Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 7, 2017

‍പടനിലം ഹുസൈൻ മുസ്ലിയാർ: ഇളംകാറ്റുപൊലൊരു ജീവിതം


പടനിലം ഹുസൈന്‍ മുസ്‌ലിയാര്


ജാബിര്‍ സഖാഫി പൂനൂര്
റബീഉല്‍ ആഖിറില്‍ വീണ്ടും കണ്ണീര്‍ വീണു. ഉസ്താദ് പടനിലം ഹുസൈന്‍ മുസ്‌ലിയാരും വിടവാങ്ങി. വിദ്യാര്‍ത്ഥികളുടെ ആത്മദാഹം തീര്‍ക്കാന്‍ പോന്ന എണ്ണപ്പെട്ട സൂക്ഷ്മശാലികളായ പണ്ഡിതന്മാരില്‍ ഒരാള്‍ക്കൂടി വിട്ടുപിരിഞ്ഞു. 2012-16 കാലയളവിലെ നാലുവര്‍ഷത്തെ എന്റെ പഠനകാലത്ത് ഞാന്‍ ആ സൂക്ഷ്മശാലിയായ പണ്ഡിതനെ ധാരാളം അനുഭവിച്ചു. ഉസ്താദിന്റെ സേവകനായുണ്ടായിരുന്നത് എന്റെ ആത്മ സുഹൃത്ത് ഹാഫിസ് ശംസുദ്ദീനായിരുന്നു. ചിലപ്പോഴെങ്കിലും അവന്റെ അസൗകര്യങ്ങളില്‍ എനിക്കായിരുന്നു സേവനത്തിനുള്ള(ഖിദ്മ) അവസരം. അത് വലിയൊരു സൗഭാഗ്യമായി. മര്‍കസില്‍നിന്ന് പിരിഞ്ഞ ശേഷവും കാണാന്‍ വേണ്ടി ഇടക്കിടെ ചെല്ലും. അപ്പോള്‍ ആ പരിഗണന ഒന്നനുഭവിക്കുക തന്നെ വേണം; ങ്ഹാ! ഇത് നമ്മുടെ പൂനൂരല്ലേ എന്നുചോദിച്ചുകൊണ്ടുള്ള ആ സ്‌നേഹ വാത്സല്യങ്ങള്‍ മറക്കാനാകില്ല. പടനിലത്തുനിന്ന് 1942ല്‍ പടനിലത്താണ് ജനനം. കുമ്മക്കോട്ട് ഹൗസില്‍ പരീദ് മുസ്‌ലിയാരുടെയും ഫാത്വിമയുടെയും മകന്‍. അഞ്ചാം വയസ്സില്‍ മാതാപിതാക്കള്‍ മകനെ ദര്‍സില്‍ ചേര്‍ത്തു. പതിനേഴാം വയസ്സുവരെ നാട്ടില്‍ തന്നെ ഓതി. മത ഭൗതിക പഠനങ്ങള്‍ ഒന്നിച്ചുതന്നെ. പിന്നീട് വാവാട് പോക്കരുട്ടി മുസ്‌ലിയാരുടെയും അണ്ടോണ അബ്ദുല്ല മുസ്‌ലിയാരുടെയും അടക്കം വിവിധ ദര്‍സുകളില്‍ മാറി മാറി പഠനം. അതുകഴിഞ്ഞ് ഇരുപത്തിനാലാമത്തെ വയസ്സില്‍ ജാമിഅ നൂരിയ്യയില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു. അവിടെ മൂന്നുകൊല്ലം. ഫസ്റ്റ്ക്ലാസോടെ പാസായി. ഏഴുകൊല്ലം തീര്‍ന്നുകിട്ടാന്‍ വിരലെണ്ണി കാത്തിരിക്കുന്ന പുതുതലമുറ പുനര്‍വിചിന്തനം ചെയ്യണം; ഈ ഇരുപത്തഞ്ച് കൊല്ലങ്ങള്‍ മുന്നില്‍ വെച്ച്. ഇരുപത്തിരണ്ട് കൊല്ലക്കാലം മൊയ്തീന്‍ മുസ്‌ലിയാര്‍, ഫരീദ് മുസ്‌ലിയാര്‍, പെരിങ്ങളം അബൂബക്കര്‍ മുസ്‌ലിയാര്‍, താനൂര്‍ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങി വലിയ പ്രതിഭാശാലികളുടെയൊക്കെ വായില്‍നിന്ന് കിതാബുകള്‍ ഓതിക്കേട്ടു. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി കെ എം ബാഖവി അണ്ടോണ തുടങ്ങിയ പ്രഗത്ഭരായ സഹപാഠികളുടെ കൂട്ട് വിദ്യാര്‍ത്ഥിത്വത്തിന് കൂടുതല്‍ മാറ്റേകി. എല്ലാം കഴിഞ്ഞ് ബിരുദ പഠനത്തിനായി ജാമിഅയിലെത്തിയപ്പോള്‍ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ മഹാ പണ്ഡിതന്മാര്‍ അവിടെയും. സയ്യിദ് അലി ബാഫഖി തങ്ങള്‍, കുമരംപുത്തൂര്‍ അലി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സഹപാഠികളും. പഠനം കഴിഞ്ഞപ്പോള്‍ ഇ കെ ഉസ്താദിന്റെ ക്ഷണം, നന്തി ദാറുസ്സലാമിലേക്ക്. അപ്പോഴേക്ക് സമസ്തയില്‍ കടുത്ത ആശയ സംഘര്‍ഷങ്ങളായി. അതോടെ നന്തിയിലേക്കുള്ള പോക്ക് വേണ്ടെന്നുവെച്ചു. പിന്നീട് ശംസുല്‍ഉലമയുടെ ഭാര്യ മരിച്ച ദിവസം ഉസ്താദ് എ പി അബൂബക്കര്‍ മുസ്‌ലിയാരോടൊപ്പം ശംസുല്‍ഉലമയുടെ വീട്ടില്‍ പോയി ബന്ധം പുതുക്കി. മുദരിസ് ഇരുപത്തിയേഴാമത്തെ വയസ്സില്‍ 1969ല്‍ ആദ്യമായി ആ മുദരിസിന്റെ വാക്കുകള്‍ കുട്ടികള്‍ മനസ്സില്‍ കുറിച്ചുതുടങ്ങി. കോഴിക്കോട് ജില്ലയിലെ പറമ്പത്തുകാവ് പള്ളിയിലായിരുന്നു ആദ്യ അധ്യാപനം. അന്ന് തുടങ്ങിയ ഓതിക്കൊടുക്കല്‍ അരനൂറ്റാണ്ടുകാലമായി. വിടപറയുന്നതിന്റെ തൊട്ടുമ്പുള്ള വ്യാഴാഴ്ച വരെ ആ ശബ്ദം കുട്ടികള്‍ കേട്ടുപഠിച്ചു. ബാക്കി ശനിയാഴ്ചയാവാം എന്ന് പറഞ്ഞായിരുന്നു അന്ന് അവസാനിപ്പിച്ചത്. ആ ശനിയാഴ്ചയായിരുന്നു മുതഅല്ലീങ്ങളും ആലിമീങ്ങളും ഇഷ്ടക്കാരും എല്ലാം കൂടി വന്ന് മഹാപണ്ഡിതന് അനുയോജ്യമായ യാത്രയയപ്പ് നല്‍കിയത്. 1969ലാണ് മര്‍കസിലെത്തുന്നത്. ശൈഖുനാ കാന്തപുരത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട്. ‘കാണുമ്പോഴൊക്കെ എ പി ഉസ്താദ് മര്‍കസിലേക്ക് ക്ഷണിക്കും. പറമ്പത്തുകാവിലെ ദര്‍സ് ഇട്ടെറിഞ്ഞു പോരാനുള്ള പ്രയാസം പറഞ്ഞ് ഒഴിവാക്കുകയും ചെയ്യും. പിന്നീട് പറമ്പത്തുകാവില്‍ രാജിക്കത്ത് കൊടുത്ത് വീട്ടില്‍ വിശ്രമത്തിലാണെന്നറിഞ്ഞപ്പോള്‍ എ പി ഉസ്താദ് കാറും കൊടുത്ത് ടി കെ കുഞ്ഞഹമ്മദാജിയെ പറഞ്ഞയച്ചു. ഞാനതില്‍ കയറി മര്‍കസില്‍ വന്നിറങ്ങി. ഉസ്താദ് എങ്ങോട്ടോ പോവാനൊരുങ്ങുകയാണ്. കണ്ട പാടെ ഒരാമുഖവുമില്ലാതെ പറഞ്ഞു: ‘ഞാന്‍ പലതവണ ക്ഷണിച്ചതാണ്. അന്നൊക്കെ ദര്‍സായിരുന്നു തടസ്സം. ഇപ്പോള്‍ ദര്‍സില്ല. അതുകൊണ്ട് നാളെത്തന്നെ ഇവിടെ സേവനമാരംഭിക്കണം.’ മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.’ പുലരുമ്പോള്‍തന്നെ ആഴ്ചയിലെ ആദ്യ ക്ലാസ് ശനിയാഴ്ചയാണ്. നേരം പുലരുമ്പോള്‍ തന്നെ എത്തും. കെ എസ് ആര്‍ ടി സിയിലാണ് വരവ്. വീടിന് മുന്നില്‍ സ്റ്റോപ്പില്ലെങ്കിലും ഇറങ്ങിനിന്ന് കൈ കാണിച്ചാല്‍ നിര്‍ത്തും. ‘ഒരു കെ എസ് ആര്‍ ടി സി ഡ്രൈവര്‍ എന്നെക്കണ്ടാല്‍ കൈ കാണിച്ചില്ലെങ്കിലും നിര്‍ത്തും, അതുപോലെ എനിക്കിറങ്ങാന്‍ മര്‍കസിന് തൊട്ടുമുമ്പില്‍ സ്റ്റോപ്പില്ലെങ്കിലും നിര്‍ത്തിത്തരും.
 അയാള്‍ ആരാണെന്നൊന്നും എനിക്കറിയില്ല.’ 6.30നാണ് ക്ലാസ്. ക്ലാസ് ഹാളില്‍ എത്തുന്നത് 6.35ന്. അഞ്ചു മിനിറ്റ് നിങ്ങള്‍ക്ക് ഒരുങ്ങാന്‍; ഇതാണ് വിശദീകരണം. പിന്നെയും വൈകി വന്നാല്‍ തമാശ ചേര്‍ത്ത് നേര്‍പ്പിച്ച ശാസനയുണ്ടാവും. തനിക്ക് ക്ലാസുള്ള റൂമിലേക്ക് നടക്കുമ്പോള്‍ മറ്റ് ക്ലാസുമുറികളിലേക്ക് നോക്കില്ല. സാവധാനം നടന്നുപോവും. നിങ്ങള്‍ വഴിയിലാണെങ്കില്‍ കണ്ണുകള്‍ താഴ്ത്തണമെന്ന ഇസ്‌ലാമികാധ്യാപനമാണത്. ഒരു സല്‍സ്വഭാവം ജീവിതത്തിലുടനീളം കൊണ്ടുനടക്കാനുള്ള കഴിവിനെ മഹാന്മാരുടെ സിദ്ധിയായിട്ടാണല്ലോ ഗുരു ഇബ്‌നു അത്വാഉല്ലാഹിസ്സിക്കന്തരി(റ) എണ്ണിയിട്ടുള്ളത്. ഇണക്കം ക്ലാസുകളില്‍ വല്ലാത്ത ആവേശമായിരുന്നു. എത്ര പ്രായം ചെന്നിട്ടും മര്‍കസിന്റെ കോണിപ്പടികള്‍ ചവിട്ടിക്കയറും. ചിലപ്പോഴേ ലിഫ്റ്റുപയോഗിക്കുകയുള്ളൂ. കോണിപ്പടിയില്‍ കുട്ടികളാരെങ്കിലും സഹായത്തിനെത്തിയാല്‍ വാത്സല്യത്തോടെയാണ് കൈതരിക. പിന്നെ പുഞ്ചിരി നിറഞ്ഞ കുശലാന്വേഷണം. ക്ലാസിലിരുന്നാല്‍ സാധാരണ മുന്നിലിരിക്കുന്നവരാരെയെങ്കിലും കണ്ടില്ലെങ്കില്‍ പ്രത്യേകം അന്വേഷിക്കും. അസുഖമാണെന്നു പറഞ്ഞാല്‍ സുഖപ്പെടാന്‍ ദുആ ചെയ്യും. കുല്ലിയ്യയില്‍ ഞങ്ങള്‍ നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളായിരുന്നതുകൊണ്ട് എന്നും ഉസ്താദ് ഹാജര്‍ വിളിക്കുമായിരുന്നു. 
പട്ടികയെടുത്ത് ഓരോരുത്തരുടെയും പേരുവിളിച്ച് മുഖം കണ്ടു ബോധ്യപ്പെട്ടിട്ടേ അടുത്തയാളിനെ വിളിക്കുകയുള്ളൂ. ചിലപ്പോഴൊക്കെ ജഅ്ഫര്‍ സഖാഫി ആറുവാളിനെയും തൊട്ടടുത്തുള്ള സയ്യിദ് റാഷിദ് തങ്ങളെയും വിളിക്കുമ്പോള്‍ പതിനഞ്ച്, ജഅ്ഫര്‍ ആറുവാള്‍. പതിനേഴ്, സയ്യിദ് റാഷിദ് ഏഴുവാള്‍ എന്നുവിളിച്ച് രസമാക്കും. കിതാബുതുറന്നു കഴിഞ്ഞാല്‍ പിന്നെ ആഴത്തിലുള്ള വിശകലനമാണ്. ഏത് ചോദ്യവുമാവാം. ചോദ്യം നോക്കിയാണ് മറുപടി. ചോദ്യ കര്‍ത്താവിനെ നിരാശപ്പെടുത്തില്ല. തൃപ്തിയാവോളം വിശദീകരിക്കും. അത്യാധുനിക മസ്അലകളാണ് ചോദ്യമെങ്കില്‍ ഒന്ന് ഇളകിയിരിക്കും. കണ്ണടയൂരും. ഫിഖ്ഹിന്റെ മസ്അല തീര്‍ത്തും പറഞ്ഞിട്ട് പറയും; ഇതാണ് മസ്അല. ഇതിനൊത്താല്‍ പറ്റും… ഇല്ലേല്‍ പറ്റൂല. ക്ലാസ് കഴിഞ്ഞ് റൂമിലെത്തിയാല്‍ കിതാബ് തിരികെ വെക്കാനോ വല്ലതും പറയാനോ വരുന്നവര്‍ക്ക് ആദ്യം നേരത്തെ കൊണ്ടുവന്ന വല്ല മധുരവും ബാക്കിയുണ്ടെങ്കില്‍ അതുകൊടുക്കും. എന്നിട്ടാണ് സംസാരം. റൂമിലേക്ക് വെറും കയ്യോടെ കയറിയവര്‍ വല്ലതും ചവച്ചുകൊണ്ടായിരിക്കും പുറത്തുവരിക. വല്ലവരും വല്ല ഹദ്‌യകളും കൊടുത്താല്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും. പക്ഷേ കൊടുത്തത് മുതഅല്ലിമീങ്ങളാണെങ്കില്‍ പറയും; നിങ്ങള്‍ മുതഅല്ലിംകളല്ലേ. കയ്യിലൊന്നുമുണ്ടാവില്ല. ഉള്ളത് കളയരുത്. ഇതൊന്നും ഇല്ലാതെയാണിവിടെ വരേണ്ടത്. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അവസാനമായി നല്‍കിയ ഉപദേശങ്ങളില്‍ പ്രധാനം അറിവിന്റെ ബഹുമാനമായിരുന്നു. കൂട്ടത്തില്‍ ആദര്‍ശ ഭദ്രതയും. കണ്ഠമിടറിക്കൊണ്ടുള്ള പ്രാര്‍ത്ഥനയും. തുഹ്ഫയുടെ അവസാന സബ്ഖില്‍ ചീരണി വിതരണം ചെയ്തപ്പോള്‍ ഷുഗറുള്ള ഉസ്താദിന് മറ്റുവല്ലതും വാങ്ങട്ടേയെന്ന് സമ്മതം ചോദിച്ചു. അപ്പോള്‍ ഷുഗറൊന്നും നോ്കിയില്ല, ‘എനിക്ക് മധുരം പറ്റും… മധുരം പറ്റും എന്ന് പറഞ്ഞ് ഞങ്ങളോടൊപ്പം കൂടി.

No comments: