DAY : 2
പിരമിഡുകളുടെ നാട്ടിൽ
✍️ ഹാഫിള് മുഹമ്മദ് ശരീഫ് സഖാഫി അൽ അർശദി കൊളത്തൂർ
രണ്ടാം ദിനം രാവിലെത്തന്നെ കുളിച്ചൊരുങ്ങി. ഇൻറർനാഷണൽ ബാത്റൂമുകളുടെ ഉപയോഗം ആദ്യമൊക്കെ കൺഫ്യൂഷൻ ആയെങ്കിലും പിന്നീട് അത് ശരിക്കും ആസ്വദിച്ചു. നാസ്ത കഴിക്കാൻ നാലാം നിലയിലുള്ള സ്പെഷ്യൽ റസ്റ്റോറൻറിലെത്തി. അവിടെനിന്ന് നോക്കിയാൽ ലോകസപ്താത്ഭുതങ്ങളി ലൊന്നായ പിരമിഡുകളുടെ ഒരു ദൂരക്കാഴ്ച്ച കാണാൻ സാധിക്കും.
പൊറോട്ടയും ഇറച്ചിക്കറിയും സമാന സ്വഭാവമുള്ള മറ്റു നാസ്ത കളും കഴിച്ചു മാത്രം പരിചയമുള്ള ഞങ്ങൾക്ക് വേറിട്ട ഒരു നാസ്ഥാനുഭവമായിരുന്നു അവിടെ. പലതരം റൊട്ടികളും, ബെന്ന്,ബ്രഡ് ഇനങ്ങളും നിരനിരയായി വെച്ചിട്ടുണ്ട്. ഒപ്പം കഴിക്കാൻ പലതരം മസാലകളും.....
എന്തെടുത്തിട്ടും നമ്മുടെ പൊറോട്ടയുടെയും കറിയുടെയും അടുത്തെത്തുന്നില്ലെന്ന് ഒരു തോന്നൽ. ക്ഷുത്തടക്കാൻ മുട്ട പുഴുങ്ങിയതും ഓംലേറ്റുമായിരുന്നു പലരുടെയും ഏക ശരണം. അതിനാൽ ഓംലെറ്റ് മേശക്ക് മുന്നിൽ നീണ്ട ക്യൂ സ്ഥിരം പതിവായിരുന്നു. നാസ്ത കഴിച്ച് യാത്രക്കൊരുങ്ങുകയാണ്.
03/11/2024 ഞായർ
രാവിലെ 9.15 ന് യാത്ര ആരംഭിച്ചു.
ജീസാ മുഹാഫളയിലെ പിരമിഡുകളെ ലക്ഷ്യം വെച്ചാണ് ബസ് നീങ്ങുന്നത്.
*പിരമിഡുകൾ*
ഈജിപ്ഷ്യൻ പിരമിഡുകൾ ലോകത്തിലെ പ്രാചീന സപ്താത്ഭുതങ്ങളിലൊന്നാണ്, വലിയ പാറക്കല്ലുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിർമ്മിതികളാണ്. ജീസയിലെ (ഗിസ)പിരമിഡാണ് ഇവയിൽ ഏറ്റവും വലുത്, ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ളവയിൽപ്പെട്ടതുമാണ്.12 ഏക്കർ സ്ഥലത്താണ് കുഫ് കുഫ് എന്ന ഈ പടു കൂറ്റൻ പിരമിഡ് സ്ഥിതി ചെയ്യുന്നത് . 10 വർഷം കൊണ്ടാണ് ഇത് നിർമിക്കാനുള്ള സ്ഥലം ശരിയാക്കിയത്.
25 ലക്ഷം ശിലാ ഖണ്ഡങ്ങൾ കൊണ്ടാണ് ഇത് നിർമ്മിചത്. ഇതിൽ ഏറ്റവും ചെറിയ കല്ലിൻ്റെ കനം 2.5 ടൺ ആണ്. വലിയ കല്ലിൻ്റെ തൂക്കം 15 ടൺ ആണ്. പല കല്ലുകളും അലക്സാണ്ട്രിയയിൽ നിന്നും മറ്റും കൊണ്ട് വന്നതാണ്. 147 മീറ്റർ ഉയരമാണ് ഗിസയിലെ വലിയ പിരമിഡ് ഉള്ളത്.
3 ലക്ഷം തൊഴിലാളികൾ 10 വർഷം കൊണ്ടാണ് ഇത് പൂർത്തിയക്കിയത്. ടോട്ടൽ 20 വർഷം എടുത്തു വലിയ പിരമിഡിന്റെ പണി പൂർത്തിയാക്കാൻ. ഇതിന്റെ അടിത്തറക്ക് 52,600 ചതുർശ്ര മീറ്റർ വ്യാപ്തിയുണ്ട്. വടക്ക് ഭാഗത്ത് 755.43 അടിയും തെക്ക് ഭാഗത്ത് 756.08 അടിയും പടിഞ്ഞാറ് ഭാഗത്ത് 755.77 അടിയും കിഴക്ക് 756.88 അടിയും ആണ്.
ഏകദേശം 4500 വർഷം പഴക്കമുള്ള ഈ പടുകൂറ്റൻ നിർമിതിക്കുള്ളിൽ അക്കാലഘട്ടങ്ങളിൽ രാജ്യം ഭരിച്ചിരുന്ന രാജാക്കൻമാരുടെ ശവകൂടീരങ്ങളാണ് അടക്കം ചെയ്തിട്ടുള്ളത്.
മരിച്ചു കഴിഞ്ഞാലും അവരുടെ ഭരണം നടക്കുമെന്ന അന്ധ വിശ്വാസമായിരുന്നു അവർക്ക്. അതിനാൽ ജീവിത കാലത്ത് ഉപയോഗി ച്ചിരുന്ന ഉപകരണങ്ങളും ആഭരണങ്ങളും അവരോടാപ്പം അടക്കം ചെയ്തിരിന്നു. മരിച്ച രാജാവിൻ്റെ രൂപം കൊത്തിവെച്ച പ്രത്യേക പേടകം ഉണ്ടാക്കി അതിലായിരുന്നു ഇവയെല്ലാം അടക്കം ചെയ്തിരുന്നത് . മരണ ശേഷവും രാജാവിന് സേവനം ചെയ്യാൻ രാജാവിൻ്റെ സേവകരെ ജീവനോടെ ഈ കല്ലറയിൽ കുഴിച്ചുമൂടിയിരുന്നുവത്രെ.
വലിയ പിരിമിഡിൻ്റെ നിർമാതാവായ ഫറോവയുടെ പേര് കുഫ് കുഫ് എന്നാണ്. ഫറോവ രാജാക്കന്മാർ അടിമകളെ നിഷ്ഠൂരമായി പീഡിപ്പിച്ചാണ് ഈ നിർമാണങ്ങളെല്ലാം നടത്തിയത്. പണി പൂർത്തിയകുന്നിതിനിടയിൽ 70000 തൊഴിലാളികൾ മരിച്ച് വീണിട്ടുണ്ട്. അവരെയും ഈ പിരമിഡുകൾക്കുള്ളിൽ അടക്കം ചെയ്തിട്ടുണ്ടത്രെ.
വിശുദ്ധ ഖുർആൻ ഫറോവമാറുടെ ഈ കിരാതെ കൃത്യത്തെ നിശിതമായി വിമർശിച്ചിട്ടുണ്ട്.
اِنَّ فِرْعَوْنَ عَلَا فِی الْاَرْضِ وَجَعَلَ اَهْلَهَا شِیَعًا یَّسْتَضْعِفُ طَآئفَةً مِّنْهُمْ یُذَبِّحُ اَبْنَآءَهُمْ وَیَسْتَحْیٖ نِسَآءَهُمْ ؕ— اِنَّهٗ كَانَ مِنَ الْمُفْسِدِیْنَ (سورة القصص٤)
തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു.
പിരമിഡുകൾ കാണാൻ നല്ല ജനത്തിരക്കാണ്.
ധിക്കാരികളായ രാജാക്കൻമാർ അവരുടെ അടിമകളെ കൊണ്ട് ചെയ്യിപ്പിച്ച ഈ ക്രൂര ചരിത്രങ്ങൾ കണ്ട് ഞങ്ങൾ കുറച്ച് നേരം അവിടെ ചിലവഴിച്ചു.
ഞങ്ങളെ നയിക്കാൻ ഈജിപ്ത്യൻ ഗൈഡ് പതാകവടിയും പിടിച്ച് മുന്നേ നടക്കുന്നുണ്ട്.
ടൂറിസ്റ്റ് കേന്ദ്രമായതിനാൽ സഞ്ചാരികളുടെ തിരക്കും പൊടിപൊടിച്ച കച്ചവടങ്ങളും നടക്കുന്നുണ്ട്. കച്ചവടക്കാരിലൊരാൾ വശ്യ മനോഹരമായി ഖുർആൻ പാരായണം ചെയ്താണ് ആളുകളെ ആകർശിക്കുന്നത്. ഞങ്ങൾ അയാളുടെ ചുറ്റും കൂടി നിന്നു. മധുരോദാരമായി വീണ്ടും അയാൾ ഓതിക്കൊണ്ടിരിന്നു. ഞങ്ങൾ മുഖേന നല്ലൊരു കച്ചവടവും അയാൾക്കു തരപ്പെട്ടു.
ഉസ്താദും തങ്ങളുപ്പാപ്പയുമൊക്കെ ബസിൽ വിശ്രമിക്കയാകയാൽ ഞങ്ങൾ ഫോട്ടോ പോസ്സിംഗും മറ്റുമായി അവിടെ കറങ്ങി. ഇടക്ക് നിസാമിയും സംഘവും ഒരു പാട്ടു കച്ചേരിയും ഒപ്പിച്ചു. മിസ്റിലെ രാജൻ........
അൻവർ സഖാഫിയും സംഘവും കുതിര വണ്ടിയിൽ കറങ്ങിയാണ് പിരമിഡുകൾ കാണുന്നത്.
അൽപ സമയത്തിന് ശേഷം ഗൈഡ് എല്ലാവരെയും ആട്ടിത്തെളിച്ച് ബസിൽ കയറ്റി. സഹാറാ മരുഭൂമിയോട് ചേർന്ന് കിടക്കുന്ന പശ്ചിമ മരുഭൂമിയിലേക്ക് (WESTERN DESSERT) ബസ് മെല്ലെ നീങ്ങി. പിരമിഡുകളുടെ പടിഞ്ഞാറുഭാഗം മുതൽ തന്നെ മരുഭൂമിയാണ്. മണൽ പരപ്പ് ചക്രവാളം വരെ നീണ്ടുകിടക്കുന്നു. ഇടയ്ക്കിടെയുള്ള മണൽക്കാറ്റിൽ കച്ചവടക്കാരുടെ കൂടാരങ്ങൾ തകരുന്നു. അവിടെ ഫ്രഞ്ച് ജർമ്മൻ ബ്രിട്ടീഷ് ടൂറിസ്റ്റുകൾ ആണ് അധികവും. സ്വദേശികൾക്കും വിദേശികൾക്കും വസ്ത്രധാരണത്തിൽ പ്രത്യേക നിയമങ്ങൾ ഒന്നുമില്ല എന്ന് പ്രഥമ ദൃഷ്ട്യാ തന്നെ മനസ്സിലാകും. ഒന്നിലധികം പിരമിഡുകൾ പാശ്ചാതലമായി ലഭിക്കുന്നു എന്നതിനാൽ ഒരു ഫോട്ടോയെടുക്കാം എന്ന രീതിയിൽ എല്ലാവരും ഇറങ്ങി. അപ്പോഴേക്ക് വന്നു ഒട്ടക സവാരിക്കാരൻ. ഫോട്ടോയെടുക്കാൻ ഇറങ്ങിയവർ ഒട്ടകക്കാരന്റെ ചുറ്റും കൂടി നിന്നു.
وإلي الابل كيف خلقت
ഒട്ടകത്തിന്റെ സൃഷ്ടിപ്പിലേക്ക് നിങ്ങൾ സൂക്ഷ്മ നിരീക്ഷണം നടത്തുന്നില്ലേ .....
ഒട്ടകത്തിന്റെ സൃഷ്ടി രഹസ്യത്തിലേക്ക് വീണ്ടും വീണ്ടും അന്വേഷണ തൃഷ്ണയോടെ നോക്കാൻ വിശുദ്ധ ഖുർആൻ ആജ്ഞാപിച്ചിട്ടുണ്ട്.
മരുഭൂമിയിലെ നീണ്ട യാത്രക്ക് അനുയോജ്യമാണ് ഒട്ടകത്തിന്റെ ശരീരഘടന. ഒട്ടകത്തിന്റെ നടത്തം കുതിരയും മറ്റും നടക്കുന്നതുപോലെയല്ല.കുതിര നടക്കുമ്പോൾ മുന്നിലെ വലതുകാലിനൊപ്പം പിന്നിലെ ഇടതുകാലാണ് മുന്നോട്ട് വെക്കുക.എന്നാൽ ഒട്ടകം നടക്കുമ്പോൾ മുന്നിലെ വലതുകാലിനൊപ്പം പിന്നിലെ വലതുകാൽ തന്നെയാണ് മുന്നോട്ട് വെക്കുക.പിന്നെ ഇടതുകാലുകളും ഒന്നിച്ച് മുന്നോട്ട് വെക്കുന്നു.ഒട്ടകത്തിന് 18 മണിക്കൂർ തുടർച്ചയായി നടക്കാൻ കഴിയും(120 കി.മീ).500 കി.ഗ്രാം ഭാരം പേറി മണിക്കൂറിൽ 15 കി.മീ വേഗത്തിൽ ഓടാനും ഒട്ടകത്തിന് കഴിയും. ഒറ്റപ്രാവശ്യം 15 ലിറ്റർ വെള്ളം വരെ അകത്താക്കാൻ കഴിയുന്ന ഇവയ്ക്ക് ശരീരഭാരത്തിന്റെ 40% വരെ ജലനഷ്ടം സഹിക്കുവാൻ കഴിവുണ്ട്. മണലിൽ പുതഞ്ഞ് പോകാത്ത പരന്ന പാദങ്ങളും, രണ്ടു നിര പീലികളുള്ള കൺപോളകളും, ആവശ്യാനുസൃതം തുറക്കാനും അടയ്ക്കാനും കഴിവുള്ള നാസാദ്വാരങ്ങളും മരുഭൂമിയിലെ സാഹചര്യങ്ങൾക്ക് ഇവയെ സജ്ജരാക്കുന്നു.
രണ്ട് വയസ്സൻ മിസ്‌രികൾ, അവരെ പ്പോലെ വയസ്സു തോന്നിക്കുന്ന രണ്ട് ഒട്ടകങ്ങളുമായി ഞങ്ങളുടെ മുന്നിൽ നിന്ന് വാചാലമാകുകയാണ്. ഒരാൾക്ക് 20 ഗിനി (ജുനൈഹ് / പൗണ്ട്) തന്നാൽ ഒട്ടകത്തിന് മുകളിലിരുന്ന് ഒന്ന് പോസ്സ് ചെയ്യാം. ഒരു ആവേശത്തിൽ ചീഫ് അമീർ ആദ്യം കേറി ഇരുന്നു. പിന്നാലെ അണികളും കേറി പോസ്സ് ചെയ്തു.
ഇരുന്ന ഇരുത്തത്തിൽ നിന്ന് ഒട്ടകം അങ്ങ് എഴുന്നേൽക്കുമ്പോൾ മനസിൽ അടിച്ച് വീശുന്ന വെപ്രാളക്കൊടുങ്കാറ്റ് പലരുടെയും മുഖത്ത് കാണാമായിരുന്നു. രണാങ്കണങ്ങളിലൂടെ ഒട്ടകപ്പുറത്തേറി
أنا النبي لا كذب أنا ابن عبد المطلب
എന്ന് ആവേശത്തോടെ ശത്രുക്കളോട് ഉച്ചയിസ്ഥരം പ്രഖ്യാപിച്ച പ്രവാചകർ (സ) തങ്ങളുടെ ധൈര്യവും സ്ഥൈര്യവും ശരിക്കും മനസിലാക്കാൻ കഴിഞ്ഞു. ഞങ്ങളിൽ 29 പേരും ഒട്ടകപ്പുറത്തേറി. എല്ലാവരുടെയും കാശ് കോവൈ ഫൈസൽ സാഹിബ് നൽകി മാതൃകയായി.
ഞങ്ങളുമായി ബസ് വീണ്ടും മുന്നോട്ട്
*അബുൽ ഹൈൽ (sphinx/നര സിംഹം)*
ഇനി ഫറോവയുടെ മമ്മിയും മറ്റു അനേകം കാഴ്ചകളും കാണാൻ ബാക്കിയുണ്ട്. ബസ് മെല്ലെ നീങ്ങുന്നു.
അൽപം സഞ്ചരിച്ചപ്പോൾ റോഡിൻ്റെ വലത് സൈഡിൽ ഭീമാകാരമായ വലിയ ഒരു ശിൽപ്പം കണ്ടു. മനുഷ്യൻ്റെ തലയും സിംഹത്തിൻ്റെ ഉടലും ....
അക്ഷരാർത്ഥത്തിൽ ഒരു നരസിംഹം. അബുൽ ഹൈൽ എന്ന് അറബിയിലും SPHINX എന്ന് ഇംഗ്ലീഷിലും പറയുന്ന ഈ ശിൽപം നൈൽ നദീ തടത്തിൻ്റെ രക്ഷിതാവായി അന്ധവിശ്വാസികൾ കണ്ടിരുന്ന ദൈവത്തിൻ്റെ രൂപമാണത്രെ.
പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് നേരിട്ട് അഭിമുഖമായി, ജീസയിലെ നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള ഗിസ പീഠഭൂമിയിലാണ് ഇത് നിലകൊള്ളുന്നത്. ഇതിൻ്റെ കൈകാലുകൾ മുതൽ വാൽ വരെ 73 മീറ്റർ (240 അടി) നീളവും അടിവശം മുതൽ തലയുടെ മുകൾഭാഗം വരെ 20 മീറ്റർ (66 അടി) ഉയരവും പിൻഭാഗത്ത് 19 മീറ്റർ (62 അടി) വീതിയും ഉണ്ട്.
ഈജിപ്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള സ്മാരക ശിൽപവും ലോകത്തിലെ ഏറ്റവും തിരിച്ചറിയാവുന്ന പ്രതിമകളിൽ ഒന്നാണ് സ്ഫിങ്ക്സ്. ഖാഫ്രെയുടെ (BC 2558–2532 ) ഭരണകാലത്ത് പഴയ ഈജിപ്തുകാരാണ് ഇത് സൃഷ്ടിച്ചതെന്ന് പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നു.
ഒറ്റക്കല്ലിൽ തീർത്ത ഈ പ്രതിമ നൂറ്റാണ്ടുകളോളം മണലിൽ മറഞ്ഞു കിടക്കുകയായിരുന്നു. 1816 ലാണ് ഇത് കണ്ടു കിട്ടിയത്. പ്രതിമയെ കാണുന്നതിൽ പ്രത്യേക ഫലമൊന്നുമില്ലെങ്കിലും ഒരു ചരിത്ര സ്മാരകം നേരിട്ട് മനസിലാക്കുക എന്ന അർത്ഥത്തിൽ ആ പടുകൂറ്റൻ പ്രതിമയെ ബസിൽ നിന്ന് വീക്ഷിച്ച് തൃപ്തിയടഞ്ഞു.
ബസ് വീണ്ടും മുന്നോട്ട്..... അൽപം സഞ്ചരിച്ച് ക്ലിയോ പാട്ട്ര ഹോട്ടലിന് മുന്നിൽ ബസ് നിർത്തി. അൽപം നേരത്തെ ഉച്ചയൂൺ കഴിച്ച് മ്യൂസിയത്തിലേക്ക് പോകാൻ റെഡിയായി. ഫിർഔനിൻ്റെ ജഢം കാണണമെന്നതാണ് പ്രധാന ലക്ഷ്യം
*ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം*
ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം (GEM) എന്നും
ഗിസ മ്യൂസിയം എന്നും അറിയപ്പെടുന്ന പുരാതന ഈജിപ്തിലെ പുരാവസ്തുക്കളുടെ ഒരു ശേഖരം തന്നെ സന്ദർശിക്കാനാണ് ഇനി ഞങ്ങൾ പോകുന്നത്. ഗിസ പിരമിഡുകളിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് മ്യൂസിയം ഉള്ളത്.
1901-ൽ നിർമ്മിച്ച ഒരു കെട്ടിടത്തിൽ തഹ്‌രീർ സ്‌ക്വയറിൽ സ്ഥിതി ചെയ്യുന്ന ഇത് ആഫ്രിക്കയിലെ ഏറ്റവും വലിയ മ്യൂസിയമാണ് . ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന കലാസൃഷ്ടികളിൽ ഒന്നായും പുരാതന ഈജിപ്തിൻ്റെ ഒരു പ്രമുഖ ചിഹ്നമായും പരക്കെ കണക്കാക്കപ്പെടുന്ന സ്വർണ്ണ ശവസംസ്‌കാര മാസ്‌ക് ഉൾപ്പെടെയുള്ള 120,000-ത്തിലധികം പുരാവസ്തു ഇനങ്ങൾ ഇതിൽ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അവയിൽ പലതും മോഷ്ടിക്കപ്പെടുകയും മറ്റു മ്യൂസിയങ്ങളിലേക്ക് നീക്കം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഉച്ചക്ക് 12.38 ന് ഞങ്ങൾ മ്യൂസിയത്തിലെത്തി. ഈജിപ്ത് ഗൈഡിന്റെ നേതൃത്വത്തിൽ എല്ലാവർക്കും ടിക്കറ്റ് റെഡിയാക്കി , ടിക്കറ്റിനോടൊപ്പം മുഴുവൻ അംഗങ്ങൾക്കും ഗൈഡിന്റെ വിശദീകരണം കേൾക്കാനായി ഇയർഫോണുകളും ടിക്കറ്റ് കൗണ്ടറിൽ നിന്ന് തന്നെ ലഭിച്ചു. പിന്നെ നീണ്ട നടത്തമായിരുന്നു മണിക്കൂറുകളോളം..... പലരാജാക്കന്മാരുടെയും മമ്മികളും അവരെ അടക്കം ചെയ്തിരുന്ന പേടകങ്ങളും അവർ ഉപയോഗിച്ചിരുന്ന ആഭരണങ്ങളും മറ്റു പലതും കണ്ടു.11 കിലോ സ്വർണ്ണം കൊണ്ട് നിർമ്മിച്ച ടുട്ടൻഖാമുൻ്റെ ഗോൾഡ് മാസ്ക്, ഖുഫുവിൻ്റെ പ്രതിമ, etc...ഖുർആനിൻ്റ വലിയ കയ്യെഴുത്ത് പ്രതി, തൗറാത്ത്, ഇൻജീൽ തുടങ്ങിയവയുടെ കോപ്പി ഇങ്ങനെ പോകുന്നു ആ നീണ്ട നിര. ഫോട്ടോ എടുക്കുന്നത് പലയിടത്തും നിരോധിച്ചതിനാൽ പലതും ഇതിൽ ചേർക്കാൻ സാധിച്ചിട്ടില്ല.
*ഫിർഔൻ*
ബി സി 5000 മുതൽ 332 വരെ ഈജിപ്ത് ഭരിച്ചിരുന്ന രാജവംശമാണ് ഫറോവമാർ.
ഫറോവമാരുടെ കൂട്ടത്തിൽ രാംസസ് രണ്ടാമൻ എന്നറിയപ്പെടുന്ന ആളാണ് മൂസാ നബിയുടെ ശത്രുവായ ഫിർഔൻ. ബിസി 13O1 മുതൽ 1235 വരെയുള്ള 66 വർഷമാണ് അവൻറെ ഭരണകാലം. താനാണ് ദൈവം എന്ന് പ്രഖ്യാപിച്ച ഫിർഔനിന്റെ ഭരണത്തിൽ നിന്നുകൊണ്ട് ഇസ്രായീല്യരെ സത്യവിശ്വാസത്തിലേക്കും തൗഹീദിലേക്കും കൊണ്ടുവരുന്നത് അസാധ്യമായതിനാലും ഫിർഔനിൻ്റെ മർദ്ദനത്തിൽ നിന്ന് അവരെ മോചിപ്പിക്കണമെന്ന ഉദ്ദേശത്താലും രാത്രി തൻ്റെ ജനതയെയും കൊണ്ട് ചെങ്കടൽ കടന്ന് സീനായിലേക്ക് പോകാനാണ് അല്ലാഹു മൂസാ നബി (അ)യോട് കൽപിച്ചത്. ചെങ്കടൽ കടന്നുപോകുമ്പോൾ ചെങ്കടലിന്റെ ഭാഗമായ സൂയസ് ഉൾക്കടൽ തീരത്ത് എത്തിയ മൂസാ നബിയോട് അല്ലാഹു കടലിൽ വടികൊണ്ട് അടിക്കാൻ കൽപ്പിച്ചു. കടൽ പിളർന്നു. ഖുർആൻ പറയുന്നു:
فَاَوْحَیْنَاۤ اِلٰی مُوْسٰۤی اَنِ اضْرِبْ بِّعَصَاكَ الْبَحْرَ ؕ فَانْفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِیْمِ (سورة الشعراء :63)
അപ്പോള്‍ നാം മൂസാ നബിക്ക് ബോധനം നല്‍കി; അങ്ങ് അവിടുത്തെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന്. അങ്ങനെ അത് (കടല്‍ ) പിളരുകയും എന്നിട്ട് (വെള്ളത്തിന്‍റെ) ഓരോ പൊളിയും വലിയ പര്‍വ്വതം പോലെ ആയിത്തീരുകയും ചെയ്തു.
ഖുർആൻ മറ്റൊരിടത്ത് പറയുന്നു:
وَلَقَدْ اَوْحَیْنَاۤ اِلٰی مُوْسٰۤی ۙ۬ اَنْ اَسْرِ بِعِبَادِیْ فَاضْرِبْ لَهُمْ طَرِیْقًا فِی الْبَحْرِ یَبَسًا ۙ لَّا تَخٰفُ دَرَكًا وَّلَا تَخْشٰی ، فَاَتْبَعَهُمْ فِرْعَوْنُ بِجُنُوْدِهٖ فَغَشِیَهُمْ مِّنَ الْیَمِّ مَا غَشِیَهُمْ (سورة طه 77,78)
മൂസാ നബിക്ക് നാം ഇപ്രകാരം ബോധനം നല്‍കുകയുണ്ടായി: എന്‍റെ ദാസന്‍മാരെയും കൊണ്ട് രാത്രിയില്‍ നിങ്ങൾ പോകുക. എന്നിട്ട് അവര്‍ക്ക് വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി( വെള്ളം ഇരുവശത്തേക്കും മാറിനിന്നിട്ട് നനവു വറ്റിയ വഴി) നിങ്ങൾ ഏര്‍പെടുത്തികൊടുക്കുക. (ശത്രുക്കള്‍) പിന്തുടര്‍ന്ന് എത്തുമെന്ന് നിങ്ങൾ പേടിക്കേണ്ടതില്ല. (യാതൊന്നും) നിങ്ങൾ ഭയപ്പെടേണ്ടതുമില്ല.
അപ്പോള്‍ ഫിര്‍ഔന്‍ തന്‍റെ സൈന്യങ്ങളോട് കൂടി അവരുടെ പിന്നാലെ ചെന്നു.അപ്പോള്‍ കടലില്‍ നിന്ന് അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു.
(ത്വാഹ: 77, 78 )
സമുദ്ര വഴിയിലൂടെ അക്കര കടന്ന മൂസാ നബിയെയും ഇസ്രായീല്യരെയും പിടികൂടാൻ തന്റെ സൈന്യത്തെയും കൊണ്ട് ഫിർഔൻ കടലിലേക്ക് ഇറങ്ങി. കടൽ പഴയ പടിയായി. കടലിൻറെ മധ്യത്തിൽ കുടുങ്ങിയ ഫിർഔനും സൈന്യവും മുങ്ങിമരിക്കുകയും മൂസാ നബിയും ഇസ്രായീല്യരും രക്ഷപ്പെടുകയും ചെയ്തു. അവൻ മുങ്ങി മരിക്കുമെന്ന് ഉറപ്പായപ്പോൾ നിർബന്ധിതനായി 'ഹാറൂനിന്റെയും മൂസയുടെയും രക്ഷിതാവിൽ ഞാൻ വിശ്വസിച്ചു' എന്ന് പറഞ്ഞെങ്കിലും അള്ളാഹു അത് സ്വീകരിച്ചില്ല.
രാംസിസ് രണ്ടാമനും സൈന്യവും കടലിൽ ചത്തൊടുങ്ങി. മൂസാ നബി വിജയശ്രീലാളിതനായി തൻ്റെ ദൗത്യം നിർവഹിച്ച് കൊണ്ടേയിരുന്നു.
അല്ലാഹുവിൻറെ അമരത്വം അംഗീകരിക്കാതെ ധിക്കാരം നടിച്ച് സ്വയം ദൈവമായി ചമഞ്ഞ ഫിർഔനിന്റെ ശരീരം പിൽക്കാലത്തുള്ളവർക്ക് ഒരു ദൃഷ്ടാന്തമായി എന്നെന്നേക്കുമായി അവശേഷിപ്പിക്കും എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്.
وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُ بَغْيًا وَعَدْوًا ۖ حَتَّىٰ إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لَا إِلَٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَا مِنَ الْمُسْلِمِينَ، ءَآلْـَٰٔنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ ٱلْمُفْسِدِينَ،
فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً ۚ وَإِنَّ كَثِيرًا مِّنَ النَّاسِ عَنْ آيَاتِنَا لَغَافِلُونَ﴾
[ سورة يونس: 90,91,92]
ഇസ്രാഈൽ സന്തതികൾക്ക് കടൽപിളർത്തി സമുദ്രം മുറിച്ചുകടക്കൽ നാം എളുപ്പമാക്കി. അങ്ങനെ അവർ സുരക്ഷിതരായി അത് മുറിച്ചുകടന്നു. അപ്പോൾ ഫിർഔനും അവൻ്റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടർന്നു. അങ്ങനെ സമുദ്രം അവനെ മൂടുകയും അവൻ മുങ്ങുകയും ചെയ്തു. രക്ഷപ്പെടാൻ കഴിയില്ലെന്ന് നിരാശനായപ്പോൾ അവൻ പറഞ്ഞു: ഇസ്രായീൽ സന്തതികൾ ഏതൊരുവനിൽ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്ന് ഞാൻ വിശ്വസിച്ചിരിക്കുന്നു. ഞാൻ അവനെ അനുസരിക്കുകയും അവന് കീഴ്പെടുകയും ചെയ്തവരുടെ കൂട്ടത്തിലാകുന്നു.
ജീവിതത്തെക്കുറിച്ച് നിരാശനായശേഷം ഇപ്പോഴാണോ നീ വിശ്വസിക്കുന്നത്? ശിക്ഷ ഇറങ്ങുന്നതിന് മുമ്പ് അവിശ്വസിച്ച് നീ അല്ലാഹുവിനെ ധിക്കരിക്കുകയും അവൻ്റെ മാർഗ്ഗത്തിൽ നിന്ന് തടയുകയും ചെയ്തു.സ്വയം പിഴച്ചും മറ്റുള്ളവരെ പിഴപ്പിച്ചും നീ കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തു.
എന്നാൽ നിൻ്റെ പുറകെ വരുന്നവർക്ക് നീ ഒരു ഗുണപാഠമാകുന്നതിനുവേണ്ടി ഇന്നു നിൻ്റെ ശരീരത്തെ നാം സമുദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തി ഭൂമിയിലെ ഉയർന്ന സ്ഥലത്ത് ആക്കുന്നതാണ്. തീർച്ചയായും, മനുഷ്യരിൽ ധാരാളം പേർ നമ്മുടെ ദൃഷ്ടാന്തങ്ങളെയും തെളിവുകളെയും പറ്റി അശ്രദ്ധരാകുന്നു. അതിനെക്കുറിച്ചവർ ചിന്തിക്കുന്നില്ല.
(യൂനുസ്: 90-92)
ഈ ആയത്തിൽ അല്ലാഹു പറഞ്ഞ കാര്യം 1881 ൽ പുലർന്നു. അഥവാ ചെങ്കടലിൽ നിന്ന് അവൻറെ ശരീരം കിട്ടി. 1892ൽ തീബ്സ് താഴ്‌വരയിൽ നിന്ന് പ്രൊഫസർ ലോറൽ അത് കണ്ടെടുത്തു എന്ന് മോറിസ് ബുക്കായി തൻറെ 'ബൈബിൾ, ഖുർആൻ, ശാസ്ത്രം ' എന്ന പുസ്തകത്തിൽ പറയുന്നു.
202 സെൻറീമീറ്റർ നീളമുള്ള ആ ശരീരം 3000ത്തിലധികം വർഷം കഴിഞ്ഞിട്ടും നശിക്കുകയോ ചീഞ്ഞു പോവുകയോ ചെയ്തില്ല എന്നത് ഖുർആനിൻറെ അമാനുഷികതയ്ക്ക് ചരിത്രത്തിൻറെ ജീവിക്കുന്ന സാക്ഷ്യം നേരിട്ട് കാണുകയാണ്.
മ്യൂസിയം സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യവും ഈ ജഡം കാണൽ ആയിരുന്നല്ലോ. ഇത് കാണാനായി മ്യൂസിയത്തിന്റെ റോയൽ മമ്മി ഹാളിൽ ഞങ്ങൾ പ്രവേശിച്ചു.
മറ്റു ഫറോവമാരുടെ ശരീരങ്ങൾ അതിനകത്ത് ഉണ്ടെങ്കിലും അവ പിരിമിഡുകൾക്കകത്ത് പ്രത്യേക മരുന്നുകൾ ഉപയോഗിച്ച് മമ്മികൾ ആക്കി പേടകത്തിൽ അടക്കം ചെയ്തിരുന്നത്,
പിൽക്കാലത്ത് ഖനനം ചെയ്തെടുത്ത് കൊണ്ടുവന്ന് അവയുടെ കൂടു പൊളിച്ച് ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. മറവ് ചെയ്യാൻ അവർ ഉപയോഗിച്ചിരുന്ന പേടകവും അതിനടുത്തുണ്ട്. അതിൻറെ മുകളിൽ ഓരോ രാജാക്കന്മാരുടെയും രൂപം കൊത്തി വെച്ചിട്ടുമുണ്ട്.
മമ്മികൾ ആക്കി സൂക്ഷിച്ച അവരുടെ ശരീരവും അങ്ങനെയൊന്നും ചെയ്യാതെ ബാക്കിയായ രാംസസ് രണ്ടാമൻ എന്ന് എഴുതിവെച്ച ഖുർആനിൽ പറഞ്ഞ ഫിർഔനിന്റെ ശരീരവും തമ്മിലുള്ള വ്യത്യാസം ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. ഫിർഔനിന്റെ ചെമ്പൻ നിറത്തിലുള്ള മുടി, പല്ലുകൾ, തൊലി, നീണ്ട നഖങ്ങൾ എന്നിവയൊന്നും നഷ്ടപ്പെടാതെ നിലനിൽക്കുന്നു. വായു ശൂന്യമായ ഒരു ഗ്ലാസ് പെട്ടിക്കകത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഒരു കൈയിൽ മാത്രം ശീല ചുറ്റിയിട്ടുണ്ട്.
ഒരു മുണ്ട് ഉടുപ്പിച്ചിട്ടുമുണ്ട്.
ആ റൂമിൽ ക്യാമറ ഉപയോഗിക്കാൻ പാടില്ലെന്ന് പ്രത്യേകം എഴുതി വെച്ചിട്ടുണ്ട് അവിടെ പോലീസ് കാവൽ നിൽക്കുന്നുമുണ്ട്. ഞങ്ങളുടെ കൂട്ടത്തിൽ ആരോ ഒരാൾ മൊബൈൽ എടുത്ത് ഫോട്ടോ എടുക്കാൻ ശ്രമിച്ചത് വിനയായി.
മ്യൂസിയത്തിന്റെ മറ്റു റൂമുകളിൽ ഫറോവമാർ ഉപയോഗിച്ചിരുന്ന സ്വർണ കട്ടിലുകൾ, പാത്രങ്ങൾ, ഫർണിച്ചറുകൾ, പ്രതിമകൾ, നാണയങ്ങൾ, ചെരിപ്പുകൾ, പടയങ്കികൾ, ആയുധങ്ങൾ, മമ്മിക്കൂടുകൾ തുടങ്ങി നിരവധി വസ്തുക്കൾ ചുറ്റിക്കണ്ടു. പുരാതന കോപ്റ്റിക് ലിഖിതങ്ങളിൽ ധാരാളം എഴുത്തുകളും കല്ലുകളിൽ കൊത്തിവെച്ചിട്ടുണ്ട്. എല്ലാം കണ്ട് മ്യൂസിയത്തിൽ നിന്ന് മെല്ലെ പുറത്ത് കടന്നു.
മണിക്കൂറുകൾ പോയതറിഞ്ഞില്ല.....
മ്യൂസിയത്തിന് സമാന്തരമായി ജബലുൽ മുഖത്വം (മുഖത്വം പർവതനിര) പ്രൗഢിയോടെ നിൽക്കുന്നത് കാണാം....
5000 ത്തോളം മഹത്തുക്കൾ ആ മലഞ്ചെരുവിൽ മറപെട്ടു കിടക്കുന്നുണ്ട്. നഫീസതുൽ മിസ് രിയ്യ അടക്കമുള്ള ആ മഹത്തുക്കളെ ലക്ഷ്യം വെച്ചാണ് ഇനി ഞങ്ങൾ യാത്ര ചെയ്യുന്നത്.
എല്ലാവരും ബസിൽ കയറി. കയറാൻ ബാക്കിയുള്ള രണ്ടാളുകളെ കാത്ത് അൽപം സമയം നിന്നു. ഉടൻ മുത്തലിബ് സഖാഫി മൈക്ക് കയ്യിലെടുത്ത് നഫീസ ബീവിയെക്കുറിച്ച് വാചാലമാവാൻ തുടങ്ങി.
ബസ് ചലിച്ചു തുടങ്ങി...
*തുടരും*
🔰🔰🔰🔰🔰🔰🔰🔰🔰🔰
No comments:
Post a Comment