Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, January 30, 2023

വൈലിത്തറ ഉസ്താദിന്റെ ജീവിതം || പുനർ വായന || Vailithara Usthad History || NKM Belinja


അഭിമുഖം:
ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച
9400397681

കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുമായുള്ള സംസാരത്തിനിടെ ഒരിക്കൽ തങ്ങൾ പറഞ്ഞു "കുമ്പോലിൽ നടക്കുന്ന ഉറൂസിലേക്ക് രണ്ട് പേരെ അവരുടെ മരണം വരെ നിർബന്ധമായും ക്ഷണിക്കണമെന്നത് ബാപ്പാൻ്റെ നിർദ്ദേശമാണ്.ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരും, വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുമാണവർ." 
ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രഭാഷണ വേദികളിലെ സുൽത്താനെന്ന് അറിയപ്പെട്ടിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയെന്ന പണ്ഡിത പ്രതിഭയെ അറിയാത്തവർ വിരളമായിരിക്കും.കേരളത്തിൻ്റെ ഇടിമുഴക്കമെന്നറിയപ്പെട്ടിരുന്ന ഉസ്താദിൻ്റെ പ്രഭാഷണം പഴയകാലക്കാരുടെ ആവേശവും വികാരവുമാണ്. പ്രായാധിക്യം കാരണമായി വീട്ടിൽ വിശ്രമത്തിലായിരുന്നപ്പോൾ അവിടുത്തെ തിരുവസതിയിൽ ചെന്ന് ദീർഘനേരം സംസാരിക്കാനും ബന്ധം സ്ഥാപിക്കാൻ സാധിച്ചതും വലിയ അനുഗ്രഹമായി കാണുന്നു.
അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ ചിത്തം പതറി. അവരുടെ പാരത്രീക ജീവിതം നാഥൻ പ്രകാശപൂരിതമാക്കട്ടെ... ആമീൻ

ഉസ്താദിൻ്റെ ജീവിതം വായനക്കാരോട് പങ്കുവെക്കട്ടെ...
സസ്യശാമള സുന്ദരമായ പ്രകൃതിയാസ്വദിച്ച്,ആര്‍ത്തിരമ്പുന്ന അറബിക്കടലിന്റെ തിരമാലകളില്‍നിന്നും തലോടിവരുന്ന കുളിര്‍ തെന്നലേറ്റ് വൈലിത്തറ ഉസ്താദിന്റെ വീട് ലക്ഷ്യംവെച്ച് നീങ്ങുകയാണന്. സര്‍ക്കാര്‍ ബസിലാണ് യാത്ര. രാവിലെ ഒമ്പതുമണിക്ക് മുമ്പ് എത്താനാണ് പറഞ്ഞത്.
ആലപ്പുഴ-പാനൂരില്‍ ബസിറങ്ങി വൈലിത്തറ ഉസ്താദിന്റെ വീടേതാണെന്നന്വേഷിച്ചു. അംബരചുംബിയായ ഒരു പള്ളിയും അവിടെയുണ്ട്. പ്രാഥമികാവശ്യം നിറവേറ്റാന്‍ അങ്ങോട്ടുകയറി. പള്ളിപരിസത്ത് വെള്ളം തളിക്കുന്നയാളെക്കണ്ടപ്പോള്‍ സലാംപറഞ്ഞ് പരിചയപ്പെട്ടു. 'വൈലിത്തറ'യെ കാണാനാണ് വന്നതെന്നറിഞ്ഞപ്പോള്‍ 'അദ്ദേഹത്തിന്റെ വാപ്പാന്റെ ഖബ്‌റാണിതെന്ന്' കാണിച്ചുതന്നു. സിയാറത്ത് ചെയ്ത് ഉസ്താദിന്റെ വീട്ടിലേക്ക് നടന്നു. ഇത്തിരി ഗൗരവക്കാരനാണെന്നും പ്രായമുള്ള ആളാണെന്നുമൊക്കെ നേരത്തെയറിഞ്ഞതിനാൽ ഭയവിഹ്വലനായിക്കൊണ്ടാണ് വീട്ടുമുറ്റത്തെത്തിയത്.
എൻ്റെ സമപ്രായക്കാരനായ ഉസ്താദിന്റെ 'ഖാദിമി' നെ പരിചയപ്പെട്ടു. 'ഉസ്താദ് അകത്താണ്, ഇവിടെ ഇരിക്കൂ' മനസ്സില്ലാമനസ്സോടെ ഇരുന്നു. താമസിയാതെ ഉസ്താദ് പുറത്തുവന്നു. ഗൗരവം സ്ഫുരിക്കുന്ന വദനം, പ്രായം എടുത്ത് കാണിക്കുന്ന മേനി, മുഖത്ത് എന്തോ ക്ഷീണംപോലെ....
പ്രാഥമിക, പരിചയത്തിനുശേഷം, പനിപിടിച്ച് ക്ഷീണിതമായ സമയത്തും വൈലിത്തറ ഉസ്താദ് മനസുതുറന്നു. നോമ്പിന്റെ വിശേഷങ്ങളാണ് ആവശ്യമെന്നറിഞ്ഞപ്പോള്‍ പഠനാര്‍ഹമായ ക്ലാസായി ആ സംഗമം. വൈകുന്നേരം വരെ ഉസ്താദുമായി സംസാരിച്ചു.
അസറിനുശേഷം ചായയും, ബിരിയാണിയും വന്നു. 'ചായക്ക് കടി ബിരിയാണിയാണോ?'യെന്ന എൻ്റെ നർമ്മ സ്വരത്തിന് മുന്നിൽ ഉസ്താദിന് ചിരി അടക്കാൻ പ്രയാസമായി. സ്വാദിഷ്ഠമായ ബിരിയാണി കഴിക്കണമെന്നുണ്ട്. പക്ഷേ ഉസ്താദിന്റെ സമ്മതമില്ലാതെ കഴിക്കുന്നത് ഉചിതമല്ലല്ലോ! ചിന്ത ബിരിയാണിയിലും കണ്ണ് ഉസ്താദിന്റെ മുഖത്തുമായി. അപ്പോഴാണ് കഴിക്കാനുള്ള അനുമതി വന്നത്. എല്ലാം കഴിഞ്ഞ് മഗ്‌രിബിനോടടുത്തപ്പോള്‍ ദുആ ചെയ്യിപ്പിച്ച് പടിയിറങ്ങി. ഇനിയും വരണമെന്ന് പറഞ്ഞ് ഉസ്താദ് എന്നെ യാത്രയാക്കി.
ഉസ്താദുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്....
❓' വൈലിത്തറ ഉസ്താദ്' എന്ന പേരിൽ പ്രസിദ്ധിയാര്‍ജിച്ച വ്യക്തിത്വമാണല്ലോ അങ്ങ്. ജാതി,മത കക്ഷി രാഷ്ട്രീയ ഭേദമന്യേ സര്‍വരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉസ്താദിന്റെ കുട്ടിക്കാലത്തെക്കുറിച്ച് അറിയാന്‍ പലര്‍ക്കും താത്പര്യമുണ്ട്. പ്രത്യേകിച്ച് കുടുംബിനികള്‍ക്കും മതവിദ്യാര്‍ത്ഥികള്‍ക്കും അത് ഒരു വലിയ പാഠമാകുമെന്ന് പ്രതീക്ഷിക്കുന്നു.
= എന്റെ ജീവിതം കൊണ്ട് ജനങ്ങള്‍ക്ക് എന്ത് പാഠമാകാനാ. കുട്ടിക്കാലം ഉമ്മയുടെ കൂടെയായിരുന്നു. കുമ്പളത്ത് മൊയ്തീന്‍കുഞ്ഞി ഹാജി എന്നാണ് വല്യുപ്പാന്റെ പേര്. ആലിമീങ്ങളുമായി നല്ല ബന്ധമുള്ള വ്യക്തിയാണദ്ദേഹം. ഖുതുബി മുഹമ്മദ് മുസ്‌ലിയാരൊക്കെ ഈ ഭാഗത്ത് വന്നാല്‍ വീട്ടില്‍ താമസിക്കും. ആദ്യമായി ഖുര്‍ആന്‍ പഠിപ്പിക്കലാണല്ലോ പഴയകാലത്തെ പതിവ്. എന്റെ കുട്ടിക്കാലവും തഥൈവ. പള്ളിപ്പുര എന്നാണ് ഇത്തരം കേന്ദ്രങ്ങള്‍ അറിയപ്പെടുന്നത്.
സ്വഗൃഹത്തില്‍ വെച്ചാണ് ഞാനുള്‍പ്പെടെ, വല്യുപ്പാന്റെ മക്കളും, പേരമക്കളും, മറ്റു കുട്ടികളും ഖുര്‍ആന്‍ പഠിച്ചത്. കുമ്പളത്ത് വീട് എന്നാണ് അതറിയപ്പെടുന്നത്. ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വേണ്ടി എന്നും ഒരു മൊല്ലാക്ക അവിടെയുണ്ടാകും. വ്യാഴാഴ്ച നാട്ടില്‍പോയാല്‍ ശനിയാഴ്ച അവര്‍ തിരിച്ചെത്തും. ഖുര്‍ആന്‍ പഠിക്കാനിരിക്കുമ്പോള്‍ അഞ്ച് വയസ് പ്രായമേ എനിക്കുള്ളൂ.
❓ പഠനരീതി വിശദീകരിക്കാമോ
= നല്ല ഹരമാണ് ഖുര്‍ആന്‍ പഠിക്കാന്‍. ഖുര്‍ആന്‍ പഠിപ്പിക്കാന്‍വേണ്ടി വീട്ടില്‍ ഒരു സ്‌പെഷ്യല്‍ സ്ഥലംതന്നെ നീക്കിവെച്ചിരുന്നു.ദിവസം രണ്ടുപേജ് ഓതിത്തരും. ചിലപ്പോള്‍ അരപ്പേജും, ഒരു പേജുമൊക്കെ ഓതിത്തരാറുണ്ട്. പിറ്റേദിവസം ആ ഭാഗം ഉസ്താദിന്റെ മുമ്പില്‍ ഓതിക്കേള്‍പ്പിക്കണം.
മുപ്പത് ജുസ്അ് ഓതിത്തീര്‍ന്നാല്‍ സ്വന്തമായിട്ടുതന്നെ ഒന്നുകൂടി ഖുര്‍ആന്‍ മൊത്തം ഓതിക്കേള്‍പിക്കും. പത്ത് 'ഖത്മ്' തീരുമ്പോഴാണ് ഖുര്‍ആന്‍ പഠിച്ചെന്ന് പറയുന്നത്. ഈ രീതിയില്‍ ഓതിപ്പഠിച്ചാല്‍ ഖുര്‍ആന്‍ പാരായണത്തില്‍ വല്ല തെറ്റും സംഭവിക്കുമോ? ഖുര്‍ആന്‍ ഓതിക്കഴിഞ്ഞാല്‍ കിതാബോതാന്‍ പോകും. മൗല്യാരുട്ടി ആകാന്‍ ആഗ്രഹിക്കുന്നവർ നാടുവിടും. അല്ലാത്തവർ മുതഫരിദും, നൂറുല്‍ അബ്‌സാറും ഓതിക്കഴിഞ്ഞാല്‍ മറ്റെന്തെങ്കിലും ജോലിയുമായി കഴിഞ്ഞുകൂടും.
❓ ഖുര്‍ആന്‍ പഠിപ്പിച്ച ഉസ്താദുമാരെ അങ്ങ് ഓര്‍ക്കുന്നുണ്ടോ
= ഒരുപാട് പേരുണ്ടായിരുന്നു. അബൂബക്കര്‍ മുസ്‌ലിയാര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍, പേരറിയാത്ത വടക്കന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. പിന്നീട് കിതാബോതാന്‍ വേണ്ടി തുടങ്ങി.ഖുർആനോത്ത് കഴിഞ്ഞാൽ കിതാബോതലാണ് പതിവ്.
❓ പഠനകാലത്ത് വിത്ത് പാകി എന്നര്‍ത്ഥം
= അക്കരയില്‍നിന്നും ഇവിടെ (പാനൂര്‍ പള്ളിമുക്ക്) കൊണ്ടുവന്നു. മൂന്ന് അമ്മാവന്മാരും പെങ്ങളും എന്റെ കൂടെ കിതാബോതാന്‍ ഉണ്ടായിരുന്നു. 
❓ പെങ്ങളും കിതാബോതിയെന്നാണോ
= ആ; അതിലെന്താ വിസ്മയം. പഴയകാലത്തെ കഥയാണിത്. രാവിലെ വഞ്ചിയില്‍ ഇവിടെ കൊണ്ടുവിടും. അസര്‍വരെ കിതാബോതും. അത് കഴിഞ്ഞാല്‍ ഞങ്ങളെ കൂട്ടാന്‍ വഞ്ചിവരും.
❓ കിതാബോതാൻ പള്ളിയിൽ എത്തുന്ന മുതഅല്ലിംകൾക്ക് ചെലവുകുടികളാണ് പതിവ്. അങ്ങയ്ക്ക് ഭക്ഷണത്തിന് ചെലവുകുടികളായിരുന്നോ.
= ഹേ! അതൊന്നുമില്ല. കിതാബോതി കഴിഞ്ഞ് അസറിനുശേഷം വീട്ടില്‍ എത്തിയാണ് ഭക്ഷണം കഴിക്കുന്നത്. ചിലപ്പോള്‍ ഏതെങ്കിലും വീടുകളിലേക്ക് ആരെങ്കിലും കൂട്ടിക്കൊണ്ടുപോകും.അവിടെ മുതഫരിദും (പത്ത് കിതാബ്), നൂറുല്‍ അബ്‌സാറും പഠിച്ചുതീര്‍ത്തു.
❓ ഈ കാലയളവില്‍ ഭൗതിക വിദ്യാഭ്യാസം നേടിയത് എങ്ങനെയായിരുന്നു.
= ആത്മീയ വിദ്യാഭ്യാസത്തിനല്ലാതെ ഭൗതിക വിദ്യ നുകരാന്‍ ഒരു സ്ഥാപനത്തിലും ഞാന്‍ പോയിട്ടില്ല. സ്‌കൂളിലേക്കോ മറ്റു സമുച്ഛയങ്ങളിലേക്കോ പോയതായി ഓര്‍മ്മയില്ല.
❓ വൈലിത്തറ ഉസ്താദിൻ്റെ ബഹുഭാഷാ പാണ്ഡിത്യത്തെക്കുറിച്ച് പലരും പറഞ്ഞതോർക്കുന്നു. പ്രത്യേകിച്ച് പ്രഭാഷണങ്ങളിലെ ഇംഗ്ലീഷ് ഉദ്ധരണികൾ.ഇംഗ്ലീഷില്‍ നല്ല ഭാഷാനൈപുണ്യമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
= ഇംഗ്ലീഷ് പഠിക്കാന്‍ സ്‌കൂളില്‍ തന്നെ പോകേണ്ട
തുണ്ടോ. എങ്ങനെ പഠിച്ചെന്ന് എനിക്ക് ഓര്‍മ്മയില്ല. വായിക്കാനും പറയാനുമൊക്കെ അറിയാം.
