✍️ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ
ഉള്ളും പുറവും ഒരു പോലെ ലങ്കുന്ന വ്യക്തിപ്രഭാവം എന്നാണ് ഉസ്താദിനെ അറിയുന്നവർക്കെല്ലാം പറയാനുള്ളത്.നർമ്മവും ഉദാഹരണങ്ങളും ചാലിച്ച് ഏത് വിഷയത്തെയും അയത്ന ലളിതമായി മനസ്സിലാക്കി തരുന്നതിൽ ഉസ്താദിന്റെ ക്ലാസുകൾ മുൻപന്തിയിലായിരുന്നു.ആദർശ വിഷയങ്ങളിലേക്ക് വിഷയം ചെന്നെത്തുമ്പോൾ മുകത്തെ ഭാവം മാറി ആകെ ചുവന്നു തുടുക്കുന്നത് കാണാമായിരുന്നു.മർകസും ശൈഖുനായും കടന്നു വരുമ്പോൾ ആ കണ്ഠമിടറുന്നത് പലപ്പോഴും അനുഭവിച്ചിട്ടുണ്ട്.ക്ലാസുകൾ കഴിഞ്ഞാൽ പിന്നെ റൂമിൽ സ്വലാത്തുകളും ദിക്റുകളുമായി കഴിച്ചു കൂട്ടുന്നതായിരുന്നു പതിവ്. ഉറങ്ങുന്ന സമയം അല്ലാതെ മറ്റു ഒഴിവു സമയങ്ങളെല്ലാം ആ അധരങ്ങൾ ദിക്റുകളാൽ സജീവമാവുന്നതു കാണാം.വിദ്യാർത്ഥികൾക്ക് മാത്രമല്ല മർകസിലെ ജീവനക്കാർക്കും നാട്ടുകാർക്കും വലിയ ഒരു ആശ്രയമായിരുന്നു ഉസ്താദ്.വല്ല പ്രയാസവും വന്നാൽ ആ റൂമിലേക്ക് കടന്നു ചെന്നു പറഞ്ഞാൽ കുറേ നേരം മന്ത്രിച്ചു തരും. സാമ്പത്തികമായ പ്രയാസങ്ങളാണെങ്കിൽ പലപ്പോഴും പള്ളിയിൽ വന്ന് മുതഅല്ലിമീങ്ങളിൽ നിന്നും കഴിയാവുന്നത്ര പിരിവെടുത്ത് ആഗതർക്ക് നൽകുന്നത് ഉസ്താദിന്റെ സവിശേഷ സ്വഭാവമായിരുന്നു.കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഒരു വിഹിതം റൂമിന്റെ ഓരം പറ്റി നിൽക്കുന്ന പൂച്ചകൾക്കു നൽകാൻ ഉസ്താദ് മറക്കാറില്ല.നാട്ടിലോ മറ്റോ പോകുമ്പോൾ അവകള പ്രത്യേകം നോക്കണമെന്ന് പറഞ്ഞ് ഏൽപ്പിച്ചിട്ടേ പോകാറുണ്ടായിരുന്നുള്ളൂ..തികഞ്ഞ ഒരു സൂഫിയായി ജീവിതം മുന്നോട്ടു നീക്കിയ ഉസ്താദ് സി.എം വലിയ്യുള്ളാഹി,വടകര മുഹമ്മദാജി തങ്ങൾ,ചാപ്പനങ്ങാടി ബാപ്പു ഉസ്താദ്,താജുൽ ഉലമ തുടങ്ങി നിരവധി മഹത്തുക്കളിൽ നിന്ന് ധാരാളം ഇജാസത്തുകൾ സ്വീകരിക്കുകയും ജീവിതത്തിൽ പുലർത്തി പോരുകയും ചെയ്തു.അവസാനമായി കഴിഞ്ഞ മാസം നടന്ന മർകസ് സമ്മേളന ദിവസം കണ്ട് ദുആ ചെയ്യിപ്പിച്ചു.
കാണുമ്പോഴൊക്കെയും തജ് വീദിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികൾക്കും പൊതുജനത്തിനും പഠിപ്പിക്കുന്നതിന്റെ അനിവാര്യതയെ കുറിച്ചും അല്പം ഗൗരവത്തിൽ തന്നെ ഉണർത്താറുണ്ട്.വെള്ളിയാഴ്ച രാവുകളിൽ റുമുകളിൽ ബദർ മൗലിദ് നടക്കണെന്ന് ഉസ്താദ് എപ്പോഴും നിർദേശിക്കുകയും ആർക്കും സാമ്പത്തികമായി ബാധ്യത വരാത്ത രൂപത്തിലുള്ള ചീരണികൾ സംവിധാനിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്യുമായിരുന്നു.ബദ്രീങ്ങളുടെ പേരുകൾ ചൊല്ലുമ്പോൾ ഓരോ പേരിനും സയ്യിദുനാ എന്നും റളിയള്ളാഹു അൻഹു എന്നും ചൊല്ലിയില്ലെങ്കിൽ ശക്തമായി തന്നെ ശകാരിക്കുമായിരുന്നു.ബദ്രീങ്ങളെ അത്രമേൽ ഇഷ്ടപ്പെട്ട,ജീവിതത്തിൽ ഏത് പ്രശ്നത്തിനും ബദർ മൗലിദ് നിർദേശിച്ചിരുന്ന ഉസ്താദ് വിശുദ്ധ റമളാനിൽ ബദരീങ്ങളുടെ ദിനത്തിൽ വെള്ളിയാഴ്ച രാവിൽ സുബ്ഹിയോടടുത്ത് വഫാത്തായത് ആ ജീവിത സുകൃതം തന്നെയാണെന്ന് മനസ്സിലാക്കാം.മുഖത്തെ വഴിഞ്ഞൊഴുകുന്ന സൗന്ദര്യവും വിടർന്ന പുഞ്ചിരിയും പോലെ തന്നെ അവിടുത്തെ മനസ്സും സ്ഫടികസമാനമായിരുന്നുവെന്ന് അടുത്തറിഞ്ഞവർക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ.....
അല്ലാഹു അവിടുത്തെ ദറജ ഉയർത്തട്ടെ,അവരോടു കൂടെ നമ്മെയും ജന്നാത്തുന്നഈമിൽ ഒരുമിച്ചു കൂട്ടട്ടെ,
റമളാൻ സാക്ഷി നിൽക്കുന്ന വിജയികളിൽ പെടുത്തി അനുഗ്രഹിക്കട്ടെ
ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ
No comments:
Post a Comment