DAY :1
✍️ ഹാഫിള് മുഹമ്മദ് ശരീഫ് സഖാഫി അൽ അർശദി കൊളത്തൂർ
ഇമാം ശാഫിഈയുടെ ആദർശലോകം എന്ന ശീർഷകത്തിൽ അർശദികൾക്ക് മാത്രമായി വന്ദ്യ ഗുരു കൊളത്തൂർ അലവി സഖാഫി ഉസ്താദ്, കൊളത്തൂർ ഇർശാദിയ്യയിൽ ഒരു ദിവസം നീണ്ട് നിന്ന ക്യാമ്പ് സംഘടിപ്പിച്ചിരിന്നു. ക്യാമ്പ് കഴിഞ്ഞപ്പോഴേക്ക് മനസ്സ് നിറയെ ഇമാം ശാഫിഈ (റ) തങ്ങളായിരുന്നു. അന്ന് മുതൽ അവിടുത്തെ അരികിലെത്തണം എന്ന മോഹം മനസ്സിന്റെ കോണിലെവിടെയോ സ്ഥലം പിടിച്ചിരുന്നു. എല്ലാ ദിവസങ്ങളിലും സുബഹിക്ക് ശേഷം അവിടുത്തെ പേരിൽ പ്രത്യേകം യാസീൻ ഓതാറുണ്ടായിരുന്നു.
'നമുക്ക് അവിടെ പോകണം' ഉസ്താദിൻ്റെ ഉറച്ച സ്വരം , സൈതലവി നിസാമി കട്ടക്ക് ഉസ്താദിനൊപ്പം നിന്ന് കളത്തിലേക്കിറങ്ങി ......
2024 ജൂലൈ 23 ന് നടന്ന തർശീഹ് ക്യാമ്പിലെ ആ പ്രതിജ്ഞയുടെ സാക്ഷാൽക്കാരം 3 മാസത്തിന് ശേഷം പൂവണിയുകയാണ്. അൽഹംദുലില്ലാഹ്
ബഹു തിരൂർക്കാട് സയ്യിദ് ഹുസൈൻ ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ഒരു ഡസനോളം സാദാത്തുക്കൾ
ബഹു കൊളത്തൂർ അലവി സഖാഫി ഉസ്താദ് , മുത്ത്വലിബ് സഖാഫി ഉസ്താദ് അടക്കമുള്ള ശ്രേഷ്ഠ പണ്ഡിത വ്യക്തിത്വങ്ങൾ, ഒരു കൂട്ടം അർശദികൾ, ഏതാനും ഉമറാക്കൾ..... 46 അംഗ സാർത്ഥ വാഹക സംഘം മുന്നോട്ട്.
ആദർശത്തിന് കാവലിരുന്ന പർവ്വത സമാനരായ ആയിരക്കണക്കിന് മഹത്തുക്കൾ അന്തിയുറങ്ങുന്ന മിസ്റിലേക്ക്
നബിമാർ,സ്വഹാബികൾ,
ഖുത്വുബുകൾ,ഔലിയാക്കൾ , , , മറ്റു ചരിത്ര സ്മാരകങ്ങൾ എല്ലാം ലക്ഷ്യം വെച്ചുകൊണ്ടുള്ള തീർത്ഥയാത്ര ആരംഭിക്കുകയാണ്.
02/11/2024 ശനി പുലർച്ചെ 4.00 മണിക്ക് കോഴിക്കോട് എയർപോർട്ടിൽ നിന്നു നൈലിൻ്റെ തീരം ലക്ഷ്യം വെച്ച് ഞങ്ങളുടെ ഫ്ലൈറ്റ് പറന്നുയർന്നു.
ഇടക്ക് നിസ്കാരവും മറ്റു പ്രാഥമിക കർമ്മങ്ങളും നിർവഹിക്കാനായി ഒമാനിലെ മസ്‌കറ്റ് വിമാനത്താവളത്തിൽ ഇറങ്ങി.
കാര്യങ്ങളെല്ലാം നിർവഹിച്ച് മനസ്സിൽ ആയിരം പ്രതീക്ഷകളും നിറച്ച് ഞങ്ങൾ വീണ്ടും ഫ്ലൈറ്റിലേക്ക്....
ഞങ്ങളെയും വഹിച്ചുള്ള സലാം എയർ കൃത്യം ഉച്ചക്ക് 12.30 ന് കൈറോയിലെ സ്ഫിൻസ് ഇൻ്റർ നാഷനൽ എയർപ്പോർട്ടിൽ ലാൻഡ് ചെയ്തു.
കയ്യിൽ കെട്ടിയ വാച്ചിൽ നോക്കി ഇന്ത്യൻ സമയം 3.30 . കറക്റ്റ് 3 മണിക്കൂർ വ്യത്യാസം ... കെട്ടും ഭാണ്ഡവും ചുമന്ന് ഞങ്ങൾ എയർ പോർട്ടിന് പുറത്തേക്ക് നീങ്ങി.
സയ്യിദ് ഇദ്രീസ് അസ്ഹരിയും ഫാഇസ് അസ്ഹരിയും സംഘവും ചേർന്ന് യാത്ര നായകർക്ക് ബൊക്കെ നൽകി സ്വീകരിച്ചു. ഈജിപ്റ്റ് ടൂർ ഓപ്പറേറ്റർമാരുടെ നേതൃത്വത്തിൽ സജ്ജമാക്കിയ ടൂറിസ്റ്റ് ബസ് ലക്ഷ്യം വെച്ച് ഞങ്ങൾ നീങ്ങി. അര മണിക്കൂർ കഴിഞ്ഞപ്പൊഴേക്ക് പിരമിഡുകൾക്കടുത്തുള്ള റിജൻസി പിരമിഡ് ഹോട്ടലിൻ്റെ മുമ്പിൽ ബസ് നിർത്തി. ഇനി ഏതാനും ദിവസങ്ങൾ കഴിഞ്ഞ് കൂടാനുള്ള അഭയ കേന്ദ്രം.
റൂം ചാവിയും വൈഫൈ കോഡും സ്വീകരിച്ച് നേരെ റൂമിലേക്ക് .... നല്ല യാത്രാ ക്ഷീണമുണ്ട് .. വയറ്റിൽ വിഷപ്പിൻ്റെ കേളീ നാദമുയരുന്നുണ്ട് . നേരെ റെസ്റ്ററൻ്റിലേക്ക് ... ഒരു ഇൻ്റർ നാഷണൽ ഫോർ സ്റ്റാർ ഹോട്ടലിലെ ആദ്യത്തെ അനുഭവം അത് ശരിക്കും മുതലെടുത്തു. ബൊഫെ വല്ലാതെ ആകർഷിച്ചു. വിഭവങ്ങളുടെ നീണ്ട നിര..
അമ്പതിൽ പരം രുചി ഭേദങ്ങളുടെ മാസ്മരികതയിൽ പലരും മതി മറന്നു തിന്നു.
പ്രാഥമിക കർമങ്ങൾ നിർവഹിച്ച്
ളുഹ്റും അസറും ജം ആക്കി നിസ്കരിച്ച് ക്ഷീണം വക വയ്ക്കാതെ മിസ്റിനെ വാരിപ്പുണരാൻ ഞങ്ങൾ വീണ്ടും ബസിലേക്ക് .....
ഈജിപ്തിൻ്റെ ഗ്രാമീണതയും നാഗരികതയും തൊട്ടറിഞ്ഞ് കൊണ്ടുള്ള യാത്ര
വഴിയൊരങ്ങളിൽ അണിയണിയായി ഒട്ടകങ്ങൾ മന്ദം മന്ദം നടന്നു നീങ്ങുന്നു.
ചീഫ് അമീർ കൊളത്തൂർ ഉസ്താദ് ഈജിപ്ത് ദേശത്തിൻ്റെ ആധികാരിക വിവരങ്ങൾ പങ്ക് വെക്കുന്നു .
സിയാറത്തിൻെറ അദബുകൾ കിതാബുൽ മദ്ഖൽ ഉദ്ദരിച്ച് പ്രതിപാദിക്കുന്നു.
വലത് ഭാഗത്ത് ഖറാഫ സുഗ്റ (ചെറു ശ്മശാനം) യിൽ അമ്പര ചുംബിയായി ഇമാം ശാഫി (റ) യുടെ ഖുബ്ബ പ്രൗഢിയോടെ നിൽക്കുന്നു.
ഇടത് ഭാഗത്ത് ഫറോവ മാരുടെ ശ്മശാനവും കാണാം
യാത്ര കുറെ കൂടി മുന്നോട്ട് പോയപ്പോൾ മുൻ ഭാഗത്ത് മുകളിൽ സുൽത്വാൻ സ്വലാഹുദ്ദീൻ അയ്യൂബി (റ) ൻ്റെ വിശാലമായ കോട്ട ദീപാലങ്കൃതമായിട്ടുണ്ട്.
ജലസേചനത്തിനായി സ്വലാഹുദ്ദീൻ അയ്യൂബി നിർമിച്ച , നൈൽ നദിയിൽ നിന്ന് കോട്ട വരെ നീളുന്ന കനാൽ വിസ്മയ കാഴ്ചയായി.
വലത് വശത്ത് ഖാറഫ കുബ്റാ (വലിയ ഖബ്റിസ്ഥാൻ) യിലാണ് ഖത്വീബുശ്ശിർബീനി(റ) അടക്കമുള്ള ഒരു പാട് മഹാന്മാരും അൽ അസ്ഹറിലെ ഒട്ടേറെ ശൈഖുമാരും ഉലമാഉം അന്ത്യ വിശ്രമം കൊള്ളുന്നത്.
ഈ സ്ഥലത്തിന് പള്ളികളും മിനാരങ്ങളും ഒരുമിച്ച് കൂടിയ സ്ഥലമായതിനാൽ مائة مأذن
(നൂറ് ബാങ്ക് വിളി സ്ഥാനങ്ങൾ ) എന്നും പേര് പറയുന്നു.
യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളിൽ The city of dead എന്ന പേരിൽ ഇവിടം സ്ഥാനം പിടിച്ചിട്ടുണ്ട്. 5 മില്ല്യൻ ആളുകൾ ഇവിടെ മറവ് ചെയ്യപ്പെട്ടിട്ടുണ്ടന്നാണ് യുനെസ്കോ കണ്ടെത്തിയത്.
യാത്ര വീണ്ടും മുന്നോട്ട് ......
ഇടത് ഭാഗത്ത് مشيخة الازهر
ശൈഖുൽ അസ്ഹർമാരുടെ ഓഫീസ് സമുച്ചയം , دار الإفتاء المصرية
ഈജിപ്ത് ഗ്രാൻ്റ് മുഫ്തിയുടെ ഓഫീസ് , صوت الأزهر പ്രസിദ്ദീകരണ ശാല, അസ്ഹർ സ്റ്റുഡൻ്റ്സ് ഹോസ്റ്റൽ, അസ്ഹർ ലൈബ്രറി എന്നിവ കാണാം. വലത് ഭാഗത്ത് ഖറാഫ കുബ്റ നീണ്ടു പോകുന്നു. സുലൈമാൻ അൽ കുർദി അടക്കമുള്ള ഒട്ടേറെ മഹാൻ മാർ അവിടെ അന്ത്യ വിശ്രമം കൊള്ളുന്നു.
ശൈഖുൽ അസ്ഹർ ആയി നീണ്ട കാലം സേവനം ചെയ്ത ശൈഖ് സ്വാലിഹുൽ ജഅ്ഫരി തങ്ങളുടെ മഖാം ഇടത് ഭാഗത്ത്.. അടുത്ത് കാണുന്ന വലിയ ബിൽ ഡിംഗ് مستشفى حسين
അൽ അസ്ഹർ ഹോസ്പിറ്റൽ ആണ്.
*അൽ ജാമിഉൽ അസ്ഹർ കൈറോ*
യാത്ര ദർ റാസ് സിറ്റിയിലൂടെ കടന്ന് പേകുകയാണ് . ആയിരം വർഷം പഴക്കമുള്ള ജാമിഉൽ അസ്ഹർ ഇവിടെ യാണ് നില കൊള്ളുന്നത്. അൽ അസ്ഹർ പള്ളിയോട് ചേർന്ന് സ്ഥാപിക്കപ്പെട്ട
كلية أصول الدين ، كلية الشريعة و القانون، كلية اللغة العربية
എന്നീ 3 കുല്ലിയ്യകൾ ഇടത് സൈഡിലെ അങ്കണത്തിൽ കാണാം.
അവശേഷിക്കുന്ന നൂറുക്കണക്കിന് കുല്ലിയ കൾ മദീനതുന്നസ്ർ എന്ന സ്ഥലത്താണ് നിലകൊള്ളുന്നത്.
രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആരാധനാലയമാണ് അൽ-അസ്ഹർ മസ്ജിദ്. ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെ പ്രധാനകേന്ദ്രവും ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക വിദ്യാഭ്യാസ സമുച്ചയമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനവുമായാണ് ഇത് അറിയപ്പെടുന്നത്.
പ്രവാചകൻ മുഹമ്മദ് നബിയുടെ മകൾ ഫാത്തിമ അൽ-സഹ്‌റയുടെ പേരിലാണ് ഈ സമുച്ചയത്തിന്റെ നാമകരണം. പള്ളി നിർമ്മാതാക്കളായ ശിയ ഇസ്മായിലി ഫാത്തിമിയ്യ രാജവംശം അവരോട് പുലർത്തിയിരുന്ന ആദരവിന്റെ ഭാഗമായിരുന്നു ഇത്. പിന്നീട് മുസ്‌ലിംപോരാളിയായ സലാഹുദ്ദീൻ അയ്യൂബി ഫാത്തിമികളെ അട്ടിമറിക്കുകയും ഈജിപ്തിൽ സുന്നി ആധിപത്യം സ്ഥാപിക്കുകയും അൽ അസ്ഹറിനെ സുന്നികേന്ദ്രമാക്കി മാറ്റുകയും ചെയ്തു.
ദർറാസ് സിറ്റിയിൽ ബസ് ഇറങ്ങി നേരെ ഇടനാഴിക വഴി ജാമിഉൽ അസ്ഹറിലേക്ക്...
മഗ്‌രിബും ഇശാഉം നിസ്കരിച്ച് അൽ അസ്ഹർ ജുമാ മസ്ജിദ് വേണ്ടുവോളം ആസ്വദിച്ചു . ഇശാ മഗ്‌രിബിനിടയിൽ പള്ളിയിൽ ചെറിയ ചെറിയ സംഘങ്ങൾ ദർസ് ഓതുന്നു. വ്യത്യസ്ത മുദരിസുമാർ ഓതിക്കൊടുക്കുന്നു.
ഹാഫിളുൽ അസ്ഖലാനി, ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി തുടങ്ങിയ പർവത സമാന രായ മഹാന്മാർ ദർസ് നടത്തിയ ഈ തിരുമുറ്റത്ത് ഞങ്ങളും ഒരു ദർസിന് ഒത്ത് ചേർന്നു. കൊളത്തൂർ ഉസ്താദ് ദർസിന് നേതൃത്വം നൽകി
وبالسند المتصل إلي الإمام الحافظ المتقن .........
സ്വഹീഹുൽ ബുഖരിയിലെ ഒന്നാമത്തെ ഹദീസ്
انما الأعمال بالنيات.....
ഓതിത്തന്നു...
സമയക്കുറവ് മൂലം എല്ലാം ഞൊടിയിടയിൽ കഴിച്ചു. സമയം 6.50 PM
*ഇമാം ഐനി , ഇമാം ഖസ്ത്വല്ലാനി(റ)*
ശേഷം സ്വഹീഹുൽ ബുഖാരിക്ക് വിശ്രുതമായ വ്യാഖന മെഴുതിയ ഇമാം ബദ്റുദ്ദീൻ അൽ ഐനി അൽ ഹനഫീ(റ) (ഉംദതുൽ ഖാരി ), ഇമാം അഹ്മദുൽ ഖസ്ത്വല്ലാനി അശ്ശാഫിഈ (റ) (ഇർശാദു സ്സാരി) എന്നിവരുടെ മഖാം സന്ദർശിച്ചു.
അൽ-ഹാഫിള്, അബു മുഹമ്മദ് ബദറുദ്ദീൻ അൽ-അയ്‌നി അൽ-ഹനഫി ഹിജ്റ ഒമ്പതാം നൂറ്റാണ്ടിലെ ഹദീസ് ചരിത്രകാരനും പ്രമുഖ പണ്ഡിതരിൽ ഒരാളുമാണ്.
ഹിജ്റ 762 റമളാൻ 26 ന് സിരിയയിലെ ഹലബിൽ (അലപ്പോ ) ജനിച്ചു.
സ്വന്തം പിതാവിൽ നിന്നും മറ്റ് അനേകം പണ്ഡിതരിൽ നിന്നുമായി ഹനഫീ ഫിഖ്ഹിൽ അവഗാഹം നേടി. പിതാവിൻ്റെ മരണ ശേഷം ഡമസ്കസ്, മക്ക, ഫലസ്തീൻ എന്നിവിടങ്ങളിൽ ദീർഘ കാലം പഠന സപര്യകളിൽ മുഴുകിയ ശേഷം ഈജിപ്തിലെത്തി.
സിറാജുദ്ദീൻ അൽ-ബുൽഖീനിയെപ്പോലുള്ള പ്രമുഖ പണ്ഡിതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി, പിന്നീട് അദ്ദേഹം തൻ്റെ ശൈഖ് അൽ-സിറാമിയുടെ പിൻഗാമിയായി, ഹിജ്റ 790-ൽ മദ്റസത്തുളാഹിരിയ്യയിൽ മുദരിസായി ചുമതലയേറ്റു, രണ്ട് മാസത്തിന് ശേഷം തൻ്റെ രാജ്യമായ സിറിയയിലേക്ക് മടങ്ങി, അവിടെ താമസിക്കുകയും തൻ്റെ പ്രധാനപ്പെട്ട ചില ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു, പിന്നീട് കുറച്ചുകാലം അദ്ദേഹം കർമ്മശാസ്ത്രത്തിലും മറ്റു വിജ്ഞാനങ്ങളിലും വിനിയോഗിച്ചു. അറിവും അധ്യാപനവും വേണ്ടുവോളം നേടിയ ശേഷം, അദ്ദേഹം വീണ്ടും കൈറോയിലേക്ക് വന്നു, ഹിജ്റ 829-ൽ അദ്ദേഹം ഹനഫി ജുഡീഷ്യറി ഏറ്റെടുത്തു.
ഹിജ്റ 818-ൽ അൽ മദ്റസതുൽ മുഅയ്യദിൽ മുദരിസായി സേവനമനുഷ്ഠിച്ചു, അദ്ദേഹത്തിൻ്റെ കീഴിൽ കൈറോയിൽ പഠിച്ച നിരവധി പ്രമുഖരുണ്ട്. അവരിൽ ഏറ്റവും പ്രശസ്തരായ വരാണ് കമാലുദ്ദീൻ ബിനുൽ ഹുമാം, ഇമാം സഖാവി തുടങ്ങിയവർ.
ഹിജ്റ 814-ൽ അൽ-ഐനി കൈറോയിൽ ഒരു മതപഠന കേന്ദ്രം സ്ഥാപിച്ചു, വഫാത്ത് വരെ അദ്ദേഹം അവിടെ പഠിപ്പിക്കുന്നത് തുടർന്നു, അൽ-അസ്ഹർ മസ്ജിദിന് പിന്നിലെ അൽ-തബ് ലീത്വ സ്ട്രീറ്റിൽ അത് ഇന്നും തലയുയർത്തി നിൽക്കുന്നു.
അദ്ദേഹത്തിൻറെ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രസിദ്ധമാണ് സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനമായ ഉംദതുൽ ഖാരി 20 കൊല്ലം കൊണ്ടാണ് ഈ കിതാബ് പൂർത്തീകരിച്ചത്.
പത്തിലധികം ഗ്രന്ഥങ്ങൾ വേറെയും അദ്ദേഹത്തിൻറെതായി ഉണ്ട്.
ഹിജ്റ 855-ൽ 91-ആം വയസ്സിൽ വഫാത്തായി, അദ്ദേഹത്തിൻ്റെ മതപഠന കേന്ദ്രത്തിനടുത്ത് മറവ് ചെയ്യപ്പെട്ടു.
*ഇമാം ഖസ്ത്വല്ലാനി (റ)*
ഹിജ്‌റ 851 ലാണ് ജനനം.
ശിഹാബുദ്ധീൻ അബുൽ അബ്ബാസ് അഹ്മദ് ഇബ്ൻ മുഹമ്മദ് ഇബ്ൻ അബിബക്കർ അൽഖസ്തല്ലാനി അൽഖുതയ്ബി അശ്ശാഫിഈ എന്നാണ് പൂർണ്ണ നാമം.
ഹദീസിലും ദൈവശാസ്ത്രത്തിലും വൈദഗ്ദ്ധ്യം നേടിയ ഇസ്ലാമിക പണ്ഡിതനായിരുന്നു ഇമാം ഖസ്ത്വല്ലാനി . അദ്ദേഹത്തിന്റെ സാഹിത്യ പ്രശസ്തിക്ക് കാരണമായത് ഇർശാദുസ്സാരി ഫി ശർഹിൽ ബുഖാരി എന്ന തലക്കെട്ടിലുള്ള സഹീഹുൽബുഖാരിയുടെ സമഗ്രമായ വ്യാഖ്യാനമാണ്. 20 വാള്യങ്ങളിലായി സ്വഹീഹുൽ ബുഖാരിയിലെ ഓരോ ഹദീസുകളെയും വിശാലമായി സമർത്ഥിക്കുകയാണ് മഹാനവർകൾ.
വഫാത് ഹിജ്‌റ 923 മുഹറം 8 നാണ്. രണ്ടു മഖ്ബറകളും ഒരു കെട്ടിനുള്ളിലാണ് നിലകൊള്ളുന്നത്. രണ്ടു മഹാന്മാരെയും ഉദ്ദേശിച്ച് ഒന്നിച്ച് ഫാത്തിഹ വിളിച്ചു ദുആ ചെയ്തു. അബ്ദുൽ മുത്വലിബ് സഖാഫി ദുആക്ക് നേതൃത്വം നൽകി.
*സയ്യിദുനാ ഹുസൈൻ ( റ)*
ഇസ്‌ലാമിക ചരിത്രത്തിലെ വേദനാ നിര്‍ഭരമായ സംഭവമാണ് കര്‍ബല ദുരന്തം. കര്‍ബലയില്‍ വെച്ചാണ് യസീദുബ്‌നു മുആവിയയുടെ സൈന്യം തീരുനബിയുടെ പൗത്രനും നാലാം ഖലീഫ അലി(റ)യുടെ പുത്രനുമായ ഹുസൈനെ(റ)യും കൂടെയുള്ളവരെയും നിഷ്‌കരുണം കൊലപ്പെടുത്തിയത്. ഹിജ്‌റ 61 മുഹര്‍റം പത്തിനായിരുന്നു സംഭവം.
മുഹര്‍റം ശകുനമായും പ്രത്യേക ദുഃഖാചരണമായുമെല്ലാം ആചരിക്കപ്പെടുന്നതിന് ഇസ്‌ലാമുമായി ബന്ധമില്ല. പില്‍ക്കാലത്തു വന്ന ശീഈ ഭരണകൂടങ്ങളാണ് മുഹര്‍റം പത്തിന്റെ കര്‍ബലാ ദിനാചരണമാക്കിയതും അതിനെ രക്ത സാക്ഷി ദിനമാക്കി പ്രത്യേക ചടങ്ങുകളും മറ്റും മതത്തിന്റെ പേരില്‍ കടത്തിക്കൂട്ടിയതും.
ശത്രുക്കൾ ഹുസൈൻ തങ്ങളുടെ തിരു ശരീരത്തിൽ നിന്ന് തല അറുത്ത് മാറ്റി യസീദിന്റെ മുന്നിൽ കാണിക്കവച്ചു . ശരീരം കർബലയിൽ തന്നെ മറവ് ചെയ്തു. പിന്നീട് ആ തിരു ശിരസ്സ് ഫലസ്തീനിലെ അസ്ഖലാൻ എന്ന പ്രദേശത്തായിരുന്നു മറവ് ചെയ്തത്.
ഹിജ്റ 548 ൽ ഫ്രഞ്ച് ആക്രമണമുണ്ടായപ്പോൾ ആ വിശുദ്ധ ശിരസ്സ് നഷ്ടപ്പെടാതിരിക്കാൻ മിസ്റിലേക്ക് കൊണ്ട് വരികയാണുണ്ടായത്. റബീഉൽ ആഖിറിൽ ശിരസ്സ് കൊണ്ട് വന്നതിനാൽ ഇവിടെ റബീഉൽ ആഖിറിൽ വിപുലമായ ആണ്ട് നടക്കുന്നു.
ഹുസൈൻ (റ) ൻ്റെ മഖ്ബറക്ക് മുന്നിൽ ദീർഘനേരം നിര്‍നിമേഷരായി ഞങ്ങൾ നിന്നു. ചിന്തകൾ കർബലക്ക് ചുറ്റും കറങ്ങുകയാണ്. യസീദിന്റെ ക്രൂരത !! ശിലാഹൃദയരായ അമവി ഭരണകൂടത്തിന്റെ കാഠിന്യം ഓർത്ത് നയനങ്ങൾ ജലാർദ്രമായി. യാ സയ്യിദനാ ഹുസൈൻ .....
യാസിബ്ത്വ റസൂലില്ലാഹ്.....
ഹൃദയത്തിൽ തട്ടി ഉസ്താദ് ഉച്ചത്തിൽ വിളിച്ചു.... ഞങ്ങളും കണ്ടമിടറി ഏറ്റുചൊല്ലി അസ്സലാമു അലൈക്കും യാ സിബ്ത്വ റസൂലില്ലാഹ് ......
ഹുസൈൻ (റ) ൻ്റെ ചാരത്ത് വെച്ച് നടന്ന ഭക്തി നിർഭരമായ സിയാറത്തിന് ഉസ്താദും സയ്യിദ് അൻവർ സാദത്ത് സഅദി അൽ അർശദിയും നേതൃത്വം നൽകി.
ഹുസൈൻ( റ ) ൻ്റെ ശിരസ്സിന് മുകളിൽ കെട്ടിപ്പൊക്കിയ വിശാലമായ
താഴികക്കുടത്തിന്റെ അകവും പരിസരവും എത്ര കമനീയമാണ്. സ്വർണ്ണ ലിപിയിൽ ഉല്ലേഖനം ചെയ്യപ്പെട്ട ഖുർആൻ വചനങ്ങൾ! ചുമരിൽ ഹുസൈൻ തങ്ങളുടെ മദ്ഹുകൾ അഹ് ലു ബൈത്തിന്റെ മഹത്വങ്ങൾ എല്ലാം അത്യാകർഷകമായ വിധത്തിൽ കൊത്തി വെച്ചിരിക്കുന്നു. മഖ്ബറയുടെ വലതുഭാഗത്ത് സിയാറത്തിനു വരുന്ന സ്ത്രീകൾക്ക് നിൽക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
സയ്യിദ് ഹുസൈൻ (റ) ൻ്റെ തിരു ശിരസ്സ് കൊണ്ടു വന്ന ബാബുൽ അഖ്ളറും ബാബു സ്സിറും പ്രത്യേകം സന്ദർശിച്ച് ദുആ ചെയ്തു. സയ്യിദ് ഹസൻ ജിഫ്രി പാലത്തിങ്ങൽ നേതൃത്വം നൽകി.
മസ്ജിദ് ഹുസൈൻ ഇമാം & ഖത്വീബ് ഡോ. ശൈഖ് മുഅമിനി ൻ്റെ നേതൃത്വത്തിൽ ഞങ്ങൾ 46 അംഗ യാത്ര സംഘത്തിന് ഉജ്ജ്വല സ്വീകരണം നൽകി. ചീഫ് അമീർ സഖാഫി ഉസ്താദ് ശൈഖിനെയും സംഘത്തെയും ഇന്ത്യയിലേക്ക് ക്ഷണിച്ചു.
ശേഷം തിരു നബി (സ) യുടെ തിരു ശേഷിപ്പുകൾ സൂക്ഷിച്ച റൂം സന്ദർശിച്ച് സ്വലാതുൽ ഹുളൂർ ചൊല്ലി പ്രാർത്ഥന നടത്തി.
ദർ റാസ് സിറ്റിയിലെ തിക്കും തിരക്കുമുള്ള ഊട് വഴികളിലൂടെ കാൽനടയായാണ് ഇനി യാത്ര. ഇമാം ദർദീരി തങ്ങളുടെ പേരിൽ ഫാതിഹ വിളിച്ച് ഒരു നീണ്ട നടത്തമായിരുന്നു.
شارع المعز
അൽ മുഇസ്സ് സ്ട്രീറ്റിലൂടെ വന്ദ്യ വയോധികരായ തിരൂർക്കാട് തങ്ങൾ അടക്കമുള്ള 46 അംഗ സംഘം മിസ്റിൻ്റെ നാടീ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് നടന്ന് നീങ്ങി. കൃത്യം 8.33 പി എം മിന് ഹസൻ (റ) ൻ്റെ പുത്രി ഫാത്വിമ ബീവിയുടെ മഖാം സിയാറത്ത് ചെയ്തു. സയ്യിദ് ഹിബത്തുള്ളാഹ് അഹ്സനി ദുആക്ക് നേതൃത്വം നൽകി.
നടത്തം തുടർന്നു... മിസ്റ് വാസികളുടെ താളമേള ലയങ്ങളിലൂടെ ഞങ്ങളുടെ നടത്തം തുടർന്നു.. കോയമ്പത്തൂർ ഫൈസൽ സാഹിബിന്റെ വക ലഭിച്ച കരിമ്പ് ജ്യൂസ് നടത്തത്തിന് ആവേശം പകർന്നു.
9.24 പി എമ്മിന് *ഇമാം ബുൽഖീനി* യുടെ സവിധത്തിലെത്തി
ശാഫി ഈ ഫിഖ്ഹിൻ്റെ ഗ്രന്ഥങ്ങളിൽ ഇടക്കിടെ വരുന്ന പേരാണ് ഇമാം ബുൽഖീനിയുടേത്. മുദരിസുമാർക്കും അർശദിമാർക്കും ആത്മ സംതൃപ്തി നൽകി ആ ഹള്റത്തിൽ അവിടുത്തെ വിളിച്ച് സലാം പറഞ്ഞ് സിയാറത്ത് ചെയ്തു. കുഞ്ഞിമൊയ്തീൻ ഫൈസി കരുവാരക്കുണ്ട്
ദുആക്ക് നേതൃത്വം നൽകി.
*സയ്യിദീ അലിയ്യുൽ ഖവാസ്വ് (റ)*
നടത്തം തുടരുന്നതിനിടെ നേതാക്കൾക്ക് പോകാൻ കൊട്ട വണ്ടിയെത്തി. മുമ്പിൽ തങ്ങളുപ്പാപ്പ സ്വീറ്റുറപ്പിച്ചു. കൊട്ട വണ്ടിക്ക് ബേക്കിൽ തുറന്ന വാഹനത്തിൽ അണികൾക്ക് സലൂട്ട് കൊടുത്ത് ചീഫ് അമീർ കൊളത്തൂർ ഉസ്താദും സാദാത്തീങ്ങളും മന്ദം മന്ദം ബാബുൽ മുഇസ്സ് കടന്ന് സൂഖ് ഹസനിയ്യയിലേക്ക് നീങ്ങി.
പിന്നിലായി ഞങ്ങൾ യാത്രാംഗങ്ങളും. ലക്ഷ്യം തൊട്ടപ്പുറത്ത് ബാബു നസ്റിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദുനാ അലിയ്യുൽ ഖവാസ് (റ) വിനെ സന്ദർശിക്കലാണ്.
ആത്മീയ ലോകത്തെ വെള്ളി നക്ഷത്രവും ലദുൻ നിയ്യായ ഇൽമിൻ്റെ കേദാരമായി ഇസ്ലാമിക ലോകത്ത് വിശ്രുതനാവുകയും ചെയ്ത മഹാത്മാവാണ് സയ്യിദ് അലിയ്യുൽ ഖവാസ് (റ). ഇമാം ശഅറാനി , ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസാരി , ഇമാം സുയൂത്വി , ഇമാം ഖുശൈരി തുടങ്ങിയ അ ഇമ്മത് മുഴുവൻ പ്രശ്ന പരിഹാരത്തിന് ആശ്രയിക്കുന്ന മഹാനാണ് അലിയ്യുൽ ഖവാസ്. എഴുത്തും വായനയും അറിയാത്ത ഉമ്മിയ്യായ വലിയ്യായിരുന്നു മഹാനവർകൾ. ആത്മീയ സാഗരത്തിൽ ആറാടിയ അദ്ദേഹത്തിൻറെ ഓരോ വാക്കുകളും വിലമതിക്കാൻ കഴിയാത്ത മൊഴിമുത്തുകൾ ആയിരുന്നു. ഖുർആൻ ഹദീസ് എന്നിവയുടെ ഉൾസാരങ്ങൾ പറയുന്നത് കേട്ട് അഗാധ ജ്ഞാനികളായ പണ്ഡിതന്മാർ പോലും അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. വിജ്ഞാനം അല്ലാഹു നൽകുന്ന അനുഗ്രഹമാണ്. ആ നിഅമത്ത് ചില ദാസന്മാർക്ക് അധ്വാനഫലമായി നൽകുന്നു. വേറെ ചിലർക്ക് കശ്ഫ് മുഖേന നൽകുന്നു. സ്ക്രീനിൽ തെളിയുന്നതുപോലെ അവരുടെ മനസ്സിൽ അറിവ് തെളിയുന്നു. തൻറെ സാമീപ്യവും ആഗ്രഹ സഫലീകരണവും തേടിവരുന്ന ഓരോരുത്തരുടെയും മുഖം നോക്കി അവരുടെ ഉള്ളിലിരിപ്പും ആവശ്യങ്ങളും അവയുടെ പരിഹാരമാർഗ്ഗങ്ങളും പരസ്യമായി പറഞ്ഞിരുന്നു മഹാനവർകൾ. രാജാക്കന്മാർ, പണക്കാർ, പ്രാമാണിമാർ എന്നിവരോട് വലിയ ബഹുമാനമായിരുന്നു. അവർ വരുന്നത് കണ്ടാൽ എഴുന്നേറ്റ് ചെന്ന് സ്വീകരിച്ചിരുന്നു. എന്നാൽ ഹറാമോ ഹറാം എന്ന് സംശയിക്കുന്നതോ ആയ അവരുടെ ധനം കൈപ്പറ്റുകയോ അത്തരക്കാരുടെ വീടുകളിൽ പോവുകയോ ചെയ്തിരുന്നില്ല.
ഗർഭിണികൾ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുകയോ ഹറാം ഭക്ഷിക്കുകയോ ചെയ്തതിന്റെ ഫലമാണ് കുട്ടികൾ രോഗം കൊണ്ട് കഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. മതത്തിൽ അഗാധ ജ്ഞാനം നേടിയവർ അല്ലാതെ ആത്മീയ നിയന്ത്രണത്തിന് (തർബിയത്) തയ്യാറാകരുതെന്ന് ഉപദേശിച്ചു. ഒരു പതിറ്റാണ്ടുകാലം അദ്ദേഹത്തിൻറെ ശിഷ്യത്വം സ്വീകരിച്ച മഹാനാണ് ഇമാം ശഅറാനി തങ്ങൾ.
അലിയ്യുൽ ഖവാസ്വ് തങ്ങളുടെ മഖാം ശരീഫ് രാത്രി 9.45 ന് സിയാറത്ത് ചെയ്തു. രാത്രി ഏറെ വൈകിയതിനാൽ മഖാമിന്റെ പുറത്ത് നിന്നുകൊണ്ടാണ് ദുആ നടത്തിയത്.
സയ്യിദ് ഹസൻ ജിഫ്രി ദുആക്ക് നേതൃത്വം നൽകി.
ഹോട്ടൽ റിജൻസി യിൽ നിന്ന് ഫോൺ കോൾ വന്നു. 11 മണിക്ക് മുമ്പ് എത്തിയില്ലെങ്കിൽ റസ്റ്റോറൻ്റ് അടക്കും.......
ഒന്നാം ദിനം ഹൃദയത്തിനു നവോന്മേഷം നൽകി യാത്ര തൽക്കാലം സമാപിച്ചു. ഞങ്ങൾ റൂമിലേക്ക് .......I
No comments:
Post a Comment