Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, May 29, 2023

ഇറാഖ് യാത്രാനുഭവം || Travel to Iraq Malayalam

✍️ സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി 
ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. സമയം വൈകിയിട്ടുണ്ട്. അൽ അർശ് റസ്റ്റോറന്റിൽ തന്നെയാണ് ഭക്ഷണം സംവിധാനിച്ചിട്ടുളളത്. കാള്വിമിയ്യയിലാണത്. പക്ഷെ, അതിനു മുമ്പ് പ്രധാനപ്പെട്ട ഒരിടം സന്ദർശിക്കാനുണ്ട്. ആത്മീയ പരമ്പരയിലെ താരകങ്ങളായ ശൈഖ് സിരിയ്യുസിഖ്തിയുടെയും ഹസ്റത് ജുനൈദുൽ ബഗ്ദാദിയുടെയും സ്മാരകം. ശൈഖ് മഅ്റൂഫുൽ കർഖിയുടെ പ്രിയ ശിഷ്യനും ശിഷ്യന്റെ ശിഷ്യനുമാണവർ. അരമണിക്കൂർ നേരം സഞ്ചരിക്കണം. വിശപ്പിന്റെ വിളി ശക്തമായി വരുന്നുണ്ട്. അവഗണിക്കുകയേ മാർഗമുള്ളൂ. സമയത്തിന് ലക്ഷ്യ സ്ഥാനത്ത് എത്തിയില്ലെങ്കിൽ ഉദ്ദേശിച്ച പോലെ ഒന്നും നിർവ്വഹിക്കാനാകില്ല. 

മുമ്പുള്ളൊരു യാത്രയിൽ അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ഇമാം അബൂഹനീഫ(റ)ന്റെ മഖാമിലാണ് സംഭവം. ഞങ്ങളുടെ യാത്രാസംഘം എത്തിയപ്പോഴേക്കും അവിടം അടച്ചിരുന്നു. എങ്ങനെയങ്കിലുമൊന്ന് തുറന്നു കിട്ടാനായി അടുത്ത ശ്രമം. സേവകർ സമ്മതിക്കുന്നേയില്ല. ഞങ്ങൾ പലതവണ യാചനാ സ്വരത്തിൽ ചോദിച്ചു നോക്കി. രക്ഷയുണ്ടായില്ല. ഒടുവിൽ ഞങ്ങളുടെ സങ്കടം കണ്ടിട്ടാകണം അവർ മഖാം തുറന്നു നൽകി. അൽപ നേരത്തേക്കാണ് അനുവാദം. അതും ഒന്ന് സലാം പറയാനും ഏതാനും നിമിഷങ്ങൾ ചെലവഴിവഴിക്കാനും മാത്രം!. 
ആ അനുഭവം സഹയാത്രികരോട് പങ്കുവെച്ചു. കാതങ്ങളെത്ര താണ്ടിയിട്ടുണ്ട് ബഗ്ദാദിന്റെ മണ്ണിൽ കാല്കുത്താൻ. ഇവിടം വരെ വന്നിട്ട് ശൈഖ് സിരിയ്യുസിഖ്തിയുടെയും ഹസ്റത് ജുനൈദുൽ ബഗ്ദാദിയുടെയും സവിധം കാണാൻ അവസരമുണ്ടായില്ലെങ്കിലോ. എല്ലാവരും നാട്ടിൽ നിന്ന് കൊണ്ടു വന്ന ലഘു ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ച് വിശപ്പിന് താത്കാലിക പരിഹാരം കണ്ടു. 

ബസ് അൽപം മുന്നോട്ടു നീങ്ങിയതേയുള്ളൂ. അതാ പോലീസ് കൈ കാണിക്കുന്നു. ട്രാഫിക് പോലീസാണ്. എല്ലാവരുടെയും പാസ്പോർട്ട് ആവശ്യപ്പെട്ടു. ഒറ്റനോട്ടത്തിൽ എല്ലാം പരിശോധിച്ച് തിരിച്ചു നൽകി. ഞങ്ങൾ യാത്ര തുടർന്നു. നിരത്തിന് ഇരുവശത്തും ട്രൈൻ ബോഗികൾ. കത്തിച്ചാമ്പലായിട്ടുണ്ട്. ബോംബ് വീണ് കരിനിറമായതാണ്. രണ്ടോ മൂന്നോ ട്രൈനുകൾ കാണും. ഏറെ നേരം പകർത്താനുള്ള കാഴ്ച. പലരും കൗതുകപൂർവ്വം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നു. 

മുഖ്യപാതയിൽ നിന്ന് അൽപം നടക്കാനുണ്ട് ഇരുവരുടെയും ദർഗയിലേക്ക്. ബസിന് പോകാൻ സാധിക്കാത്ത വിധമുള്ള ചെറിയ റോഡാണ്. ഞങ്ങൾ നടത്തമാരംഭിച്ചതും കുട്ടികൾ പിന്നാലെ കൂടാൻ തുടങ്ങി. അൽപം കഴിഞ്ഞപ്പോൾ സ്ത്രീകളും എത്തിത്തുടങ്ങി. യാചകരല്ല. സഞ്ചാരികളെ കണ്ട് വല്ലതും ലഭിച്ചെങ്കിലോ എന്ന ചിന്തയിൽ പരിസര വീടുകളിൽ നിന്നിറങ്ങി വന്നവരാണ്. പുരുഷന്മാരെ അധികമൊന്നും കണ്ടില്ല. ഒരുപക്ഷേ, അമേരിക്കൻ അധിനിവേശത്തിൽ ജീവഹാനി സംഭവിച്ച ഇറാഖികളുടെ വിധവകളും കുട്ടികളുമാകാം. അവരുടെ ദുരിതങ്ങൾ ചിത്രീകരിക്കുന്ന പല ഡോക്യുമെന്ററികളുമുണ്ട്. ഉള്ളുരുകുന്ന കഥകൾ പറയുന്നവ. അവയിൽ പ്രത്യക്ഷപ്പെട്ട മുഖങ്ങൾ മുന്നിലെത്തിയ പ്രതീതി. 

ഗുരുവായ മഅ്റൂഫുൽ കർഖിയുടെ ആശീർവാദവും പ്രാർത്ഥനയുമാണ് ശൈഖ് സിരിയ്യു സിഖ്തി(റ)യുടെ വിജയ നിദാനം. കച്ചവടമായിരുന്നു ഉപജീവന മാർഗം. കടയിലിരിക്കവെ, ഒരു പെൺകുട്ടിയുടെ കരച്ചിൽ കേൾക്കുന്നു. ഉടമയുടെ പാത്രം കയ്യിൽ നിന്ന് വീണുടഞ്ഞതിന്റെ ഭീതിയാണവൾക്ക്. ശൈഖ് സിഖ്തിയുടെ മനസ്സലിഞ്ഞു. പുതിയ പാത്രത്തിന് ആവശ്യമായ തുക നൽകി അവളെ ആശ്വസിപ്പിച്ചു. അതുവഴി വന്ന ഗുരുവിന്റെ കണ്ണിൽ പതിഞ്ഞത് ഈ രംഗമാണ്. താമസം വിനാ ശിഷ്യന് ഭൗതിക വിരക്തി ലഭിക്കാൻ ഗുരു ആത്മാർത്ഥമായി തേടി. പടച്ചവൻ ആ തേട്ടം സ്വീകരിച്ചു. അന്നുതന്നെ ശിഷ്യനിൽ മാനസാന്തരമുണ്ടായി. മറ്റൊരിക്കൽ, പെരുന്നാൾ സുദിനത്തിൽ ശൈഖ് ഒരു അനാഥ ബാലനുമായി ശിഷ്യന്റെ അടുത്തെത്തി. ഇത്തവണ ശിഷ്യൻ സമ്മാനിച്ചത് പുത്തനുടുപ്പായിരുന്നു. വീണ്ടും ഗുരുവദനങ്ങളിൽ പ്രാർത്ഥനാ മന്ത്രങ്ങൾ വിരിഞ്ഞു. ശൈഖ് സിഖ്തിക്ക് വളർച്ചയുടെ നാളുകളായിരുന്നു പിന്നീട്. 

ഹൃദ്യമായിരുന്നു ശൈഖ് സിരിയ്യു സിഖ്തിയുടെ സാരോപദേശങ്ങൾ. ഏത് കഠിന ഹൃദയത്തേയും അത് മൃദുവാക്കി. ഒരു പ്രഭാഷണ വേദി. രാജനിർദേശ പ്രകാരം ആഭിജാത്യം നിറഞ്ഞ വേഷഭൂഷാധികളുമായി മന്ത്രി സദസ്സിൽ ഉപവിഷ്ഠനായി. അഹ്മദ് ബ്ൻ യസീദ് എന്നാണ് പേര്. "അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ദുർബലനാണ് മനുഷ്യൻ. പക്ഷെ, അവനോളം പാപം ചെയ്യാൻ ധാർഷ്ട്യം കാണിക്കുന്ന മറ്റൊരു സൃഷ്ടിയുമില്ല. എത്ര ദുഖകരമാണത്". മന്ത്രിയെ കണ്ടതും ശൈഖ് ഇപ്രകാരം പറഞ്ഞു. അദ്ദേഹത്തെ അത് തെല്ലൊന്നുമല്ല സ്വാധീനിച്ചത്. മന്ത്രി അതിവേഗം വീട്ടിലെത്തി. ചിന്താനിമഗ്നനായ അദ്ദേഹത്തിന് രാത്രി ഭക്ഷണം കഴിക്കാൻ പോലും സാധിച്ചില്ല. അതിരാവിലെ, മന്ത്രി ദരിദ്രരുടെ വസ്ത്രമണിഞ്ഞ് ശൈഖിനെ സമീപിച്ചു.

"ഇന്നലത്തെ നിങ്ങളുടെ സംസാരം എന്നിൽ വലിയ മാറ്റങ്ങൾ വരുത്തി. 
എനിക്ക് പടച്ചവനിലേക്ക് അടുക്കാനുള്ള മാർഗങ്ങൾ പറഞ്ഞു തരണം". "നിർബന്ധ നിസ്കാരങ്ങൾ സംഘടിതമായി നിർവ്വഹിക്കുകയും സകാത് നൽകുകയും ശരീഅ നിയമങ്ങൾ കൃത്യമായി അനുധാവനം ചെയ്യുകയുമാണ് അതിനുള്ള സാധാരണ രീതി. ഉത്കൃഷ്ടമായ രൂപം ഭൗതിക ലോകത്തോടുള്ള ബന്ധം വിഛേദിച്ച് സദാ സമയവും ആരാധനയിൽ മുഴുകുകയും അല്ലാഹുവിന്റെ പ്രീതിയല്ലാതെ മറ്റൊന്നും ആഗ്രഹിക്കുകയും ചെയ്യുകയെന്നതാണ്". അഹ്മദ് ബ്ൻ യസീദിന് പിന്നെ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. മന്ത്രിപദം ഉപേക്ഷിച്ച് അദ്ദേഹം വനാന്തരങ്ങൾ ലക്ഷ്യമാക്കി നടന്നു. 
ഏതാനും ദിവസങ്ങൾ കഴിഞ്ഞ് മകന്റെ വിരഹത്തിൽ കരഞ്ഞു കലങ്ങി മന്ത്രി മാതാവ് ശൈഖ് സിഖ്തിയുടെ അടുത്തെത്തി. എന്റെ ഏക മകനാണവൻ. അവൻ എവിടേക്കാണ് പോയതെന്നറിയില്ല. ഗദ്ഗദത്തോടെ അവർ പറഞ്ഞു.

"നിങ്ങളുടെ മകൻ വേഗം തിരിച്ചെത്തും. അപ്പോൾ ഞാൻ നിങ്ങളെ വിവരമറിയിക്കാം". പറഞ്ഞത് പോലെ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് അദ്ദേഹം തിരിച്ചെത്തി. മാതാവ് മകനെ കൺനിറയെ കണ്ടു. വീണ്ടും കാട്ടിലേക്ക്. അടുത്ത ആഗമനം. ശൈഖ് മുരീദിനെ ചേർത്തു പിടിച്ചു. മുരീദ് ശൈഖിനെയും. അവസാന ആശ്ലേഷം. പരീക്ഷിക്കാൻ വന്ന്, പടച്ചവനെ അറിഞ്ഞ് ഒടുവിൽ
ആ മുരീദ് ശൈഖിന്റെ തൃക്കൈകളിൽ കിടന്ന് അനന്ത ലോകത്തേക്ക് യാത്രയായി.
(ഇറാഖ് യാത്രാനുഭവം - 14, സിറാജ് പ്രതിവാരം)

No comments: