റംസാൻ അതിഥി‐25
ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച/സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി
‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കാര്യദർശി,മഞ്ചേശ്വരം മള്ഹറിന്റെയും മലപ്പുറം മഅ്ദിൻ അക്കാഡമിയുടെയും ചെയർമാനുമാണ് സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി കടലുണ്ടി.ബഹുഭാഷ പണ്ഡിതനും ആത്മീയ നായകനുമായ സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരിയുടെ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങൾ വിശ്വപ്രസിദ്ധവും സർവ്വരാൽ അംഗീകൃതവുമാണ്.മള്ഹർ പ്രാർത്ഥനാ സമ്മേളനം കഴിഞ്ഞ് ബാഗ്ലൂരിലേക്കുള്ള യാത്രക്കിറങ്ങുന്നതിനിടയിൽ കാരവലിനു വേണ്ടി റംസാൻ ഓർമ്മകൾ പങ്കുവെക്കാൻ തങ്ങൾ സമയം ചിലവഴിച്ചു.
മഅ്ദിനിന്റെ നോളേജ് ഹന്റിന്റെ ഭാഗമായാണ് ഒരു റജബിൽ തങ്ങൾ ഓസ്ട്രേലിയയിലെത്തിയത്.പ്രതീക്ഷകൾക്കപ്പുറമായിരുന്നു അവിടത്തെ മതകീയ സംസ്കാരം.പള്ളിയിൽ കയറിയപ്പോൾ കണ്ട കാഴ്ച തങ്ങളെ അത്ഭുതപ്പെടുത്തി.ചന്ദ്രപ്പിറവിയെ കുറിച്ചുള്ള ചർച്ചനടക്കുന്നുണ്ടെന്നറിയിച്ച് പള്ളികളിൽ നോട്ടീസ് പതിച്ചിരിക്കുകയാണ്.റമളാനിന്റെ മുന്നൊരുക്കമായി റജബ് മാസത്തിൽ തന്നെ ഒരുങ്ങുന്നതിനുള്ള ചർച്ചാവേദിയാണത്.ചന്ദ്രക്കല സ്ഥിരീകരണവും കർമ്മശാസ്ത്ര വിഷയങ്ങളുമാണ് ചർച്ചയുടെ ഉള്ളടക്കം.മറ്റൊരു തവണ സിംഗപ്പൂരിലും പള്ളികളിൽ ഫെസ്റ്റ് ഓഫ് റജബ് എന്ന പേരിലുള്ള ആഘോഷത്തിന്റെ നോട്ടീസും വായിക്കാനിടയായി.ചുരുക്കത്തിൽ നമ്മുടെ നാടുകളിൽ ഉണ്ടായിരുന്ന റമളാൻ മുന്നൊരുക്കങ്ങളേക്കാൾ വിപുലമായി പാശ്ചാത്യൻ രാജ്യങ്ങളിൽ റമളാൻ മുന്നൊരുക്ക പരിപാടികൾ റജബിൽ തന്നെ നടന്നു വരികയാണ്.റജബിന്റെ പിറവി റമളാനിന്റെ വിളംബരമായാണ് കാണുന്നത്.റമളാനിനോട് മുന്നോടിയായി സാമൂഹ്യ‐കുടുംബ‐വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് നാം ചെയ്തിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുകയാണ് ഇത്തരം പരിപാടികളിലൂടെ നടക്കുന്നത്.
കലാകാരന്റെ ചിത്രത്തിന് ആകർഷണീയത കിട്ടണമെങ്കിൽ ചിത്രം വരയ്ക്കുന്നതിന് മുമ്പ് പ്രതലം ശരിപ്പെടുത്തേണ്ടതുണ്ട്.പ്രതലം നന്നാക്കാനാണ് കലാകാരന്മാർക്ക് ഏറെ സമയം പിടിക്കുക.അത് പോലെയാണ് റമളാനിന് മുമ്പുള്ള റജബും ശഅബാനും.
എല്ലാ മാസവും പിറവി കാണാൻ പോകുന്ന ശൈലി പിതാവിനുണ്ട്.പള്ളിയിൽ പോകുന്നതിന് മുമ്പ് പിതാവ് (സയ്യിദ് അഹമദുൽ ബുഖാരി)ഞങ്ങൾ രണ്ടു പേരേയും(ഖലീൽ തങ്ങളെയും പൊസോട്ട് തങ്ങളെയും)കൂട്ടിക്കൊണ്ട് കടപ്പുറം പോയി പിറവി കാണാനിരിക്കും.എല്ലാ മാസവും പിറവി കാണാൻ പോകൽ പതിവാണ്.റമളാനിന്റെ ചന്ദ്രക്കലയുടെ ഉദയത്തിന് മുമ്പ് തന്നെ വീട്ടിൽ വരുന്നവരോടെല്ലാം തമ്മിൽ പൊരുത്തപ്പെടീക്കും.ബാധ്യതകളെല്ലാം കൊടുത്തുവീട്ടും.സംശുദ്ധ ഹൃദയത്തോടെയാണ് റമളാനിനെ വരവേൽക്കുക.
റമളാനായാൽ ആദ്യ ദിവസം തന്നെ പത്ത്മണിക്ക് മുമ്പായി കരുവൻതിരുത്തിയിലെ വലിയ ജുമുഅത്ത് പള്ളിയിലെത്തും.എല്ലാ റമളാനിലും കരുവൻതിരുത്തി പള്ളിയിൽ പിതാവ് ഇമാമായി നിൽക്കും.ഞാനും ഇക്കാകയും വാപ്പാന്റെ കൂടെ പോകൽ നിർബന്ധമാണ്.ഒരിക്കൽ ഇക്കാക(പൊസോട്ട് തങ്ങൾ)വാപ്പാനോട് പറഞ്ഞു,,റമളാനിൽ മാത്രമല്ലേ ഞങ്ങൾക്ക് വീട്ടിൽ കൂടാൻ അവസരമുള്ളത്,അതും കൂടി അവിടെ വന്നാൽ പിന്നെപ്പോഴാണ് വീട്ടിലിരിക്കാൻ കഴിയുക,,ഇതുകേട്ടപ്പോൾ ഉപ്പ പറഞ്ഞു,,മോനെ,എന്റെ ഉപ്പയുടെയും ഉമ്മയുടെയും ഖബറുള്ളത് അവിടെയാണ്.എല്ലാ ദിവസവും അവരുടെ ഖബർ സിയാറത്ത് ചെയ്യണമെങ്കിൽ അവിടെ കൂടണം.എന്റെ കാലശേഷം നിങ്ങളും ഇതു പോലെയാകാനാണ് നിങ്ങളെയും ഒപ്പം കൂട്ടുന്നത്,,.
രാവിലെ പത്ത് മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ പള്ളിയിൽ ഇരുന്ന് ഖുർആനോതണം.അതു കഴിഞ്ഞ് മഗ്രിബ് ബാങ്ക് വരെ ഖബറിൻ പുറത്ത് പോയി ഖുർആനോതി ദുആ ചെയ്യും.കരുവൻ തിരുത്തി വലിയ ജുമുഅത്ത് പള്ളിയിലായിരുന്നു പിതാവിന്റെ സേവനം.ആ കാലത്ത് റമളാനായാൽ തറാവീഹിന് ശേഷം പ്രസംഗിക്കാൻ പറയും.ചിലപ്പോൾ സലാം പറഞ്ഞ് നിന്ന് വിറയ്ക്കാൻ തുടങ്ങും.കൂടുതലൊന്നും പറയാതെ സലാം പറഞ്ഞ് പിരിയും.ഇങ്ങെനെ വയള് പറയിപ്പിക്കുമ്പോൾ ചിലമ്പോൾ കിട്ടാത്ത വിഷമത്തിൽ മനസ്സിൽ ദു:ഖം അനുഭവിക്കും.ഇതെല്ലാം കാണുകയായിരുന്ന ഒരു ഉസ്താദ് ഞങ്ങളോട് പറയും,,നിങ്ങൾ സങ്കടപ്പെടേണ്ടതില്ല,ഭാവിയിൽ പ്രസംഗിക്കാനറിഞ്ഞാലേ നിങ്ങൾക്ക് പലവിഷയവും ജനങ്ങളെ ബോധിപ്പിക്കണമെങ്കിൽ പ്രസംഗത്തിൽ കഴിവ് നേടേണ്ടി വരും.ഈ പരിശീലനത്തിന്റെ പേരിലായിരിക്കും വാപ്പയെ നിങ്ങൾ കൂടുതലായി ഓർക്കുന്നത്,,.അദ്ദേഹം പറഞ്ഞ വാക്കുകൾ പിന്നീട് ജീവിതത്തിൽ അനുഭവിച്ചു മനസ്സിലിക്കിയെന്നാണ് ഖലീൽ തങ്ങൾ പങ്കുവെച്ചത്.
തറാവീഹ് കഴിഞ്ഞാൽ വീട്ടിൽ വന്ന് റേഡിയോ ഓൺ ചെയ്ത് ഹറമിൽ നടക്കുന്ന നിസ്കാരത്തിലെ ഖിറാഅത്ത് സാകൂതം കേൾക്കും.സുബ്ഹ് വരെ ഇത് കേട്ടിരിക്കലാണ് പതിവ്.അതനുസരിച്ച് വാപ്പ ഓതുകയും ഞങ്ങളോട് ഓതാൻ പറയുകയും ചെയ്യും.
നോമ്പ് തുറ വലിയ പ്രയാസമാണ്.ദാരിദ്രത്തിന്റെയും പട്ടിണിയുടെയും കാലമായിരുന്നു അന്ന്.നോമ്പ് തുറക്ക് കിട്ടിയിരുന്ന കാരക്ക പത്ത്പതിനാറ് കഷ്ണങ്ങളാക്കിയാണ് വീതിക്കാറ്.പത്തിരിയും കഷ്ണങ്ങളാക്കിയാണ് കൊടുക്കാറ്.കുടിക്കാനായി ഒരു കൂജയിൽ വെള്ളവും കിട്ടും.
തങ്ങളുടെ വീട്ടിലാണെങ്കിൽ പത്തിരിയും പോത്തിറച്ചിയും കിട്ടുയിരുന്നെങ്കിലും ചെറിയൊരു കഷ്ണം മാത്രമായിരുന്നു.ഗോതമ്പ് പത്തിരിയും അരിപത്തിരിയുമാണ് കിട്ടിയിരുന്നത്.സുഭിക്ഷമായ ഭക്ഷണം കിട്ടിയിരുന്ന വീടുകളിലൊന്നായിരുന്നു തങ്ങളുടെ വീട്.
തറാവീഹ് കഴിഞ്ഞ് ചീരാകുഞ്ഞിയും മീൻ മുളകിട്ടതുമാണ് ഉണ്ടായിരുന്നത്.വിഷപ്പടക്കാൻ ചീരാകഞ്ഞിയെ കാത്തിരിക്കും.അത്താഴ സമയത്ത് വലിയ സന്തോഷമുള്ള സാഹചര്യമാണ്.വീട് കടപ്പുറത്തിനോട് ചേർന്നു നിൽക്കുന്നതായതിനാൽ കടലിൽ മീൻ പിടിക്കാൻ പോയവർ പണിയും കഴിഞ്ഞ് മീനുമായി തിരിച്ച് വരുമ്പോഴാണ് പള്ളിയിൽ നിന്നും അത്താഴത്തിന് വേണ്ടി ഞങ്ങൾ വീട്ടിൽ വരികയായിരിക്കും.ജീവനുള്ള പെടക്കുന്ന മീൻ വാങ്ങി വീട്ടിലെത്തി അത്താഴത്തിന് കൂട്ടാനാക്കും.പാത്രത്തിൽ മീൻ പെടക്കുന്നത് നോക്കി രസിച്ചിരിക്കലാണ് എന്റെയും ഇക്കാകയുടെയും പണി.ചൂടുള്ള കഞ്ഞിയും മീൻ പൊരിച്ചതുമാണ് അത്താഴത്തിന് കഴിച്ചിരുന്നത്.വീട്ടുകാരാണെങ്കിൽ നോമ്പ് തുറയും മഗ്രിബ് നിസ്കാരവും കഴിഞ്ഞ് ഉറങ്ങിയാൽ പത്ത് മണിക്ക് എണീറ്റ് ഇശാഉം തറാവീഹും നിസ്കരിച്ച് അത്താഴത്തിനുള്ളത് പാകം ചെയ്യാൻ തുടങ്ങും.രാത്രിയിൽ വീട്ടുകാർ ഉണർവിലായിരിക്കുമെന്ന് ചുരുക്കം.പിതാവിനൊപ്പമുള്ള നോമ്പ് കാലം അവർണ്ണനീയ ഓർമ്മകളാണ് ഖലീൽ തങ്ങൾക്ക് സമ്മാനിച്ചത്.
മലേഷ്യയിൽ നടന്ന ഒരു പ്രോഗ്രാമിനു വേണ്ടി പോയപ്പോഴുണ്ടായ നോമ്പ് തുറയുടെ കാഴ്ച തങ്ങളെ അത്ഭുതപ്പെടുത്തി.പതിനായിരം പേർക്ക് നിസ്കരിക്കാൻ പറ്റുന്ന വലിയൊരു പള്ളിയിൽ ദിവസവും വി ഐ പി സൽക്കാരത്തിലുള്ള നോമ്പ് തുറയാണ്.നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികൾ സന്തോഷത്തോടെ നോമ്പ് തുറക്കുന്നു.പള്ളി നിർമിച്ചതും നോമ്പ് തുറ സംഘടിപ്പിക്കുന്നതുമെല്ലാം ഒരു വ്യക്തിയാണെറിഞ്ഞപ്പോഴാണ് തങ്ങൾക്ക് അത്ഭുതമായത്.ഭക്ഷണത്തിനോട് അദ്ധേഹം കാണിക്കുന്ന സൂക്ഷ്മതയും ആദരവുമാണ് ഈ സൗഭാഗ്യത്തിന് നാഥൻ തുണയേകിയതെന്നാണ് കൂടെയുണ്ടായിരുന്ന ശാഹുൽഹമീദ് ഖലീൽ തങ്ങളോട് പറഞ്ഞത്.
Thursday, June 30, 2016
ഓസ്ട്രേലിയയിലെ റമളാൻ മുന്നൊരുക്കം
Subscribe to:
Post Comments (Atom)
No comments:
Post a Comment