Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, April 27, 2017

കിനാവിലെ മണിയറ - ഭാഗം 25


മത്സരിച്ചൊഴുകി കൊണ്ടിരുന്ന വിയർപ്പുകണങ്ങളെ തോളിലിരുന്ന മുണ്ടിന്റെ അറ്റം കൊണ്ട്  തുടച്ചുമാറ്റി ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു..
  
"ഹിഷാമിന്റെ ഉമ്മയില്ലേ..ആമിനത്താ ..
ഓരായിരുന്നു ന്നെ വിളിച്ചത്..ഓല് പറഞ്ഞ വാക്കെന്താ അറിയോ അനക്ക്.."
സൈതാലിക്ക തുടർന്നു..
"ന്റെ മോനും ചങ്ങായിമാരും ന്നെ ധിക്കരിച്ചങ്ങോട്ട് പോന്നിക്ക്ണ് ..നിങ്ങളെ മോളെ കെട്ടാൻ..ഒരു കാര്യം നിങ്ങൾ മനസ്സിൽ വെച്ചോളി..ഓളീ പെരേൽക്ക് കയറുമ്പോ അത്യാവശ്യം പൊന്നും സ്ത്രീധനാായിട്ട് രണ്ടുലക്ഷം രൂപേം എങ്കിലും ഞങ്ങൾക്ക് കിട്ടണം.. ഇല്ലെങ്കിൽ ഈ പെരേൽ സമാധാനായിട്ട് കഴിയാൻ ഈ ആമിന സമ്മയിക്കൂന്ന് കരുതണ്ട.."
ആമിനത്താന്റെ സ്വഭാവം സക്കീനയിലൂടെ ശരിക്കും മനസ്സിലാക്കിയ മൈമൂനത്താ ഇതല്ലാ ഇതിലപ്പുറവും പ്രതീക്ഷിച്ചിരുന്നു..അതല്ലേലും അങ്ങനാണല്ലോ ഒരു പെണ്ണിന്റെ സ്വഭാവം മറ്റൊരുപെണ്ണിനറിയാവുന്ന പോലെ ഒരാണിനും കണ്ടെത്താൻ പറ്റൂലാ..
"ന്നിട്ടോ..ഇങ്ങളെന്തു പറഞ്ഞു.."
ഉത്കണ്ഠയോടെ മൈമൂനത്താ ചോദിച്ചു..
"ന്റെ സ്ഥലം വിറ്റിട്ടുള്ള പൈസ ഏതായാലും ഓൾക്ക് കൊടുക്കാൻ നിക്കല്ലേയ്നോ..ഞാൻ അതപ്പോ തന്നെ സമ്മതിച്ചു..പക്ഷേങ്കില്....
സ്ഥലം വാങ്ങിയ ഖാലിദ് പെട്ടെന്ന് രണ്ടുലക്ഷം തരാൻ പറ്റൂലാന്ന് ..ഓന് രണ്ടുമാസങ്കിലും സാവകാശം വേണോന്നും ..അന്ന് തരാന്ന്  പറഞ്ഞ ഓൻ പെട്ടെന്ന് വാക്ക് മാറ്റിയെന്ന് നിക്കാഹിന്റെ സമയത്ത് മൻസൂർ വന്ന് പറഞ്ഞപ്പോ എന്താ ചെയേണ്ടേന്നായിപ്പോയി മൈമൂ.."
"അതിനെന്താപ്പോ..നമ്മക്ക് രണ്ടുമാസം കഴിഞ്ഞങ്ങ് കൊടുത്താ പോരേ..ഇതിനാണോ ഇങ്ങളിങ്ങനെ ബേജാറാവ്ണേ.." ഉള്ളിൽ സങ്കടമുണ്ടേലും പുറത്ത് കാണിക്കാതെ മൈമൂനത്താ പറഞ്ഞു
"അതുവരേ ന്റെ കുട്ടി അവടെ എങ്ങനെ കഴിയുന്ന് ഓർത്തിട്ടാ നിക്ക്...ഓരെന്റെ കുട്ടിനെ കൊല്ലാതെ കൊല്ലും  ..ഞാനെന്താപ്പോ ചെയ്യാ..പെട്ടെന്ന് അത്രേം പൈസ ഞാൻ എവ്ട്ന്ന് ഉണ്ടാക്കാനാ ന്റെ മൈമോ... ഇന്നേ വരേ ഞാനൊന്നു നുള്ളിനോവിച്ചിട്ടു കൂടില്ലല്ലോ ന്റെ കുട്ടിനെ.."
ആ പിതൃഹൃദയത്തിന്റെ തേങ്ങൽ കാണാൻ മൈമൂനത്താക്ക് കഴിഞ്ഞിരുന്നു..
"പിന്നെ  മൈമൂ...ഇതൊരിക്കലും ഹിഷാം മോനും ഷാനി മോളും ഒന്നും അറിയരുത് ട്ടോ..പിന്നെ അയിന്റെ പേരിലാവും വഴക്കും വക്കാണോം ഒക്കെ..ഞമ്മക്ക് ഇതാരും അറിയാതങ്ങ് കൊടുത്തേക്കാ"
"നിങ്ങൾ വിഷമിക്കാതിരിക്കി..പൈസ ഒക്കെ നമ്മക്ക് സാവകാശം കൊടുക്കാ..
ഹിഷാം തന്റേടള്ള കുട്ടിയാ..അതോണ്ടല്ലേ എല്ലാരും എതിർത്തിട്ടും ഓന്റെ തീരുമാനത്തിലെന്നെ ഉറച്ച് നിന്നേ..ഓനുള്ളോട്ത്തോളം ഷാനിക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവൂലാ.."
മൈമൂനത്താന്റെ വാക്കുകൾ അയാളിലൽപ്പം ആശ്വാസത്തിന്റെ ചിറകു വിടർത്തിയിരുന്നു..
********************************
  മഗ്രിബ് നിസ്കാരവും കഴിഞ്ഞ് ഷാനി സ്ഥിരമായി ഓതാറുള്ള സൂറത്തുകൾ  ഓതി തീർത്തു..ചെറുപ്പം മുതലേ ഉമ്മ ശീലിപ്പിച്ചതാണ്..സൂറത്ത് യാസീൻ , മുൽക്ക്,വാഖിഅ..ഏതു പാതിരാ ആയാലും അതോതാണ്ട് കിടന്നാ ഉറക്കം വരൂലാ... 
ഇഷാ നിസ്ക്കാരവും കഴിഞ്ഞ് ഭക്ഷണവും കഴിച്ച് അവൾ മണിയറ വാതിലും തുറന്ന് തന്റെ പ്രിയതമനേയും കാത്തിരുന്നു..ഈ ജന്മം മുഴുവൻ നാഥനെനിക്കായി കരുതിവെച്ച നിധി..തന്റെ ജീവിതത്തിലെ സുഖദുഃഖങ്ങൾ പങ്കിടാനായി ദാമ്പത്യത്തിന്റെ പറുദീസയിലേക്ക് വിരുന്നെത്തിയ രാജകുമാരൻ...
ഒഴുകി നടക്കുന്ന
മുല്ലപ്പൂവിന്റെ ഗന്ധവും തുറന്നിട്ട ജനല്പാളികളിലൂടെ തഴുകിയെത്തുന്ന ഇളം തെന്നലും അവളുടെ മനസ്സിനെ കുളിരണിയിപ്പിച്ചു..
ജനലഴികളിലൂടെ പുറത്തേക്കൊന്നു കണ്ണോടിച്ചാൽ നിലാവിൽ  ചിരിതൂകി നിൽക്കുന്ന പൂർണ്ണചന്ദ്രനും  അവയോടോരം പറ്റി നിൽക്കുന്ന താരകങ്ങളും  കാണാം.. കണ്ണിമവെട്ടാതെ മൗനമായവൾ അവയോട് കിന്നരിച്ചിരിക്കുമ്പോഴായിരുന്നു ആരുടെയോ കൈകൾ വന്നവളുടെ കണ്ണുകൾ പൊത്തിയത്..
പ്രാണേശ്വരന്റെ വരവും കാത്ത് നിമിഷങ്ങളെണ്ണിയിരിക്കുന്ന അവളുടെ ശരീരത്തിലൂടൊരു വിറയൽ അനുഭവപ്പെട്ടു..
കുണുങ്ങിചിരിക്കുന്ന സ്വരവും അനുസരണയില്ലാതോടി നടക്കുന്ന കുപ്പിവളക്കിലുക്കവും  കേട്ട് നിമിഷങ്ങൾക്കകം അവളാ കൈകളെ തിരിച്ചറിഞ്ഞു..
ഷംന മോൾ!!
കൈകൾ അടർത്തിമാറ്റി ഇത്താത്തന്റെ മുന്നിൽ വന്നു നിക്കുമ്പോഴും ആ മുഖത്തെ ചിരിമാഞ്ഞിരുന്നില്ലാ..
"ഷംന മോളേ ..ഇയ്യായിരുന്നോ..ഞാൻ കരുതി..‌"
"അയ്യെടാ..ആരാാന്നാ കരുതിയേ..
അല്ലാ..ഈ മണിയറയിൽ കേറ്റുന്ന ചടങ്ങെല്ലാം നാത്തൂന്മാർക്ക് പറഞ്ഞിട്ടുള്ളതല്ലേ..ഇന്നിട്ട് ഇങ്ങളെന്തേ വെക്കം ഇങ്ങട്ട്  ഓടി പോന്നേ..ഇക്കാക്കാനെ കാണാൻ ധൃതിയായിണ്ടാവും ലേ.."
"അത് പിന്നെ ഞാനവടെ വെറുതേ ഇരുന്നപ്പോ..അല്ല മോളേ..നിന്റെ ഇക്കാക്ക എവടെ പോയി..ആളെ പിന്നെ കണ്ടിട്ടേ ഇല്ലാലോ.."
"ഇക്കാക്ക പുറത്തെങ്ങാണ്ടോ പോയിക്ക്ണ്..
ആ പിന്നെ ഇങ്ങളറിഞ്ഞിക്ക്ണോ..ഇക്കാക്കക്ക് വിസ വന്നിക്ക്ണ്..രണ്ടുമാസോം കൂടി കഴിഞ്ഞാ പോവും.."
അത് കേട്ടപ്പോ ഷാനിയുടെ മനസ്സിലെന്തോ ഒരു പിടച്ചിലുണ്ടായി..ഹിഷാംക്കാക്ക് ഇപ്പോയെന്തിനാ ഒരു ഗൾഫിൽ പോക്ക്..അപ്പോ ഉമ്മയും അമ്മായിയും പറയുന്നത് കേട്ടത് സത്യം തന്നായിരുന്നോ..
ആകെ ഉള്ള ആശ്വാസം ഇക്കാ ഉള്ളതാ ..പിന്നെ ഈ ഷംനമോളും..ആദ്യമായി ഈ വീട്ടിലേക്ക് ആളറിയാതെ കടന്നു വന്നപ്പോ കണ്ടുമുട്ടിയതും ഇവളെയായിരുന്നു..
"ഷംനമോളേ..ഇവിടെ വേറെ ഒരു ഇത്താത്തയില്ലേ..ഷുക്കൂർക്കന്റെ.. അവരെവിടെ.."
ഷാനി ചോദിച്ചു
"ഷുക്കൂർക്കായും താത്തയും ഒന്നും കല്യാണത്തിന് കൂടീട്ടില്ലാ..".
ഓർക്ക് ഈ കല്യാണത്തിനു താല്പര്യാാന്ന് പറഞ്ഞു പോയി..
ഷാനിക്ക് മനസ്സിലായി ഒറ്റപ്പെടലിന്റേയും ഒറ്റപ്പെടുത്തുന്നവരുടേയും എണ്ണം കൂടിക്കൊണ്ടിരിക്കാണെന്ന്..
കാരണം താൻ സ്ത്രീധനമില്ലാതെ വന്ന് കയറിയ പെണ്ണാണ് ..പെണ്ണ് കൊണ്ട് വരുന്ന പൊന്നിന്റെയും കാശിന്റെയും അളവ് നോക്കി മാത്രമേ പെണ്ണിനും വിലയിടൂ..
സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാന്‍ ഇന്നത്തെ ചെറുപ്പക്കാര്‍ തയ്യാറായല്‍ എത്രയെത്ര പെണ്‍കൊടിമാരെയും അവരുടെ കുടുംബാംഗങ്ങളെയും ഈ ദുരിതത്തില്‍ നിന്നും കര കയറ്റാന്‍ സാധിക്കും.. ഇന്നത്തെ തലമുറ അതിന്ന് സന്നദ്ധമായാല്‍ ഈ സമുദായം തന്നെ രക്ഷപ്പെടുമായിരുന്നു..
ഈ വീട് തീർച്ചയായും തനിക്കൊരു നരകമായിരിക്കുമെന്നതിൽ ഒരു സംശയവുമില്ലാ..
നാഥാ ..!എല്ലാം നേരിടാനുള്ള ശക്തി ഈ ഷാനിബാക്ക് നീ നൽകേണമേ..
ഷാനി ഓരോന്ന് കാടു കയറി ചിന്തിച്ചുകൊണ്ടേയിരുന്നു..
"എന്താ..ഷാനീ ഇത്രവലിയ ആലോചന.."
ഹിഷാമിന്റെ വിളിയാണ് ഷാനിയെ ചിന്തയിൽ നിന്നുണർത്തിയത്....
  ഷാനിയൊന്നു ഞെട്ടി.. ചിന്തയുടെ  ലോകത്ത് നിന്നിറങ്ങി വന്നപ്പോ ഷംനക്ക് പകരം കണ്ടത് ഹിഷാമിനെയായിരുന്നു..
ഈ കുട്ടി ഇതെപ്പാ പോയേ...
ഹിഷാം അവൾക്കരികിൽ   ചേർന്നിരുന്നു...അവൾക്കെന്തോ ഭയവും വെപ്രാളവും തോന്നി..
"എന്താ ഷാനീ..ഇനിയും മാറിയില്ലേ എന്നോടുള്ള വെറുപ്പൊന്നും .."
ഹിഷാം ഒരു പുഞ്ചിരിയോടെ ചോദിച്ചു..
ഷാനി ഹിഷാമിന്റെ വാ പൊത്തി..
"പ്ലീസ് ..ഇക്കാ..ഇനിയൊരിക്കലും അങ്ങനൊന്നും  പറയരുത്.. "
കണ്ണുകൾ നിറച്ചുകൊണ്ട് അവൾ പറഞ്ഞു..
"അയ്യേ..ന്റെ ഷാനിക്കുട്ടിക്ക് വേദനിച്ചോ..ഞാനൊരു തമാശ പറഞ്ഞതല്ലേ..".
ഹിഷാം അവളെ മാറോട് ചേർത്തു..
"ഷാനീ..."
"എന്താ ഇക്കാ.."
മനസ്സു നിറഞ്ഞ സ്നേഹത്തോടെയും നാണത്താൽ കൂമ്പിനിൽക്കുന്ന മിഴികളാലും അവളാ വിളിക്കുത്തരം നൽകിയപ്പോ  അവന്റെ ഹൃദയം പൂത്തുലഞ്ഞു....
മാനത്തെയമ്പിളിപോലും തോൽക്കുമാ സുന്ദരവദനത്തെ കൈക്കുമ്പിളിലാക്കി പ്രണയാർദ്ദമാം മിഴികളിലൊരു ചുടുചുംബനമർപ്പിച്ച് ആദ്യരാത്രിയെന്ന സുന്ദരമുഹൂർത്തത്തിനവർ തിരികൊളുത്തി..
നീണ്ടു വെളുത്തു മെലിഞ്ഞയാ മൈലാഞ്ചിക്കൈകകളെ കൈവെള്ളയിലിട്ട് താലോലിച്ചുകൊണ്ടവൻ ഇന്നുവരേ പറയാൻ ബാക്കിവെച്ച ആ പ്രണയകാവ്യത്തിന്റെ ചെപ്പ് തുറന്നു..
"മോളേ..നിനക്കിവിടെ വന്നതുമുതൽ ഓരോ വേദനകൾ ഏറ്റുവാങ്ങേണ്ടി വന്നുലേ...ഞാനെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു..ന്താ ചെയ്യാ മോളേ..എന്റെ ഉമ്മയും കൂടെപ്പിറപ്പുകളുമായിപ്പോയില്ലേ.."
അവന്റെ വാക്കുകളിൽ സങ്കടം നിഴലിച്ചിരുന്നു..
"അതൊന്നും സാരല്ല്യ ഇക്കാ..ഞാനതൊന്നും കാര്യമാക്കിട്ടില്ലാ.."
ഷാനി അവനെ സമാധാനിപ്പിച്ചു..
പ്രണയത്തിൽ ചാലിച്ചെടുത്ത
ഓരോ വാക്കുകളുംആ ഇണക്കുരുവികളുടെ മനസ്സിനെ കൂടുതൽ അടുപ്പിച്ചു കൊണ്ടേയിരുന്നു..
"ഇക്കാ ഞാൻ  ഇങ്ങളോടൊരു കാര്യം ചോദിക്കട്ടേ..അന്ന്  ഇങ്ങൾ വീട്ടിൽ വന്നുപോയതിനുശേഷം ഞാൻ കുറെ നിങ്ങളെ വിളിക്കാൻ ശ്രമിച്ചല്ലോ ഇങ്ങളെ ഫോൺ ഓഫായിരുന്നു..ഞാൻ നല്ലപോലെ പേടിച്ചു..കല്യാണത്തിന്റെ ദിവസം വരെ എവിടായിരുന്നു ഹിഷാംക്കാ.."
" ആ..അതൊക്കെ കഴിഞ്ഞുപോയ കഥയല്ലേടാ..ഇനിയതൊക്കെ പറയണോ.."
"ആ..പറയണം എനിക്കറിയണം എന്താ ഉണ്ടായേ എന്ന്.."
"ഉം..പറയാം ..എന്നാ കേട്ടോ..എല്ലാം ന്റെ ഷാനിയും കൂടി അറിഞ്ഞിരിക്കണല്ലോ.."
ഒരാലിംഗനത്താലവളെ കരവലയത്തിനുള്ളിൽ ബന്ധനസ്ഥയാക്കി മാറോടടുക്കിപ്പിടിച്ചവനാ കഥ പറയാൻ തുടങ്ങി...
                ‌ (തുടരും)
shas

No comments: