ഹാഫിള് സാലിം സഖാഫി പടിഞ്ഞാറത്തറ.
Part 1
بسم الله الرحمن الرحيم والصلاة والسلام على سيدنا محمد وعلى آله وصحبه أجمعين. أما بعد
തിരു നബി(സ)യെ വേദനിപ്പിക്കരുത്
അന്നൊരിക്കൽ തിരു നബി (സ)യുടെ മുഖത്തു നോക്കി പച്ചയായി ആക്ഷേപിച്ചതു കാരണം എന്നന്നേക്കുമായി ആക്ഷേപത്തിനും, ശാപത്തിനും വിധേയനായികൊണ്ടിരിക്കുന്ന, പരാചായത്തിന്റെ അഗാധ ഗർത്ഥത്തിൽ പെട്ടുപോയ ഒരു കുടുബത്തിന്റെറെ ദുരന്തകഥ വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. തിരുനബി(സ) യെ ദ്രോഹിക്കാൻ വേണ്ടി മാത്രം കച്ചകെട്ടിയിറങ്ങിയപ്പോൾ വന്നുഭവിച്ച ഈ കൊടിയനാശം നബി(സ)യെ നിന്ദിക്കുന്നവർക്കും, പരിഹസിക്കുന്നവർക്കുമുള്ള കഠിന താക്കീതായി ഇന്നും കോടാനുകോടി വിശ്വാസികളുടെ നാവിൻ തുമ്പിലൂടെ പാരായണം ചെയ്‌തുകൊണ്ടിരിക്കുന്നു.
ഈ മുന്നറിയിപ്പ് ലോകാവസാനം വരെ തുടരുകയും ചെയ്യും. വിശുദ്ധ ഖുർആനിലെ നൂറ്റിപതിനൊന്നാം അധ്യായം സൂറത്തുൽ മസദിലാണ് നാശം നിറഞ്ഞ ആ മഹാദുരന്ത പ്രഖ്യാപനം അല്ലാഹു നടത്തുന്നത്. അതെ ആരെങ്കിലും പ്രിയപ്പെട്ട ഹബീബ് (സ)യെ വിഷമിപ്പിച്ചാൽ അല്ലാഹു അവരോട് യുദ്ധം പ്രക്യാപിക്കുകതന്നെ ചെയ്യുമെന്ന പാഠമാണ് പ്രസ്‌തുത അധ്യായം മുന്നോട്ടു വെക്കുന്ന പ്രമേയം.
അടുത്ത കുടുംബക്കരിലേക്ക്
ഇസ്ലാമിക പ്രബോധനവുമായി പരസ്യമായി കടന്നുചെല്ലണമെന്ന സന്ദേശം നബി (സ)ക്ക് ലഭിച്ചപ്പോൾ നബി (സ)സ്വഫാ കുന്നിൽ മുകളിൽ കയറി ഓരോകുടുംബക്കാരുടെയും പേരുവിളിച്ചുകൊണ്ട് അവരെ അഭിസംബോധനം ചെയ്തു. തിരുനബിയുടെ ശബ്‌ദംകേട്ട് എല്ലാവരും തടിച്ചുകൂടി. അപ്പോൾ നബി (സ) അവരോട് ചോദിച്ചു :ഈ കാണുന്നുന്ന പർവതത്തിന്റെ താഴ്വാരത്തുകൂടെ സർവ്വായുധ വിഭൂഷിധരായ ഒരു കുതിര സംഘം നിങ്ങളെ ആക്രമിക്കാൻ വരുന്നുണ്ടെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ അത് സത്യമായി വിശ്വസിക്കു മോ?
തത്സമയം ഖുറൈശികൾ ഏകസ്വരത്തിൽ പ്രതികരിച്ചു:അതെ ഞങ്ങൾ വിശ്വസിക്കും, കാരണം ഞങ്ങളുടെ അനുഭവത്തിൽ നീ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ.. ഈ അവസരം ഉപയോഗപ്പെടുത്തിയ നബി (സ) അവരോട് പ്രഖ്യാപിച്ചു: എന്നാൽ മുന്നിൽ വരാനിരിക്കുന്ന അതി ശക്തമായ ഒരു ശിക്ഷയെ കുറിച്ച് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പുനൽകുന്നു. ഇതുകേട്ട പ്പോൾ കലിപ്പൂണ്ട അബൂലഹബ് ഇളകിപുറപ്പെട്ട് ആക്രോഷിച്ചു.. മുഹമ്മദ്.... നിനക്ക് നാശം!ഇതിനു വേണ്ടിയാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിത് .
അബൂലഹബ് കൈയ്യുയർത്തി മുദ്രവാഖ്യം വിളിച്ച് കലഹിക്കുന്നുണ്ടായിരുന്നു. അബൂലഹബിൻ്റെ അതിരുവിട്ട ഈ പ്രതികരണത്തിനുള്ള ശക്തമായ മറുപടിയായിട്ടാണ് സൂറത്തുൽ മസദ് അവതരിക്കുന്നത്. അതേ നാണയത്തിൽ അല്ലാഹു തിരിച്ചടിച്ചു. അബൂലഹബിൻ്റെ ഇരു കരങ്ങളും നശിക്കട്ടെ, അവൻ തന്നെ നശിച്ചിരിക്കുന്നു. അവന്റെ ധനവും, അവൻ സാമ്പാധിച്ചതും അവന് ഉപകാരപ്പെടില്ല. തീജ്വാലകളുള്ള നരകത്തിൽ അവൻ കത്തിയെരി യുകതന്നെ ചെയ്യും. വിറകു ചുമട്ടു കാരിയായ അവൻ്റെ ഭാര്യയും നരഗാഗ്നിയിൽ കത്തിയെരിയും. അവളുടെ കഴുത്തിൽ ഈത്തപ്പന നാരുകൊണ്ട് മെടഞ്ഞുണ്ടാക്കിയ ഒരു കയറുണ്ട്. (സൂറത്തുൽ മസദ് )
തിരുനബി(സ)യോടും ഇസ്‌ലാമിനോടും ശത്രുത വെച്ച് പുലർത്തി യുദ്ധത്തിന് പുറപ്പെട്ടാൽ അബൂലഹബിനും കുടുംബത്തിനും വന്നുഭവിച്ച ധാരുണമായ ദുരന്തമായിരിക്കും സംഭവിക്കുകയെന്ന ശക്തമായ താക്കീതാണ് ഈ സൂറത്ത് നൽകുന്ന പാഠം.
സൂറതുൽ മസദ് ഒട്ടനവധി ആശയങ്ങളിലേക്കും, പാഠങ്ങളിലേക്കും, ചരിത്രങ്ങളിലേക്കും വെളിച്ചം വീശുന്ന ഈ സൂറയുടെ വിശാലമായി പരന്നു കിടക്കുന്ന അർത്ഥതലങ്ങളിലേക്ക് പ്രേവേശിക്കാം. ഇരുപത്തിമൂന്ന് പദങ്ങളിലായി എൻപത്തി ഒന്ന് അക്ഷരങ്ങൾ ഉൾകൊള്ളുന്ന സൂറത്തുൽ മസദ് ഹിജ്രക്ക് മുമ്പ് അവതരിച്ച സൂറത്തുകളിൽ പെട്ടതാണ്. സൂറത്തു തബ്ബത് എന്നും പേര് പറയാറുണ്ട്.
تبت يدا أبي لهب وتب (1)
== തിരുനബി(സ) യുടെ മുഖത്തുനോക്കി നിനക്കു നാശം, നീ പരാജയപ്പെടട്ടെ എന്ന് പറഞ്ഞ് അബൂലഹബ് ആക്ഷേപിച്ചപ്പോൾ അബൂലഹബ് ഉപയോഗിച്ച അതേ വാക്കിൽ തന്നെ അല്ലാഹു തിരിച്ചാക്ഷേഭിക്കുന്ന ശൈലിയാണ് ഇവിടെ സ്വീകരിച്ചത്.
അബൂലഹബിൻ്റെ ഇരുകരങ്ങളും നശിക്കട്ടെ, അവൻ നശിച്ചിരിക്കുന്നു എന്നു പറയാൻ വേണ്ടി കൊണ്ടുവന്ന "തബ്ബ" എന്ന പദത്തിന്റെ അർത്ഥം തുടർന്നുകൊണ്ടരിക്കുന്ന പരാജയം എന്നാണ് അഥവാ ഇനി ഒരിക്കലും മടങ്ങിവരാൻ കഴിയാത്ത രീതിയിൽ പരാജയത്തിന്റെ, നാശത്തിൻ്റെ പടുകുഴിയിൽ അവൻ അകപ്പെട്ടിരിക്കുന്നു. താത്കാലിക പരാജയമോ, നാശമോ അല്ല അവന് വന്നുപെട്ടത്. മറിച്ച് പരാജയത്തിൻ്റെ കൈപുനീർ കലാകാലത്തേക്കുമായി ഇനി അവൻ അനുഭവിച്ചുകൊണ്ടേയി രിക്കും.
അബൂലഹബിൻ്റെ ഇരു കരങ്ങളും നശിക്കട്ടെ എന്ന ഒന്നാം വചനത്തിൽ വന്ന പ്രഖ്യാപനത്തിന്റെ സ്ഥിധീകരണം അതേ വചനത്തിൽ തന്നെ ഉൾകൊള്ളിച്ചിരിക്കുന്നു.
ഇരു കരങ്ങൾ പരാമശിക്കാനുള്ള കാരണം
അബൂലഹബിൻ്റെ ഇരുകൈകളെ പ്രത്യേഗം പരാമർശിക്കാനുള്ള കാരണത്തെ പലരീതിയിൽ ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്.
ഒന്ന്..ഇവിടെ കൈ കൊണ്ട് ഉദ്ദേശിക്കുന്നത് പ്രവർത്തനം എന്നാണ്. അഥവാ അബൂലഹബിന്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു.
രണ്ട്.... ഇരുകരങ്ങളും എന്നു പറഞ്ഞാൽ അവയവം എന്ന നേരെ പദത്തിന്റെ അർത്ഥം തന്നെ. അവയവങ്ങളിൽ രണ്ടു കൈകളെ മാത്രം പ്രത്യേകമായി എടുത്തുപറയാനുള്ള കാരണത്തെ കുറിച്ച് ഇമാം ബൈളാവി (റ )പറയു ന്നത് കാണുക.. മഹാൻ പറയുന്നു : "നബിയേ അങ്ങയുടെ അടുത്ത കുടുംബക്കാർക്ക് മുന്നറിയിപ്പ് നൽകൂ" എന്ന കല്പന വന്നപ്പോൾ . ഉടനെ നബി (സ) തങ്ങളുടെ കുടുംബക്കാരെ മുഴുവനും ഒരുമിച്ചുകൂട്ടി വിഷയം അവതരിപ്പിച്ചു. കുടുംബക്കാരുടെ കൂട്ടത്തിൽ ഈ വിളംബരം കേൾക്കാൻ വന്ന അബൂലഹബ് ആക്രോശിച്ചു : നിനക്കു നാശം.. ഇതിനു വേണ്ടിയാണോ ഞങ്ങളെ നീ വിളിച്ചത്? അബൂലഹബ് ഇത് പറയുമ്പോൾ കയ്യിൽ ഒരു കല്ലെടുത്ത് തിരുനബി(സ)യെ എറിയാൻ ഓങ്ങുന്നുണ്ടായിരുന്നു. ഇതുകൊണ്ടാണ് രണ്ടുകൈകളെ പ്രത്യേകം പരാമർശിച്ചത്.
മൂന്ന്: ഇതിന് ബഹുമാനപെട്ട ഇമാം റാസി (റ) മറ്റൊരു കാരണം പറയുന്നു : താരിഖുൽ മഹാരിബിയിൽ നിന്ന് നിവേദനം അദ്ദേഹം തൻ്റെ ഒരനുഭവം പറയുന്നു :തിരു നബി (സ) യെ മക്കയിലെ സൂഖിൽ (അങ്ങാടി ) വെച്ചു കണ്ടു. നബി (സ) അവിടെയുള്ള ജനങ്ങളോട് "ഓ.. ജനങ്ങളേ... നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുവീൻ, എങ്കിൽ നിങ്ങൾ വിജയിക്കും"
എന്നിങ്ങനെ അഭിസംബോധനം ചെയ്യ്തുകൊണ്ട് ചുറ്റി നടക്കുന്നുണ്ട്. അതേ സമയം ഒരാൾ കല്ലെടുത്ത് എറിഞ്ഞു കൊണ്ട് നബിയുടെ പിന്നാലെ നടക്കുന്നു. അയാളുടെ ഏറുകാരണം നബിയുടെ മടമ്പുംകാൽ പൊട്ടി രക്തം പൊടിഞ്ഞിട്ടുണ്ട്. നബി (സ)പറഞ്ഞു തീരും മുമ്പ് അയാൾ വിളിച്ചു പറയും : നിങ്ങൾ ഇയാൾ പറയുന്നത് അഗീകരിക്കരുത്, കളവാണ് പറയുന്നത്. താരിഖ് പറയുന്നു : ഈ രംഗം കണ്ടപ്പോൾ അവിടെയുള്ളവരോട് ഞാൻ ചോദിച്ചു : ഈ രണ്ടുവെക്തികൾ ആരാണ്? അവർ പ്രതിവചിച്ചു : അത് മുഹമ്മദും അദ്ദേഹത്തിന്റെ പ്രതൃവ്യൻ അബൂലഹബുമാണ്.
നാല്: അബൂലഹബിനെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻവേണ്ടി പകൽ സമയത്ത് ചെന്നപ്പോൾ സ്വീകരിക്കാൻ വിസമ്മതിച്ചതുകാരണം നൂഹ് നബി (അ) ന്റെ ചര്യ പിൻപറ്റി രാത്രിസമയവും പ്രബോധന ധൗത്യവുമായി കടന്നുച്ചെന്നു. അപ്പോൾ അബൂലഹബ് അവിടെ ഉണ്ടായിരുന്ന ചെറിയ ഒരാട്ടിൻ കുട്ടിയെ കാണിച്ചുകൊണ്ട് പറഞ്ഞു :ഈ ആട്ടിൻ കുട്ടി നിന്നെ വിശ്വസിച്ചാൽ ഞാൻ വിശ്വസിക്കും. അവസരം ഉപയോഗപ്പെടുത്തി നബി (സ) ആ ആട്ടിൻ കുട്ടിയോട് ചോദിച്ചു :"ആരാണ് ഞാൻ"? ഉടനെ തന്നെ അത് സംസാരിച്ചു, നിങ്ങൾ അല്ലാഹുവിന്റെ റസൂലാണ്, ഇത് കേട്ടപ്പോൾ അസൂസയയും, അഹങ്കാരവും തലക്കുപിടിച്ച അബൂലഹബ് ആ മൃഗത്തിന്റെ രണ്ടുകാലുകളും പിടിച്ചൊടിച്ചുകളഞ്ഞു, ശേഷം പറഞ്ഞു. നിനക്കു നാശം, നിനക്കും മുഹമ്മദിൻ്റെ സിഹ്ർ ബാധിച്ചിരിക്കുന്നു. അപ്പോൾ ആട് പ്രതികരിച്ചു :നിനക്കാണ് നാശം. ഈ ക്രൂരകൃത്യത്തിനും കൂടിയുള്ള മറുപടിയാണ് സൂറത്തുൽ മസദ്.
ചുരിക്കത്തിൽ മേൽ ഉദ്ധരിച്ച സഭവങ്ങൾ കാരണമാകാം അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ എന്നുപ്രത്യേകം പറയാൻ കാരണം. രണ്ടു കൈകൾ ശരീരത്തെ മൊത്തം പ്രതിനിധീകരിക്കുന്നു. ഈ അർത്ഥത്തിൽ ഒരു വസ്തുവിൻ്റെ ഒരുഭാഗം പറഞ്ഞ് ആ വസ്‌തുവിനെ മുഴുവൻ ഉദ്ദേശിക്കുന്ന ഭാഷാ ശൈലിയും കൂടെ ഇവിടെ സ്വീകരിച്ചതുകാണാം ഒരാൾ തന്റെ അധിക പ്രവർത്തനങ്ങളും ശക്തികേന്ദ്രമായ ഇരുകരങ്ങളും ഉപയോഗിച്ചാണല്ലോ ചെയ്യുക. അതിനാൽ രണ്ടുകൈകളും നശിക്കട്ടെ എന്നു പറഞ്ഞാൽ അവൻ തന്നെ നശിക്കട്ടെ എന്നാണർത്ഥമാക്കുന്നത്.
ഒന്നാം വചനത്തിൽ "തബത്. തബ" എന്ന ഒരേ അർത്ഥം വരുന്ന രണ്ടു പദങ്ങൾ കാണാം. അതിൽ ഒന്നാമത്തെ പദം "നശിക്കട്ടെ" എന്ന പ്രാർത്ഥനയും രണ്ടാമത്തെ പദം അതിനു ലഭിച്ച "നശിച്ചിരിക്കുന്നു" എന്ന മറുപടിയുമാണ്. മറ്റൊരു രൂപം രണ്ടു പദവും രണ്ടു പ്രസ്‌താവനകളാണ്. ഒന്നാമത്തത് അവന്റെ പ്രവർത്തനങ്ങൾ നശിച്ചിരിക്കുന്നു എന്നതിലേക്കും, രണ്ടാമത്തത് അവന്റെ ശരീരം നശിച്ചിരിക്കുന്നു എന്നതിലേക്കും സൂചന നൽകുന്നു. നിശ്ചയം മനുഷ്യൻ തന്റെ പ്രവർത്തിയുടെയും,ശരീരത്തിന്റെയും ഗുണത്തിനു വേണ്ടിയാണല്ലോ അധ്വാനിക്കുന്നത്. എന്നാൽ അബൂലഹബിൻ്റെ പ്രവർത്തനങ്ങളും, ശരീവും രണ്ടും നാശത്തിനു വിധേയമായിരിക്കുന്നു.
ഒന്നാമത്തെ നാശം അല്ലാഹുവിനെ ശരിയായി അറിയേണ്ട വിഷയത്തിൽ വീഴ്ചവരുത്തിയതിലും രണ്ടാമത്തെ നാശം അവൻറെ റസൂലിനെ ശരിയായി അറിയേണ്ട വിഷയത്തിൽ വീഴ്‌ച വരുത്തിയതു കാരണവുമാകുന്നു.
{അബൂലഹബ് }
==
അബ്ദുൽ മുത്വലിബിൻ്റെ മകൻ അബ്‌ദുൽ ഉസ്സ യാണ് അബൂലഹബ്. പ്രത്യക്ഷത്തിൽ മുഖത്തിന് നല്ല ശോഭ യുള്ളതുകൊണ്ടാണ് "ശോഭ "എന്നർത്ഥം വരുന്ന ലഹബിലേക്ക് ചേർത്തികൊണ്ടാണ് അബൂലഹബ് എന്ന പേര് അദ്ദേഹത്തിന് ലഭിച്ചത്. ഈ പേരിൽ തന്നെയാണ് അറിയപ്പെട്ടതും. സാധാരണ ബഹുമാനവും ആദരവും കല്പിച്ചുകൊണ്ടാണ് ഓമനപ്പേർ വിളിക്കാറുള്ളത്. എന്നാൽ വിശുദ്ധ ഖുർആൻ അബൂലഹബിന് ഒരു തരത്തിലുമുള്ള ആദരവോ, ബഹുമാനമോ കല്പിക്കുന്നില്ല, മാത്രവുമല്ല ലഹബ് എന്ന പേരുള്ള ഒരുകുട്ടിയും ഇല്ല എന്നിരിക്കെ ഈ പെരു വിളിച്ചതിനു പിന്നിൽ പല വ്യാക്യാനങ്ങളും ഖുർആൻ പണ്ഡിതൻ മാർ വ്യക്തമാക്കിയിട്ടുണ്ട്. ഓരോന്നും പറയാം..
ഒന്ന്..ചിലപ്പോൾ സ്വയം പേരായി തന്നെ ഓമനപ്പേർ ഇടാറുണ്ട്, ഈ അടിസ്ഥാനത്തിൽ അബൂലഹബ് എന്ന നാമം ആദരപൂർവം വിളിക്കുന്ന ഓമനപ്പേരിന്റെ സ്ഥാനത്തുള്ളപേരല്ലന്നും, ലഹബ് എന്ന കുട്ടി ഉള്ളത് കൊണ്ടല്ല എന്ന കാര്യവും മനസ്സിലാക്കാം. കൂടാതെ യഥാർത്ഥ പേരിനെക്കാളും ജനങ്ങൾക്കിടയിൽ പ്രസിദ്ധമായ പേര് "അബൂലഹബ്" എന്നായതുകൊണ്ട് പേരിന്റെ സ്ഥാനത്താണ് ഇവിടെ ഓമനപ്പേർ വിളിച്ചു വരുന്നത്.
രണ്ട്.. തന്റെ യഥാർത്ഥ പേരായ അബ്‌ദുൽ ഉസ്സ എന്ന പേരിൽ ഉസ്സയെ ദൈവ വൽക്കരിക്കുന്ന സ്വരം ഉള്ളതുകൊണ്ട് ആ പേരു പറയാതെ ജനങ്ങൾക്കിടയിൽ പ്രശ്‌തമായ അബൂലഹബ് എന്നുതന്നെ വിളിച്ചു. വിശുദ്ധ ഖുർആനിൽ അടിമത്വം ഒരു ബിംബത്തിന് ചാർത്തികൊടുക്കാൻ അല്ലാഹു താല്പര്യപ്പെടുന്നില്ല.
മൂന്ന്.. താൻ തീജ്വാലകൾ ഉയർന്നു പൊന്തുന്ന നരഗാഗ്നിയുടെ അവകാ ശിയായതുകൊണ്ട് അതിലേക്ക് സൂചന നൽകുന്ന ലഹബിൻ്റെ (തീജ്വാല )പിതാവ് എന്ന് തരംതാഴ്ത്തികൊണ്ട് പരിചയപ്പെടുത്തി. തനിക്ക് വരാനിരിക്കുന്ന ദാരുണമായ അ ദ്യത്തിലേക്കുംപ്രസ്‌തുത പേര് സൂചന നൽകുന്നുണ്ട്. തിന്മകളുടെ തോഴനെ തിന്മയുടെ വക്താവ് എന്ന് വിളിക്കുന്നത് പോലെയുള്ള പ്രയോഗം.
നാല്.. നിശ്ചയം ശ്രേഷ്‌ഠമായ പേര് യഥാർത്ഥപേരാണ്. അപ്പോൾ അതു പറയാതെ സ്ഥാനം കുറഞ്ഞ പേരിലേക്ക് മാറി.
സർവ്വ ജനങ്ങൾക്കും കാരുണ്യവും, സ്നേഹവും പകർന്നുനൽകുകയും, ഉന്നതവും വിശാലവുമായ സൽസ്വഭാവത്തിൻ്റെ ഉടമയായ പ്രവാചകൻ (സ )തന്റെ സ്വയം പിതൃവ്യനെ അതിരൂക്ഷമായ ഭാഷയിൽ നേരിടുന്നത് അനുയോജ്യമാണോ എന്ന സ്വാഭാവിക സംശയത്തിനുള്ള മറുപടി ഇമാം റാസി (റ )വിശദീകരിച്ചിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഇന്നു വരെ ഒരാരോപണത്തിനും വിധേയനാവാതെ, സർവരാലും സമ്മതനും, സത്യസന്ധനുമായ നബി (സ) യെ പിതാവിന്റെ സ്ഥാനത്തു നിൽക്കുന്ന അബൂലഹബ് മജ്‌നൂൻ ഭ്രാന്തനാണെന്ന് ആക്ഷേപിക്കുമ്പോൾ അതുശരിയാണെന്ന് ജനങ്ങൾ വിശ്വസിക്കാൻ സാധ്യതയുള്ളതുകൊണ്ട് ,അവരിലേക്കുള്ള പ്രബോധന ദൗത്യത്തിന് അദ്ദേഹം ഏറ്റവും വലിയ മാർഗ തടസ്സമായിമാറി. ഇതുകാരണമാണ് വളരെ രൂക്ഷമായ നിലപാട് അബൂലഹബിനോട് സ്വീകരിച്ചത്. ഇസ്ലാമിക പ്രബോധനത്തിന് തടസ്സം നിന്ന ഒരേ ഒരു കാരണം കൊണ്ട് മാത്രമാണ് നബി (സ)പരസ്യമായി അബൂലഹബിനെ കടുത്തഭാഷയിൽ എതിർപ്പ് വെച്ചു പുലർത്തുന്നത് എന്ന സത്യം ജനങ്ങൾ തിരിച്ചറിയുന്ന പക്ഷം ആരോപണവിധേയൻ അബൂലഹബായി മാറുകയും തിരുനബിക്കെതിരെയുള്ള അബൂലഹബിൻ്റെ ആരോപണത്തിൽ ഒരു കഴമ്പുമില്ലന്ന് എല്ലാവർക്കും ബോധ്യപ്പെടുകയും, തിരു നബി പറയുന്നത് കേൾക്കാൻ എല്ലാവരും മുന്നോട്ടു വരികയും ചെയ്യും.
പൊതുവെ മകനെ കുറിച്ച് പിതാവ് ആരോപണം ഉന്നയിക്കുമ്പോൾ അത് സത്യമാണെന്ന് സ്വാഭാവികമായും പൊതു ജനങ്ങൾ വിശ്വസിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ ഇത്തരം ഒരു സാധ്യതയെ ഇല്ലാതാക്കാനാണ് കഠിന ഭാഷയിൽ അബൂലഹബിനോട് പെരുമാറിയത്.
മതത്തിന്റെ വിഷയത്തിൽ നബി (സ) ആർക്കെങ്കിലും വിട്ടുവീഴ്ച ഉണ്ടായിരുന്നുവെങ്കിൽ ആ വിട്ടുവീഴ്‌ച നബി (സ)പിതാവിൻ്റെ സ്ഥാനത്തു നിൽക്കുന്ന അബൂലഹബിനോട്ചെയ്യുമായിരുന്നു. എന്നാൽ മതത്തിന്റെ വിഷയത്തിൽ എത്ര അടുത്ത സ്വന്തക്കാരാണെങ്കിലും ശരി ഒരു വിട്ടുവീഴ്ചയും ആർക്കും ഇല്ലന്ന് അബൂലഹബിനോട് നടത്തിയ ശക്തമായ പ്രതികരണത്തിൽ നിന്ന് വെക്തമായി മനസ്സിലാക്കാം.
ഈ അധ്യായതിൻ്റെ തുടക്കം ശ്രേദ്ധേയമാണ്. മുമ്പുള്ള സൂറത്തുൽ കാഫിറൂനയിൽ "ഖുൽ"നബിയേ.. അങ്ങ് മറുപടി നൽകുക എന്നു പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. എന്നാൽ സൂറത്തുൽ മസദ് ഈ ശൈലിയിൽനിന്ന് മാറി അല്ലാഹുതന്നെ നേരിട്ട് മറുപടി നൽകുന്ന ശൈലിയാണ് സ്വീകരിച്ചത്. ഇതിനുള്ള കാരണം നിശ്ചയം, എളാപ്പ,മൂത്താപ്പ ബന്ധം ആദരവർഹിക്കുന്ന ബന്ധമാണ്. അതിനാൽ പൃതൃവ്യനായ അബൂലഹബിന്റെ മുഖത്തുനോക്കി ആക്ഷേപിക്കണ്ടല്ലോ.. മാത്രവുമല്ല ആക്ഷേപകർക്ക് സ്വന്തം മറുപടി നൽകുന്നതിനേക്കാൾ മാന്യത മറ്റൊരാൾ മറുപടി നൽകളാണ്. നബി (സ )യെ അബൂലഹബ് ചീത്തവിളിച്ചപ്പോൾ അല്ലാഹു പറഞ്ഞതുപോലെ.. നബിയേ.. അങ്ങ് മറുപടി പറയണ്ട .. ഞാൻ മറുപടി നൽകാം. മാത്രവുമല്ല അവിവേകികളോട് മറുപടിപറയാതെ അവരെ അവരുടെ വഴിക്കുവിട്ടാൽ അല്ലാഹുവിൻറെ സഹായം ലഭിക്കുമെന്ന നല്ല ഒരു ഗുണപാഠംവും കൂടെ ഇതിലുണ്ട്.
അബൂബക്കർ(റ) നെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ആരോപകന്സ്വയം മറുപടി നൽകാതെ മൗനം പാലിച്ചപ്പോൾ നബി( സ )യാണ് മറുപടി നൽകിയത്. പിന്നീട് അബൂബക്കർ (റ) തന്നെ മറുപടികൊടുക്കാൻ ശ്രമിച്ചപ്പോൾ നബി (സ)മറുപടി നൽകാതെ മാറിനിന്നു. അപ്പോൾ അബൂബക്കർ(റ) ചോദിച്ചു: അങ്ങ് എന്തുകൊണ്ട് ഒന്നും പ്രതികരിക്കുന്നില്ല? നബി (സ)പറഞ്ഞു : നിങ്ങൾ തിരിച്ചു പ്രതികരിക്കാതതിരിക്കുന്ന സന്ദർഭങ്ങളിലെല്ലാം ഒരു മലക് നിങ്ങൾക്കുവേണ്ടി മറുപടി നൽകുന്നുണ്ടായിരുന്നു. എന്നാൽ നിങ്ങർ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ പ്രസ്‌തുത മലക് അപ്രത്യക്ഷനാവുകയും തൽസ്ഥാനത് ഒരു പിശാച് കടന്നുവരികയും ചെയ്തു.
ما أغنى عنه ماله وما كسب (2)
രണ്ടാം വചനത്തിന്
രണ്ടു രീതിയിൽ അർത്ഥം വെക്കാം.
ഒന്ന്.. ചോദ്യ സ്വരം ഉൾകൊള്ളിച്ചുകൊണ്ടുള്ള നിഷേധം. സമ്പത്തും, അധ്വാനവും എന്തുപകാരമാണ് അബൂലഹബിന് ചെയ്യുക ? അതെ അല്ലാഹു പ്രഖ്യാപിച്ച മഹാ ദുരന്തം വരുമ്പോൾ അതു തടഞ്ഞു നിർത്താൻ അബൂലഹബിൻ്റെ സമ്പത്തിന് ഒരു ഉപകാരവും, സ്വാധീനവും ചെലുത്താൻ കഴിയില്ല. സമ്പത്തിൻ്റെ ബലത്തിൽ രക്ഷപ്പെടാൻ കഴിയുമായിരുന്നുവെങ്കിൽ ഖാറൂൻ മുതലാളി രക്ഷപ്പെടുമായിരുന്നു.
രണ്ട്... സമ്പത്തും, സാമ്പത്തുകൊണ്ട് നേടിയതും അബൂലഹബിന് ഉപകാരപ്പെടുകയില്ല. അബൂലഹബ് ഇങ്ങനെ പറയുമായിരുന്നു :എൻ്റെ സഹോദര പുത്രൻ പറയുന്നത് സത്യമാണെങ്കിൽ സമ്പത്തുകൊണ്ടും, മക്കളെ കൊണ്ടും എൻ്റെ ശരീരത്തെ പ്രവചിത അപകടത്തിൽ നിന്ന് ഞാൻ കാക്കും. ഇതുനുള്ള മറുപടിയാണ് രണ്ടാം വചനം.
ഈ ആയത്തിൽ പറഞ്ഞ,"മാല്, കസ്ബ്"എന്ന പദങ്ങൾ അർത്ഥമാക്കുന്നത് എന്താണെന്ന് നോക്കാം.
ഒന്ന്... സമ്പത്തും, ആ സമ്പത്തുകൊണ്ട് നേടിയതും അഥവാ മൂല ധനവും, അതിൽ നിന്നുണ്ടായ ലാഭവും.
രണ്ട്....മറ്റൊരു വ്യാഖ്യാനം വളർത്തു മൃഗവും, അതിൽ നിന്നു ജനിച്ചുണ്ടായ മൃഗങ്ങളും. അബൂലഹബിന് ധാരാളം മൃഗങ്ങളും അവയിൽ നിന്ന് പെറ്റു വളർന്നമൃഗങ്ങളും ഉണ്ടായിരുന്നു. ഇതും സമ്പത്തിൻ്റെ ഒരിനത്തിൽപെട്ട മുതലുകളാണ്.
മൂന്ന്... അനന്തരമായി കിട്ടിയ സമ്പത്തും, സ്വന്തം അധ്വാനത്തിലൂടെ നേടിയ സമ്പത്തും.
നാല്.... സമ്പത്തും, സന്താനവും. ഒരാളുടെ കസ്ബിൽ പെട്ടതാണ് അയാളുടെ സന്താനങ്ങൾ. നബി (സ) പറയുന്നു :"സ്വന്തം അധ്വാനം മൂലം നേടിയതിൽ നിന്ന് കഴിക്കുന്ന ഭക്ഷണമാണ് ഒരാളുടെ ഏറ്റവും സംശുദ്ധഭക്ഷണം, നിശ്ചയം ഒരാളുടെ അധ്വാനത്തിൽ പെട്ടതാണ് തൻ്റെ സന്താനം." "നീയും, നിൻ്റെ സമ്പത്തും നിന്റെ പിതാവിനുള്ളതാണ്" ഈ രണ്ടു ഹദീസുകളുടെ പിൻബലത്തിൽ ആയത്തിൽ പറഞ്ഞ കസ്ബ് സന്താനമാണെന്ന് ബഹുമാനപ്പെട്ട ഇബ്‌നു അബ്ബാസ് (റ) പറഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ സാമ്പത്തികമായും ശാരീരികമായും അബൂലഹബ് നേടിയ എന്തല്ലാമുണ്ടോ ഒന്നുപോലും വിട്ടുപോകാതെ എല്ലാം ഉൾകൊള്ളുന്ന പദങ്ങളാണ് ആയത്തിൽ കൊണ്ടുവന്നത്. ഈ പറഞ്ഞ മുഴുവൻ സമ്പത്തിന്റെ ശക്തികൊണ്ടോ, അധ്വാനത്തിൻ്റെ ഊക്കുകൊണ്ടോ തിരുനബിക്കെതിരെയുള്ള ശത്രുത യിൽ അതിജയിക്കാനോ, അല്ലാഹു പ്രഖ്യാപിച്ച നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടാണോ ഒരിക്കലും സാധിക്കുകയില്ല. അല്ലാഹുവിൻ്റെ തീരുമാനം നടക്കുകതന്നെ ചെയ്യും.
. سيصلى نارا ذات لهب (3)
മുൻ കഴിഞ്ഞ രണ്ട് വചനങ്ങളിൽ ഈ ഭൗതിക ലോകത്തുവെച്ചു നടക്കാൻ പോകുന്ന പ്രവചനമുന്നറിയിപ്പ് നൽകിയ ശേഷം ഭാവിയിൽ പരലോകത്ത് നടക്കാനിരിക്കുന്ന അതി ദയനീയമായ പ്രവചിത ശിക്ഷയുടെ ഭയാനകത തീർച്ചപ്പെടുത്തി പറയുകയാണ് മൂന്നാം വചനത്തിൽ. "കത്തി കത്തി ചൂടിന്റെ പരമകാഷ്ട പ്രാപിച്ച തീജ്വാലകലുള്ള നരകത്തിൽ അബൂലഹബിനെ പ്രേവേശിപ്പിച്ച് ചൂടാക്കുക തന്നെ ചെയ്യും". ഭൗതികലോകത്ത് വെച്ച് അബൂലഹബ് ഇനിയൊരിക്കലും തിരിച്ചുവരാൻ കഴിയാത്ത രൂപത്തിൽ പരാജയം ഏറ്റുവാങ്ങി പാടേ നശിച്ചടങ്ങുമെന്ന പ്രവചനം സൂര്യ പ്രകാശം പോലെ പുലർന്ന അനുഭത്തിന് ലോകം സാക്ഷിയായത് പോലെ തന്നെ അവന്റെ സമ്പത്തും, സന്താനവും ഉപകാരപ്പെടാത്ത കാഴ്ച്ചക്കും ലോകം സാക്ഷിയായിട്ടുണ്ട്. എന്നാൽ ഈ രണ്ടു നേർകാഴ്‌ചകൾ മുന്നിൽ വെച്ചുകൊണ്ട് ഭാവിയിൽ നടക്കാനിരിക്കുന്ന നരകപ്രവേശവും സംഭവിക്കുകതന്നെ ചെയ്യും. അബൂലഹബ് ഈമാനില്ലാതെ മരിച്ചത് അതിന്റെ ഒന്നാംഘട്ട പുലർച്ചയാണ്.
അബൂലഹബിന്റെ ദാരുണാന്ത്യം
നാശം ചോദിച്ചു വാങ്ങിയ അബൂലഹബിൻ്റെ ദാരുണമായ അന്ത്യ രംഗത്തെ കുറിച്ചറിഞ്ഞാൽ അല്ലാഹുവിൻ്റെ പ്രവചന പ്രക്യാപനത്തിൻ്റെ കൃത്യതയും, മുന്നറിയിപ്പിന്റെ കടുപ്പവും മനസ്സിലാക്കാൻ കഴിയും. സമ്പത്തും, സമ്പാദ്യവും, ഭാര്യയും, മക്കളും ഒന്നും തന്നെ ഉപകാരപ്പെടാതെ തീർത്തും നിസ്സഹായനായി നാശത്തിന്റെ പടു കുഴിലേക്ക് നടന്നു നീങ്ങുന്ന അതി ഭീകരമായ ആ മഹാ ദുരന്തത്തെ കുറിച്ചു പറയാം. അതെ... വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചന ങ്ങളാണെന്നതിൻ്റെ നേർ സാക്ഷ്യം ലോകം മനസ്സിലാക്കിയ നിമിഷങ്ങൾ!
ഖുറൈശി നേതാക്കളിലെ പ്രമുഖനാണ് അബ്‌ദുൽ ഉസ്സ എന്ന അബൂലഹബ്. അദ്ദേഹം തിരു നബി (സ)യോട് ഏറ്റവും കടുത്ത എതിർപ്പും, വിദ്വേഷവും വെച്ചുപുലർത്തിയ ശത്രു നിരയിലെ തലവവനാണ്. മാത്രമല്ല തന്റെ ഭാര്യയും, ഉതൈബ എന്ന മകനും തിരു നബി (സ) ക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുന്നതിൽ പൂർണ്ണ പിന്തുണ നൽകി ശക്തിപകർന്നവരാണ്. തിരു നബി (സ ) പരസ്യമായി പ്രബോധനത്തിനിറങ്ങിയ ആദ്യദിവസം തന്നെ പരസ്യമായി വിമർ ശനങ്ങൾ ഉന്നയിച്ച് മുന്നോട്ടു വന്ന പ്രഥമ ശത്രുവായിട്ടാണ് അബൂലഹബിനെ ചരിത്രം പരിചയപ്പെടുത്തുന്നത്. എന്നാൽ താൻ കാണിച്ചുകൂട്ടിയ വിവിധ തരത്തിലുള്ള ശത്രുതയുടെ പരിണിതഫലം ജീവിതകാലത്തുതന്നെ അനുഭവിക്കേണ്ടി വന്ന ഹതഭാഗ്യനായ അബൂലഹബിൻ്റെ കൊടും നാശത്തിന്റെ അന്ത്യനിമിഷങ്ങൾ തീർത്തും ദയനീയമായിരുന്നു.
ഹിജ്റ രണ്ടാം വർഷം വിശുദ്ധ റമളാൻ പതിനേഴിന് നടന്ന വിധിനിർണായകമായ ബദ്ർ സമരം. ഈ മഹാ സമരത്തിന്റെ പശ്ചാത്തലത്തിൽ ശത്രു സൈനിക തലവൻ അബൂജഹൽ തന്റെ നേതാക്കളോടും, അനിയായികളോടും യുദ്ധത്തിനിറങ്ങാൻ കല്പന പുറപ്പെടുവിച്ചു. വളരെ പെട്ടന്നു തന്നെ മുസ്ലിങ്ങളെ നേരിടാൻ വലിയൊരു സൈന്യം തെയ്യാറെടുത്തു. ശത്രു പക്ഷത്തെ മുഴുവൻ നേതാക്കളും അതിൽ ഉണ്ടായിരുന്നു. എന്നാൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർ പകരം ആളെ പറഞ്ഞയക്കാൻ ഏർപ്പാട് ചെയ്തു. മുസ്ലിംകളോടുള്ള ഈ യുദ്ധം നല്ലതിനല്ലെന്ന് മനസ്സിലാക്കിയ അബൂലഹബ് യുദ്ധത്തിനു പുറപ്പെടാതെ ആസ്ബ്നു ഹിഷാമിനെ പകരക്കാരനായി നിശ്ചയിച്ചു. അബൂ ലഹബിൻ്റെ കടക്കാരനായിരുന്ന ആസിനോട് അബൂ ലഹബ് പറഞ്ഞു : നീ എനിക്കു തരാനുള്ള കടത്തിനു പകരം ഈ യുദ്ധത്തിൽ പങ്കാളിയായാൽ മതി. ഇതും പറഞ്ഞ് തൽക്കാലം അബൂലഹബ് ബദ്ർ യുദ്ധത്തിൽ നിന്ന് തത്രപരമായി വിട്ടുനിന്നു. ഏതായാലും യുദ്ധം നടന്നു. ബദ്ർ യുദ്ധം മുസ്ലിംകളുടെ അഭിമാനം നിറഞ്ഞ വിജയത്തിലും നിഷേധികളുടെ നിന്ദ്യമായ പരാജയത്തിലും കലാഷിച്ചു.
ബദ്ർ പോർക്കളത്തിൽ ശത്രുക്കൾ ഏറ്റു വാങ്ങിയ വൻ പരാജയത്തിൻ്റെ വാർത്ത മക്കയിലുള്ളവർ അറിഞ്ഞു. ഈ കടുത്ത പരാജയം ഉൾകൊള്ളാൻ കഴിയാതെ മക്കയിൽ അവശേഷിച്ച ശ്ത്രുക്കൾ ഞെട്ടി വിറച്ച് നിന്ദ്യതയുടെ ഭാരവും ചുമന്ന് അവർ പരസ്പരം അടക്കം പറഞ്ഞുകൊണ്ടിരിക്കുന്ന സന്ദർഭം! ഈ സമയത്താണ് അവിടേക്ക് അബൂസുഫ്യാനബ്‌നു ഹാരിസ് കടന്നുവരുന്നത്. തുടർന്നു നടന്ന സംഭവങ്ങളെ കുറിച്ചു അബൂ റാഫി (റ) വിവരിക്കുന്നത് ഇങ്ങനെ വായിക്കാം. അദ്ദേഹം പറയുന്നു :ഞാൻ അബ്ബാസ് ബ്‌നു അബ്‌ദുൽ മുത്തലിബിൻ്റെ വീട്ടിൽ അടിമയായിരുന്നു. ഞങ്ങളുടെ വീട്ടിൽ ഇസ്ലാമിക വെളിച്ചം നേരെത്തെതന്നെ എത്തിയിരുന്നു. അബ്ബാസ് ഇസ്ലാം സ്വീകരിച്ചപ്പോൾ തന്നെ ഭാര്യ ഉമ്മുൽ ഫൾലും മുസ്ലിമായി. ഞാനും ഇസ്ലാംവിശ്വസിച്ചു. എന്നാൽ അബ്ബാസ്( റ )തന്റെ ഇസ്ലാം പരസ്യപ്പെടുത്താതെ മറച്ചുവെച്ചിരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് ബദ്ർ യുദ്ധം നടക്കുന്നത്. പ്രസ്‌തുത യുദ്ധത്തിൽ അബൂലഹബ് പങ്കെടുക്കാതെ വിട്ടുനിന്നു. പകരം ആസ്ബ്‌നു ഹിഷാമിനെ പറഞ്ഞയച്ചു. യുദ്ധാനന്തരം മുസ്ലിംകളുടെ വിജയ വാർത്ത ഞങ്ങളെ തേടിഎത്തിയപ്പോൾ എന്തന്നില്ലാത്ത ആത്മധൈര്യം ഞങ്ങൾക്ക് കൈവന്നു. അബൂറാഫി (റ )തുടരുന്നു :അന്ന് ഞാൻ ശരീരീകമായി ബലഹീനനായിരുന്നു. സംസ ത്തിനടുത്തിരുന്ന് ഞാൻ എന്റെ ജോലിയിൽ മുഴുകിയിക്കുന്നു. എൻ്റെ അരികിൽ ഉമ്മുൽ ഫൾലും ഇരിക്കുന്നുണ്ട്. പൊടുന്നനെ അബൂലഹബും ഞങ്ങളിരിക്കുന്ന ഭാഗത്തേക്ക് വന്നിരുന്നു. വേറെയും ആളുകൾ അവിടെ ഉണ്ടായിരുന്നു. ആ സമയത്താണ് അബൂസുഫ് യാന് ബ്‌നു ഹാരിസ് ബ്‌നി അബ്‌ദിൽ മുത്വലിബ് ബദ്റിൽ നിന്ന് മടങ്ങി വരുന്നത്. ജനങ്ങൾ അബൂസുഫ് യാ ൻ്റെ ചുറ്റും കൂടി. അബൂലഹബ് ചോദിച്ചു :ഓ സഹോദര പുത്രാ.. നിൻ്റെ യടുക്കൽ വല്ല വാർത്തതായുമുണ്ടോ? അബൂസുഫ് യാൻ പറഞ്ഞു : അതെ നാം എതിരാളികളുമായി നേരിട്ടപ്പോൾ ഇഷ്ടാനുസാരം അവർ നമ്മെ വെട്ടി കൊല്ലുന്നു. അല്ലാഹുവാണേ സത്യം..മിന്നിത്തിളങ്ങുന്ന കുതിര പ്പുറത്തേറി ചില ശുഭ്രവസ്ത്രകാരികൾ ആകാശ ഭൂമികൾക്കിടയിൽ പ്രത്യക്ഷപ്പെട്ടു. അവർ ആരെയും വെറുതെ വിടുന്നില്ല... ബദ്ർ സമരഭൂമിയിൽ നടന്ന ഈ രംഗം അബൂ സുഫ്യാൻ വിവരിച്ചപ്പോൾ അബൂ റാഫി ഒരു കല്ലിന്റെ കഷ്ണം ഉയർത്തിപിടിച്ചു കൊണ്ട് പറഞ്ഞു : "അല്ലാഹു സത്യം അത് മലക്കുകളാണ്" ഈ വാക്ക് അബൂലഹബിനെ ചൊടിപ്പിച്ചു. രോഷാകുലനായ അബൂലഹബ് എന്നെ പിടികൂടി എൻ്റെ മുഖത്ത് ശക്തമായി പ്രഹരിച്ചു. നിലത്തിട്ട് ചവിട്ടി അവശനാക്കി. ആരോഗ്യം ക്ഷയിച്ച ബ ലഹീനനായ എന്നെ ഈ വിധം അടിച്ചു പരിക്കേൽപ്പിക്കുന്നത് കണ്ടപ്പോൾ എന്റെ യജമാനന്റെ ഭാര്യ ഉമ്മുൽ ഫള്ൽ രംഗത്തു വന്നു.
മഹതി അബൂലഹബിനെ മതിലിലിട്ട് കയ്യിലുള്ള വിറക് കഷ്ണം കൊണ്ട് അടിച്ചു പരിക്കേല്പിച്ചു. ശേഷം അവർ പറഞ്ഞു :യജമാനൻ സ്ഥലത്തില്ലന്ന് കരുതി ഞങ്ങളുടെ അടിമയെ നീ തല്ലികൊല്ലുകയാണോ?? കുറേ നാളുകളായി ഞങ്ങൾ വിശ്വാസികളാണ്. അബ്ബാസ്( റ )ൻ്റെ ഭാര്യ ഉമ്മുൽ ഫള്ൽ എന്ന ധീര വനിതയുടെ തല്ലു കിട്ടി നീചനും, നികൃഷ്ടനുമായി അഭിമാനം മുഴുവനും ചോർന്നൊലിച്ച് നിസ്സഹായനായി അബൂലഹബിന് കൈ മലർത്തേണ്ടി വന്നു.
ഈ സംഭവത്തിനു ശേഷം ഏഴു ദിവസം മാത്രമാണ് അബൂലഹബ് ജീവിച്ചത്. അതിനിടയിൽ അതി മാരകമായ "അദസത് "എന്ന രോഗം അദ്ദേഹത്തെ കീഴടക്കി. ശരീരത്തെ മുഴുവൻ കാർന്നു തിന്നുന്ന ഈ രോഗം പകർച്ചവ്യാധിയുടെ ഇനത്തിൽ പെട്ടതുകൊണ്ട് കുടുംബക്കാരും നാട്ടുകാരും രോഗം പകരുമെന്ന് ഭയന്ന് പരിചരിക്കാതെ അബൂലഹബിനെ ഉപേക്ഷിച്ചു. അതി മാരകമായ ഒരു തരത്തിലുള്ള ചിരങ്ങ് ശരീരമാസകലം ബാധിച്ച് അത് വൃണമായി പൊ ട്ടിയൊലിച്ച് ആർക്കും അടുത്തേക്ക് ചെല്ലാൻ കഴിയാത്ത രൂപത്തിൽ രൂക്ഷമായ ദുർഗന്ധം വരാൻ തുടങ്ങി.
അറബികൾ ഈ പകർച്ചാ വ്യാധിയെ അവലക്ഷണമായാണ് കണ്ടിരുന്നത്. ഈ നൂറ്റാണ്ടിൽ പൊട്ടിപുറപ്പെട്ട പകർച്ചവ്യാധിയായ കൊറോണാ മഹാമാരിയുടെ തുടക്ക ഘട്ടങ്ങളിൽ അതു ബാധിച്ച രോഗികളിൽ നിന്ന് നാം അകലം പാലിച്ചിരുന്നു. എന്നാൽ ഇതിനേക്കാളും ഭീതിതമാണ് അബൂലഹബിന് ബാധിച്ചരോഗം. ഏഴു ദിവസം നീണ്ടുനിന്ന കണ്ടാൽ അറുപ്പുളവാക്കുന്ന ഈ രോഗത്തിന്റെ തീഷ്ണതയിൽ വെന്തുരുകുന്ന അബൂലഹബിന്റെ മനോനുകരത്തിൽ "അബൂലഹബിൻ്റെ രണ്ടു കൈകളും നശിക്കട്ടെ അവൻ തന്നെ നശിക്കട്ടെ. അവന്റെ സമ്പത്തും സന്താനവും അവന് ഉപകാരപ്പെടില്ല" എന്ന അല്ലാഹുവിന്റെ പ്രഖ്യാപനം അലയടിക്കുന്നുണ്ടാവണം. അത് സമ്മതിക്കുകയും ബോധ്യപ്പെടുകയും ചെയ്‌തിട്ടുണ്ടാവണം. ഇതിനു വേണ്ടിയാകാം ഏഴു ദിവസം ഈ വിധം കിടന്നത്. ശേഷം ജീവൻ നഷ്‌ടപ്പെട്ടു.
തുടരും......


No comments:
Post a Comment