റമളാൻ മസ്അലകൾ ഭാഗം 10
✿══════════════✿
തൗബ
പാകപ്പിഴകൾ മനുഷ്യ സഹജമാണ്, അതിർവരമ്പുകൾ ലംഘിച്ച് തെറ്റിലേക്ക് തെന്നിമാറുമ്പോൾ നേർദിശയിലേക്ക് സഞ്ചരിക്കാൻ ചെയ്തു പോയ പിഴവുകളിൽ നിന്ന് പശ്ചാതപ്പിക്കേണ്ടതുണ്ട്. പിഴവുകൾ സംഭവിക്കൽ സ്വോഭാവികമാണ്. പക്ഷെ ചെയ്തു പോയ തെറ്റിൽ നിന്നും പിന്മാറുകയോ പശ്ചാത്തപിക്കുകയോ ചെയ്യാതിരിക്കുമ്പോഴാണ് മനുഷ്യൻ ദുഷ്ടനും തെറ്റുകാരനുമായിത്തീരുന്നത്. ജീവിക്കാൻ ആവശ്യമായ ജീവവായു മുതൽ ഭക്ഷണവും താമസവും സർവ സൗകര്യങ്ങളും ഒരുക്കി തന്ന അല്ലാഹുവിന്റെ വിധി വിലക്കുകൾ പൂർണ്ണമായും ശിരസ്സാവഹിക്കുന്നതിന് പകരം ധിക്കാരത്തോടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോഴാണ് അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള ശിക്ഷകളും വിപത്തുകളും ഉണ്ടാകുന്നത്. പർവ്വതസമാനരായ പൂർവ്വകാല ധിക്കാരികൾക്കുണ്ടായ വിപത്തുകളും ശിക്ഷകളും വിശുദ്ധ ഖുർആൻ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. തെറ്റിൽ നിന്ന് അകലുന്നതിലുള്ള ആദ്യ പടി തൗബ (പശ്ചാത്താപം) ചെയ്യുക എന്നതാണ്.
തൗബ യുടെ നാല് നിബന്ധനകൾ മഹാനായ സൈനുദ്ദീൻ മഖ്ദൂം വിശദീകരിക്കുന്നു
أُطْلُبْ مُتَابَا بِالنَّدَامَةِ مُقْلِعَا وَبِعَزْمِ تَرْكِ الذَّنْبِ فِيمَا اسْتَقْبَلاَ
وَبَرَاءَةٌ مِنْ كُلِّ حَقِّ الآدَمِي وَلِهَذِهِ الأَرْكَانِ فَارْعَ وَكَمِّلاَ
1. ഖേദം( ചെയ്ത് പോയ തെറ്റിൽ നിന്നും പൂർണ്ണമായും ഖേദിക്കുക)
2. തെറ്റിൽ നിന്നും പൂർണ്ണമായും വിരമിക്കുക (തെറ്റു ചെയ്തു കൊണ്ടിരിക്കേ പശ്ചാതപിച്ചത് കൊണ്ട് കാര്യമില്ല)
3. ഭാവിയിൽ ആവർത്തിക്കില്ലെന്ന ദൃഢനിശ്ചയം
4. മാനുഷിക ബാധ്യതയിൽ നിന്ന് ഒഴിവാകുക
പശ്ചാത്താപം ഹദീസുകളിലൂടെ
وعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: وَاللهِ إنِّي لأَسْتَغْفِرُ الله وأَتُوبُ إِلَيْه في اليَوْمِ أَكْثَرَ مِنْ سَبْعِينَ مَرَّةً (رواه البخاري)
1. അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറയുന്നതായി ഞാൻ കേട്ടു: അല്ലാഹു തന്നെയാണ് സത്യം ഞാൻ എല്ലാ ദിവസവും എഴുപതിലേറെ തവണ അല്ലാഹുവിനോട് പൊറുക്കസിനെ തേടാറുണ്ട്(ബുഖാരി)
وعن أبي هُريرةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم: مَنْ تَابَ قَبْلَ أنْ تَطْلُعَ الشَّمْسُ مِنْ مَغْرِبِها تَابَ اللهُ عَلَيهِ (رواه مسلم)
2. അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: ആരെങ്കിലും സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിക്കുന്നതിന് മുമ്പ് തൗബ ചെയ്താൽ അല്ലാഹു അത് സ്വീകരിക്കുന്നതാണ് (മുസ്ലിം)
നൂറു പേരെ അറുകൊല ചെയ്ത ഒരു വ്യക്തിയുടെ തൗബ സ്വീകരിച്ച് സ്വർഗ്ഗത്തിൽ പ്രവേശിച്ച ഒരു വ്യക്തിയുടെ ചരിത്രം ഹദീസ് ഗ്രന്ഥങ്ങളിൽ നാം വായിച്ചിട്ടുണ്ടല്ലോ.. ചെയ്തു പോയ തെറ്റിൽ നിന്ന് നിർവ്യാജമായ മനസ്സോടെ പശ്ചാതപിച്ചാൽ അല്ലാഹു പാപം പൊറുത്തു തരും.
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ(سورة الزمر ٥٣)
(നബിയേ അങ്ങ്) പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ അടിമകളേ അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണചെയ്യുന്നവനും (സൂറത്തു സുമർ : 53)
വിശുദ്ധ റമളാനിലെ രണ്ടാമത്തെ പത്ത്
പാപ പങ്കിലമായ ജീവിതം നയിക്കുന്ന മുസ്ലിമിന് തന്റെ ജീവിതത്തിൽ ചെയ്തു പോയ പാപങ്ങളിറക്കിവെച്ച് അല്ലാഹുവിന്റെ പ്രീതിയും സ്നേഹവും കൈമുതലാക്കി ജീവിക്കാനുള്ള സുവർണ്ണാവസരമാണ് വിശുദ്ധ റമളാനിലൂടെ കടന്നു വന്നിരിക്കുന്നത്. തെറ്റുകൾ രക്ഷിതാവിന്റെ മുന്നിൽ എടുത്തു പറഞ്ഞ് പാപമുക്ത ജീവിതത്തിന് പ്രതിജ്ഞ എടുക്കാൻ നാം തയ്യാറാകണം. വിശുദ്ധ റമളാൻ രണ്ടാമത്തെ പത്ത് അതിനുള്ളതാണ്. നൈമിഷിക ജീവിതം അവസാനിക്കാൻ ഒരു വേള ശ്വാസം നിലച്ചാൽ മതിയെന്ന ബോധം ഉണ്ടാവണം.
دقات قلب المرء قائلة له ان الحياة دقيقة وثواني
ഹൃദയമിടിപ്പ് ഓരോരുത്തരോടും പറഞ്ഞു കൊണ്ടിരിക്കുന്നത് ജീവിതം ഒരു സെക്കന്റോ ഒരു നിമിഷമോ മാത്രമെന്നാണ്
___________________
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
© #IlyasSaquafi | Read more
Download My Official App


No comments:
Post a Comment