Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, July 2, 2017

786 എന്ത്? എന്തിന്?

786 എന്ന അക്കം മനസ്സിലാക്കുന്നതിന്ന് മുമ്പ്‌ ബിസ്മി എന്ന വാക്കിനെ പരിചയപ്പെടാം. ബിസ്മി എന്ന അറബി വാക്കിനർത്ഥം, 'നാമം കൊണ്ട്‌' എന്നാണ്‌. 'ബിസ്മില്ലാഹി റഹ്‌മാനി റഹീം' എന്നതിന്റെ ചുരുക്കമാണ്‌ ബിസ്മി എന്നത്‌. പരമ കാരുണ്യവാനും കരുണാവാനുമായ ദൈവത്തിന്റെ നാമത്തിൽ' ( "In the name of God, the Most Gracious, the Most Merciful) എന്നതാണ്‌ 'ബിസ്മില്ലാഹി റഹ്‌മാനി റഹീം' എന്ന അറബി വാക്കുകളുടെ പൂർണ്ണാർത്ഥം. ഇത്‌ ബിസ്മില്ലാഹ്‌ എന്നും 'ബസ്‌മല' എന്നും അറിയപ്പെടുന്നു. ഒരു സദ്‌പ്രവൃത്തി ആരംഭിക്കുന്നതിന്ന് മുമ്പ്‌ മുസ്ലീം മതവിശ്വാസികൾ ഈ വാചകം ഉരുവിടാറുണ്ട്‌. 

• ഇനി 786 ലേക്ക്‌ വരാം.. 
• അറബി അക്ഷരങ്ങൾക്ക്‌ ഓരോ അക്കം /നമ്പർ നൽകി ആ അറബി വാക്കിനെയോ പേരിനെയോ വാചകത്തിനെയോ അക്കത്തിൽ എഴുതാറുള്ള രീതി പുരാതനകാലം തൊട്ടേയുണ്ട്‌‌. ഓരോ അക്ഷരങ്ങൾക്കും വിധിച്ചിട്ടുള്ള അക്കങ്ങൾ‌ മൊത്തത്തിൽ കൂട്ടി ഒരു നമ്പറിൽ എത്തുമ്പോൾ കിട്ടുന്നതാണ് ഈ ആകെത്തുക. അങ്ങനെ വരുമ്പോൾ ബിസ്മില്ലാ എന്ന വാചകത്തിന്ന് കിട്ടുന്ന മൂല്ല്യമാൺ 786. ഇങ്ങനെ കൂട്ടിയാൽ ബിസ്മില്ലാക്ക് മാത്രമല്ല എല്ലാ അറബി വാക്കുകൾക്കും ഇങ്ങനെയുള്ള ഒരു നമ്പർ കിട്ടും. ഇതിനു ഇസ്ലാമികമായി ഏതൊരു ബന്ധവും ഉള്ളതായി ഒരു ഇസ്ലാമിക മതഗ്രന്ഥവും പ്രതിപാദിക്കുന്നുമില്ല. മതഗ്രന്ഥമായ ഖുറാനോ മുഹമ്മദ്‌ നബിയുടെ വചനങ്ങളടങ്ങിയ ഹദീസോ ഇങ്ങനെ ഒരു നമ്പറിനെ പറ്റി പഠിപ്പിക്കുന്നില്ല. അത്‌ കൊണ്ട്‌ തന്നെ ഇസ്ലാമിൽ 786 എന്ന അക്കത്തിന്ന് യാതൊരുവിധ പവിത്രതയോ സ്വാധീന ശക്തിയോ ഇല്ല.

• 786 ഇസ്ലാമുമായി ഒരു ബന്ധവും സ്വാധീനവും ഇല്ലാത്ത ഒരു അക്കം ആണെങ്കിലും അറബി ഭാഷയുമായി 786 ന്ന് ബന്ധം ഉണ്ട് താനും. ചില വിശദീകരണങ്ങളിൽ താഴെ കൊടുത്തിരിക്കുന്നത്‌ പോലെ നിർവചിച്ചിരിക്കുന്നത്‌ കാണാം.
• അറബി ഭാഷയിൽ 28 അക്ഷരങ്ങൾ ഉണ്ട്. ഈ അക്ഷരങ്ങളെ 2 രീതിയിലാണ്‌ അക്ഷരമാലയായി കോർത്തിരിക്കുന്നത്‌. പുരാതന കാലം മുതലേ അറബികൾ ഇങ്ങനെ ചെയ്തു വന്നിരുന്നുവെന്ന് പറയപ്പെടുന്നു. ആ രണ്ട് രീതികൾ .. 
1. അന്നസ്‌കുൽ അബ്‌ജദി ( ﺍﻟﻨﺴﻖ ﺍﻷﺑﺠﺪﻱ )
2. അന്നസ്‌കുൽ ഹിജാ ഇ ( ﺍﻟﻨﺴﻖ ﺍﻟﻬﻴﺠﺎ ﺇﻱ)
ഇതിൽ രണ്ടാം വിഭാഗത്തിൽ പെടുന്നതാണ് നാം ഇന്ന് മദ്രസകളിലും കോളേജുകളിലും പഠിക്കുന്ന അലിഫ്, ബാഉ, താഉ, സാഉ എന്നിങ്ങനെയുള്ള ക്രമം 28 വരെ ആ ക്രമം അവസാനിക്കുന്നത് 'യാഉ' ലാണ്.
• എന്നാൽ ആദ്യ വിഭാഗം (അബ്‌ജദി) മറ്റൊരു ക്രമത്തിലാണ് തുടങ്ങുന്നത്. അവ അലിഫ്, ബാഉ, ജീം, ദാല്, ഹാഉ, വാവ്, സാല്, ഹാഉ,
....എന്നിങ്ങനെ വ്യത്യസ്ത ക്രമത്തിലാണ്. ഇത്‌ ഒരു കവിതാ ശൈലിയിൽ 'അബ്ജദ് - ഹവ്വ സു -ഹുത്വീ -കലിമന് സഅഫസ് - ഖാരശത് -സഹ്ഹദ്-ദ ദ്വ അ" എന്ന് ഉച്ചരിച്ച്‌ പഠിക്കാറുണ്ട്‌. അക്ഷരമാലയിലെ 28 അക്ഷരങ്ങളും ഈ കവിതയിൽ ഉൾക്കൊള്ളിക്കുന്നുണ്ട്‌. ആ ക്രമത്തിൽതന്നെ അക്ഷരം പഠിക്കാനാണ് അങ്ങനെ കവിത അക്ഷരങ്ങളെ ചേർത്ത്‌ കൊണ്ട് വന്നത്. ഈ ക്രമത്തിലാൺ പുരാതന കാലത്തെ അറബികൾ അക്ഷരം പഠിച്ചിരുന്നതും പഠിപ്പിചിരുന്നതും. അത്‌ കാരണം അവർ ഈ ക്രമത്തിലെ ഓരോ അക്ഷരങ്ങൾക്കും ഓരോ സംഖ്യകൾ നൽകിയിരുന്നു. അക്ഷരങ്ങളും അതിന്ന് കൊടുത്തിരിക്കുന്ന സംഖ്യാമൂല്ല്യവും താഴെ കൊടുക്കുന്നു. 

അലിഫ് = 1
ബാ ഉ = 2
ജീം = 3
ദാല് = 4
ഹാ ഉ = 5
വാവ് = 6
സാ ഉ = 7
ഹാ ഉ = 8
ത്വാ ഉ = 9
യാ ഉ = 10
കേഫ് = 20
ലാം = 30
മീം = 40
നൂന്= 50
സീന് = 60
ഐന് = 70
ഫാ ഉ = 80
സ്വാദ് = 90
ഖാഫ് = 100
രാ ഉ = 200
ശീന് = 300
താ ഉ = 400
ഥാ ഉ = 500
ഹാ ഉ =600
ദാല് = 700
ദ്വാദ് = 800
ദ്വാ ഉ =900
ഗൈന്= 1000 ഇരുപത്തെട്ടു അക്ഷരങ്ങൾക്കും സംഖ്യകൾ ആയി. 
ഇനി ബിസ്മി യിലേക്ക്‌ വരാം. 
ഇനി 'ബിസ്മില്ലാഹി റഹ്‌മാനി റഹീം' എന്ന വാചകത്തിലുള്ള അക്ഷരങ്ങൾ (ആവർത്തന അക്ഷരങ്ങളടക്കം) അവയുടെ അക്കങ്ങൾ ഓരോന്നും എടുത്ത്‌ കൂട്ടി നോക്കിയാൽ 786 കിട്ടുന്നത്‌ കാണാം. 
ബി = ബാ ഉ = 2
സ് = സീന് = 60
മി = മീം = 40
മൊത്ത സംഖ്യ = 102
അലിഫ് =1 [അള്ളാഹു എന്ന പദത്തിലെ അലിഫ് ]
ല്ല =ലാം +ലാം =30 +30 =60
ഹി =ഹാ ഉ =5
മൊത്ത സംഖ്യ =66
അലിഫ് =1 (അർ റഹീം എന്നതിലെ അലിഫ് ]
ലാം = 30
ര് റ = 200
ഹ് = 8
മാ = മീം =40
നി =നൂന് = 50
മൊത്ത സംഖ്യ= 329
അലിഫ് =1
ലാം = 30
ര് റ = 200
ഹ് = 8
ഈ =യാ ഉ = 10
മ് = 40
മൊത്ത സംഖ്യ = 289
ഇനി ആകെ മൊത്തം സംഖ്യ നോക്കൂ =289 +329 + 66 +102 =786 .
ഇതാണ് ഈ 786 ന്റെ പിറകിലുളള കണക്കു കളി. 
• അവസാനമായി, ഈ 786 എന്ന അക്കത്തിന്ന് ഇസ്ലാം മതവിശ്വാസികൾക്കോ മതവിശ്വാസവുമായോ ഏതൊരു വിധ ബന്ധമോ താൽപര്യവുമില്ല. ഇസ്ലാം മത പഠനം നേരെ ചൊവ്വേ നടത്താതെ എല്ലാറ്റിനും ഷോർട്ട്‌ ഫോം കണ്ട്‌ പിടിക്കുന്ന വിരുതന്മാർ ഉണ്ടാക്കിയെടുത്ത കണക്ക്‌ കളിയല്ലാതെ വേറൊന്നുമില്ല. ചില ഉത്തരേന്ത്യൻ പള്ളികളിലും ദർഗകളിലും (മഹത്‌ വ്യക്തികളുടെ ഖബറിടം) 786 എന്ന് ഉപയോഗിച്ച്‌ കാണാറുണ്ട്‌. നല്ലൊരു എഴുത്തു തുടങ്ങുമ്പോൾ തുടക്കത്തിൽ 786 എന്ന് എഴുതി വെച്ചിരുന്ന രീതിയും ഇങ്ങ്‌ കേരളക്കരയിൽ മുമ്പുണ്ടായിരുന്നു. പിന്നെ ചില ഹിന്ദി സിനിമകളിൽ മുസ്ലീം കഥാപാത്രത്തിന്റെ വീടുകളോ മസ്‌ജിദുകളോ കാണിക്കുമ്പോൾ എന്നും കാണുന്ന ഒരു ക്ലീഷേ മാത്രമാണീ അക്കം.

♒️ വിവരങ്ങൾക്ക്‌ കടപ്പാട്‌ ♒️

1 comment:

Anonymous said...

പൊട്ടത്തരം പറയല്ലേ ധീനു മായി ബന്ധം വരാൻ നബി തങ്ങൾ പറയണം എന്നുണ്ടോ അബ്‌ജദ് കൊണ്ട് ഇന്നത്തെ സയൻസിന് തന്നെ ഖുർആൻ വെല്ലുവിളിയാണ് ഹദീഥ്‌ ഒരു ഉദാ. മാത്രം
അബ്‌ജദ് ഉള്ളത് കൊണ്ടാണ് അറബ് ഭാഷയിൽ കൂടുതൽ മുഅജിസത് കാണിച്ചു ഖുർആൻ തിളങ്ങി നിൽക്കുന്നത്