Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, September 12, 2023

ഇമാം അഹ്മദ് റിളാ ഖാൻ ബറേൽവി || Imam Ahmed Raza Khan Bareli || Sayyid Shihabudheen Bukhari Kadalundi

✍️ Sayyid Shihabudheen Bukhari Kadalundi 
മുസ്തഫ ജാനേ റഹ്മത്പെ 
ലാക്കോം സലാം..
ഈ പ്രവാചക പ്രകീർത്തന വരികൾ കേൾക്കാത്തവരുണ്ടാകില്ല. കേരളത്തിന് പുറത്ത് പള്ളികളിലും മൗലിദ് സദസ്സുകളിലുമെല്ലാം ആലപിക്കുന്ന വരികൾ. 

അഅലാ ഹസ്റത് അഹ്മദ് റളാഖാൻ ബറേൽവി(ഖ.സി) ആണ് മുസ്തഫ ജാനേ എന്ന് തുടങ്ങുന്ന ഈ പ്രവാചക പ്രകീർത്തന കാവ്യത്തിന്റെ രചയിതാവ്. തിരുനബി(സ്വ)യോടുള്ള
അടങ്ങാത്ത അനുരാഗത്താൽ നിർഭരമായിരുന്നു അവിടുത്തെ ജീവിതം. തിരുനബിയോടുള്ള വിധേയത്വം പ്രകടമാക്കുന്ന അബ്ദുല്‍ മുസ്ത്വഫ എന്ന സ്ഥാനപ്പേരായിരുന്നു മഹാനവര്‍കള്‍ സ്വയം സ്വീകരിച്ചിരുന്നത്.

ഇന്ന് ഇന്ത്യൻ മുസ്‌ലിംകളിലെ ഭൂരിപക്ഷവും തങ്ങളുടെ നേതാവായി അംഗീകരിക്കുന്ന മഹദ് വ്യക്തിത്വമാണ് അഅലാ ഹസ്റത് അവർകൾ. പുത്തൻ വാദികളെ അവിടുന്ന് പ്രമാണങ്ങൾ നിരത്തി പ്രതിരോധിച്ചു. തവസ്സുൽ ഇസ്തിഗാസ തുടങ്ങിയ പുണ്യകര്‍മങ്ങളെ തള്ളിപ്പറഞ്ഞ തബ്‌ലീഗ് നേതാക്കൾക്ക് അറബ് ലോകത്തെ പണ്ഡിതന്മാരുടെ ഫത്‌വകൾ ശേഖരിച്ച് മറുപടി പറഞ്ഞതോടെ മഹാനവർകൾക്ക് മുന്നിൽ അവർ ഉത്തരമില്ലാതായി.  

ലക്നോയിൽ രൂപീകൃതമായ നദ്‌വതുൽ ഉലമയുടെ വികല വാദങ്ങളെ അത്തുഹ്ഫതുല്‍ ഹനഫിയ്യ എന്ന ഉർദു പത്രം സ്ഥാപിച്ചാണ് എതിർത്തത്. ഇല്‍ജാമു അല്‍സിനതിന്‍ ലി അഹ്‌ലില്‍ ഫിത്‌ന, ഫതാവല്‍ ഹറമൈന്‍ ബി റജ്ഫി നദ്‌വതില്‍ മൈന്‍ എന്നീ ഫത്‌വാ സമാഹാരങ്ങളും അവർക്കെതിരെ പുറത്തിറക്കി. 

മറഞ്ഞകാര്യങ്ങൾ അറിയാൻ മഹാന്മാർക്ക് കഴിവില്ലെന്ന വാദമുയർത്തിയവർക്കെതിരെ കഅബാ ശരീഫിന്റെ ചാരത്തിരുന്നു അവിടുന്ന് രചിച്ച
അദ്ദൗലതുല്‍ മക്കിയ്യ ബില്‍ മാദ്ദതില്‍ ഗൈബിയ്യ ഗ്രന്ഥം പ്രശസ്തമാണ്. കേവലം എട്ടു മണിക്കൂറിനകമാണ് മുന്നൂറിലധികം പുറങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ രചന പൂർത്തിയായത്. ഫതാവാ രിദ്‌വിയ്യ എന്ന പേരില്‍ അറിയപ്പെടുന്ന
അല്‍ അത്വായന്നബവിയ്യ ഫില്‍ ഫതാവാ രിളവിയ്യ എന്ന പന്ത്രണ്ട് വാള്യങ്ങളുള്ള ഗ്രന്ഥം അവിടുത്തെ മാസ്റ്റർ പീസാണ്. 

കേരളീയരായ നമുക്ക് ഏറെ കടപ്പാടുണ്ട് അഅലാ ഹസ്റത് അവർകളോട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖരായ അല്ലാമാ ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി അവിടുത്തെ ശിഷ്യനായിരുന്നു. സമസ്ത ഇപ്പോഴും അതിന്റെ ഔദ്യോഗിക പതാകയായി ഉപയോഗിക്കുന്ന പതാക ബറേൽവി ഉലമാക്കളിൽ നിന്ന് സ്വീകരിച്ചതാണ്. 

ഹി. 1272 ശവ്വാല്‍ 10/
1856 ജൂണ്‍ 14നാണ് അഅ്‌ലാ ഹസ്‌റത്തിന്റെ ജനനം. പിതാവ് മാജിദ് നഖീ അലിഖാൻ. പ്രാഥമിക പഠനം പിതാവിൽ നിന്ന് തന്നെ. മുപ്പത് ദിവസം കൊണ്ടാണ് ഖുർആൻ ഹൃദിസ്ഥമാക്കിയത്. പത്താം വയസിൽ ആദ്യ രചന പ്രകാശിതമായി. പിതാവിനെ കൂടാതെ മീര്‍സാ ഗുലാം ഖാദിര്‍ ബേഗ്, മൗലാനാ അബ്ദുല്‍ അലി സാഹിബ്, അബുല്‍ ഹസന്‍ നൂരി,
മൗലാനാ ശാഹ് ആലെ റസൂല്‍ അംജദി, അല്ലാമാ സൈനി ദഹ്‌ലാന്‍, ഹുസൈന്‍ ബിന്‍ സ്വാലിഹ് ജമലുല്ലൈല്‍, ശാഹ് ആലി റസൂൽ തുടങ്ങിയ പണ്ഡിതന്മാരിൽ നിന്ന് വിദ്യ നുകർന്നിട്ടുണ്ട്.

ശാസ്ത്ര മേഖലയിൽ നിരവധി രചനകൾ നടത്തിയ ഹസ്റത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും വിവിധ ഭാഷകളിൽ കവിതകൾ രചിക്കുകയും ചെയ്തു. ദിവസങ്ങൾക്കകമാണ് ഗ്രന്ഥരചനകൾ പൂർത്തീകരിച്ചിരുന്നത്. ശീഈ, വഹാബീ, അഹ്‌ലേ ഹദീസ്, തബ്‌ലീഗീ ചിന്താധാരകളെ അവിടുന്ന് ശക്തിയുക്തം എതിർത്തു. തിരുനബി(സ്വ)സ്നേഹത്തിൽ ലയിച്ചുചേർന്ന ജീവിത പ്രകൃതത്തിനുടമയായിരുന്നു. 

ഇമാം അഅലാ ഹസ്റത് അഹ്മദ് റസാഖാൻ ബറേൽവി(ഖ.സി) അവർകളുടെ ആണ്ടിന്റെ സന്ദർഭമാണിത്. ഹി1340/1921 സഫര്‍ 25 വെള്ളിയാഴ്ചയായിരുന്നു അവിടുത്തെ വിയോഗം. 
അന്ത്യനിമിഷം മുന്‍കൂട്ടി കണ്ട് എല്ലാ തയ്യാറെടുപ്പുകളും നടത്തി ‘ഹയ്യഅലല്‍ ഫലാഹ്’ (വിജയത്തിലേക്ക് വരൂ) എന്ന വാങ്കിന്റെ വാചകങ്ങൾ ശ്രവിച്ച് അതിന് ജവാബ് ചൊല്ലിയാണ് ഇമാം നിത്യവിജയത്തിന്റെ ലോകത്തേക്കു യാത്രയായത്. 
55 വയസായിരുന്നു അപ്പോൾ. 

സഹോദരങ്ങളെ, ഈ അവസരത്തിൽ എല്ലാവരും അവിടുത്തെ പേരിൽ ഫാതിഹയും യാസീനും ഓതി ഹദ്‌യ ചെയ്യണമെന്നോർമ്മപ്പെടുത്തുകയാണ്. പ്രത്യേകമായി, ഇന്ന് കടലുണ്ടി കോർണിഷ് മുഹിയിദ്ദീൻ ജുമാ മസ്ജിദിൽ നടക്കുന്ന പ്രതിവാര തഹ്‌ലീൽ മജിലിസ് അവിടുത്തെ അനുസ്മരണ വേദി കൂടിയാണ്. എല്ലാവരെയും ഇന്നത്തെ നമ്മുടെ മജിലിസിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്. അഅലാ ഹസ്റത് കാണിച്ചു തന്ന പാത പിൻപറ്റി അനുഗ്രഹീതരായ നമ്മുടെ നേതൃത്വത്തിന് കീഴിൽ ജീവിതാവസാനം വരെ അണിനിരക്കാൻ അല്ലാഹു
നമുക്ക് തൗഫീഖ് നൽകട്ടെ....

No comments: