മരണ ശേഷവും രോഗം പകരുമെന്ന ഭീതിയിൽ ശവശരീരം മറവുചെയ്യാൻ ആരും മുന്നോട്ടു വന്നില്ല. ആരും അടുക്കാതെ ശവശരീരം മരുഭൂമിയിൽ കിടന്ന് അഴുകി നാറി. അവസാനം ദുർഗന്ധം സഹിക്കാൻ കഴിയാതെ വന്നപ്പോൾ വലിയ ഒരു കുഴി കുഴിച്ചശേഷം വിദൂരത്തു നിന്ന് കൊണ്ട് ഒരു തോട്ടിയുപയോഗിച്ച് മൃതശരീരത്തെ കുഴിയിലേക്ക് തള്ളിയിട്ടു. അകലെനിന്ന് മണ്ണും കല്ലും വാരി എറിഞ്ഞ് മൂടി. ഇതിനു വേണ്ടി രണ്ടു കൂലി തൊഴിലാകളെ ഏല്പിച്ചു എന്നും ചരിത്രത്തിൽ കാണാം.
ചുരുക്കത്തിൽ ആദരവിൻ്റെ ഒരംശം പരിഗടണന പോലും ലഭിക്കാതെ എന്നെന്നേക്കുമായി അബൂലഹബ് തിരുച്ചുവരാൻ കഴിയാത്ത നാശം വിതച്ച പരാജയഗർത്തത്തിലേക്ക് പതിച്ചു. അതെ.. തിരു നബി(സ)യെ വേദനിപ്പിച്ചതിൻ്റെ പരിണിതഫലം കണ്ണിൽ കണ്ടു. ആദരവായ നബി (സ )യെ കൊഞ്ഞനം കുത്തിയ ഒരാളും വിജയിച്ചിട്ടില്ലന്ന മഹത്തായ പാഠമാണ് സൂറത്തുൽ മസദ് നമ്മോട് വിളിച്ചോതുന്നത്.
ഉതൈബയെ സിംഹം കടിച്ചുകൊലപ്പെടുത്തി.
തിരു നബി (സ)യെവല്ലാതെ വേദനിപ്പിച്ച വ്യക്തിയാണ് അബൂലഹബിന്റെ മകൻ ഉതൈബ. നബിയുടെ രണ്ടു പെൺ മക്കളെ അബൂലഹബിന്റെ രണ്ടു മക്കൾക്കാണ് വിവാഹം ചെയ്‌തു കൊടുത്തത്. റുഖിയ്യ (റ)യെ ഉത്ബതും, ഉമ്മു കുലുസൂ (റ)യെ ഉതൈബതും നികാഹ് ചെയ്‌തു. പ്രസ്‌തുത വിവാഹം നബി(സ )യുടെ നുബുവ്വത്തിന് മുമ്പാണ് നടക്കുന്നത്. എന്നാൽ ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ വീട് കൂടിയിട്ടില്ല.
ഇതിനിടയിലാണ് അബൂലഹബിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അല്ലാഹു അവന്റെ വചനങ്ങൾ അവതരിപ്പിക്കുന്നത്. കോപകുലനായ അബൂലഹബ് തൻ്റെ മക്കളെ വിളിച്ചു കൊണ്ട് പറഞ്ഞു : ഈ നിമിഷം തന്നെ നിങ്ങൾ നിങ്ങളുടെ ഭാര്യയെ വിവാഹമോചനം നടത്തണം. ഇല്ലങ്കിൽ നിങ്ങളുമായി ഒരു ബന്ധവും എനിക്കില്ല. അബ്ബാദ്ബ്നു സഈദ് ബ്‌നുൽആസിൻ്റെ മകളെ വിവാഹം ചെയ്‌തു തരണമെന്ന നിബന്ധനയിൽ മൂത്ത മകൻ ഉത്ബ തൻ്റെ ഭാര്യ റുഖിയ്യ യെ മാന്യമായി മൊഴിചൊല്ലി വേർപെടുത്തി.
എന്നാൽ ഇളയ സഹോദരൻ ഇതിൻ്റെ പേരിൽ നബി (സ)യെ വല്ലാതെ വിഷമിപ്പിച്ചു.ഉതൈബ നബി (സ )തിരു മുഖത്തു നോക്കി നാലു ചീത്ത വിളിച്ചതിനു ശേഷമാണ് ഉമ്മുകുൽസൂം( റ) നെ മൊഴിചൊല്ലിയത്.വിവാഹ മോചനം നടത്താൻ തീരുമാനിച്ചപ്പോൾ നബി (സ)യുടെ അടുത്തേക്ക് വന്നുകൊണ്ട് ആക്രോഷിച്ചു. അവൻ ശബ്‌ദമുയർത്തി.. നിൻ്റെ മതത്തെ ഞാൻ
നിഷേധിക്കുന്നു.. നിൻ്റെ മകളെ ഞാൻ വേർപെടുത്തുന്നു.. നീ എന്നെ സ്നേഹിക്കണ്ട..ഞാൻ നിന്നെയും സ്നേഹിക്കുന്നില്ല. ഇതും പറഞ്ഞ് ഉതൈബ മുത്തുനബി( സ )യുടെ അടുത്തേക്ക് പാഞ്ഞടുത്ത് ഖമീസ് പിടിച്ചു വലിച്ചു കീറുകയും അസഭ്യം പറയുകയും ചെയ്‌തു. മരു മകൻ്റെ ഈ ക്രൂരത നബി (സ) യെ ഏറെ പ്രയാസപ്പെടുത്തി. മനുഷ്യ സഹജമായി ഈ കൊടും ക്രൂരത സഹിക്കവയ്യാതെ വന്നപ്പോൾ വേദന നിറഞ്ഞ മനസ്സിൽനിന്ന് നബി (സ) പ്രാർത്ഥിച്ചു... അല്ലാഹുവേ... നിൻ്റെ വന്യമൃഗങ്ങളിൽ നിന്നൊരു മൃഗത്തെ കൊണ്ട് ഇവനെ നീ കൈകാര്യം ചെയ്യണമേ...
ശേഷം ഉതൈബ കച്ചവടാവശ്യർത്ഥം യാത്രാ സംഘത്തോടൊപ്പം ശാമിലേക്ക് പുറപ്പെട്ടു. യഥാർത്ഥത്തിൽ ഉതൈബ യുടെ മനസ്സിൽ നബി (സ)യുടെ പ്രാർത്ഥന ഭീതി വിതച്ചിരുന്നു. . അബൂലഹബ് യാത്രാ സംഘത്തോട് തൻ്റെ മകനെ നന്നായി ശ്രദ്ധിക്കാനും, അപകടങ്ങളിലൊന്നും പെടാതെ സൂക്ഷിക്കാനും ഓർമപ്പെടുത്തിയിരുന്നു. ഉതൈബ യടങ്ങുന്ന യാത്രാസംഘം രാത്രിയായപ്പോൾ സർക്വാ എന്ന സ്ഥലത്ത് വിശ്രമത്തിനിറങ്ങി. എല്ലാവരും കച്ചവട ചരക്കുകൾ ഒതിക്കിവെച്ച് വിശ്രമത്തിലേക്കുനീങ്ങി, അതിനിടയിൽ അവിടെ യുള്ള ഒരു പുരോഹിതൻ അവർക്കിടയിൽ പ്രത്യക്ഷപെട്ടുകൊണ്ട് പറഞ്ഞു :ഈ പ്രദേശം വന്യമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണ്, അതിനാൽ നിങ്ങൾ കരുതിയിരിക്കണം. ഈ സമയത്തെല്ലാം മുഹമ്മദ് (സ )തനിക്കെതിരെ പ്രാർത്ഥിച്ചത് സംഭവിക്കുമെന്ന ഭയത്താൽ ഉതൈബ പേടിച്ചുവിറക്കുന്നുണ്ടായിരുന്നു. ഏതായാലും ഉതൈബ എല്ലാവിധ സംരക്ഷണങ്ങളും ഉറപ്പു വരുത്തി എല്ലാവരുടെയും മധ്യത്തിൽ കിടന്നു. അൽപ സമയം കഴിഞ്ഞതേയുള്ളൂ അത്ഭുതമെന്നു പറയാം! അതാ.. ഒരു സിംഹം അവിടേക്കു വരുന്നു. ആ സിംഹത്തെ കണ്ടപ്പോൾ പരിഭ്രാന്തനായ ഉതൈബ പറയാൻ തുടങ്ങി : ഓ.. എൻ്റെ കഷ്ടമേ.. ദൈവം സത്യം, ആ സിംഹം എന്നെ തിന്നുകതന്നെ ചെയ്യും. മുഹമ്മദിന്റെ പ്രാർത്ഥന പുലരാനുള്ളതാണ്. അദ്ദേഹം മക്കയിലായിരിക്കെ ശാമിലുള്ള എന്നെ ഇവിടെ വെച്ച് കൈകാര്യം ചെയ്യുന്നു.ഇതും പറഞ്ഞ് വിലപിക്കുന്നതിനിടെ ആൾ കൂട്ടത്തിലേക്കു പാഞ്ഞുവന്ന ആ സിംഹം ഓരോരുത്തരെയും മണത്തുനോക്കി തൻ്റെ ഇരയെ തിരഞ്ഞു നടക്കാൻ തുടങ്ങി. അങ്ങിനെ ഉതൈബയെ കാണേണ്ട താമസം സിംഹം അതിന്റെ്റെ മുഴുവൻ ശക്തിയും സംഭരിച്ച് ഉതൈബയുടെ നേർക്ക് ചാടിവീണ് അവൻ്റെ തല കടിച്ചുകീറി കുടഞ്ഞിട്ടു.അവൻ അവിടെ കിടന്നു പിടഞ്ഞു മരിച്ചു.അബൂലഹബിന് തൻ്റെ സന്താനവും ഉപകാരപെടുകയില്ലന്ന അല്ലാഹുവിന്റെ പ്രഖ്യാപനവും ഇവിടെ പുലർന്നിരിക്കുന്നു.
وامرأته حمالة الحطب
വിറകു കെട്ടിച്ചി പെണ്ണായ അബൂലഹബിന്റെ ഭാര്യയും നരകത്തീജ്വാലയിൽ വെന്തെരിയും.
മുൻ കഴിഞ്ഞ വചനങ്ങളിൽ അബൂലഹബിനെതിരെയുള്ള അല്ലാഹുവിന്റെ അതിക്ഷേപങ്ങൾ ക്കുശേഷം തൊട്ടു പിന്നാലെ അയാളുടെ ഭാര്യയും അതിക്ഷേപങ്ങൾക്കു വിധേയമാവുകയാണ്. ഏതൊരു വിഷയത്തിലാണോ അല്ലാഹു അബൂലഹബിനെ ശകാരിച്ചത് അതേ വിഷയത്തിൽ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകി ഒപ്പം നടന്നു സഹായിച്ചതു കൊണ്ടാണ് ഭാര്യയെയും അല്ലാഹു കൂടെ ശകാരിച്ചത്.
അർവാ ബിൻത് ഹർബ് എന്നാണ് യഥാർത്ഥ പേര്. ഉമ്മു ജമീൽ എന്ന സ്ഥാന പ്പേരിൽ അറിയപ്പെടുന്ന അർവാ ബിൻത് ഹർബ് അബൂസുഫി യാന്റെ സഹോദരി, നബി (സ)യുടെ മൂത്താപ്പയുടെ യുടെ ഭാര്യ, ഖുറൈശി തറവാട്ടിലെ നേതാവ്, സമ്പന്ന വനിത, നബി (സ)യുടെ ബന്ധു, ഏറ്റവും അടുത്ത അയൽവാസി എന്നീ നിലകളിൽ അറിയപ്പെടുന്നു.
എന്നാൽ ഖുർആൻ അവരെ "വിറകു കെട്ടി ചുമന്നു നടക്കുന്നവൾ 'എന്ന മേൽ വിലാസത്തിലാണ് പരിജയ പെടുത്തുന്നത്. നബി (സ)യോട് മനസ്സു നിറയെ അസൂയയും, വിദ്വേഷവും ,പകയും, പോരും, വിരോധവും, ശത്രുതയും കൊണ്ടു നടക്കുന്ന ഉമ്മു ജമീൽ തന്റെ ഭർത്താവിന് പൂർണ്ണ പിന്തുണ നൽകി മുന്നിൽ നടന്ന കൊടിയ ശത്രുവായതു കൊണ്ടു തന്നെ വളരെ നിസ്സാരമായിട്ടാണ് ഖുർആൻ അവളെ കാണുന്നത്.
പേരു കേട്ട സമ്പന്നയായിട്ടും ജീവിതകാലം മുഴുവൻ ഒരു ദരിദ്ര വാസിയെ പ്പോലെ വിറകു ശേഖരിച്ചു തലയിൽ വെച്ചു നടക്കേണ്ട ഗതികേട് മറ്റെന്തുണ്ട്? ഈ ഒരു നിസ്സാരതയിലേക്ക് സൂചിപ്പിച്ചുകൊണ്ടാണ് ഇങ്ങനെ അവളെ വിശേഷിപ്പിച്ചത്.തിരു നബി (സ)യെ ദരിദ്രനാണെന്ന് പറഞ്ഞ് കൊച്ചാക്കിയതിനുള്ള തിക്താനുഭവം. കൂടാതെ മുൾ ചീളുകൾ ഒരുമിച്ചു കൂട്ടി തൻ്റെ കഴുത്തിൽ കൊണ്ടു നടക്കുന്ന കയറ് കൊണ്ട് കെട്ടി തലയിൽ ചുമന്നു കൊണ്ടു വരികയും രാത്രി യുടെ മറവിൽ ആ മുള്ളുകൾ നബി (സ)വീട്ടിൽ നിന്ന് പുറത്തേക്ക് വരുന്ന വഴിയിൽ തറച്ചു വെച്ച് നബി( സ)യെ വേദനിപ്പിക്കുന്ന നീച സ്വഭാവം അവൾക്കുണ്ടായിരുന്നു.
എന്നാൽ നബി (സ) പ്രസ്‌തുത മുൾ നിറഞ്ഞ വഴിയിൽ ചവിട്ടി നടക്കുമ്പോൾ പട്ടിൻ പരവതാനിയിലൂടെ നടക്കുന്ന പ്രതീതിയാണ് നബി(സ)ക്ക് അനുഭവപ്പെട്ടിരുന്നത്. മേൽ പറഞ്ഞ ക്രൂര കൃത്യത്തിനു പുറമെ ഏഷണിയുടെ ഭാണ്ഡവും പേറി ജനങ്ങൾക്കിടയിൽ ഇറങ്ങിനടന്ന് വിദ്വേഷം സൃഷ്ടിക്കുന്ന ദുഃസ്വഭാവക്കാരിയുമായിരുന്നു ഉമ്മുജമീൽ തോന്നുന്നതെല്ലാം വിളിച്ചു പറഞ്ഞ് ജനങ്ങൾക്കിടയിൽ കുഴപ്പം ഉണ്ടാക്കുന്നവനെ കുറിച്ചു ഹാഥ്വിബു ലൈൽ എന്നു പറയാറുണ്ട്.
മുത്തു നബി (സ)യെ ദ്രോഹിക്കൽ മുഖ്യ തൊഴുലായി കാണുന്ന ഉമ്മു ജമീൽ യഥാർത്ഥത്തിൽ ചുമലിൽ പാപ ഭാരവും പേറിയാണ് നടക്കുന്നത്.ചുമലിൽ ഏറ്റികൊണ്ടു വരുന്ന വിറകുകെട്ടുകൾ അവസാനം തീയായി പരിണമിക്കുന്നത് പോലെ പാപങ്ങൾ പേറി നടക്കുന്ന ശരീരം നരകത്തീയിൽ വെന്തരിയും. ദോഷങ്ങൾ ചെയ്‌തു നടക്കുന്നവരെ കുറിച്ച് ദോഷം ചുമലിലേറ്റിയവർ എന്ന് ഖുർആൻ പല സ്ഥലത്തും വിശേഷിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തിൽ വ്യത്യസ്‌ത ആശയ തലങ്ങളിലേക്ക് അർത്ഥ സാധ്യത നൽകുന്ന പദംപ്രയോഗം കൊണ്ടാണ് ഉമ്മു ജമീലിനെ അല്ലാഹു പരിചയപെടുത്തിയത്.
അബൂലഹബിൻ്റെ ഭാര്യ എന്ന് ഖുർആൻ പറഞ്ഞപ്പോൾ " زوجة"എന്ന പദത്തിനു പകരം" إمرأة"എന്ന പദമാണ് ഉപയോഗിച്ചത്. അധിസൂക്ഷമായ അർത്ഥതലങ്ങൾ
ഉൾകൊള്ളുന്നതും കേൾക്കാനും, പാരായണം ചെയ്യാനും ഭംഗിയുള്ളതും, ഏറ്റവും യോചിപ്പുള്ളതു മായ പദങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഖുർആൻ അതിന്റെ ആശയങ്ങൾ വിവരിക്കുന്നത്. ഒരു ഭർത്താവിന് തൻ്റെ ഭാര്യയിൽനിന്ന് യഥാർത്ഥത്തിൽ ലഭിക്കേണ്ടത് അനുകൂലമായ സന്തോഷവും സ്നേഹവും, പിന്തുണയുമാണ്. ഇങ്ങനെ ഭർത്താവിന് ഭാര്യയിൽ നിന്ന് ലഭിക്കേണ്ട സ്തുത്യർഹമായ അവകാശങ്ങൾ ലഭിക്കുമ്പോളാണ് ഭാര്യ "സൗജത്" തുണയായി മാറുന്നത്.
മറിച്ച് ഇതിനു വിപരീതമായ സമീപനമാണ് ഭാര്യയിൽ നിന്ന് ഉണ്ടാകുന്നതെങ്കിൽ അവൾ "സൗജത് "എന്ന തലത്തിലേക്ക് ഇനിയും വളർന്നിട്ടില്ല. അപ്പോൾ അവളെ കുറിച്ച് "സൗജത് "എന്നുപറയാൻ പ്രയാസമുള്ളതുകൊണ്ടാണ് إمرأة" എന്ന പദം ഭാര്യക്ക് ഉപയോഗിച്ചത്.
ഖുർആനിൽ വേറെയും ധാരാളം സ്ഥലങ്ങളിൽ ഇങ്ങനെ ഉപയോഗിച്ചട്ടുണ്ട്. ഇവിടെ അബൂലഹബിൻ്റെ ഭാര്യയുടെ പിന്തുണമുഴുവനും അദ്ദേഹത്തിന് പ്രതികൂലമായി ഭവിച്ചിരിക്കുകയാണ്. ഭൗതികലോകത്ത് അബൂലഹബിനെ സഹായിച്ചതുപോലെ നാളെ നരകത്തിൽഅബൂലഹബിനെ ചുട്ടരി ക്കാൻ തീകൊള്ളികൾ ചുമന്നുകൊണ്ടുവരുന്ന ജോലിയായിരിക്കും ഭാര്യക്കുണ്ടാവുക.
ഏതെങ്കിലും നിലക്ക് തൻ്റെ ധർമം നിർവഹിക്കുന്നതിൽ ഭാര്യ വീഴ്‌ച വരുത്തിയ സംഭവം പരാമർശിക്കുന്ന സ്ഥലങ്ങളിലെല്ലാം إمرأة (ഇംറഅത്)എന്ന പദമാണ് ഉപയോഗിച്ചത്.
വിശുദ്ധ ഖുർആനിലെ അതിശയകരമായ പദവിന്യാസ സൗന്ദര്യത്തെയും സാഹിത്യപരമായ കൃത്യതയെയും കുറിച്ചുള്ള വളരെ ചിന്തനീയമായ ഒരു ആലോചന ഇവിടെ കാണാം
ഖുർആനിൽ ഭാര്യ എന്ന അർത്ഥത്തിൽ 'ഇമ്രഅത്ത്' (امْرَأَة), 'സൗജ്' (زَوْج) എന്നീ രണ്ട് പദങ്ങളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. കേവലം പര്യായപദങ്ങൾ എന്നതിനപ്പുറം ഇവ കൃത്യമായ സാഹചര്യങ്ങളിലാണ് അല്ലാഹു പ്രയോഗിച്ചിട്ടുള്ളത്.
1. 'ഇമ്രഅത്ത്' (امرأة) - ധർമ്മങ്ങളിൽ വീഴ്ച വരുത്തുമ്പോൾ
വൈവാഹിക ജീവിതത്തിൽ ഇണകൾ തമ്മിൽ ആത്മീയമായോ, ശാരീരികമായോ, പ്രത്യുത്പാദനപരമായോ പൂർണ്ണതയില്ലാതെ വരുമ്പോഴാണ് ഖുർആൻ 'ഇമ്രഅത്ത്' (സ്ത്രീ/ഭാര്യ) എന്ന പദം ഉപയോഗിക്കുന്നത്:
വിശ്വാസപരമായ ഭിന്നത: നൂഹ് നബിയുടെയും ലൂത് നബിയുടെയും ഭാര്യമാർ ഭർത്താക്കന്മാരുടെ ആദർശത്തെ വഞ്ചിച്ചവരായിരുന്നു (സൂറത്തു തഹ്‌രീം: 10). അവിടെ അവരെ 'ഇമ്രഅത്തു നൂഹ്', 'ഇമ്രഅത്തു ലൂത്' എന്നാണ് വിശേഷിപ്പിച്ചത്.
കുടുംബപരമായ പിണക്കം: സൂറത്തുന്നിസാ 128-ാം ആയത്തിൽ ഭർത്താവിൽ നിന്ന് പിണക്കമോ അവഗണനയോ ഭയക്കുന്ന ഭാര്യയെക്കുറിച്ച് പറയുമ്പോഴും 'ഇമ്രഅത്ത്' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്.
സന്താനമില്ലായ്മ: സകരിയ്യാ നബിക്ക് കുട്ടികളുണ്ടാകാതിരുന്ന വന്ധ്യതയുടെ സാഹചര്യത്തിൽ സൂറത്തു മർയമിൽ (ആയത്ത് 5) തൻ്റെ ഭാര്യയെ 'ഇമ്രഅതീ' (എന്റെ ഭാര്യ) എന്നാണ് അദ്ദേഹം വിളിക്കുന്നത്.
2. 'സൗജ്' (زوج) - പൂർണ്ണതയും സന്തോഷവും ഉണ്ടാകുമ്പോൾ
രണ്ടുപേർ തമ്മിൽ ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാ അർത്ഥത്തിലും തികഞ്ഞ പൊരുത്തത്തിലും സമാധാനത്തിലും ആകുമ്പോഴാണ് 'സൗജ്' (ഇണ) എന്ന പദം ഖുർആൻ ഉപയോഗിക്കുന്നത്.
വന്ധ്യത മാറിയപ്പോൾ: സകരിയ്യാ നബിക്ക് യഹ്യാ എന്ന കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷവാർത്ത അല്ലാഹു അറിയിക്കുന്ന സൂറത്തുൽ അമ്പിയാ 90-ാം ആയത്തിൽ "അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ഇണയെ (സൗജ്) നാം നന്നാക്കി നിലനിർത്തിക്കൊടുത്തു" എന്ന് പദം മാറുന്നത് കാണാം. കുഞ്ഞുണ്ടായതോടെ ആ ദാമ്പത്യം പൂർണ്ണതയിലെത്തി.
ആദമിൻ്റെ ഇണ: ആദ്യ ദാമ്പത്യത്തിൻ്റെ സമാധാനത്തെക്കുറിച്ച് പറയുമ്പോൾ ഹവ്വാ ബീവിയെ 'സൗജുക' (നിൻ്റെ ഇണ) എന്നാണ് അല്ലാഹു വിശേഷിപ്പിച്ചത് (സൂറത്തുൽ ബഖറ: 35).
ഒരു അക്ഷരം പോലും വെറുതെ പ്രയോഗിക്കാത്ത, വാക്കുകൾ കൊണ്ട് അത്ഭുതം തീർക്കുന്ന വിശുദ്ധ ഖുർആൻ്റെ അമാനുഷികമായ ശൈലിക്ക് (Linguistic Miracle) ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണിത്.
തിരു നബി (സ) യെ വേദനിപ്പിക്കുന്നതിൽ സർവ്വ സീമകളും മറികടന്ന പെണ്ണാണ് ഉമ്മുജമീൽ നബി( സ) യെ ദ്രോഹിച്ചത്തിൻ്റെ ഫലമായി തന്നേയും തന്റെ ഭർത്താവിനെയും ആക്ഷേപിച്ചുകൊണ്ട് അല്ലാഹു ഒരു അദ്ധ്യായം തന്നെ പൂർമായി അവതരിപ്പിച്ചിട്ടുണ്ട് എന്ന വാർത്ത അറിഞ്ഞപ്പോൾ രോഷം തലക്കുപിടിച്ച ഉമ്മുജമീൽ ആകെ ഇളകി മറിഞ്ഞ് കൂർത്ത ഒരു ക്കലും കയ്യിൽ പിടിച്ച് നബി (സ) യുടെ തല തല്ലിക്കീറാൻ പുറപ്പെടുന്ന രംഗത്തെ കുറിച്ച് ചരിത്രം പറയുന്നുണ്ട്.
ബീവി അസ്‌മാ (റ)നിവേദനം ചെയ്യുന്നു : സൂറതുൽ മസദ് അവതരിച്ചപ്പോൾ രോഷാകുല യായ ഉമ്മുജമീൽ നബി (സ) യെ ആക്രമിക്കാൻ
വേണ്ടി പുറപ്പെട്ടു. നബി (സ)യും, അബൂബക്കർ സിദ്ധീഖ് (റ ) യും കഅബായുടെ ചാരത്ത് ഇരിക്കുകയായിരുന്നു. അവിടേക്കാണ് ഉറഞ്ഞു തുള്ളി അസഭ്യപ്പാട്ടും പാടി അവൾ ഓടി വരുന്നത്. ആ ക്ഷേപിക്കപ്പെട്ടവനെ നാം വെറുക്കുന്നു....അവൻ്റെ മതത്തെ നാം നിഷേധിച്ചിരിക്കുന്നു..അതിന്റെ വിധിവിലക്കുകളെ നാം ധിക്കരിച്ചിരിക്കുന്നു...
ഈ രംഗം കണ്ടു ഭയന്നു പോയ അബൂബക്കർ സിദ്ധീഖ്( റ) പറഞ്ഞു :നബിയേ.... ആ പെണ്ണതാ വരുന്നു.. അവളെങ്ങാനും അങ്ങയെകണ്ടാൽ കയ്യേറ്റം ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു.
ഉടനെ റസൂൽ (സ)പറഞ്ഞു :സിദ്ധീഖ്.. ഭയപ്പെടേണ്ട..അവൾ എന്നെ കാണില്ല.. ശേഷം നബി (സ)സൂറത്തുൽ ഇസ്‌റാഇലെ ഒരുവചനം ഓതി : നിങ്ങൾ ഖുർആൻ പാരായണം ചെയ്‌താൽ നിങ്ങളുടെയും, അദ്യദിനത്തിൽ വിശ്വസിക്കാത്തവർക്കിടയിലും മറച്ചുകളയുന്ന ഒരു മറ നാം സൃഷ്‌ടിക്കും. (സൂറത്തുൽ ഇസ്രാ 45)
അത്ഭുതം..അവൾ നബിയെ കാണുന്നില്ല.. കൂടെ ഇരിക്കുന്ന അബൂബക്കർ സിദ്ധീഖ് (റ)നെ മാത്രമേ കാണുന്നുള്ളൂ.. അവൾ ചോദിച്ചു : മുഹമ്മദ് എവിടെ? അവൻ എന്നെ ആക്ഷേപിച്ചുകൊണ്ട് പാട്ട് പാടിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. എന്താണ് അവൻ പാടിയത്? അബൂബക്കർ (റ) പ്രതികരിച്ചു:അല്ലാഹുവിന്റെ ഭവനം സത്യം.. മുഹമ്മദ് (സ) നിനക്കെതിരിൽ തെറിപ്പാട്ടൊന്നും പാടിയിട്ടില്ലല്ലോ..
കൂർത്ത കല്ലും കയ്യിൽ പിടിച്ച് നബി (സ) കുത്തിപ്പരിക്കേൽപിക്കാൻ എടുത്തുചാടിവന്ന അൽഅവ്റാ എന്ന ഉമ്മുജമീൽ നബി (സ) യെ കാണാൻ കഴിയാതെ ഇളിഭ്യയായി. എന്നാൽ ജാള്യത മറച്ചുവെച്ചുകണ്ടവൾ തിരിച്ചുപോകുമ്പോൾ ഇങ്ങനെ പുലമ്പുന്നുണ്ടായിരുന്നു: തീർച്ചയായും ഞാൻ ഖുറൈശി നേതാവിൻ്റെ പുത്രിയാണെന്ന് ഖുറൈശികൾക്കറിയാം.
തിരുനബി (സ)യോടുള്ള ഉമ്മുജമീലിൻ്റെ രോഷത്തിൻ്റെ കാഠിന്യം വ്യക്തമാക്കുന്ന സംഭവമാണിത്.
في جيدها حبل من مسد (5)
അബൂലഹബിന്റെ ഭാര്യയുടെ രണ്ടാമത്തെ വിശേഷണമാണ് ഈ ആയത്തിൽ പറയുന്നത്.അവളുടെ കഴുത്തിൽ ഈത്തപ്പന നാരു കൊണ്ട് മെടഞ്ഞുണ്ടാക്കിയ ഒരു കയർ ഉണ്ട്.
ഈത്തപ്പന നാരു കൊണ്ടോ മറ്റുവസ്‌തുക്കൾകൊണ്ടോ ഇഴചേർത്തുണ്ടാക്കിയത്തിനാണ് മസദ് എന്നു പറയുക. ഉമ്മുജമീലിന് ഇങ്ങനെ ഒരു വിശേഷണം നൽകിയതിനു പിന്നിൽ പല വിശദീകരണങ്ങളും പണ്ഡിതൻമാർ പറയുന്നുണ്ട്. സാമ്പത്തികമായി ഉന്നത നിലവാരമുണ്ടായിട്ടും വിറക് കെട്ടാൻ വേണ്ടി ഈത്തപ്പന നാരുകൊണ്ട് പിരിമുറുക്കിയ ഒരു കയറും തൊളിലിട്ട് പോകുന്ന ഈ പെണ്ണാണോ ഹബീബ് (സ)ക്കെതിരെ കുതിരകയറാൻ ഒരുമ്പെടുന്നത്? അഥവാ വളരെ നിസ്സാരമാക്കി ഉമ്മുജമീലിനെ അവതരിപ്പിക്കുന്ന ശൈലി. കൂടാതെ അവളുടെ കഴുത്തിൽ വിലപിടിപ്പുള്ള ഒരു രത്നമാല ഉണ്ടായിരുന്നു.
പ്രസ്തുത മാലക്ക് ഒരു വിലയും കൽപിക്കാതെ കേവലം ഒരു ഈത്തപ്പന നാരു കൊണ്ട് മെടഞ്ഞുണ്ടാക്കിയ ഒരു കയറിൻ്റെ സ്ഥാനം നൽകി നിന്ദിക്കുന്ന രീതി.മാത്രമല്ല തിരുനബി (സ)യെ തകർക്കാനുള്ള പദ്ധതികൾ ശത്രുക്കൾ ആവിഷ്കരിച്ചപ്പോൾ അതിൻ്റെ വിജയത്തിനു വേണ്ടി തന്റെ രത്നമാല സംഭാവന നൽകാൻ മുന്നോട്ടുവന്ന ഉമ്മുജമീലിൻ്റെ ഈ മാലക്കു പകരം നാളെ നരകത്തിൽ തീ മാല യായിരിക്കും കഴുത്തിൽ ഉണ്ടാവുക.
ഭൗതിക ലോകത്ത് തിരു നബി (സ )യെ വേദനിപ്പിക്കാൻ തന്റെ ഭർത്താവിനെ അകമഴിഞ്ഞ് സഹായിച്ചതുപോലെ നാളെ നരകത്തിൽ വിറകു കെട്ടിച്ചിപെണ്ണായ ഉമ്മുജമീൽ തന്റെ ഭർത്താവിന്റെ നാരഗാഗ്നിക്ക് ചൂട് കൂട്ടാൻ തീ വിറകുകൾ തീകയർ കൊണ്ടു കെട്ടി കൊണ്ടുവന്നിട്ട് സഹായിക്കുന്ന ജോലിയായിരിക്കും ഉണ്ടാവുക.
ഇതിനു വേണ്ടി തയ്യാറായി സദാ സമയവും നരക വൃക്ഷമായ സക്കും വൃക്ഷത്തിൻ്റെ തീകൊള്ളികൾ തോളിലും,അതു കെട്ടാനുള്ള അഗ്നി ചങ്ങല കഴുതത്തിലും തൂക്കി നിൽക്കുന്ന ഭീകര രംഗം. ഇവിടെ മുൾചില്ലകൾ തോളിലേറ്റി മുത്തു നബി(സ)യെ വേദനിപ്പിച്ചതിന് പകരം അവിടെ നരകത്തിൽ തീക്കൊള്ളികൾ ചുമന്ന് സ്വയം കഠിന വേദന അനുഭവിക്കുന്നതോടൊപ്പം നരക ശിക്ഷയിൽ ഭർത്താവിനെ സഹായിക്കുകയും ചെയ്യുന്ന നരക ജോലി.
ഉമ്മു ജമീലിന്റെ അന്ത്യം
പതിവുപോലെ ഒരുദിവസം ഉമ്മുജമീൽ തൻ്റെ ചുമട്ടു തൊഴിലിനിടയിൽ ഒരു കല്ലിൽ വിശ്രമിക്കുകയായിരുന്നു. വിറകു കെട്ടാനുള്ള കയർ തോളിൽ തൂക്കിയിട്ടിട്ടുണ്ട്. പെട്ടന്നാണ് പിറകിലൂടെ ഒരാൾ വന്ന് ഈ കയർ ഒരു കല്ലിൽ ബന്ധിപ്പിച്ചു മുറുക്കിയപ്പോൾ കയർ കഴുത്തിൽ മുറുകി ദാരുണമായി ഉമ്മുജമീൽ കൊല്ലപ്പെട്ടു. ഇങ്ങനെയാണ് ഉമ്മുജമീലിൻ്റെ അന്ത്യവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ കാണുന്നത്.
പാഠം
തിരു നബി (സ)യെ വിമർശിക്കുകയും.
അവിടുത്തെ വേദനിപ്പിക്കുകയും ചെയ്‌ത ഒരാളും വിജയിച്ചിട്ടില്ല. മുത്തു നബി (സ )യെ വേദനിപ്പിക്കുന്ന അബൂലഹബു മാരിലും ഉമ്മുജമീലു മാരിലും നാം പെട്ടുപോകരുത്.
وصلى الله على خير خلقه سيدنا محمد وآله وصحبه أجمعين . والحمد لله رب العالمين
സാലിം സഖാഫി പടിഞ്ഞാറത്തറ.


No comments:
Post a Comment