അസദിൽ ഇലാഹി വസയ്യിദി ശുഹദാഈ....
സയ്യിദുനാ ഹംസതുൽ കർറാർ(റ);
രക്ത സാക്ഷികളുടെ നേതാവ്. മുത്ത് നബി(സ്വ)യുടെ പിതൃസഹോദരൻ. ബദ്റിലും ഉഹ്ദിലും ധീരതയുടെ പര്യായമായി ജ്വലിച്ചവർ. ഉഹ്ദ് രണാങ്കണത്തിൽ ശത്രുക്കള്‍ വികൃതമാക്കിയ ഹംസ(റ)ന്റെ ശരീരം കണ്ടപ്പോള്‍ മുത്ത് നബി(സ)ക്ക് സങ്കടം അടക്കാനായില്ല. അന്നവിടുന്ന് കരഞ്ഞത്ര മറ്റൊരു നാളും കരയുന്നത് ഞങ്ങള്‍ കണ്ടിട്ടില്ലെന്നാണ് ഇബ്‌നു മസ്ഊദ്(റ) നിവേദനം ചെയ്തിട്ടുണ്ട്.
ഇസ്‌ലാമിക ചരിത്രത്തിലെ കണ്ണീരില്‍ കുതിര്‍ന്ന അധ്യായങ്ങളിലൊന്നായിരുന്നു ഉഹ്ദ് താഴ്‌വാരത്തിലെ ആ കാഴ്ച. മുത്ത് നബി(സ)യുടെ ഇരു നയനങ്ങളില്‍ നിന്നും ചുടു ബാഷ്പമൊഴുകിയ ആ രംഗം വിശ്വാസി സമൂഹത്തിന് എങ്ങനെ മറക്കാനാകും. തല പിളര്‍ക്കുന്ന അനുഭവമാണ് എനിക്കപ്പോഴുണ്ടായതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ കഅബുബ്‌നു മാലിക്(റ) ഹംസ (റ)നെ കുറിച്ചെഴുതിയ അനുശോചന കാവ്യത്തില്‍ വിശദീകരിക്കുന്നുണ്ട്.
പ്രവാചകര്‍(സ്വ)ക്ക് മുമ്പെ ജനിക്കുകയും അവിടുത്തെ പ്രബോധപ്രവര്‍ത്തനങ്ങള്‍ക്ക് തണലായി മാറുകയും ചെയ്ത് വിശ്വാസി മാനസങ്ങളിൽ ശാശ്വത സ്ഥാനം നേടിയ മഹദ് വ്യക്തിത്വമാണ് ഹംസ(റ)ന്റെത്. മുത്ത് നബി(സ)യും സ്വഹാബികളും ഉഹ്ദിലെത്തി മഹാനവര്‍കളുടെ ഖബറിടത്തില്‍ വെച്ച് പ്രാര്‍ത്ഥനകള്‍ നടത്താറുണ്ടായിരുന്നു. പ്രതിസന്ധികളില്‍ കരകാണാതലയുന്നവര്‍ക്ക് മരണാനന്തരവും
അഭയ കേന്ദ്രമാണ് ഹംസ(റ). ആഗ്രഹപൂര്‍ത്തീകരണത്തിന്റെ ഒട്ടനേകം അനുഭവ സാക്ഷ്യങ്ങള്‍ അതേ പ്രതി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
സയ്യിദുനാ യൂസുഫുന്നബ്ഹാനി(റ) കശ്ശാഫുൽ കുറബ് അഥവാ പ്രതിസന്ധി ഘട്ടങ്ങളിൽ മോചനം നൽകുന്നവർ എന്നാണല്ലോ ഹംസ(റ) നെ വിശേഷിപ്പിച്ചിട്ടുള്ളത്. ബാബു റസൂലില്ലാഹി, തിരുനബി(സ്വ)യെ സമീപിക്കാനുള്ള കവാടമായാണ് ആരിഫീങ്ങൾ ഹംസ(റ)നെ കണ്ടിരുന്നത്. ഉഹ്ദ് രണഭൂമിയിലെത്തുമ്പോൾ യാ സയ്യിദനാ ഹംസതൽ കർറാർ... എന്ന് ആവർത്തിച്ചാവർത്തിച്ച് വിളിച്ച് ദുആ ചെയ്യുക അവരുടെ പതിവായിരുന്നു.
പണ്ട് കാലത്ത് റമളാനിൽ ബദ്ർ ശുഹദാക്കളുടെ പേരിലുള്ള നേർച്ച നടക്കുന്നത് പോലെ ശവ്വാലിൽ ഉഹ്ദ് ശുഹദാക്കളുടെയും വിശിഷ്യാ രക്തസാക്ഷികളുടെ നേതാവ് ഹംസ(റ)ന്റെയും അനുസ്മരണ സദസ്സുകൾ മലബാറിൽ വ്യാപകമായിരുന്നു. എല്ലാ വീടുകളിലും "ഹംസത്തെന്നോരുടെ നേർച്ച" സംഘടിപ്പിക്കാറുണ്ടായിരുന്നു.
സഹോദരങ്ങളെ, ഉഹ്ദ് യുദ്ധം നടന്നതും സയ്യിദു ശുഹദാ സയ്യിദുനാ ഹംസതുൽ കർറാർ(റ) ഉൾപ്പെടെ എഴുപത് സ്വഹാബികൾ രക്തസാക്ഷിത്വം വരിച്ചതും ഹിജ്റ മൂന്നാം വർഷം ശവ്വാൽ മാസത്തിലായിരുന്നുവല്ലോ. ഉഹ്ദ് ശുഹദാക്കളെ നാം പ്രത്യേകം അനുസ്മരിക്കേണ്ട അവസരമാണിത്. ഇൻഷാ അല്ലാഹ്, ബദ്റുദ്ദുജാ ഇസ്‌ലാമിക് സെന്ററിന് കീഴിൽ നാളെ, (2023/05/17
ബുധൻ) 11AMന് സയ്യിദു ശുഹദാ ഹംസതുൽ കർറാർ(റ)ന്റെ ആണ്ട് നേർച്ച നടക്കുകയാണ്. എല്ലാവരെയും മഹത്തായ ആ പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്.
അല്ലാഹു മഹാന്മാരായ ഉഹ്ദീങ്ങളുടെ ബറകത് കൊണ്ട് സർവ്വ പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ഇരു ലോകത്തും ഉഹ്ദീങ്ങളുടെ കാവലിലായി കഴിയാൻ നമുക്ക് ഭാഗ്യം ലഭിക്കട്ടെ....
✍️സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി
No comments:
Post a Comment