![]() |
ബദ്റ് ശുഹദാക്കള് അന്തിയുറങ്ങുന്ന പുണ്യ ഭൂമി |
ഹിജ്‌റ രണ്ടാം വര്‍ഷമാണ് റമളാന്‍ എന്ന അനുഗ്രഹീതമാസത്തെ നോമ്പു നിര്‍ബന്ധമാക്കിക്കൊണ്ട് അല്ലാഹു നമുക്കു സമ്മാനിച്ചത്. ആ പ്രഥമ റമളാന്‍ പതിനേഴിനായിരുന്നു ഇസ്‌ലാമിക പോരാട്ടങ്ങളുടെ അടിത്തറയും മര്‍ദ്ദകരോടുള്ള പ്രതികാരത്തിന്റെ രൂപകല്‍പനയും ഇസ്‌ലാമിക ചലനങ്ങളുടെ മാതൃത്വം പേറുന്നതുമായ ബദ്‌ര്‍ യുദ്ധവുമുണ്ടായത്. മദീനക്കടുത്ത ബദ്‌ര്‍ മൈതാനത്താണു സത്യവും മിഥ്യയും മാറ്റുരച്ചത്.
അബൂജഹ്‌ലിന്റെ നേതൃത്വത്തിലുള്ള സര്‍വ്വായുധ സജ്ജരായ വന്‍ സൈന്യവും ലോകാനുഗ്രഹി പ്രവാചകര്‍(സ)യുടെ നായകത്വത്തില്‍ നിരായുധരായ ചെറുസംഘവും; സത്യദീനിന്റെ അടിവേരറുക്കാന്‍ അഹങ്കാരികളായ ആയിരം പേരും അതേ ദീനിന്റെ നിലനില്‍പ്പിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറായ മുന്നൂറ്റിപ്പതിമുന്നു പേരും; ഒരു ഭാഗത്ത് സാത്താന്റെ സൈന്യവും മറുഭാഗത്ത് ദൈവത്തിന്റെ ദാസന്‍മാരും; ഒരു വിഭാഗം നരകക്കുണ്ടില്‍ ചിതയൊരുക്കാനും മറുവിഭാഗം സ്വര്‍ഗ്ഗത്തില്‍ ആരാമം പണിയാനും; ദൈവ ദൂതര്‍ക്കു സംരക്ഷണം നല്‍കിയവരും ദൈവദൂതരെ ആട്ടിയോടിച്ചവരും; അഹങ്കാരത്തോടെ ഭൂമിയില്‍ കൂത്താടാന്‍ കൊതിച്ചവരും അല്ലാഹുവിലേക്കു ശഹാദത്തു മോഹിച്ചവരും തമ്മില്‍ നേര്‍ക്കുനേരെ നടക്കുന്ന പ്രഥമ പോരാട്ടമായിരുന്നു ബദ്‌ര്‍.
മക്കാ പ്രമാണിമാര്‍ വിജയം ഉറപ്പിച്ചാണു വന്നത്. കണക്കുകൂട്ടലുകള്‍ അതിനാണു സാധ്യത നല്‌കിയിരുന്നതും. അവര്‍ ആയിരം പേര്‍. സായുധരായ യുദ്ധശാലികള്‍. മറുപക്ഷം മുന്നൂറ്റിപ്പതിമൂന്ന് നിരായുധര്‍. പക്ഷേ, ബദ്‌റില്‍ ഗണിത ശാസ്‌ത്രത്തിന് അടിതെറ്റി. സൂത്രവാക്യങ്ങള്‍ പിഴച്ചു. അവിടെ മുന്നൂറ്റിപ്പതിമൂന്നിന് ആയിരത്തേക്കാള്‍ ആയിരമിരട്ടി വലുപ്പം കാണുന്നു. സായുധരേക്കാള്‍ പോരാട്ട വീര്യം നിരായുധര്‍ക്ക്! ദൃഢമായ സത്യവിശ്വാസവും പ്രവാചക സ്‌നേഹവുമായി അവരുടെ ഏക ആയുധം.
വര്‍ത്തമാന ലോകത്തു ബദ്‌റിന്റെ ഈ സന്ദേശം വിലപ്പെട്ടതാണ്. *ക്ലസ്റ്റര്‍ ബോംബുകള്‍ക്കും ക്രൂസ് മിസൈലുകള്‍ക്കും നേരെ ഗാസയിലും കാന്തഹാറിലും നജ്‌ഫിലും ലബനാനിലും മുസ്‌ലിം സിവിലയന്‍മാര്‍ കല്‍ചീളുകളും കവണകളും ആയുധമാക്കി യാങ്കിപ്പരിശകളെ ചെറുത്തുനില്‍ക്കുന്നത് മീഡിയകളില്‍ നാം കാണുന്നു. പീരങ്കികളുമായി കവചിതവാഹനങ്ങളില്‍ ഒരു പ്രദേശത്തെത്തന്നെ തകര്‍ക്കാന്‍ വരുന്ന സയണിസ്റ്റ് പട, ഫലസ്‌തീന്‍ ബാലന്‍മാരുടെ കല്‍ചീളുകളില്‍ നിന്നും രക്ഷപ്പെടാന്‍ പിന്തിരിഞ്ഞോടുന്ന അപഹാസ്യരംഗം ലോകം ദര്‍ശിക്കുന്നു. അവിശ്വാസികള്‍ക്ക് ആയുധ സൈനിക ബലമുള്ളപ്പോളും അവര്‍ വെറും ഭീരുക്കള്‍ മാത്രമാണെന്ന ബദ്‌റിലെ സത്യം ഇന്നും ആവര്‍ത്തിക്കപ്പെടുന്നു*.
ഒരു യുദ്ധത്തിനു പോയതല്ല പ്രവാചകനും സ്വഹാബത്തും. സിറിയയില്‍ നിന്നു മക്കയിലേക്കു തിരിച്ചുപോകുന്ന ഖുറൈശി കച്ചവട സംഘത്തെ തടയുകയായിരുന്നു ലക്ഷ്യം. പക്ഷേ, മുസ്‌ലിം നീക്കങ്ങള്‍ മണത്തറിഞ്ഞ അബൂസുഫ്‌യാന്‍ ഉശൈറയില്‍ നിന്നും തന്ത്രപരമായി രക്ഷപ്പെടുകയും ഒരു സംരക്ഷണ സൈന്യത്തിനായി മക്കയിലേക്ക് ദൂതനെ അയക്കുകയും ചെയ് തു. ഈ ദൂതന്‍ തന്റെ ഒട്ടകത്തിന്റെ ചെവികളും മൂക്കും ഛേദിച്ച്, വസ്‌ത്രങ്ങള്‍ കീറിപ്പറിച്ച്, ജീനി താഴ്‌ത്തിക്കെട്ടി ഒട്ടകപ്പുറത്തു കയറി അട്ടഹസിച്ചു.
" *ഖുറൈശി സമൂഹമേ, നിങ്ങളുടെ സമ്പത്ത് അബൂസുഫ്‌യാന്റെ കൈവശമാണ്. മുഹമ്മദും അനുയായികളും അതു തടഞ്ഞുവച്ചിരിക്കുന്നു. സംരക്ഷണത്തിനായി പുറപ്പെടുക.*"
ളംളം അല്‍ഗിഫാരിയുടെ ഈ അട്ടഹാസം കേട്ടു മക്കക്കാര്‍ സമ്മേളിച്ചു. അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ ആയിരം ഭടന്‍മാരും നൂറ് കുതിരകളും എഴുനൂറ് ഒട്ടകങ്ങളും അടങ്ങുന്ന വന്‍ സൈന്യവുമായി മദീന ലക്ഷ്യമാക്കി നീങ്ങി. അബൂലഹബ് ഒഴികെ ഖുറൈശി പ്രമാണിമാര്‍ മുഴുവന്‍ സൈന്യത്തിലുണ്ട്. ആവേശം പകരാന്‍ നര്‍ത്തകിമാരും സംഗീതവാദ്യങ്ങളും അകമ്പടിയും!
കച്ചവടസംഘം രക്ഷപ്പെട്ടുവെന്നും അബൂജഹ്‌ലിന്റെ വന്‍ സൈന്യത്തെയാണ് ഇനി നേരിടേണ്ടി വരികയെന്നും മുസ്‌ലിംകള്‍ക്കു വിവരം ലഭിച്ചു. തയ്യാറെടുപ്പില്ലാത്ത നിരായുധരും ബലഹീനരുമായ ന്യൂനപക്ഷം സര്‍വ്വായുധ സജ്ജരായ ഖുറൈശി റൗഡിസത്തോട് ഏറ്റുമുട്ടുന്നതാണോ, തിരിച്ച് മദീനയിലേക്കു തന്നെ മടങ്ങുന്നതാണോ അഭികാമ്യം? മുസ്‌ലിംകളുടെ പ്രശ്‌നം ഇതായിരുന്നു. എന്നാല്‍, വിശ്വാസികള്‍ തെല്ലുനേരത്തെ ചര്‍ച്ചയോടെത്തന്നെ എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച്, ദൈവദൂതരുടെ പിന്നില്‍ അടിയുറച്ചു കഴിഞ്ഞിരുന്നു.
നമ്മുടെ ദേവന്മാരുടെ സഹായത്താല്‍ സമ്പത്തും ജീവനും രക്ഷപ്പെട്ടിരിക്കുന്നുവെന്നും ഇനി നിങ്ങള്‍ക്കു തിരികെ പോരാമെന്നും അബൂസുഫ്‌യാന്റെ സന്ദേശം ഖുറൈശി പാളയത്തിലെത്തി. തിരികെ പോകാനാണു ബഹുഭൂരിപക്ഷവും ആഗ്രഹിച്ചതും. പക്ഷേ, അബൂജഹ്‌ല്‍ ധാര്‍ഷ്‌ട്യത്തോടെ പ്രഖ്യാപിച്ചു.
"അല്ലാഹുവാണ, ബദ്‌റില്‍ ചെന്നു തിന്നു കുടിച്ചു മദിച്ചു സുഖിച്ചു മൂന്നുനാള്‍ അവിടെ ചെലവഴിക്കാതെ നാം മടങ്ങുന്ന പ്രശ്‌നമേയില്ല. നമ്മുടെ സൈനിക ശക്തി അറബികള്‍ മുഴുവന്‍ കാണട്ടെ. അവര്‍ നമ്മെ കണ്ടു ഭയക്കട്ടെ!"
ഈ വാശിക്കു മുന്നില്‍ അര്‍ദ്ധമനസ്സോടെ ഖുറൈശികള്‍ ബദ്‌ര്‍ ലക്ഷ്യമാക്കി നീങ്ങി.
ഇരുവിഭാഗവും മുഖാമുഖം നില്‍ക്കുകയാണ്. ഖുറൈശികള്‍ സര്‍വ്വായുധ സജ്ജരായി അണിനിരന്നു കഴിഞ്ഞു. തന്റെ ബലഹീനരായ സ്വഹാബത്തിനെ നബിയും സ്വഫ്‌ഫ് ഒപ്പിച്ചു നിര്‍ത്തി. ശേഷം അബൂബക്‌റി(റ)നോടൊപ്പം കൂടാരത്തിനകത്തുകയറി ഇരുകരങ്ങളും മേല്‍പ്പോട്ടുയര്‍ത്തി അവിടുന്നു പ്രാര്‍ത്ഥിച്ചു.
" *അല്ലാഹുവേ, നിന്റെ ദൂതനെ നിരാകരിക്കാന്‍ ഖുറൈശികളിതാ അവരിലെ മുഴുവന്‍ അഹങ്കാരികളെയും കൊണ്ടുവന്നിരിക്കുന്നു! നീ വാഗ്‌ദാനം ചെയ്‌ത സഹായം ഇപ്പോള്‍ എനിക്കുവേണം. അല്ലാഹുവേ, നീ കരാര്‍ പാലിച്ചാലും! വാഗ്‌ദാനം നിറവേറ്റിയാലും! ഈ കൊച്ചു സംഘം ഇവിടെ നശിച്ചു പോയാല്‍ നിന്നെ ആരാധിക്കാന്‍ ഇനിയാരും അവശേഷിക്കുകയില്ല.*"
പ്രവാചകരുടെ പ്രാര്‍ത്ഥന നീണ്ടുപോയി. അബൂബക്‌ര്‍(റ) സമാധാനിപ്പിച്ചു. "അല്ലാഹുവിന്റെ റസൂലേ, മതി! അങ്ങയുടെ നാഥന്‍ അങ്ങയെ കൈവടിയുകയില്ല!".
പ്രാര്‍ത്ഥനക്കു ശേഷം യുദ്ധമുഖത്തെത്തിയ പ്രവാചകര്‍ സ്വഹാബത്തിനെ ഉണര്‍ത്തി. "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ.അവന്‍ സത്യം! പ്രതിഫലേഛയോടെ, പിന്തിരിയാതെ ഉറച്ചുനിന്നു ശത്രുവിനോടു പോരാടി വീരമൃത്യുവരിക്കുന്ന ആരോ അവനെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. തീര്‍ച്ച." പ്രവാചകരുടെ പ്രഖ്യാപനം സ്വഹാബത്തിന് നവോന്മോഷം പകര്‍ന്നു. എത്രയം വേഗം സ്വര്‍ഗ്ഗത്തിലെത്താന്‍ അവരുടെ ഹൃദയം കൊതിച്ചു. കാരയ്‌ക്ക ചവച്ചു തിന്നുകയായിരുന്ന സ്വഹാബിവര്യന്‍ പറഞ്ഞു: " *ഹാ!ഹാ! എനിക്കും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഈ കാരക്കയാണോ തടസ്സം!!*"
വായിലെ കാരക്ക വലിച്ചെറിഞ്ഞു പടക്കളത്തിലേക്ക് എടുത്തുചാടി അദ്ദേഹം രക്തസാക്ഷിയായി സ്വര്‍ഗ്ഗം പൂകി.
പൊരിഞ്ഞ പോരാട്ടം. അന്തരീക്ഷം പൊടിപടലങ്ങള്‍ കൊണ്ടു നിറഞ്ഞു. അല്ലാഹു അവന്റെ മലക്കുകളെ ഇറക്കി പ്രവാചക സൈന്യത്തെ സഹായിച്ചു. യുദ്ധം കൊടുംബിരി കൊള്ളുന്നതിനിടെ പ്രവാചകര്‍ ഒരുപിടി മണ്ണെടുത്തു. "നിങ്ങള്‍ക്കു നാശം" എന്നുരുവിട്ടു ശത്രുക്കള്‍ക്ക് നേരെയെറിഞ്ഞു. ഓരോ ശത്രുഭടന്റെയും കണ്ണുകളില്‍ അതു ചെന്നു പതിച്ചു. അവര്‍ അസ്വസ്ഥരായി. നിമിഷനേരം കൊണ്ട് ഖുറൈശി നേതാക്കളുടെ തലകള്‍ ബദ്‌ര്‍ രണഭൂമിയില്‍ ഒന്നൊന്നായി കടപുഴകിവീണു. ബദ്‌റിലെ റിസല്‍ട്ടു പുറംലോകമറിഞ്ഞു. എഴുപത് മുശ്‌രിക്കുകളെ കശാപ്പ് ചെയ്‌ത ബദ്‌റില്‍ അത്രതന്നെ പേരെ അറസ്റ്റും ചെയ്‌തിരിക്കുന്നു. ശേഷിച്ചവര്‍ എല്ലാം ഉപേക്ഷിച്ചു പ്രാണനും കൊ ണ്ടോടി. മുസ്‌ലിം പക്ഷത്ത് 14 പേര്‍ അന്നു സ്വര്‍ഗ്ഗ ലോകത്തേക്കു യാത്രയായി. ദൈവദൂതര്‍ അവര്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു. അല്ലാഹുവിനെ സ്‌തുതിച്ചു. സ്വഹാബത്ത് സന്തോഷത്തിന്‍രെ ദീര്‍ഘശ്വാസം വലിച്ചു. നാഥനു സ്‌ത്രോത്രങ്ങള്‍ ഉരുവിട്ടു കൊണ്ടേയിരുന്നു.
ബദ്‌ര്‍ ഒരു മൈതാനത്തിന്റെ നാമമാണെങ്കിലും അത് സത്യത്തിന്റെ, ധര്‍മ്മത്തിന്റെ പ്രതീകമാണ്. ക്യൂബയിലെ ഗ്വാണ്ടനാമോയിലും ഇറക്കിലെ അബൂഗുറൈബിലും അധിനിവേശ സേനയുടെ പീഢനങ്ങള്‍ക്ക് വിധേയരാകുന്ന പോരാളികള്‍ക്ക് ബദ്‌ര്‍ ആവേശവും ആശ്വാസവും നല്‌കുന്നു. ഈ ദിനം അല്ലാഹുവിനോടുള്ള നന്ദിയുടെ ദിനമാണ്. ലോകമെമ്പാടും വിശ്വാസികള്‍ ബദ്‌ര്‍ ദിനം ആഘോഷിക്കുന്നതിതുകൊണ്ടാണ്. ബദ്‌രീങ്ങളെ അവരെന്നും പുകഴ്‌ത്തും. ബദ്‌ര്‍ മാലയും ബദ്‌ര്‍ മൗലിദും അവര്‍ ചൊല്ലുന്നു. ചീരണി വിളമ്പി ആ അഹ്ലാദദിനം ആണ്ടുതോറും അനുസ്‌മരിക്കുന്നു. ഇവിടെയും സമുദായസംഘത്തില്‍ നിന്ന് ഒറ്റപ്പെടാന്‍ ശ്രമിക്കുകയാണ് വിഡ്‌ഢികളായ വഹാബി പിള്ളേര്‍. ഈയിടെ "കോമു" വിഭാഗം യുവനോതാവ് പുലമ്പിയത് "ബദ്‌ര്‍ ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ഭാഗ്യകരമായ സംഭവമാണ്" എന്ന്. ബദ്‌രീങ്ങളെ സ്‌മരിക്കുന്നതില്‍ ശിര്‍ക്കു കാണുന്ന വെളിച്ചത്തിന്റെ ശത്രുക്കള്‍ ഇങ്ങനെ ജല്‍പ്പിക്കുന്നതില്‍ വിശ്വാസികള്‍ക്ക് അത്ഭുതമേയില്ല.
നാഥാ! നിന്റെ അനുഗ്രഹീതരായ ബദ്‌രീങ്ങളോടൊന്നിച്ചു സുഖലോക സ്വര്‍ഗ്ഗത്തില്‍ ഞങ്ങളെ നീ പ്രവേശിപ്പിക്കണേ....
Copy Write......
No comments:
Post a Comment