Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, April 17, 2017

കിനാവിലെ മണിയറ - ഭാഗം16

ഷാനിയെ കണ്ട് ഹിഷാമൊന്നു ഞെട്ടി..
'ഇവളെന്താ ഇവിടെ..!! '
ഒരായിരം ചോദ്യങ്ങൾ അവന്റെ മനതാരിലൂടെ കയറിയിറങ്ങി..
കണ്ണീർ ചാലിട്ട മുഖവുമായി ഷാനി ഹിഷാമിനെ ദയനീയമായൊന്നു നോക്കി..
ആർദ്രമായ മിഴികളോടെ തന്നെയും നോക്കിയിരിക്കുന്ന തന്റെ രാജകുമാരിക്കെന്തുപറ്റിയെന്നറിയാതെ അവനും പകച്ചു നിന്നു..
നിമിഷങ്ങളോളം അവരുടെ മിഴികൾ തമ്മിൽ ഏറ്റുമുട്ടി..
മനതാരിൽ ഒഴുകിവരുന്ന അവളുടെ ചോദ്യങ്ങളെയൊന്നും ശബ്ദവീചികൾ സ്വീകരിക്കാത്തതിനാൽ ഇടറി വീഴുന്ന നൊമ്പരങ്ങൾക്ക് മുന്നിലവ തലകുനിച്ച് നിന്നു..
അപ്പോഴാണ് തറയോട് ഓരം പറ്റി കിടക്കുന്ന ആ ഡയറി ഹിഷാമിന്റെ ശ്രദ്ധയിൽ പെട്ടത് .. അക്ഷരത്താളുകളിലൂടെ താനെഴുതിയ നൊമ്പരങ്ങളെല്ലാം ആ ഡയറിയിലൂടെ അവൾ തിരിച്ചറിഞ്ഞിരിക്കുന്നു..
അടർന്നു വീഴുന്ന ഓരോ കണ്ണുനീർതുള്ളികളും തന്നെ ചോദ്യം ചെയ്യുകയാണെന്നവനു തോന്നി..
ഒരു നിമിഷം കൈവിട്ടു  യാത്രചെയ്തുവന്ന അവന്റെ മനസ്സ് യാ   ഥാർത്യങ്ങളെ വീണ്ടെടുത്ത് പതിയെ ഷാനിയുടെ അരികിലേക്ക് നടന്നടുത്തു..
"ഷാനീ..".
പതിഞ്ഞ സ്വരത്തിൽ ഹിഷാം വിളിച്ചു..
എന്തൊക്കെയോ
പറയാൻ വെമ്പി നിന്ന സ്വരങ്ങളെല്ലാം വീണ്ടും വീണ്ടും കണ്ണീരിന്റെ വേഷത്തിൽ അവന്റെ മുന്നിലിരുന്നു നൃത്തമാടിക്കൊണ്ടിരുന്നു..
പിന്നീടൊരു
പൊട്ടിക്കരച്ചിൽ കൊണ്ട് മറുപടി കൊടുത്ത ശേഷം ഷാനി അവിടെ നിന്നും ഇറങ്ങിയോടി..
പിറകേ ഓടുവാനുള്ള ശക്തി അവന്റെ കാലുകൾക്കില്ലായിരുന്നു..
ചുമരിനോടോരം ചേർന്നു വേച്ചു വേച്ചു അവനാ തറയിലിരുന്നു..
ഒരിക്കലും ഷാനി അറിയരുതെന്ന് താൻ കരുതിയിരുന്നതെല്ലാം ഇപ്പോ അവൾ അറിഞ്ഞിരിക്കുന്നു..
ഇനി ഇതിന്റെ പിന്നാമ്പുറത്ത് അനുഭവിക്കേണ്ടി വരുന്ന നോവെന്തെന്നറിയാതെ അവൻ തളർന്നു പോയിരുന്നു..
ഷാനിയുടെ പിന്നാലെ ഓടിയ ഷാഹിദക്ക് കാര്യമെന്താന്ന് മനസ്സിലായില്ല..കല്യാണ വീട്ടിലേക്കൊന്നും പിന്നെ ഷാനി പോവാൻ നിന്നില്ല നേരെ ബസ്റ്റോപ്പിൽ..എങ്ങനെ വീട്ടിലെത്തി എന്നൊരു രൂപവുമില്ല..
കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഓടിവരുന്ന ഷാനിയേയും ഒന്നര കാലിൽ ഞൊണ്ടി വരുന്ന ഷാഹിയേയും കണ്ട മൈമൂനത്തായിൽ ഒരു അമ്പരപ്പുണ്ടായി..
"അല്ല..ഷാനീയേ..ഇങ്ങളെന്തേ..കല്യാണത്തിന് പോയിട്ട് അതേപോലെ തന്നെ ഇങ്ങട്ട് പോന്നേ..പെണ്ണിനോടൊപ്പം ചെക്കന്റെ വീട്ടിലൊക്കെ പോയിട്ട് പോന്നാപോരെയ്നോ..ഇഞ്ഞി ഇത് മത്യാവും സക്കിക്ക് കൂട്ടംകൂടാൻ.."
ഷാനിയിൽ നിന്ന് മറുപടി ഒന്നും ഉണ്ടായില്ലാ..
"മ്മാ..സക്കിത്താ ഞങ്ങളോട് പറഞ്ഞതാ..സുലുത്താന്റെ കൊണ്ടോണ വീട്ടിൽക്കൊക്കെ പോവാൻ..അതിനീ ഇത്താത്തക്ക് നേരം മാണ്ടേ..ഹസ്നന്റെ അമ്മായിന്റെ വീട്ടിൽക്ക് നിസ്ക്കരിക്കാൻ പോയെയ്നു..ഇത്താത്ത അവടന്ന് ന്നോടും കൂടി പറയാണ്ടെ ഓടിപോന്നു..ഇത്താത്തന്റെ കൂടെ ഓടിയ ന്റെ കാലിന്റെ മുട്ടും പോയി.."
കാലിൽ പറ്റിയ മുറിവും നോക്കി ഷാഹിദ സങ്കടപ്പെട്ടു..
"ന്താ ഷാനീ അനക്ക്..ഇയ്യെന്തിനാ വേഗം പോന്നേന്ന്.."
"ഒന്നുല്ലാ ..ഒരു തലവേദന.."
തലയുടെ ഒരു ഭാഗം പോയാൽ പോലും മൈൻഡാക്കാത്ത  ഇവളെന്തിനാ ഒരു തലവേദനക്ക് വേണ്ടി കണ്ണ് ചോപ്പിച്ചേ...മൈമൂനത്താ അവിശ്വസനീയ ഭാവത്തിൽ അവളെ നോക്കി..
ഷാനിയുടെ വീട്ടിൽ എല്ലാവരുടെയും ആവശ്യത്തിനായി ഉപയോഗിക്കാൻ ഒരു മൊബൈൽ ഫോൺ മാത്രമാണ് ഉണ്ടായിരുന്നത്..സൈതാലിക്കയുടെ..
മറ്റുള്ളവരുടെ ആവശ്യം കണക്കിലെടുത്ത് സൈതാലിക്ക അത് വീട്ടിൽ തന്നെ വെക്കലാണ്..
ഉടനെ തന്നെ ഷാനി നാദിയെ വിളിച്ചു..
"ഹലോ ഷാനീ..സുഖല്ലേ.."
മറുപടിക്കു പകരം ഒരു തേങ്ങലായിരുന്നു..
"ചതിക്കേണ്ടിയിരുന്നില്ല നാദീ നീ എന്നെയിങ്ങനെ.."
"എന്താ ഷാനി..എന്താ ണ്ടായേ..ഇയ്യ് കാര്യം പറയ്.. "
നാദി നിർബന്ധിച്ചു..
"ഒരു വാക്കെന്നോട് ....പറയായിരുന്നില്ലേ നാദീ.... എല്ലാറ്റിനും പിറകിൽ ഹിഷാമായിരുന്നെന്ന്..പടച്ചോൻ പോലും... പൊറുക്കാത്ത... തരത്തിൽ എത്ര ഞാൻ... വേദനിപ്പിച്ച്.."
ഇടറി വീഴുന്ന വാക്കുകളിൽ വ്യക്തത തീർക്കാനാവതെ ഷാനി പ്രയാസപ്പെട്ടു..
"ഷാനീ ഇയ്യ് ന്നോട് ക്ഷമിക്ക്..ഒരുപാട് വട്ടം പറയാൻ തുനിഞ്ഞതാ..ഹിഷാമിനു കൊടുത്ത വാക്ക്..നീ ഒരു തരത്തിലും വേദനിക്ക്ണത് അവനു സഹിക്കൂലെയ്നു..അവനൊരുപാവമാണെടാ..സ്നേഹിക്കാൻ മാത്രേ അറിയൂ.."
ഷാനിയുടെ ഭാഗത്ത് നിന്ന് മറുപടി ഒന്നും ഉണ്ടായില്ലാ..അടക്കിപ്പിടിച്ച തേങ്ങലുകളല്ലാതെ..
നാദി തുടർന്നു
"അവനാണ് തരുന്നേ എന്നറിഞ്ഞാൽ നീയൊരിക്കലും സ്വീകരിക്കൂലാാന്ന് അവനറിയായിരുന്നു..അങ്ങനെങ്കിലും ആ പാവം കുറച്ച് സന്തോഷിച്ചോട്ടെ എന്ന് കരുതി..എത്ര കഷ്ടപെട്ടാലും അവസാനം അവനു തന്നെ നിന്നെ കിട്ടുമെന്നാ കരുതിയേ..നിന്റെ കല്യാണം മറ്റൊരാളുമായി നിശ്ചയിച്ചു  എന്നറിഞ്ഞപ്പോ ഏറ്റവും കൂടുതൽ വിഷമിച്ചത് ഞാനാ .അപ്പോ അവന്റെ മനസ്സ് എത്ര മാത്രം നൊന്തിട്ടുണ്ടാവുമെടാ..എന്നിട്ടും അവൻ..നിന്റെ വീട്ടുകാർ ആരുടെ മുന്നിലും തലകുനിക്കരുതെന്ന് പറഞ്ഞാ ആ കാശും എന്നെ ഏൽപ്പിച്ചേ.."
നാദിയുടെ വാക്കുകൾക്ക് മറുപടിയൊന്നും നൽകാനാവാതെ ആ കോൾ ഡിസ്കണക്ട് ചെയ്യപ്പെട്ടു..ജീവിതത്തിലൊരു നവവധുവിന്റെ വേഷമണിയാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ ഇനിയെന്തു ചെയ്യണമെന്ന ചോദ്യത്തിനുത്തരം നൽകാനാവാതെ അവൾ തളർന്നുപോയി
                 ‌ (തുടരും)
shas

No comments: