Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, April 10, 2017

കിനാവിലെ മണിയറ - ഭാഗം 8

"ഷാനീ നിനക്കൊരു സന്തോഷ വാർത്തയുണ്ട് ട്ടോ.."
"എന്താ നാദീ.."
ഷാനിക്ക് അറിയാൻ ആകാംക്ഷയായി..
"അതൊക്കെ പറയാം ..അതിനു മുന്നെ നിക്ക് ഒരു വാക്ക് തരണം ഇയ്യ്..ഇനി കരയൂലാന്ന്.."
"അത്...സങ്കടം വന്നാൽ കരഞ്ഞു പോവൂലേ നാദീ.."
"എന്നാ ഇനി സങ്കടം വന്നിട്ട് മാത്രം കരഞ്ഞാൽ മതി..നിന്നെ പഠിപ്പിക്കാനുള്ള മുഴുവൻ ചിലവും ന്റെ ഉപ്പ ഏറ്റെടുത്തിക്ക്ണ്..നിനക് ഇനി ഇഷ്ടമുള്ളത്ര പഠിക്കാം ..എന്താവശ്യമുണ്ടേലും ന്നോട് ചോദിച്ചാ മതി ട്ടോ.."
ഷാനിയെ കെട്ടിപ്പിടിച്ചിട്ട് നാദി പറഞ്ഞു
അതുകേട്ടപ്പോ ഷാനിയുടെ കണ്ണു നിറഞ്ഞു..
"ന്നാലും ടാ..."
"ഒരു ന്നാലും ഇല്ല ഷാനി..ഇനി നിനക്ക് സമാധാനത്തോടെ പഠിക്കാം ട്ടോ.."
ആ സംഭവത്തിനു ശേഷം ഹിഷാം അങ്ങിനെ ഷാനിയുടെ മുന്നിൽ വരാറേ ഇല്ല.. പിന്നീടുള്ള ദിവസങ്ങളിലെല്ലാം പഴയത് പോലെ പലപ്പോഴും ക്ലാസിൽ വരാറില്ല..എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞു..ഫുൾ എ.പ്ലസോട് കൂടി ഷാനി സ്കൂളിൽ വിന്നറായി..ഹിഷാം തട്ടിമുട്ടി പാസ്സായി..
വീട്ടുകാരുടെ നിർബന്ധപ്രകാരം ഹിഷാം ഹ്യുമാനിറ്റീസിനു ചേർന്ന്..ഷാനിക്ക് അവിടെ തന്നെ സയൻസിനും കിട്ടി.. എല്ലാ തവണയും ഷാനിക്കെന്ന് പറഞ്ഞ് രണ്ടായിരം രൂപ നാദി കൊടുക്കും..ഒരുപാട് നിർബന്ധിക്കുമ്പോ അവൾ അത് സ്വീകരിക്കും..നാദിയുടെ ഉപ്പാക്ക് ഒരു രക്ഷിതാവിന്റെ സ്ഥാനവും ബഹുമാനവുമായിരുന്നു ഷാനിയുടെ മനസ്സിൽ...
ഹിഷാം കഴിയുന്നതും ഷാനിയിൽ നിന്ന് ഒഴിഞ്ഞുമാറി നടന്നു..പക്ഷേ ഷാനി അവനെ വെറുതേ വിടാനൊരുക്കമില്ലായിരുന്നു..ഓരോരോ കുസൃതികളിലൂടെ അവനിട്ട് പണി കൊടുക്കാനും തല്ലുകൊള്ളിക്കാനും തക്കം പാർത്തിരുന്നു..
മിക്ക ദിവസവും ആബ്സെന്റായതിനാൽ പല തവണ അവന് രക്ഷിതാവിനെ സ്ക്കൂളിലേക്ക് കയറ്റേണ്ടി വന്നു...
ഷാനി സ്ക്കൂൾ വരാന്തയിലൂടെ നടക്കുമ്പോഴും പലപ്പോഴും ഹിഷാം പുറത്തായിരിക്കും..
"സാറ് ആബ്സന്റായതോണ്ട് പുറത്താക്കിയതാ
ഇവനിതാർക്ക് വേണ്ടി ഉണ്ടാക്കാ..ഈ പ്രായത്തിൽ ..ന്നാ പിന്നെ അവിടെ എവിടേലും ഇരുന്നാ പോരെ..ഇങ്ങോട്ടെഴുന്നള്ളണോ.."
 "അവനതിന് നമ്മളെപ്പോലെയൊന്നുമല്ലല്ലോടാ..വന്നില്ലേലും അവൻ ഉപ്പാന്റെ പേരും പറഞ്ഞ് എങ്ങനേലും കാര്യം നേടും.."
കൂട്ടുകാരുടെ പുച്ഛിച്ചുള്ള സംസാരത്തിൽ ഷാനിയും പങ്കു ചേർന്നു..
അവൻ പക്ഷേ ഒന്നിനും മറുപടി കൊടുക്കാൻ പോയില്ലാ..അങ്ങനെ പ്ലസ് 2 വർഷവും പടിയിറങ്ങി..അൻഷിദ് എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു..പ്ലസ്2 കഴിയുന്ന വരേ തമ്മിൽ കണ്ടാൽ ശത്രുക്കളായിരുന്ന ഇവര് പിന്നെ വിവാഹിതരായെന്ന വാർത്തയാ കേട്ടത്..അതെങ്ങനെ എന്നോർത്തിട്ട് ഒരെത്തും പിടിയും കിട്ടിയില്ലാ..ഓരോന്ന് ഓർത്ത് അൻഷിദ് ഉച്ച മയക്കത്തിലേക്ക് വഴുതി വീണു...
"അൻഷിദേ..എണീക്ക്..അന്നെയിതാ നിസാം വിളിക്ക്ണ്.." ജമീലത്താ നീട്ടി വിളിച്ചു..
"ആ..ഉമ്മാ ഞാനിതാ വര്ണ്.." ഉറക്കച്ചടവോടെ അവനെണീറ്റു വന്നു..
"അസ്സലാമു അലൈക്കും അൻഷിദെ..സുഖാണോ.."
"വ അലൈക്കുമുസ്സലാം..അൽഹംദുലില്ലാഹ്"
എന്താടാ നിസാമേ വിശേഷൊക്കെ..അന്റെം പെങ്ങളേം കല്യാണൊക്കെ കഴിഞ്ഞെന്ന് പറയ്ണ കേട്ടല്ലോ..സുഖാണോ രണ്ടാൾക്കും.."
"ആ..ന്റെ അൻഷിദേ അതൊക്കെ പറയാതിരിക്കാ ഭേദം..അതൊരു മാറ്റക്കല്യാണെയ്നു..പെങ്ങക്ക് ചോദിച്ച സ്ത്രീധനം കൊടുക്കാനില്ലാഞ്ഞിട്ട് ഉമ്മാന്റെ നിർബന്ധത്തിനാ സ്നേഹിച്ച പെണ്ണിനെ ഇട്ടെറിഞ്ഞ് ഇങ്ങനെ ഒരു സാഹസത്തിനു മെനക്കെട്ടത്..ന്റെ ഭാര്യയുടെ ആങ്ങളെനെ പെങ്ങളും കെട്ടി..ഇപ്പോ ഭാര്യയും പെങ്ങളും തമ്മിൽ പൊരിഞ്ഞ അടിയാ..ഉമ്മ പെങ്ങളെ സൈഡിലും..ആരെ ഭാഗം കൂടണമെന്നറിയാതെ ഞാനും..ഇവളെ വീട്ടിൽ പറഞ്ഞയക്കാനും നിവൃത്തിയില്ല..അവടെ പെങ്ങളുണ്ടാവും..പിന്നെ ഓഫീസിലെ തെരക്ക് വേറേം..ഇപ്പോഴാ ഒന്നിറങ്ങാൻ പറ്റിയേ.."
ജമീലത്താ ചായയുമായി വന്നപ്പോ നിസാം പരാതിച്ചെപ്പ് അടച്ചു വെച്ചു..
"എന്താ നിസാമേ..സുഖല്ലേ..വീട്ടിലെല്ലാർക്കും.."
"അൽഹംദുലില്ലാഹ്..എല്ലാരും സുഖായിരിക്കുന്നു(ഈ ഞാനൊഴികെ..)"
എന്നവന്റെ വാക്കിൽ വ്യക്തമായറിയാൻ അൻഷിദിനു കഴിഞ്ഞു..പാവം ..ന്നോട് ഇത്രേം വേദന ഇവൻ തുറന്നു പറഞ്ഞിണേൽ രണ്ടുപേരേം ചേർത്ത് നിർത്താൻ എത്രമാത്രം ബുദ്ധിമുട്ടുന്നുണ്ടാവും..ജമീലത്താന്റെ സൽക്കാരം രാത്രിഭക്ഷണം വരേ നീണ്ടു..
(തുടരും..)
shas

No comments: