Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 3, 2017

ട്രംപിസം അരങ്ങുവാഴുമ്പോള്‍

ഹാഫിള് സജ്ജാദ് ആദൂര്

പുതുവര്‍ഷപ്പുലരിയെ വളരെയേറെ സന്തോഷത്തോടെയും ആഘോഷങ്ങളുടെ അകമ്പടിയോടെയും ലോകജനത വരവേറ്റു. വരും നാളുകള്‍ സന്തുഷ്ടമാകട്ടെയെന്ന് എല്ലാവരും പ്രത്യാശിച്ചു. പക്ഷേ, ജനുവരി മാസംപോലും കഴിയേണ്ടിവന്നില്ല. മനുഷ്യത്വരഹിതവും അസഹിഷ്ണുതാപരവുമായ വാര്‍ത്തകള്‍ കേട്ട് നമ്മള്‍ നടുങ്ങി. അത് മറ്റൊന്നുമായിരുന്നില്ല. സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ അരങ്ങറ്റം തന്നെ.

രാഷ്ട്രീയരംഗത്ത് ആര്‍ക്കും പരിചയമില്ലാത്ത, തികഞ്ഞ ബിസിനസുകാരനാണ് ട്രംപ്. അമേരിക്കല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങുന്നതുവരെ സ്ഥാനാര്‍ത്ഥി സാധ്യതാപോലും അദ്ദേഹത്തില്‍ കണ്ടിരുന്നില്ല. കടുത്ത മുസ്ലിം വിരുദ്ധ - വംശീയ - ഫാസിസ്റ്റ് പ്രസ്താവനകളിലൂടെയാണ് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. വര്‍ഗീയവും വംശീയവുമായ വാക്കുകള്‍ക്ക് ട്രംപിന് ഒരു പഞ്ഞവുമില്ലായിരുന്നു. അത്തരം വിഷ വാക്കുകള്‍ക്ക് മാധ്യമലോകം ചുട്ട മറുപടി നല്‍കി. എന്നുവേണ്ട, 'യു എയിന്റ് നോ അമേരിക്കന്‍ ബ്രോ' (ബ്രോ, താങ്കള്‍ അമേരിക്കക്കാരനല്ല) എന്ന ഹാഷ് ടാഗ് വരെ പ്രചരിക്കുകയുമുണ്ടായി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നിട്ടും ഒടുവില്‍ ഡൊണാള്‍ഡ് ട്രംപ് തന്നെ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞമാസം 20നായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പറഞ്ഞുപരത്തിയ ഇസ്ലാമോഫോബിയ അവിടം അവസാനിച്ചിട്ടില്ല. അത് ഭരണ, നയതന്ത്രങ്ങളുടെ കൂടി ഭാഗമാണെന്നാണ് വര്‍ത്തമാന നീക്കുപോക്കുകള്‍ മനസ്സിലാക്കിത്തരുന്നത്. അമേരിക്കയുടെ സുരക്ഷക്ക് മുസ്ലിംകള്‍ ഭീഷണിയാണ്. അവരെ സന്ദര്‍ശനത്തിനുപോലും രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്. ആളുകളെ മനസിലാക്കാനുള്ള വിവേകമില്ലാത്തവരാണ് മുസ്ലിംകള്‍. എന്നൊക്കെ പരസ്യമായി പ്രഖ്യാപിച്ച ട്രംപ് അതൊക്കെയും നടപ്പില്‍ വരുത്താനുള്ള തിടുക്കത്തിലാണ്.

സിറിയ, ഇറാന്‍, ഇറാഖ്, ലിബിയ, യമന്‍, സുഡാന്‍, സോമാലിയ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ ഭീകരവാദത്തിന്റെ താവളമായാണ് ഈ അമേരിക്കക്കാരന്‍ കാണുന്നതും പറഞ്ഞു പ്രചരിപ്പിക്കുന്നതും. അത്തരം ഭീകരവാദികളുടെ ആക്രമണങ്ങളില്‍നിന്നും രാജ്യത്തെ രക്ഷപ്പെടുത്താനാണത്രെ ഏഴു രാജ്യങ്ങള്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്. അമേരിക്കയെ പിന്തുണക്കുന്ന, അമേരിക്കന്‍ ജനതയെ അതിരറ്റ് സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമേ അമേരിക്കയിലേക്ക് പ്രവേശനമുള്ളൂ എന്നതാണ് പ്രസിഡന്റിന്റെ തീരുമാനം. അതുകൊണ്ടാകണം സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന യു എസ് റെഫ്യൂജി അഡ്മിഷന്‍ പദ്ധതി ട്രംപ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ക്രിസ്തീയ പൗരന്മാരെ സ്വാഗതം ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സികളോട് ട്രംപ് തന്നെ പറയുകയും ചെയ്തിട്ടുണ്ട്.

കുടിയേറ്റക്കാര്‍ മാത്രമല്ല, അമേരിക്കയിലെ പരമ്പരാഗത മുസ്ലിംകളും ഈ ദുരിതങ്ങളേറെ നേരിടേണ്ടിവരും. മുസ്ലിംകള്‍ അക്രമിക്കപ്പെടുക, മസ്ജിദുകള്‍ തകര്‍ക്കപ്പെടുക എന്നീ രീതികളിലുണ്ടായിരുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ധാരാളമായി ഉണ്ടായേക്കാം. അവിടത്തെ ടെക്‌സാസ് സംസ്ഥാനത്തെ പള്ളിക്ക് തീയിട്ടുകഴിഞ്ഞു. മുഖാവരണം ധരിച്ച കുട്ടിയെ സ്‌കൂള്‍ ബസില്‍നിന്നിറക്കി വിടാനും താടിവളര്‍ത്തിയവരെ ആക്രമിച്ച് ഇത് ട്രംപ് വിജയിച്ചതിലുള്ള ആഘോഷമാണെന്ന് ആക്രോശിക്കാനും അവര്‍ മറന്നില്ല. മുസ്ലിം സമൂഹത്തെ രാജ്യത്തുനിന്നും വിപാടനം ചെയ്യാനുള്ള ആഹ്വാനങ്ങള്‍ ഏതൊക്കെയോ കോണുകൡനിന്ന് ഉയരുന്നുണ്ട്. ഇതെല്ലാം ട്രംപിസത്തിന്റെ ഭാഗമാണ്. അതായത് ഫാസിസത്തിന്റെ മറുത്തൊരു രൂപം.

തങ്ങളുടേതിനെ വളര്‍ത്തിക്കൊണ്ടുവരിക, തങ്ങളുടേതല്ലാത്തതിനെ എന്തു വില നല്‍കിയും നാമാവശേഷമാക്കുക എന്ന നയത്തിലുറഞ്ഞുതുള്ളി കുപ്രസിദ്ധനായ ഹിറ്റ്‌ലറിന്റെ പ്രാകൃത രൂപമാണല്ലോ ട്രംപും. അസഹിഷ്ണുതാപരമായ നടപടിയെ ചോദ്യം ചെയ്ത അമേരിക്കയിലെ നീതിന്യായ വിഭാഗം അറ്റോര്‍ണി ജനറല്‍ സാലിയാറ്റ്‌സിനെ പുറത്താക്കി പ്രതികാരം വീട്ടിയത് അത്ര പെട്ടെന്ന് മറക്കാനാവില്ല. ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ച് ട്രംപെടുത്ത നിയമത്തിന് ഫെഡറല്‍ കോടതി താത്ക്കാലിക സ്‌റ്റേ വരുത്തി. എന്നാല്‍ രാജ്യപുരോഗതിയ്ക്കായുള്ള ന്യായാധിപന്റെ നയത്തെ എതിര്‍ത്ത്, രാജ്യത്ത് വല്ല പ്രത്യാഘാതവുമുണ്ടായാല്‍ ജഡ്ജിയും കോടതി സംവിധാനവുമായിരിക്കും അതിനുത്തരവാദിയെന്ന് പറഞ്ഞ് കോടതിയെ സമ്മര്‍ദ്ദത്തിലാക്കുകയാണ്.

സമാധാനപൂര്‍ണം ജീവിച്ചുപോരുന്ന അറബ് രാഷ്ട്രങ്ങളില്‍ ആഭ്യന്തര കുഴപ്പങ്ങളുണ്ടാക്കുന്നത് അമേരിക്കയുടെ പതിവ് ശീലമാണ്. വിമതര്‍ക്ക് ആയുധമടക്കം സഹായം നല്‍കി ഭരണത്തെ അട്ടിമറിച്ച് തങ്ങള്‍ക്കനുകൂലമായ സാഹചര്യം പലയിടങ്ങളിലും സൃഷ്ടിച്ചു. ഇറാഖ്, സിറിയ, ലബനാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ആഭ്യന്തര കലാപങ്ങള്‍ക്ക് തിരികൊളുത്തിയതും അതിനെ വിപുലപ്പെടുത്തിയതും അമേരിക്കയാണെന്ന കാര്യം പകല്‍വെളിച്ചം പോലെ തെളിഞ്ഞതാണ്. ആയുധ വിപണി വിപുലമാക്കുക, മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുക, മുസ്ലിം രാഷ്ട്രങ്ങളെ ഛിന്നഭിന്നമാക്കുക തുടങ്ങി പലതും അവരുടെ താത്പര്യമാണ്. ഈ പാരമ്പര്യം ഡൊണാള്‍ഡ് ട്രംപിന്റെ കരങ്ങള്‍ക്ക് കരുത്ത് പകരും.

ആണവായുധങ്ങള്‍ എന്തിനാണ് പ്രയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്നതെന്ന് ചോദിച്ചയാളാണ് ട്രംപ്. അതുകൊണ്ടുതന്നെയാണ് ലോകാവസാനം അടുക്കാനുള്ള കാരണങ്ങളില്‍ അദ്ദേഹത്തിന്റെ നയനിലപാടുകളെയും ശാസ്ത്രജ്ഞര്‍ എണ്ണിപ്പറഞ്ഞത്. ഇത്തരമൊരു അപരാധിയെ പിന്തുണക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെപ്പോലത്ത അസഹിഷ്ണുക്കളാണ് ലോകത്തുള്ളത്. അല്ലെങ്കിലും മനുഷ്യത്വമുള്ളവര്‍ അനുകൂലിക്കുമോ മനുഷ്യത്വത്തന്റെ തരിമ്പ് ലാഞ്ചനപോലുമില്ലാത്ത കിരാതങ്ങളെ?

Keywords: Article, World, Donald-Trump, Politics, America, President, Muslim, Nuclear, American President, Nuclear weapons. Attacking Muslims, Arab Countries, Benjamine Nethanyahu, Trumpism

No comments: