ശൈഖ് അബ്ദുറഹ്മാന്‍ ഫള്ഫരി
എന്ന കുട്ടി മുസ്‌ലിയാര്‍; സർവ്വരും ആദരവോടെ വീക്ഷിക്കുന്ന പണ്ഡിത ശ്രേഷ്ടർ. വെല്ലൂർ ബാഖിയാത് പ്രിൻസിപ്പൾ, പ്രഗത്ഭ പണ്ഡിതരുടെ ഗുരുവര്യർ, സ്വൂഫീവര്യൻ തുടങ്ങി ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ് അവിടുത്തെ ജീവിതം.
ആത്മീയ ലോകത്തെ പ്രോജ്ജ്വലിക്കുന്ന താരകം കൂരിയാട് തേനു മുസ്‌ലിയാർ തന്റെ അവസാനകാലഘട്ടത്തിൽ സ്വഹീഹുൽ ബുഖാരി ഓതിപ്പഠിക്കാൻ സമീപിച്ചത് കുട്ടി മുസ്‌ലിയാരെ ആയിരുന്നു. തിരുനബി(സ്വ) സ്വപ്നദർശനത്തിലൂടെ നൽകിയ നിർദേശപ്രകാരമാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു അതേകുറിച്ച് തേനു മുസ്‌ലിയാർ അനുഭവം പങ്കുവെച്ചത്.
വിശ്രുതമായ ഫള്ഫരി പണ്ഡിത കുടുംബത്തിൽ മലപ്പുറം ജില്ലയിലെ പള്ളിപ്പുറം പടിഞ്ഞാറ്റുമുറിയില്‍
കാപ്പാട് മുഹമ്മദ് മുസ്‌ലിയാരുടെ മകനായി ഹിജ്‌റ 1335ലാണ്
കുട്ടി മുസ്‌ലിയാർ ജനിച്ചത്.
പ്രഥമ ഗുരുനാഥൻ പിതാവ് തന്നെ. തുടർന്ന് മഞ്ചേരി ഓവുങ്ങല്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ദർസിൽ ചേർന്നു. ബാഖിയാതിലായിരുന്നു ഉപരിപഠനം. അവിടെ വെച്ച് സിയാഉദ്ദീന്‍ ഹസ്‌റത്ത്, ശൈഖ് ആദം ഹസ്‌റത്ത്, അബ്ദുറഹീം ഹസ്‌റത്ത്, അബ്ദുല്‍ അലി ഹസ്‌റത്ത്, അബ്ദുസമദ് ഹസ്‌റത്ത് തുടങ്ങിയവ മഹാരഥന്മാരുടെ ശിഷ്യത്വം സമ്പാദിക്കാൻ ഭാഗ്യം ലഭിച്ചു. ശംസുല്‍ ഉലമാ ഇ.കെ ഉസ്താദ് ബാഖിയാത്തിലെ പ്രധാന സഹപാഠിയാണ്.
കാനാഞ്ചേരിയിലാണ് കുട്ടി മുസ്‌ലിയാർ അധ്യാപനജീവിതത്തിന് തുടക്കം കുറിച്ചത്. ശേഷം പന്ത്രണ്ട് വർഷം ചെമ്മങ്കടവ് ദർസ് നടത്തി. കരുവന്‍തിരുത്തി, മേല്‍മുറി പൊടിയാട് എന്നിവിടങ്ങളിലും മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1967 മുതൽ 1974വരെയാണ് അവിടുത്തെ ബാഖിയാത് അധ്യാപന കാലം.
നിരവധി കറാമതുകൾക്ക് ഉടമയാണ് കുട്ടി മുസ്‌ലിയാർ. പാനൂര്‍ പൂക്കോയതങ്ങള്‍, ഏഴിമല സയ്യിദ് ഇബ്രാഹീം മുസ്‌ലിയാര്‍, കെ.കെ അബ്ദുള്ള മുസ്‌ലിയാര്‍, ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, പെരിമ്പലം ബാപ്പുട്ടി മുസ്‌ലിയാര്‍, കൂരിയാട് തേനു മുസ്‌ലിയാര്‍, അലനല്ലൂര്‍ അബ്ദുള്ള മുസ്‌ലിയാര്‍, അബ്ദുസ്വമദ് മുസ്‌ലിയാർ ബൈതാനി, കുമരംപുത്തൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സഈദലി ഹസ്‌റത്ത് തുടങ്ങി ധാരാളം ശിഷ്യഗണങ്ങളെ സമൂഹത്തിന് സമർപ്പിക്കാൻ അവിടുത്തേക്ക് സാധിച്ചിട്ടുണ്ട്.
1394 ജമാദുല്‍ ആഖിർ 14/1974 ജൂലൈ 5നായിരുന്നു ബഹുമാനപ്പെട്ട കുട്ടി മുസ്‌ലിയാർ ഈ ലോകത്തോട് വിടപറഞ്ഞത്. സഹോദരങ്ങളെ അവിടുത്തെ ആണ്ടിന്റെ അവസരമാണിത്. എല്ലാവരും അവിടുത്തെ സന്നിധിയിലേക്ക് ഒരു ഫാതിഹയെങ്കിലും ഓതി ഹദ്‌യ ചെയ്യുമല്ലോ. അല്ലാഹു അവിടുത്തെ ദറജ വർധിപ്പിക്കട്ടെ..
No comments:
Post a Comment