അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
ഇസ്‌ലാം മതം 1
———————––
ഇസ്‌ലാം: സർവ്വതല സ്പർശിയും, പ്രമാണ നിബദ്ധവും അന്ധവിശ്വാസ മുക്തവുമായ ദൈവീക വ്യവസ്ഥിതി.
ദൈവവും മനുഷ്യനും പ്രപഞ്ചവും തമ്മിലെ പാരസ്പര്യം ബുദ്ധിപൂർവ്വകമായി വിശദീകരികരിക്കുന്ന മതം.
നിർണ്ണിത വിശ്വാസസംഹിത, കർമസംഹിത, ആത്മ സംസ്കരണസംഹിത, എന്നിവയുടെ സംയുക്തമാണു ഇസ്‌ലാം.
വിശ്വാസസംഹിതയുടെ അവിഭാജ്യ ഘടകങ്ങൾ താഴെ ചേർക്കുന്നു.
– ദൈവം
– മാലാഖമാർ
– ദൈവീക ഗ്രന്ഥങ്ങൾ
– ദൈവ ദൂതർ
– പരലോകം
– ദൈവ നിശ്ചയം
ഇവയെല്ലാം, ഖണ്ഡിത രേഖകളുടെ വെളിച്ചത്തിൽ നിസ്സന്ദേഹം വിശ്വസിക്കുന്നവനാണു മുസ്‌ലിം.
എല്ലാം ഒന്നൊന്നായി, പ്രശ്ന /വിമർശന നിവാരണ സമേതം നമുക്കപഗ്രഥിക്കാം.
ദൈവം
————
പരമാണു മുതൽ പടു കൂറ്റൻ താരാപഥങ്ങളുൾക്കൊള്ളുന്ന പ്രവിശാല പ്രപഞ്ചം സമുചിത രൂപേണ സംവിധാനിച്ച സർവ്വ സമ്പൂർണ്ണനാണു ദൈവം.ദൈവത്തിനു അനിവാര്യമായ ഗുണങ്ങൾ രേഖാമൂലം വിവരിക്കാം.
ഉണ്മ
–––
രേഖകൾ:
1– പ്രപഞ്ചം സമാദിയാണ് + എല്ലാ സമാദിക്കും സൃഷ്ടാവു വേണം = പ്രപഞ്ചത്തിന് സൃഷ്ടാവു വേണം.
ഒന്നാം ഉപപാദ്യ വിവരണം :
പരിവർത്തന നിർഭരമാണു പ്രപഞ്ചം.അനാദിയായിരുന്നുവെങ്കിൽ,അതു പരിവർത്തിക്കുമായിരുന്നില്ല. കാരണം, പ്രാപഞ്ചിക പരിവർത്തനം അപ്പോൾ, മൂന്നിലൊരു രൂപത്തിലാണു സംഭവിക്കുക.
– ഓരോ ഗുണം നിലവിൽ വരും മുമ്പും ഒരു എതിർ ഗുണമെന്ന ക്രമത്തിൽ അനന്ത ശൃംഖല നിലവിൽ വരുക. ഈ രൂപത്തിൽ ഏതു ഗുണം നിലവിൽ വരുന്നതും ശൃംഖലയിലെ അനന്ത ഗുണങ്ങൾ തീർന്നു പോയ ശേഷമായിരിക്കും. എന്നാൽ അനന്തം തീർന്നു പോകുമോ! അതിനാൽ ഇതു അസാധ്യമെന്ന് വ്യക്തം.
– ഗുണ ശൃംഖല, പ്രപഞ്ചത്തിന്റെ നിർഗുണാവസ്ഥയിൽ നിന്നു പ്രയാണം തുടങ്ങുക. ഈ രൂപം അസാധ്യമെന്നതു വിവരണാശ്രിതമല്ല.
– അനാദ്യ ഗുണങ്ങൾ നിലവിലിരിക്കെ സമാദ്യ ഗുണങ്ങൾ നിലവിൽ വരുക.
ഇതും അസാധ്യം തന്നെ. എന്തു കൊണ്ടെന്നാൽ, സമാദ്യ ഗുണങ്ങൾ നിലവിൽ വന്നപ്പോൾ അനാദ്യ പ്രകൃതം പ്രപഞ്ചത്തിനു നഷ്ടപ്പെട്ടുവല്ലോ. അനാദ്യമായതൊന്നും നഷ്ടപ്പെടാൻ പറ്റില്ല.
കാരണം; അനാദി, നാലു രൂപത്തിലപ്പുറം വരില്ല.
– നിരുപാധികം, അനിവാര്യം.
– നിരുപാധികം, അനിവാര്യത്താൽ അനിവാര്യം. ഇവ രണ്ടും നശിക്കില്ലെന്ന് വ്യക്തം.
– സോപാധികം, അനിവാര്യം.
– സോപാധികം, അനിവാര്യത്താൽ അനിവാര്യം. അനാദിക്ക് സമാദ്യ ഉപാധി സാധ്യമല്ല. അനാദ്യ ഉപാധിയാവട്ടെ,നിരുപാധിക അനിവാര്യത്തിൽ കലാശിക്കാതെ, അനവരതം പുരോഗമിക്കാനും പറ്റില്ല. മുൻ വിവരണത്തിൽ നിന്നും രണ്ടാം ഉപപാദ്യ വിവരണത്തിൽ നിന്നും സുതരാം ഇതു വ്യക്തമാണ്. നിരുപാധിക അനിവാര്യ ഉപാധിയിൽ കലാശിക്കുന്ന അനാദിയും, അനിവാര്യം തന്നെ. അപ്പോൾ, അതും നശിക്കൽ അസാധ്യമത്രെ. ചുരുക്കത്തിൽ, പ്രപഞ്ചം അനാദിയായിരുന്നുവെങ്കിൽ, ഒരു വിധേനയും പരിവർത്തനമതിൽ സാധ്യമാകുമായിരുന്നില്ല.
രണ്ടാം ഉപപാദ്യ വിവരണം:
സമാദ്യ വസ്തു സ്വതേ അനിവാര്യമല്ല.അല്ലെങ്കിൽ അത് അനാദിയാകുമായിരുന്നല്ലോ. എങ്കിൽ, അതു നിലവിൽ വരാൻ മറ്റൊന്ന് വേണം. അതും അനിവാര്യമല്ലെങ്കിൽ, മൂന്നാമതൊന്നു കൂടി വേണം.ആ ശൃംഖല അനുസ്യൂതം നീണ്ടു പോകാൻ പറ്റില്ല.
ഒന്നാമത്:
അനന്ത കണ്ണികൾ തീർന്നു പോയാൽ മാത്രമേ പ്രസ്തുത ശൃംഖലയിലെ ഏതു കണ്ണിയും നിലവിൽ വരൂ.അനന്തം തീർന്നു പോകൽ അസാധ്യവും.
രണ്ടാമത്:
ശൃംഖലയിലെ കണ്ണികളെല്ലാം പരാശ്രിതമെങ്കിൽ, ശൃംഖല നിലവിലില്ലെന്ന് പറയേണ്ടി വരും.
ഉദാ:
– പൂജ്യത്തിന് അനാശ്രിത മൂല്യമില്ല. അനന്ത പൂജ്യങ്ങൾ വിഭാവനം ചെയ്താലും ഫലം പൂജ്യം തന്നെ.
എന്നാൽ: പൂജ്യം, എണ്ണൽ സംഖ്യകൾക്കു ശേഷം വരുമ്പോൾ അതിനു പരാശ്രിത മൂല്യം കൈവരുന്നു.
– ഒരാൾ അപരനെ ചാരി നിൽക്കുന്നു. അവൻ മൂന്നാമനെ, മൂന്നാമൻ നാലാമനെ..... ഈ ശൃംഖല, ചാരാതെ നിൽക്കുന്ന വ്യക്തിയിലോ ഭിത്തിയിലോ മറ്റോ അവസാനിക്കുന്നില്ലെങ്കിൽ
ആരുമിവിടെ ചാരി നിൽപ്പുണ്ടാവില്ല. പ്രത്യുത, വീണു കിടപ്പായിരിക്കും.
അപ്പോൾ,ഏതു സമാദിക്കും ഒരു അനാശ്രിത
സൃഷ്ടാവ് വേണമെന്നു കിട്ടി.
അബ്ദുൽ ജലീൽ സഅ്ദി
രണ്ടത്താണി
...............................................................
(തുടരും)
![]() |
| അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി |



No comments:
Post a Comment