തിരുനബി(സ്വ) പറയുന്നു: ബാങ്ക് വിളിക്കുന്നതിലും സംഘടിത നിസ്കാരത്തിൽ പ്രഥമനിരയിൽ നിൽക്കുന്നതിലുമുള്ള മഹത്വം വിശ്വാസികൾ മനസിലാക്കുകയും, പ്രസ്തുത പുണ്യം ലഭിക്കാൻ നറുക്കിടുകയല്ലാതെ മറ്റുവഴികളില്ലെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്യുകയാണെങ്കിൽ നറുക്കിട്ടിട്ടെങ്കിലും അവരത് കരഗതമാക്കാൻ ശ്രമിക്കും (സ്വഹീഹുൽ ബുഖാരി).
ആദ്യകാലങ്ങളിൽ വിശ്വാസികൾ നിസ്കാരത്തിന് സ്വയം ഒരുങ്ങി വരികയായിരുന്നു പതിവ്. പിന്നീട് സമയം അറിയിക്കാനുള്ള വിവിധ മാർഗങ്ങൾ അവർ സ്വീകരിച്ചു.
ഹിജ്റ ഒന്നാം വർഷത്തിലാണ്
ബാങ്ക് വിളിക്കൽ നിർബന്ധമാക്കപ്പെടുന്നത്. ഉമർ(റ) ബാങ്ക് വിളിക്കുന്നതിന് ഒരാളെ നിയമിച്ചാലോ എന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്. അതേ തുടർന്ന് തിരുനബി(സ്വ) ബിലാലുബ്നു റബാഹ്(റ)നെ അതിന് ചുമതലപ്പെടുത്തുകയും ചെയ്തു.
ബാങ്കിന്റെ വചനങ്ങളെ സംബന്ധിച്ച് ആദ്യമായി സ്വപ്നദർശനം ഉണ്ടായത്
അബ്ദുല്ലാഹിബ്നു സൈദ്(റ)ന് ആയിരുന്നു. അദ്ദേഹമത് തിരുനബി(സ്വ)യുമായി പങ്കുവെക്കുകയും അവിടുന്ന് ആ വചനങ്ങൾ ബിലാൽ(റ)ന് പറഞ്ഞുകൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കേൾക്കാനിമ്പമുള്ള ശബ്ദത്തിന്റെ ഉടമയായിരുന്നു നീഗ്രോ വംശജനായ ബിലാൽ(റ). ബിലാൽ(റ)നെ ദീനിലെ സുപ്രധാനമായ ഒരു കർമ്മത്തിന്റെ കാർമികത്വം ഏൽപ്പിക്കുന്നതിലൂടെ വർണ്ണ വെറിക്കെതിരെ ഐതിഹാസികമായ ഒരു നീക്കം നടത്തുകയായിരുന്നു തിരുനബി(സ്വ).
ബാങ്ക് കൊടുക്കുന്നത് പാപങ്ങൾ പൊറുക്കപ്പെടാനും പരലോകത്ത് ഉന്നത സ്ഥാനം ലഭിക്കാനും കാരണമാകുമെന്ന് തിരുവചനങ്ങളിലുണ്ട്. തിരുനബി(സ്വ) തന്നെ മുഅദ്ദിനുകളുടെ പാപമോചനത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിച്ച സംഭവം ഉണ്ടായിട്ടുണ്ട്. മാത്രമല്ല, അത്യുച്ചത്തിൽ ബാങ്ക് കൊടുക്കാനും തിരുനബി(സ്വ) നിർദേശിച്ചിട്ടുണ്ട്.
അബൂസഈദിൽ ഖുദ്‌രി(റ) ഒരിക്കൽ
സഹചാരിയോട് ഇപ്രകാരം പറഞ്ഞു: "താങ്കള്‍ ആടുകളെയും ഗ്രാമപ്രദേശത്തെയും സ്നേഹിക്കുന്നതായി ഞാൻ കാണുന്നു. താങ്കള്‍ താങ്കളുടെ ആടുകളുടെ കൂട്ടത്തിൽ അല്ലെങ്കിൽ ഗ്രാമത്തിൽ ആയിരിക്കുകയും ചെയ്യുമ്പോൾ നിസ്കാര സമയമായാൽ താങ്കള്‍ ബാങ്ക് വിളിക്കുമ്പോൾ ശബ്ദം ഉയർത്തുക. നിശ്ചയം ബാങ്ക് വിളിക്കുന്നവന്റെ ശബ്ദം കേൾക്കുന്ന ജിന്ന്, മനുഷ്യന്‍, എന്നുവേണ്ട എല്ലാ വസ്തുക്കളും അവന് അനുകൂലമായി അന്ത്യദിനത്തിൽ സാക്ഷ്യം വഹിക്കുന്നതാണ്. അബൂസഈദ്(റ) പറഞ്ഞു : ഇത് ഞാന്‍ തിരുനബി(സ്വ)യിൽ നിന്ന് കേട്ടതാണ്. (സ്വഹീഹുൽ ബുഖാരി).
ബാങ്ക് കേൾക്കുന്നവർക്കും അതിനോട് പ്രതികരിക്കൽ പുണ്യകരമായ കർമ്മമാണ്. അതിന് പ്രത്യേക രൂപം തന്നെ പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ട്. മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് ബാങ്കിനോട് പ്രതികരിക്കുന്നവരാണ് വിശ്വാസികൾ. ശേഷം, ഹദീസിൽ പറഞ്ഞ പ്രകാരം സ്വലാത്ത് നിർവഹിക്കണമെന്നതും സുവിദിതമാണ്. ബാങ്ക് കേൾക്കുമ്പോൾ സംസാരിക്കരുതെന്നും അശുദ്ധ സ്ഥലങ്ങളിൽ വെച്ച് അതിനോട് പ്രതികരിക്കരുതെന്നും കൽപ്പനയുണ്ട്. ബാങ്കിനെ അവഗണിക്കുന്നവരുടെ അന്ത്യം ശുഭകരമാകില്ലെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
ലോകത്ത് മുഴുവനും സത്യദീനിന്റെ സന്ദേശം സദാസമയവും പ്രസരിപ്പിക്കുന്നതിൽ ബാങ്കിനും ഇഖാമതിനുമുള്ള പങ്ക് നിർണായകമാണ്. ഹിജ്റ ഒന്നാം വർഷം അത് നിയമമാക്കപ്പെട്ടത് മുതൽ നാളിതുവരെ അനുസ്യൂതം ബാങ്ക് വിളി തുടർന്നു കൊണ്ടേയിരിക്കുന്നു. വിശ്വാസികളുള്ള എല്ലായിടത്തും ബാങ്ക് വിളി നിർവിഘ്നം നടന്നു വരുന്നുണ്ട്. ശാശ്വത വിജയത്തിന്റെ, മാനവിക സമാധാനത്തിന്റെ വിളംബരമാണ് ഓരോ ബാങ്കുവിളികളിലൂടെയും നിരന്തരം അന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കുന്നത്
No comments:
Post a Comment