1⃣ ബിജെപി നേതാവ് സുബ്രമണ്യ സ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ആരും പാർട്ടിയേക്കാൾ വലുതല്ലെന്നും പ്രശസ്തി ലക്ഷ്യമാക്കി പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് മോദി പറഞ്ഞു. കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ എന്നിവർക്കെതിരായി അടുത്തിടെ സുബ്രമണ്യ സ്വാമി നടത്തിയ വിമർശനങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മോദി.
2⃣ രഘുറാം രാജന് പകരക്കാരനായി റിസർവ് ബാങ്ക് ഗവർണർ അന്തിമപട്ടികയിൽ നാലുപേർ. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഉർജിത് പട്ടേൽ, മുൻ ഡെപ്യൂട്ടി ഗവർണർമാരായ രാകേഷ് മോഹൻ, സുബീർ ഗോഖൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടർ അരുന്ധതി ഭട്ടാചാര്യ എന്നിവരാണ് അന്തിമ പട്ടികയിൽ ഉള്ളത്. ആർ.ബി.ഐയുടെ സാമ്പത്തിക നയ രൂപീകരണ സമിതി രൂപീകരിക്കാനും കേന്ദ്രസർക്കാർ തീരുമാനമായി.
3⃣ ഗുൽബർഗ റാഗിങ് കേസിൽ അൽഖമർ നഴ്സിംഗ് കോളേജിന്റെ അംഗീകാരം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചേക്കും. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ പ്രസിഡന്റ് ടി. ദിലീപ് കുമാർ അറിയിച്ചതാണിത്. ഗുരുതര വീഴ്ചയാണ് കോളേജിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാവും. കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം റാഗിംഗിന് ഇരയായ അശ്വതിയുടെ മൊഴിയെടുത്തു.
4⃣ ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെ വിമർശിച്ച് കേരള കോൺഗ്രസും രംഗത്ത്. ചടങ്ങിൽ ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും പങ്കെടുത്തത് ന്യായീകരിക്കാൻ ആവില്ലെന്ന് സുധീരന് പിന്നാലെ കേരള കോൺഗ്രസും വ്യക്തമാക്കി. ബാർകോഴ കേസിൽ തനിക്കെതിരെ ഗൂഡാലോച നടന്നതായി കെ.എം മാണി നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരി വയ്ക്കുന്നതാണ് അടൂർപ്രകാശിന് ബിജുരമേശുമായുള്ള പുതിയ ബന്ധുത്വം എന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്.
5⃣ അരിയിൽ ഷുക്കൂർ വധക്കേസ് സിബിഐക്ക് വിടാനുള്ള ഉത്തരവിന് സ്റ്റേ. പി.ജയരാജൻ, ടി.വി രാജേഷ് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി. ഷുക്കൂറിന്റെ മാതാവ് പി.സി ആത്തിക്ക സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നത്. ഇതാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് ഡയറി പരിശോധിക്കാതെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ അന്വേഷിക്കേണ്ട പ്രത്യേക സാഹചര്യം ഈ കേസിൽ ഇല്ല എന്നിവയായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
6⃣ സോളാർ കമ്മീഷന് മുൻപാകെ രഹസ്യ വിസ്താരത്തിനിടെ സരിത പൊട്ടിക്കരഞ്ഞു. ജയിലിൽ വച്ചെഴുതിയ കത്തിനെ കുറിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അഭിഭാഷകൻ ചോദിച്ചപ്പോഴാണ് സരിത കരഞ്ഞത്. കത്ത് താൻ എഴുതിയതാണെന്ന് സരിത നേരത്തേ തന്നെ കമ്മീഷന് മുൻപിൽ സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻചാണ്ടിയുടെ അഭിഭാഷകൻ സരിതയെ ക്രോസ് വിസ്താരം ചെയ്തത്.
No comments:
Post a Comment