഗം ആഹ്ലാദ ചിത്തനായാണ് ചെറിയ എ പി ഉസ്താദ് അവതരിപ്പിച്ചത്...
കോളേജിലെ വിശേഷങ്ങൾ അറിയാൻ തൻ്റെ ശിഷ്യനായ മുഹമ്മദ് മുസ്ലിയാർക്ക് സുൽത്താനുൽ ഉലമ കത്തെഴുതും.
പഠനം കഴിഞ്ഞ് കാന്തപുരം അസീസിയ്യയിൽ ജോലി നൽകിയതും എ പി ഉസ്താദാണ്.
ബിദഈ കടന്നുകയറ്റം രൂക്ഷമായ സാഹചര്യത്തിൽ സുൽത്താനുൽ ഉലമയുടെ നേതൃത്വത്തിൽ നടന്ന പല സംവാദങ്ങളിലും സഹയാത്രികനായി കിതാബ് നോക്കാൻ പോയിരുന്നത് കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരായിരുന്നു...
ബാല്യകാലം മുതൽ മരണം വരെ ഗുരുവായ സുൽത്വാനുൽ ഉലമയോടൊപ്പം ജീവിക്കാനും ഒടുവിൽ ശൈഖുന ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ തന്നെ വഫാത്തായതുമെല്ലാം അവർ തമ്മിലുള്ള ആത്മീയ ബന്ധത്തിൻ്റെ ആഴമറിയിക്കുന്നു.
സുൽത്താനുൽ ഉലമയെന്ന ജ്ഞാന സാഗരം നീന്തിക്കടന്ന അറിവിൻ യാനമാണ് കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ.
പരേതരായ കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിശയുടെയും മകനായി 1950 ൽ കൊടുവള്ളിക്കടുത്ത കരുവൻപൊയിലിൽ ആയിരുന്നു ജനനം. കാന്തപുരം, കോളിക്കൽ, മാങ്ങാട് തുടങ്ങിയ ദർസുകളിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ കീഴിലെ ദീർഘ കാല പഠനത്തിനു ശേഷം തമിഴ്‌നാട് വെല്ലൂർ ബാഖിയാത്തിൽ നിന്നും ബാഖവി ബിരുദം നേടി.1975 ൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ തന്നെ കീഴിൽ കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളായിട്ടായിരുന്നു അധ്യാപന തുടക്കം. കഴിഞ്ഞ ഇരുപത് വർഷമായി മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പാളുമായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയും ആണ്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.
മക്കൾ: അബ്ദുല്ല റഫീഖ്, അൻവർ സ്വാദിഖ് സഖാഫി (ഡയറക്റാർ, അൽ ഖമർ), അൻസാർ, മുനീർ, ആരിഫ, തശ്‌രീഫ. മരുമക്കൾ: ഇ.കെ. ഖാസിം അഹ്‌സനി, അബ്ദുൽ ജബ്ബാർ, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.
ചെറിയ എ പി ഉസ്താദിൻ്റെ ദ റജ അല്ലാഹു ഉയർത്തട്ടെ...ആമീൻ
No comments:
Post a Comment