എന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് ആര്‍ക്കും അറിഞ്ഞുകൂടാ. ലൗകിക വിദ്യാഭ്യാസത്തില്‍ ഞാന്‍ വലിയ വക്കീലൊക്കെയാണെന്നാണ് ജനങ്ങളുടെ വിചാരം. (വിനയാന്വിതനായി തുടര്‍ന്നു). എങ്ങനെയെങ്കിലും ഖബ്‌റില്‍ രക്ഷപ്പെടാന്‍ ദുആ ചെയ്യുക.
❓ മുതഫരിദും നൂറുല്‍ അബ്‌സാറും ഓതിക്കഴിഞ്ഞതിനുശേഷം എവിടയായിരുന്നുതുടര്‍പഠനം.
= പന്ത്രണ്ട് വയസായപ്പോഴേക്കും ഈ രണ്ട് കിതാബും ഇവിടെനിന്നുതന്നെ ഓതിത്തീര്‍ത്തു. വാപ്പാന്റെയും ഉമ്മന്റെയും ഒന്നിച്ചുള്ള സംരക്ഷണമോ, ലാളനയോ ലഭിച്ചില്ലെന്നാണ് വസ്തുത. ഉമ്മയുടെ ചുറ്റുപാടില്‍ താമസമാക്കിയതുകൊണ്ട് വാപ്പാനെ കാണാന്‍ പറ്റിയില്ല. വാപ്പായും ഉമ്മയും എന്റെ ചെറുപ്പത്തിലേ പിരിയേണ്ടിവന്നതാണ് ഇതിനു കാരണം.
ഒരു ദിവസം വഴിയില്‍വെച്ച് വാപ്പ എന്നെ പിടിച്ചുകൊണ്ടുപോയി കുന്ന്‌മേല്‍ ചാപ്പനവള്ളി മുഹമ്മദ് മുസ്‌ലിയാര്‍ എന്നവരുടെ ദര്‍സില്‍ ചേര്‍ത്തു. അവിടെയും മുതഫരിദും നൂറുല്‍ അബ്‌സാറും ഫത്ഉല്‍ ഖയ്യൂo തുടങ്ങിയ കിതാബുകള്‍ ആറുവര്‍ഷം ഓതി. അപ്പോഴേക്കും മുതഫരിദും നൂറുല്‍ അബ്‌സാറും ഹൃദിസ്ഥമാക്കിയിരുന്നു. ഓതിയതുതന്നെ ആവര്‍ത്തിച്ചോതുകയാണല്ലോ. അവസാനം ചൊറിപിടിച്ച കാരണത്താല്‍ അവിടെനിന്നും ഒഴിവായി. 
വീണ്ടും വാപ്പാനെ കാണാനിടയായി. അപൂര്‍വമായി മാത്രമേ വാപ്പാനെ കാണാന്‍ പറ്റാറുള്ളൂ. സഞ്ചാരിയാണ് പിതാവ്. പോയ സ്ഥലങ്ങളിലെല്ലാം ശമ്പളം വാങ്ങാതെ ദര്‍സ് നടത്തും. അറിയപ്പെട്ട പണ്ഡിതനാണവിടുന്ന്. പിന്നീട് ഓച്ചിറയില്‍ ദര്‍സ് നടത്തുന്ന വാഴക്കാട് അഹമ്മദ് മുസ്‌ലിയാരുടെ കീഴില്‍ കിതാബോതാന്‍ പറഞ്ഞയച്ചു.
അവിടെനിന്ന് വീണ്ടും മുതഫരിദ് തുടങ്ങി. ഓച്ചിറ ഉസ്താദിന്റെ ശൈലിയാണത്. എം.എഫ്.ബി. (മൗലവി ഫാളില്‍ ബാഖവി) പാസായി വന്നയാളാണെങ്കിലും ഉസ്താദിന്റെ ദര്‍സില്‍ മുതഫരിദാണ് ഓതിത്തുടങ്ങുന്നത്.
'ഫൗണ്ടേഷന്‍' ഉസ്താദായിരിക്കണമെന്ന നിര്‍ബന്ധമാണ് ഇതിനു കാരണം. 
❓ എങ്ങനെയാണ് ഓച്ചിറ ഉസ്താദിന്റെ ജീവിതരീതി
= അതൊരു അത്ഭുത മനുഷ്യനാണ്.എഴുപത് വര്‍ഷക്കാലം ദര്‍സ് നടത്തി. പക്ഷേ ഒരു നയാപൈസപോലും ശമ്പളം വാങ്ങിയിട്ടില്ല. ശമ്പളം വാങ്ങുന്നവരോട് ദേഷ്യമാണ്. എന്റെ വാപ്പാന്റെ ഗുരുവാണദ്ദേഹം. അതിനു ഒരു കാരണമുണ്ട്.
തൊട്ടടുത്ത പള്ളിയില്‍ വന്നതാണ് മൂപ്പര്. വാപ്പ കുട്ടിയായിരുന്നു. തുണിയും തോളിൽ പച്ച പുതപ്പ് ചുറ്റിയിട്ടുള്ള വേഷമായിരുന്നു. ഇവിടെ വരുമ്പോള്‍ ഷര്‍ട്ട് ധരിച്ചിട്ടില്ല.
അസര്‍ നിസ്‌കാരം കഴിഞ്ഞ് മുതിര്‍ന്നവരൊക്കെ പോയാൽ പിന്നെ വാപ്പാന്റെയും സഹപാഠികളുടെയും ഭരണമാണ്. പള്ളിയുടെ മൂലയില്‍ ഇരിക്കുന്ന അപരിചിതനായ ആ വ്യക്തിയോട് ഇവര്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. 
എവിടെയാ നാട്?
വാഴക്കാട്.
എവിടെയ്ക്കാ പോണേ?
സഫര്‍.
ഇത്രയും കേട്ടപ്പോള്‍ ഇതൊരു മുല്ലാക്കയാണെന്ന് മനസിലായി.
എന്തൊക്കെ പഠിപ്പിക്കും? എന്നതാണ് പിന്നെയുള്ള ചോദ്യം.
'അറബിയില്‍ എഴുതിയ എല്ലാ കിതാബും മുഹമ്മദ് പഠിപ്പിക്കും'. മറുപടി കേട്ടപ്പോള്‍ എല്ലാവരും സ്തംഭിച്ചു ചിതറിയോടാന്‍ തുടങ്ങി. വീട്ടില്‍പോയി കാര്യം പറഞ്ഞു. വിവരമറിഞ്ഞ് വീട്ടുകാരണവന്മാര്‍ മഗ്‌രിബ് നിസ്‌കാരത്തിനു പള്ളിയില്‍വന്നു. നിസ്‌കാരം കഴിഞ്ഞ് ഇദ്ദേഹവുമായി സംസാരിച്ച് ദര്‍സ് നടത്താനുള്ള ധാരണയിലെത്തി.
മാസത്തില്‍ എന്ത് തരണമെന്ന് ചോദിച്ചപ്പോള്‍ 'മുഹമ്മദ് ശമ്പളം കൈപറ്റൂല, ഭക്ഷണം തന്നാല്‍മതി' എന്നായിരുന്നു മറുപടി. അങ്ങനെയാണ് പിതാവ് വാഴക്കാടന്‍ ഉസ്താദിന്റെ ശിഷ്യനാകുന്നത്.
വാപ്പ ഓച്ചിറ വാഴക്കാടന്‍ ഉസ്താദിന്റെ ശിഷ്യനായതുകൊണ്ടാണ് എന്നെയും അവരുടെ ദര്‍സില്‍ പഠിക്കാനയച്ചത്. കുറച്ചുകാലം അവിടെ പഠനം നടത്തിയതിനുശേഷം തിരിച്ചുവന്നു.
❓ അതോടെ പഠനത്തിനു തിരശ്ശീല താഴ്ത്തിയോ
= അങ്ങനെ ചെയ്യാനായിരുന്നു തീരുമാനം. നാട്ടില്‍ വന്ന് പന്ത് കളി തുടങ്ങി. ഞാനൊരു വോളിബോള്‍ താരമായിരുന്നു. കുറേക്കാലം പന്ത്കളിച്ച് നടന്നു. അങ്ങനെയിരിക്കെയാണ് എന്നെ കുന്നപുറക്കാരന്‍ അഹ്മദ് ഹാജി കാണാനിടയായത്. അദ്ദേഹത്തിന്റെ യാദൃശ്ചിക കണ്ടുമുട്ടല്‍ എന്റെ ജീവിതത്തിന്റെ ദിശ മാറ്റാന്‍ നിമിത്തമായി.
❓ എന്താണ് സംഭവിച്ചത്
= അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഒരുപാട് സാരോപദേശം നല്‍കി. അന്ന് അദ്ദേഹം എന്റെ കൂടെ ഓച്ചിറ ഉസ്താദിന്റടുത്ത് ഓതിയിരുന്നു. വാപ്പാന്റെ ഖാദിമായിരുന്നു. പിന്നീട് അദ്ദേഹം വെമ്പയനാട് പോയി വലിയ മുസ്‌ലിയാരായി. ഞാന്‍ പന്ത് കളിക്കാരനുമായി. ഒരുപാട് ഉപദേശിച്ചപ്പോള്‍ എന്റെ മനംമാറി. റമളാനിനുശേഷം ഞാന്‍ വരാമെന്ന് വാക്കു കൊടുത്തു. എന്നെയും കൂട്ടി വെമ്പയനാട്ടിലേക്ക് പോയി. ഞാന്‍ പോകുന്നതിനു മുമ്പുതന്നെ വെമ്പയനാട് എം.സി. അബ്ദുല്‍ ഖാദിര്‍ ഉസ്താദിന്റെ സമ്മതം തേടിയതുകൊണ്ടാണ് എനിക്ക് അഡ്മിഷന്‍ ലഭിച്ചത്. ഇല്ലെങ്കില്‍ എനിക്ക് പ്രവേശനം ലഭിക്കൂല. കാരണം ഞാന്‍ വലിയ പരിഷ്‌കാരിയാണ്.
എന്നെ കണ്ടപാടേ ഉസ്താദിന്റെ ചോദ്യം: 'എങ്ങനെ അഹ്മദ് മൗല്യാരെ മീസാന്‍ തുടങ്ങിക്കൊട്ക്കാ, വലിയ മുട്ടന്‍ മനുഷ്യനായല്ലോ!' 
എന്നോട് ഉസ്താദ് ചോദിച്ചു.'മുതഫരീദ് ഓതിയിട്ടുണ്ടോ?', ഉണ്ട്. അഹ്മദ് മൗല്യാരോട് പരിശോധിക്കാന്‍ പറഞ്ഞു. ഞാന്‍ മുതഫരിദ് മൊത്തം കാണാതെ പഠിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ ഉസ്താദിന് വലിയ സന്തോഷമായി. നൂറുല്‍ അബ്‌സാറും പരിശോധിച്ചു. അതിലും വിജയിച്ചു. മീസാന്‍ ഉസ്താദ് തുടങ്ങിത്തന്നതിനുശേഷം ബാക്കി അഹ്മദ് ഹാജിയെത്തന്നെ ഏല്‍പിച്ചു. സഞ്ചാന്‍ വരെ അദ്ദേഹമാണ് ഓതിത്തന്നത്.
ആ സമയത്താണ് ഖുതുബിയുടെ വരവ്. വൈലിത്തറയുടെ മകനാണെന്നറിഞ്ഞപ്പോള്‍ (ഉസ്താദിന്റെ വാപ്പാനെ അറിയപ്പെടുന്ന പേരാണ് വൈലിത്തറ മുഹമ്മദ്കുഞ്ഞി) നല്ലപോലെ പഠിപ്പിക്കാനും ശ്രദ്ധിക്കാനും പറഞ്ഞു.
അതിനുശേഷം ശൈഖുനാ തന്നെയാണ് കിതാബ് ഓതിത്തന്നത്. അല്‍ഫിയ, ഫത്ഹുല്‍ മുഈന്‍ തുടങ്ങിയ കിതാബുകള്‍ അവിടെനിന്നും ഓതി. ഏഴരവര്‍ഷം അവിടെ പഠിച്ചു. അഞ്ചാമത്തെ വര്‍ഷം തന്നെ കല്യാണവും കഴിഞ്ഞു.
അവിടന്ന് കണിയാപുരം കോട്ടക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാരുടെ അടുത്തേക്കാണ് പോയത്. ഒരുപാട് കാലം ഉസ്താദിന്റെ അടുത്ത് പഠനം നടത്തി. അപ്പോഴേക്കും പ്രസംഗമേഖലയില്‍ സജീവമായി. 
❓ പ്രഭാഷണ രംഗത്തേക്കുള്ള വരവ്
= പ്രത്യേകമായ കടന്നുവരവൊന്നും ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ സംസാരിക്കാന്‍ പഠിച്ചു. വെമ്പയനാട് പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് പ്രസം പരിശീലന ക്ലാസുണ്ടായിരുന്നു. സ്വന്തം നാടായ പാനൂര്‍ വിജ്ഞാന പ്രയിനി വായനശാലയുടെ വാര്‍ഷിക യോഗത്തിലാണ് ആദ്യമായി പ്രസംഗം നടത്തിയത്. അന്ന് 16 വയസ് പ്രായം. ഒരാള്‍ എഴുതിത്തന്ന പ്രസംഗമാണത്. പ്രസംഗത്തിനുശേഷം അധ്യക്ഷനായിരുന്ന ആരുമഠം സ്വാമി എന്നെ കെട്ടിപ്പിടിച്ച് 'വണ്ടർഫുൾമാൻ' എന്ന് പറഞ്ഞ് അഭിനന്ദിച്ചു. 
കോട്ടക്കര ഇബ്‌റാഹിം മുസ്‌ലിയാരുടെ അടുത്താണ് അവസാനമായി ഓതിയത്. അവിടെ ഓതുമ്പോള്‍ പ്രസംഗത്തില്‍ ശ്രദ്ധേയനായി. ഉസ്താദും ഒരു പ്രഭാഷകനായതിനാല്‍ നല്ല പ്രചോദനവും കിട്ടി.
❓ പ്രസംഗരംഗത്ത് ജനങ്ങള്‍ക്കിടയില്‍ ഇത്രയധികം ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു വ്യക്തി കേരളത്തിലില്ല. ഉസ്താദിന്റെ ഫീച്ചറുകള്‍ പല മുഖ്യധാരാ പത്രങ്ങളിലും ഇടം നേടി. ഇത്രയൊക്കെ പ്രസംഗിച്ച് എന്തുണ്ടാക്കി എന്ന് ചിന്തിക്കുന്നവരുണ്ടാകാം. അവരോട് ഉസ്താദിന് എന്ത് പറയാനുണ്ട്.
= പ്രബോധനരംഗത്തെ ഒരു ആയുധമാണ് പ്രസംഗം. മുന്‍ഗാമികളായ മഹാത്മാക്കള്‍ പ്രസംഗിച്ച ചരിത്രമൊക്കെ അറിയുന്നവരാണല്ലോ നാം.
ദര്‍സില്ലാത്ത പല സ്ഥലങ്ങളിലും വഅള് പറഞ്ഞ് ദര്‍സ് ഉണ്ടാക്കി. വഅളിന് പോയാല്‍ യുവാക്കള്‍ എന്റെ കൂടെക്കൂടും. അവരെയും കൂട്ടി ദര്‍സിനാവശ്യമായ വരുമാനങ്ങള്‍ ഉണ്ടാക്കിക്കൊടുക്കും. അന്ന് ഞാനൊരു ദര്‍സ് മേക്കറായിരുന്നു. ഒരുപാട് ഉസ്താദുമാര്‍ എനിക്ക് കത്തെഴുതും. നല്ല ഒരു ദര്‍സ് ഉണ്ടാക്കിക്കൊടുക്കാന്‍.
കിളിമാനൂര്‍ എന്ന സ്ഥലത്ത് ദര്‍സ് ഉണ്ടാക്കാന്‍ വേണ്ടി പോയപ്പോള്‍ രസകരമായ ഒരു സംഭവമുണ്ടായി. ദര്‍സ് വേണമെങ്കില്‍ നാട്ടുപ്രമാണിയായ ഒരു ഹാജിയാരുടെ സമ്മതം വേണം. അദ്ദേഹത്തെ സമീപിച്ച് ഞാന്‍ പറഞ്ഞു. 
'ഇവിടത്തെ പള്ളിയില്‍ ദര്‍സുണ്ടാക്കാന്‍ നിങ്ങളുടെ സമ്മതം തരണം'.
അദ്ദേഹം പറഞ്ഞു: 'ഇവിടെ ദര്‍സും കുര്‍സൊന്നും വേണ്ട; പള്ളിക്ക് ഒരു ഹൈള് വേണം...' 
ഇതുകേട്ടപ്പോള്‍ ഞാന്‍ ചിരി തുടങ്ങി. കോട്ടക്കര ഉസ്താദും കൂടെയുണ്ട്.
ഞാന്‍ ചോദിച്ചു: 'ഹൈളോ?'
'ആ, പള്ളിക്ക് ഒരു ഹൈളില്ല'.
വുളൂഅ് ഉണ്ടാക്കാന്‍ 'ഹൗള്' ഇല്ലാ എന്നാണ് അദ്ദേഹം പറയുന്നത്.
ഞാന്‍ പറഞ്ഞു: 'ഹൈളോ, നിഫാസോ, എന്തു വേണമെങ്കിലും നമുക്കുണ്ടാക്കാം. ദര്‍സുണ്ടാക്കാന്‍ സമ്മതം തരണം...' അങ്ങനെ അവിടെ ദർസ് തുടങ്ങി. 
കരുനാഗപ്പള്ളി കോഴിക്കോടില്‍ ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയിലുണ്ടായിരുന്ന പോരുപോലെയാണ് നിലനിന്നിരുന്നത്. അവര്‍ക്കിടയില്‍ മസ്‌ലഹത്തുണ്ടാക്കി ദര്‍സ് സ്ഥാപിച്ചുകൊടുത്തു. ഇങ്ങനെ ഒരുപാട് മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്.
മര്‍ഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ കെയ്‌റോയിലേക്ക് പഠിക്കാന്‍ പോകുമ്പോള്‍ കാലിക്കറ്റ് ടൗണ്‍ ഹാളില്‍ ഞാന്‍ മതപ്രഭാഷണ പരമ്പര നടത്തിയിരുന്നു. (1964 സപ്തംബര്‍ 29 ചൊവ്വാഴ്ച ചന്ദ്രിക പത്രത്തില്‍ ഒരു റിപ്പോര്‍ട്ട് കാണാം. 'നിരവധി ഹിന്ദു, മുസ്‌ലിം സുഹൃത്തുക്കളുടെ നിര്‍ബന്ധപൂര്‍വമായ അപേക്ഷയെ മാനിച്ചുകൊണ്ട് ജനാബ് വൈലിത്തറ മുഹമ്മദ് മുസ്‌ലിയാര്‍ കോഴിക്കോട് ടൗണ്‍ഹാളില്‍വെച്ച് നടത്തിവരുന്ന ഇസ്‌ലാംമത പ്രഭാഷണം 29,30,31 എന്നീ തിയതികളില്‍ കൂടി തുടരുവാന്‍ തീരുമാനിച്ച വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു).
കിളിമാനൂര്‍ എന്ന സ്ഥലത്ത് ദര്‍സുണ്ടാക്കാന്‍ വേണ്ടി ഒരാഴ്ച വഅള് പരമ്പര നടന്നു. ഈ പരിപാടിയിലാണ് ദര്‍സിനാവശ്യമായ വരുമാനം ഉണ്ടാക്കിക്കൊടുത്തത്. പരിപാടിയെ പ്രതിഷേധ വീക്ഷണത്തില്‍ കണ്ടവര്‍ അവസാനം ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിവന്നു. അത്രയും സംഭാവനയാണ് അവിടുന്ന് കിട്ടിയത്. അരിച്ചാക്കിന്റെ എണ്ണം കണ്ട് വിമര്‍ശകര്‍ സ്തംഭിച്ചുപോയി.
മദ്‌റസ നടത്തിപ്പിനുവേണ്ടി വര്‍ഷാവര്‍ഷം പല സ്ഥലങ്ങളിലും വഅള് സംഘടിപ്പിക്കും. ഈ പരിപാടി കഴിയുമ്പോഴേക്കും ഒരു വര്‍ഷത്തെ ചെലവിനുള്ള വരുമാനം ഉണ്ടാകും. പട്ടിക്കാട് ജാമിഅ നൂരിയ്യയയുടെ ക്യാമ്പസില്‍ നടന്ന മതപ്രഭാഷണ പരമ്പര ഇന്നും മനസില്‍ മായാതെ നില്‍ക്കുന്നു.
❓ ഇപ്പോഴും തിരക്കായിരിക്കും
= ഹെയ്. പ്രായം എണ്‍പത് കഴിഞ്ഞില്ലേ? വിശ്രമത്തിലാണിപ്പോള്‍. ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പോകാറുണ്ട്. ഈ കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചു. മൂന്നുദിവസം അവിടെത്തന്നെയായിരുന്നു. ആത്മീയ സദസില്‍ എന്നോട് എ.പി. പ്രസംഗിക്കാന്‍ പറഞ്ഞതുകൊണ്ട് പ്രസംഗിച്ചു.
❓ ഇനി അല്‍പം റമളാന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. എങ്ങനെയായിരുന്നു കുട്ടിക്കാലത്തെ റമളാന്‍ രീതികള്‍.
= കുട്ടിക്കാലത്തെ റമളാന്‍ നല്ല അരങ്ങായിരുന്നു. ഇടയത്താഴത്തിനു എണീക്കും. ചിലപ്പോള്‍ വിളിക്കില്ല. വിളിച്ചില്ലെങ്കില്‍ നേരം പുലര്‍ന്നാല്‍ കരയാന്‍ തുടങ്ങും.
നോമ്പ് പിടിച്ചാല്‍ തുറക്കുന്ന സമയത്ത് നമുക്കുള്ള ഓഹരി കിട്ടും. നോമ്പുകാരനായാല്‍ നല്ല പരിഗണനയുണ്ട്. സ്വാദിഷ്ടമായ വിഭവങ്ങളാണ് ഉണ്ടാകുന്നത്.
ചില ദിവസങ്ങളിലെ നോമ്പിന് രാവിലെ തന്നെ ക്ഷീണം വരും. അസഹ്യമായ ക്ഷീണം ഉണ്ടായാൽ കുളത്തില്‍ നിന്ന് ആരും കാണാതെ കുനിഞ്ഞ് നിന്ന് മുഖം താഴ്ത്തി വെള്ളം കുടിക്കും. ഉമ്മാന്റെ വാപ്പാന്റെ വീട്ടിലാണല്ലോ താമസം. വല്യുപ്പാന്റെ കുടിയാന്മാര്‍ വരുമ്പോള്‍ കൊണ്ടുവരുന്ന കോഴിയിറച്ചിയും മറ്റു ഭോജന പലഹാരങ്ങളും നല്ലപോലെ കിട്ടണമെങ്കില്‍ നോമ്പ് നോക്കണം. അതൊക്കെ രസകരമായ അനുഭവങ്ങളാണ്.
❓ എങ്ങനെയായിരുന്നു നോമ്പുതുറ
= അതൊന്നും നമ്മുടെ നാട്ടിലില്ല. മലബാറിലാണ്. വഅളിന് പോകാന്‍ തുടങ്ങിയപ്പോള്‍ ഓരോ വീട്ടിലും നോമ്പ് തുറക്കാന്‍ ക്ഷണമുണ്ടാകും. വിഭവസമൃദ്ധമായിരിക്കും തീൻ മേശ. റമളാനായാൽ ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുന്ന പതിവുണ്ടായിരുന്നു.
❓ റമളാന്‍ പ്രഭാഷണങ്ങള്‍ നടന്നിരുന്നോ
= പത്തുവര്‍ഷം മുമ്പുവരെ റമളാന്‍ ഒന്നുമുതല്‍ ഇരുപത്തിയൊമ്പത് വരെ വഅള് പ്രഭാഷണങ്ങള്‍ ഉണ്ടാകും. വഅള് കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ പെരുന്നാളിന് പത്തിരി ഉണ്ടാക്കുന്ന കാഴ്ചയായിരിക്കും കാണുന്നത്. മലബാര്‍ ഭാഗങ്ങളിലാണ് കൂടുതലായും റമളാന്‍ പ്രഭാഷണങ്ങള്‍ നടക്കുന്നത്....

No comments: