Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 15, 2017

ഉമ്മാന്റെ കുഞ്ഞോൻ ഭാഗം 24

"...ഞാനിവിടെ ഇതുപോലെ ഒരു സ്ഥാപനം 
തുടങ്ങിയിരിക്കുന്നത് നിരാലംബരായവരും  മാനസികമായി തളർന്നവരേയും സംരക്ഷിക്കാൻ വേണ്ടി തന്നെയാണ്..പക്ഷേ സതീഷേ...ഞാനെത്ര സ്നേഹം കൊടുത്താലും അത് നിങ്ങളുടെ സ്നേഹത്തോളം വരുമോ...?"

സതീഷ് ഒന്നും മിണ്ടിയില്ല..ഒരു തുള്ളി കണ്ണുനീർ അയാളുടെ മിഴികളിൽ നിന്നും അടർന്നു വീണു..ഫൈസലിനോട് ഒരക്ഷരം പോലും മിണ്ടാതെ അയാൾ എണീറ്റ് ഗസ്റ്റ് റൂമിലേക്ക് പോയി..

"അമ്മേ..."
സതീഷൻ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു..
"വാ അമ്മേ ..നമുക്ക് പോവാം.."

തന്റെ തെറ്റുമനസ്സിലാക്കി തന്ന ഡോക്ടറോട് നന്ദിപറഞ്ഞുകൊണ്ട് സതീഷൻ അമ്മയെയും കൊണ്ട് അവിടെ നിന്നുമിറങ്ങി..

ഒരു മകനു കൂടി അമ്മയെ തിരിച്ചു കിട്ടിയ ആ രംഗവും നോക്കി ഫൈസൽ ഒരു പുഞ്ചിരിയോടെ നിന്നു..

പെട്ടെന്നാണ് മൊബൈൽ റിംഗ് ചെയ്തത്..
ഹോസ്പിറ്റലിൽ നിന്നാണ്

"സാർ ...ഒന്നു വേഗം ഇവിടെവരേ വരണം..ഒരു പേഷ്യന്റ് വന്ന് വല്ലാതെ ബഹളം ഉണ്ടാക്കുന്നു..മറ്റുള്ള ഡോക്ടേർസ് പറഞ്ഞിട്ടൊന്നും  അയാൾ അനുസരിക്കുന്നില്ലാ..."

"ഓക്കേ ..സിസ്റ്റർ ഞാൻ ഉടനെ വരാം.."

ഉടൻ തന്നെ ഫൈസൽ ഹോസ്പിറ്റലിൽ എത്തി..

"ഡോക്ടറെ കണ്ടതും അയാൾ കൂടുതൽ പ്രതികരിക്കാൻ തുടങ്ങി..അയാളെ പറഞ്ഞിട്ട് കാര്യമില്ലാ...അത്രക്ക് വേദന സഹിക്കുന്നുണ്ടെന്ന് ആ മുഖത്തെഴുതി വെച്ചിട്ടുണ്ട്.."

"പേഷ്യന്റിനെ റൂമിലേക്ക് കൊണ്ടു വരൂ..ഞാനൊന്നു നോക്കട്ടെ.."

ആ രോഗിയുടെ കൂടെ രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു..എവിടോ കണ്ടു മറന്ന മുഖം.. പെട്ടെന്ന് ഓർമ്മകൾ അവനെ ഉണർത്തി...അതേ..ഇത് അവരു തന്നെ..!

"ശാന്തേച്ചിക്ക് എന്നെ ഓർമ്മയുണ്ടൊ..."?പരിശോധനക്കിടയിൽ ഫൈസൽ ചോദിച്ചു

ശാന്തേച്ചി അദ്ഭുതത്തോടെ ഓർത്തെടുക്കാൻ ശ്രമിച്ചു...അങ്ങനെ ഒരു മുഖം ഓർമ്മയിലേ ഇല്ലാ..

"ഞാൻ പണ്ട് നിങ്ങളുടെ ഹോട്ടലിലുണ്ടായിരുന്ന ഫൈസൽ മോൻ ആണ്.."

"മോനേ...."
ഒരു നിമിഷം അവരുടെ മുഖത്ത് മിന്നിമാഞ്ഞ ആ ഭാവം അത് സന്തോഷമാണോ ആശ്ചര്യമാണോ സങ്കടമാണോ എന്ന് മനസ്സിലാക്കാൻ ഫൈസലിനു സാധിച്ചില്ല.

വാസുവേട്ടൻ ഒന്നും മിണ്ടാനാവാതെ പകച്ചു നിന്നു..ഒരിക്കൽ ഡോക്ടറാവണമെന്ന് പറഞ്ഞതിന് പരിഹസിച്ചതും ദ്രോഹിച്ചതുമായ ആ ഓർമ്മകൾ അയാളുടെ വേദനകളേ തൽക്കാലത്തേക്ക് മാറ്റി നിർത്തി

പിന്നീട് കഥപറഞ്ഞതെല്ലാം ശാന്തേച്ചിയുടെ കണ്ണീരായിരുന്നു..

"മോനേ..നിങ്ങളോട് ദ്രോഹം ചെയ്തതിനെല്ലാം ഇതിയാനു വേണ്ടുവോളം കിട്ടി..തുടക്കത്തിൽ ഒരു വയറുവേദന വന്നതാ..ഒരുപാട് ചികിത്സിച്ചു ഒന്നിനും ഫലം കണ്ടില്ലാ..ഇതിയാന്റെ ചികിത്സക്ക് വേണ്ടി ഉള്ളതെല്ലാം വിറ്റു തൊലച്ചു..ഇനി വിക്കാനായിട്ട് ഒന്നും ബാക്കി ല്ലാ...ഇപ്പോ അടുത്താ അറിഞ്ഞത്..ഇയാൾടെ വയറ്റിലെന്തോ ട്യൂമറോ മറ്റോ ആണെന്നും...സർജറി വേണെന്നും ഒക്കെ..അതിനാണേൽ ഒരുപാട് കാശും വേണം..കെട്ടിയോനും മക്കളുമായി കഴിയേണ്ട പ്രായത്തിൽ ന്റെ ശാലിനി മോൾ ഒരു ചെറിയ ജോലിക്ക് പോയിട്ടാ ഇപ്പോ ഉള്ള മരുന്ന് തന്നെ ഒപ്പിക്ക്ണത്.."

ശാന്തേച്ചി ഇരുന്നു കരയാൻ തുടങ്ങി

"ചേച്ചി വിഷമിക്കാതിരിക്കി..
നമ്മക്ക് എല്ലാം ശരിയാക്കാം..
ഫൈസൽ മോൻ ആശ്വസിപ്പിച്ചു..പിന്നെ ശാലിനി ഇനി മുതൽ ആ ചെറിയ ജോലിക്ക് പോവണ്ട..അവൾക്ക് അത്യാവശ്യം വിദ്യാഭാസമൊക്കെ ഉണ്ടല്ലോ..അടുത്ത ആഴ്ച ഇങ്ങോട്ട് പറഞ്ഞയക്കൂ..ഇവിടെ ഒരു ജോലി ശരിയാക്കാം.."

ശാന്തേച്ചി കൃതജ്ഞതാപൂർവ്വം കൈകൾ കൂപ്പി..ആ കണ്ണുകൾ അപ്പോഴും നിറഞ്ഞിട്ടുണ്ടായിരുന്നു...

         (തുടരും....)

shas

No comments: