Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 11, 2023

സയ്യിദ് അഹ്മദ് സൈനുദ്ധീൻ അൽ മൂസാവാ അൽ ഹൈദറൂസി (ന:മ)

✍️ സയ്യിദ് ശിഹാബുദ്ദീൻ സഖാഫി കടലുണ്ടി 
ഈ ഫോട്ടോയിൽ കാണുന്ന മഹദ് വ്യക്തി ആരാണെന്നറിയുമോ?. സമസ്ത സ്ഥാപക കാല നേതാവായിരുന്ന ശൈഖുനാ ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തിയുടെയും വലിയ്യുല്ലാഹി കുറ്റൂർ കമ്മുണ്ണി മുസ്‌ലിയാരുടെയും പ്രിയ ശിഷ്യൻ.  
ആത്മീയ ലോകത്തെ താരകം. ചാലിയം ഇമ്പിച്ചിക്കോയ തങ്ങൾ എന്നറിയപ്പെട്ടിരുന്ന
സയ്യിദ് അഹ്മദ് സൈനുദ്ധീൻ അൽ മുസാവാ അൽ ഐദറൂസി(ഖ.സി). 

ബാഅലവി ത്വരീഖതിൽ തന്റെ ഖലീഫയായ അല്ലാമാ ശാലിയാത്തി അവരോധിച്ചത് തങ്ങളവർകളെയായിരുന്നു. അവിടുത്തെ മഹത്വം മനസിലാക്കി മലേഷ്യയടക്കമുള്ള വിവിധ വിദേശ രാഷ്ട്രങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാന്നങ്ങളിൽ നിന്നും നിരവധി പേരാണ് ചാലിയത്തെ വസതിയിലെത്തിയിരുന്നത്. അവരിലേറെയും പണ്ഡിതന്മാരായിരുന്നു എന്നത് തങ്ങളവർകളുടെ മഹത്വം വർധിപ്പിക്കുന്നു.

ഇക്കാക്കമാരായ സയ്യിദ് ഉമറുൽ ഫാറൂഖ് ബുഖാരി തങ്ങളുടെയും ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങളുടെയും ആത്മീയ വഴികാട്ടിയാണ് ഇമ്പിച്ചിക്കോയ തങ്ങൾ. ഇക്കാക്ക സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ എപ്പോഴും ഇമ്പിച്ചിക്കോയ തങ്ങളെ പ്രശംസിക്കുക പതിവായിരുന്നു. 
വെല്ലൂർ ബാഖിയാത്തിലെ പല ഉസ്താദുമാരും ഇമ്പിച്ചിക്കോയ തങ്ങളവർകളുടെ ആത്മീയ ശിഷ്യത്വം സ്വീകരിച്ചവരായിരുന്നു.  

ഇക്കാര്യം മനസിലാക്കിയാണ് സയ്യിദ് ഉമറുൽ ഫാറൂഖ് ബുഖാരി(ന.മ) തങ്ങൾ ആ സന്നിധിയിലെത്തുന്നത്. 'ഞാൻ ഒരു ശൈഖിനെ അന്വേഷിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. നിരവധി മഹാന്മാരെ ഞാൻ ആ ഉദ്ധേശത്തോടെ സന്ദർശിച്ചു. എന്നാൽ അവരിൽ എനിക്ക് ശ്രേഷ്ഠതയുള്ളവരായി അനുഭവപ്പെട്ടത് ഇമ്പിച്ചിക്കോയ തങ്ങളവർകളെയാണ്. തെളിഞ്ഞ, സ്ഫുടമായ ഒരു നിറകടലായിരുന്നു തങ്ങളവർകൾ. കാമിലും മുകമ്മിലുമാണവർ' എന്ന് ഇക്കാക്ക അനുസ്മരിച്ചത് ഓർക്കുകയാണ്. 

അല്ലാമാ ശാലിയാത്തി ചാലിയം ഇമ്പിച്ചിക്കോയ തങ്ങളെയാണ് ബാ അലവി ത്വരീഖതിന്റെ നിയോഗിച്ചതെങ്കിൽ ഇമ്പിച്ചിക്കോയ തങ്ങൾ ഇക്കാക്ക സയ്യിദ് ഉമറുൽ ഫാറൂഖ് ബുഖാരി തങ്ങളെയാണ് തന്റെ പിൻഗാമിയായി നിയമിച്ചത്. പ്രസിദ്ധി തീരെ ഇഷ്ടപ്പെടാത്തവരായിരുന്നു ഇമ്പിച്ചിക്കോയ തങ്ങൾ. പൊതുപരിപാടികളിൽ പങ്കെടുക്കാറില്ലായിരുന്നു. "ആള് കൂടൂലേ" എന്നായിരുന്നു അതേ കുറിച്ച് ഇക്കാക്കയോട് ചോദിച്ചത്. ദിനേന ധാരാളം വിർദുകൾ പാരായണം ചെയ്യാറുണ്ടായിരുന്നു. സന്ദർശകർക്ക് അവ ചൊല്ലിയാണ് മന്ത്രിച്ചു നൽകിയിരുന്നത്. മുഖലക്ഷണം മനസിലാക്കി കാര്യങ്ങൾ പറയുമായിരുന്നു. 

"മഹാന്മാർ എന്നെ ഏൽപ്പിച്ച ഒരുപാട് ഇജാസതുകളുണ്ട്. ആർക്ക് ഞാനത് നൽകും?. വരുന്നവരെല്ലാം അവയൊന്നും കൊണ്ടു നടക്കുന്നവരല്ലല്ലോ. അവരെ അത് ഏൽപ്പിച്ചിട്ടെന്തു കാര്യം?". ഒരിക്കൽ ഇക്കാക്ക ഖലീൽ തങ്ങൾ സന്ദർശിച്ച അവസരത്തിൽ തേങ്ങിക്കരഞ്ഞ് ഇങ്ങനെ പറയുകയുണ്ടായി. ശേഷം "നിങ്ങൾക്കിതാ ഞാൻ ഇജാസത് നൽകുന്നു" എന്ന് പറഞ്ഞ് ഇജാസതുകൾ നൽകുകയും ചെയ്‌തു.

നിരവധി പണ്ഡിതന്മാരുടെ ആത്മീയ വഴികാട്ടിയാണ് ഇമ്പിച്ചിക്കോയ തങ്ങൾ. വിശിഷ്യാ മുത്വാലഅക്ക്(ഗ്രന്ഥങ്ങൾ റഫർ ചെയ്യുക) സമ്മതം തേടി പലരും അവിടുത്തെ സമീപിച്ചു. ദീർഘവീക്ഷണമുള്ള സംസാരത്തിനുടമയായിരുന്നു. നിരവധി രിയാളകൾ പൂർത്തീകരിക്കുകയും കറാമതുകൾ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹി. 1414/1994 ദുൽഖഅദ് 17 നാണ് വഫാത്. സഹോദരങ്ങളേ, അവിടുത്തെ ആണ്ടിന്റെ ദിവസമാണിന്ന്. എല്ലാവരും തങ്ങളവർകളുടെ ഹള്റതിലേക്ക് ഒരു ഫാതിഹയെങ്കിലും ഓതി ഹദ്‌യ ചെയ്യുമല്ലോ. അല്ലാഹു അവിടുത്തെ ദറജ വർധിപ്പിക്കട്ടെ....

No comments: