മൂന്നാം ദിവസം
22 - 9-17 വെള്ളി
ഇന്ന് ജുമുഅ ദിവസം ,ശൈഖ് ജീലാനി തങ്ങളെ മസ്ജിദിൽ ജുമുഅ കൂടാനാണ് തീരുമാനം
എല്ലാവരും കുളിച്ചൊരുങ്ങി ബസിൽ കയറി ,പത്ത് മണിക്ക് പുറപ്പെട്ടു , അര മണിക്കൂറിനകം പള്ളിയിലെത്തി ,പതിവുപോലെ ചെക്കിംഗ് നടന്നു ,ഞങ്ങൾ മൊബൈൽ റൂമിൽ വെച്ച് പോന്നതാണ് ,
മഖാം പരിസരത്ത് വരുന്ന വിദേശികളെ പോക്കറ്റടിക്കുന്ന ആലിബാബമാരുണ്ട്, കള്ളന്മാർക്ക് ഇവിടെ അങ്ങിനെയാണ് പറയുന്നത് ,മഖാമിൽ വരുന്ന വിദേശികളുടെ ചെരുപ്പ് വെക്കാൻ പ്രത്യേക കുട്ടകൾ ഉണ്ട് ,അതിന് കാവൽ നിൽക്കാൻ ഖാദിമുകളുമുണ്ട്
മടങ്ങിവരുമ്പോൾ വല്ല ഹദ് യയും അവർക്ക് നൽകണം ,
മഖാമിൽ കയറി ഞങ്ങൾ യാസീൻ ഓതി ദുആ ചെയ്തു ,
ഞാൻ സ്വകാര്യമായി മഖാമിന്റെ ഖാദിം ശൈഖ് അബ്ദുറഹ്മാൻ ബഗ്ദാദിയെ കണ്ടു ,ഒരു ഹദ് യ നൽകി ,
കണ്ടാൽ ആർക്കും ആദരവ് തോന്നുന്ന വെളിച്ചമുള്ള മുഖം.
ഞാൻ അദ്ധേഹത്തോട് എനിക്ക് വേണ്ടി ദുആ ചെയ്യാൻ പറഞ്ഞു ,എനിക്ക് ഇനി ഇവിടെ വരാൻ പറ്റുമോ എന്നറിയില്ല ,നിങ്ങൾ എന്നും ഇവിടെയല്ലേ ,നിങ്ങളുടെ ദുആയിൽ എന്നെ ചേർക്കണേ !
അദ്ധേഹം എന്റെ കരം ഗ്രഹിച്ച് കുറേ ദുആ ചെയ്തു ,സന്തോഷത്താൽ അല്ലാഹു നമ്മെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ എന്ന് ഞാനും പ്രാർത്ഥിച്ചു.
അതോടെ അദ്ധേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു ,ഞാനും കരഞ്ഞു പോയി ,പിന്നെ ഞങ്ങൾ ഗാഢമായി ദീർഘനേരം ചുംബിച്ചു ,മറക്കാൻ പറ്റാത്ത സ്നേഹ സമ്മാനം.
ജുമുഅ നിസ്കാരത്തിന് ഞങ്ങൾ പള്ളിയിൽ കയറി,
മഖാമിന്റെ തൊട്ട് ചേർന്നാണ് പള്ളി
ഇന്ന് മുഹറം ഒന്ന് ,ഹിജ്റ വർഷാരംഭം ,പള്ളിയിൽ ഞങ്ങൾ മുമ്പിലെ സ്വഫുകളിൽ സ്ഥാനം പിടിച്ചു ,
പള്ളിയിൽ നിസ്കാരങ്ങൾക്ക് മുമ്പ് ഖിറാഅത്ത് നടക്കും ,മുഅദിൻ മൈക്കിലാണ് ഓതുന്നത്
ആളുകൾ ശ്രദ്ധിച്ച് കേൾക്കുന്നുണ്ട്
പലരും സ്വന്തമായി ഓതുന്നുമുണ്ട് ,ഞാൻ സൂറതുൽ കഹ്ഫ് ഓതി
ജുമുഅ നേരത്ത് ഇമാം ശൈഖ് അനസും മകനും അംഗരക്ഷകരുടെ അകമ്പടിയോടെ പള്ളിയിലെത്തി ,അവർ തഹിയ്യത്ത് നിസ്കരിച്ചു ,അൽപം കഴിഞ്ഞ് ബാങ്ക് വിളിച്ചു ,പ്രായമുള്ള മുഅ ദിനാണ് ഒന്നാം ബാങ്ക് വിളിച്ചത്
എല്ലാവരും 4 റക്അത്ത് സുന്നത്ത് നിസ്കരിച്ചു
ശേഷം മറ്റൊരു മുഅദിൻ രണ്ടാം ബാങ്ക് വിളിച്ചു ,മഖാമിന്റെ ഖാദിം ശൈഖ് അബ്ദുറഹ്മാന്റെ സഹോദരനാണിത് ,പിന്നെ
ഖത്തീബ് മിമ്പറിൽ കയറി ഖുതുബ തുടങ്ങി ,
ഇവിടെയുള്ള മിമ്പറിന് പത്ത് പടികളെങ്കിലുമുണ്ട് ,
ലൈവ് ടെലികാസ്റ്റിംഗ് സംവിധാനങ്ങളൊക്കെയുണ്ട് .
ഹിജ്റയെക്കുറിച്ചാണ് ഒന്നാം ഖു തുബ.
റബീഉൽ അവ്വലിലാണ് നബിയുടെ ഹിജ്റ ,പക്ഷേ ഇസ് ലാമിന് സ്വന്തമായി ഒരു കലണ്ടർ രൂപപ്പെടുത്തൽ ആവശ്യമായ ഘട്ടത്തിൽ ഉമർ (റ) ആണ് ചരിത്ര പ്രാധാന്യമുള്ള സംഭവം എന്ന നിലക്ക് ഹിജ്‌റ എന്ന പേരിൽ കലണ്ടർ രൂപപ്പെടുത്തിയത്.
മാസങ്ങൾ മുമ്പേ ഉള്ളതും അതിൽ ഒന്നാം മാസം മുഹറവുമായിരിന്നു അതിൽ മാറ്റം വരുത്തിയതുമില്ല.
രണ്ടാം ഖുതുബയിൽ ഹുസൈൻ(റ)നെ കുറിച്ചാണ് പറഞ്ഞത്
ഇറാഖിലെ ശിയാക്കൾ മുഹറം മാസത്തിൽ കാണിക്കുന്ന അനാചാരങ്ങളെ എതിർക്കുമ്പോൾ തന്നെ നാം തിരുനബിയുടെ പേരമകനെ ആദരിക്കേണ്ടതാണെന്നും ഊന്നിപ്പറഞ്ഞു.
അവസാനം കുർദുകൾ നമ്മുടെ നാട്ടുകാരാണെന്നും അവരെ പുറത്താക്കുന്ന നടപടി സർക്കാർ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
ശേഷം നിസ്കാരം തുടങ്ങി
ഈ പള്ളിയിലും ഇറാഖിൽ മൊത്തത്തിലും ഹനഫീ മദ്ഹബാണ് പിന്തുടരുന്നത്
അതിനാൽ ബിസ്മി പതുക്കെയാണ് ഓതുന്നത്.
നിസ്കാരം വേഗം തീർന്നു
വെറും 4 മിനുട്ട്
ഖുതുബ 45 മിനുട്ടായിരുന്നു
മാത്രമല്ല സൂറതുൽ അസ്ർ ,കാഫിറൂൻ എന്നിവയാണ് നിസ്കാരത്തിൽ ഓതിയത്.
നിസ്കാരം കഴിഞ്ഞ് ഞങ്ങൾ ഇമാമിനെ മുസാഫഹത് ചെയ്തു
അദ്ധേഹം മുമ്പ് മർകസിൽ വന്നതാണ് ,അതിനാൽ ഞങ്ങളോട് വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത് .
ഞങ്ങൾ റൂമിലേക്ക് മടങ്ങി ,ഭക്ഷണവും വിശ്രമവും കഴിഞ്ഞ് വീണ്ടും ജീലാനീ തങ്ങളുടെ മഖാമിലേക്ക് തന്നെ പോവാനായി ഇറങ്ങി.
ഇന്നലെ സയ്യിദ് മൂസൽ കാളിം (റ)ന്റെ മഖാമിൽ പോവാത്തതിനാൽ ഞങ്ങൾക്ക് ഒരു ടാക്സി വിളിച്ച് അവിടെ പോവാൻ ആഗ്രഹം തോന്നി ,മാത്രമല്ല മഹാനായ ബി ശ് റുൽ ഹാഫി (റ) എന്നിവരുടെ അടുത്തും സമയക്കുറവ് മൂലം പോയിരുന്നില്ല .
ഡ്രൈവറോട് പറഞ്ഞപ്പോൾ വീണ്ടും അഅളമിയ്യയിൽ പോവാൻ അയാൾ തയ്യാറായി.
മൂസൽ കാളിമിന്റെ (റ) അടുത്ത് പോവുന്നത് പ്രയാസമായതിനാൽ നടന്നില്ല.
ഞങ്ങളുടെ ബസ് അഅളമിയയിലേക്ക് പുറപ്പെട്ടു
ഹിജ്റ സമ്മേളനം നടക്കുന്നതിനാൽ അവിടെ വൻ പട്ടാളവ്യൂഹം തന്നെയുണ്ട് ,വാഹനങ്ങൾ കടത്തി വിടുന്നുമില്ല
പക്ഷേ ഡ്രൈവർ നേരത്തെ വിളിച്ച് പ്രത്യേക അനുവാദം വാങ്ങിയതിനാൽ ഞങ്ങളുടെ വാഹനം കടത്തി വിട്ടു ,ഇമാം അബൂഹനീഫ (റ) മസ്ജിദിന് പിറകിലെ പൊതു ഖബറിസ്ഥാനിലാണ് അബൂബക്കർ ശിബ് ലി (റ)ന്റെ ഖബർ ,പ്രത്യേകം ഖുബ്ബയുടെ താഴെയാണ് ഖബർ.
ഞങ്ങൾ ബസിറങ്ങിയ ഉടൻ ആ മഖാമിന്റെ ഖാദിം ചാവിയുമായി ഞങ്ങളുടെ കൂടെ വന്നു
ഖബറിസ്ഥാനിലേക്കുള്ള ഗൈറ്റ് തുറന്ന് മുമ്പിൽ നടന്നു.
ഇതൊരു അത്ഭുതം തന്നെ
ജീലാനി തങ്ങളുടെ ശൈഖുമാരിൽ പെട്ടവരാണ് അബൂബക്കർ ശിബ് ലി ,ഇന്നലെ അബൂ ഹനീഫ ഇമാമിന്റെ അടുത്ത് വന്നിട്ടും ഇവിടെ വന്നിരുന്നില്ല.
ഇവിടേക്ക് ഞങ്ങളെ ക്ഷണിച്ച് വരുത്തിയ പോലെ!
സിയാറത്ത് കഴിഞ്ഞപ്പോൾ മഖാം സേവകൻ ഒരു ശാൾ എടുത്ത് മാടവന ഉസ്താദിനെ അണിയിച്ചു.
ഇത് ഈ ശൈഖിന്റെ ഹദ് യ ആണെന്നും പറഞ്ഞു,
ഞങ്ങൾ പുറത്തിറങ്ങി
കുറേ കുട്ടികൾ ഞങ്ങളെ പൊതിഞ്ഞു
ബിശ്റു ൽ ഹാഫി (റ)ന്റെ മഖാമിലേക്ക് വഴികാണിക്കാൻ അവർ മത്സരിച്ചു.
വളരെ ഇടുങ്ങിയ വഴി,
രണ്ട് സൈഡിലും ചെറിയ കൂരകൾ
അതിൽ താമസിക്കുന്ന പാവങ്ങളാണവർ ,സിയാറത്തിന് വരുന്നവർ നൽകുന്ന ഹദ് യക ളാണ് അവരുടെ പ്രതീക്ഷ .
ഞാൻ അതിലൊരു കുട്ടിയെ പരിചയപ്പെട്ടു ,പേര് അലാഉ
അവൻ മിസ്കീനാണെന്നും മാമ രോഗിയാണെന്നും പറഞ്ഞു ,ഞാൻ അവന് കുറച്ച് കാശ് നൽകി
ശേഷം ഞങ്ങൾ ബിശ്റു ൽ ഹാഫി (റ) മഖാമിലെത്തി
ഒരു പള്ളിയോട് ചേർന്നാണ് മഹാന്റെ ഖബർ.
സിയാറത്ത് കഴിഞ്ഞ് വീണ്ടും അബൂ ഹനീഫ ഇമാമിന്റെ മഖാമിലേക്ക് പോയി
സിയാറത്ത് നടത്തി ,ഇറാഖിലെ സുന്നികളുടെ ആസ്ഥാനമാണ് അബൂ ഹനീഫ ഇമാമിന്റെ മസ്ജിദ് ,അവിടെ പള്ളിയോട് ചേർന്ന ഹാളിൽ ഹിജ്‌റ സമ്മേളനം നടക്കുന്നുണ്ട് ,ഞാൻ അവിടെ എത്തിനോക്കി,
വേഗം ബസിൽ തിരിച്ചെത്തി
ബസ് പുറപ്പെട്ടപ്പോൾ യാത്രയാക്കാൻ എന്ന വിധം നേരത്തെ ഞാൻ പരിചയപ്പെട്ട അലാഉ മോനും വന്നിരുന്നു
പുറത്ത് നിന്ന് അവൻ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു ,
ബഗ്ദാദിനോട് വിട പറയും മുമ്പ് ഒന്ന് കൂടി ജീലാനീ തങ്ങളുടെ മഖാമിലേക്ക് പുറപ്പെട്ടു.
മഖാമിലെത്തി
പരിസരത്തുള്ള കടകളിൽ നിന്ന് ഞാൻ 25 ഡോളർ കൊടുത്ത് 20 തസ്ബീഹ് മാലകൾ വാങ്ങി
ശേഷം അതുമായി മഖാമിൽ കയറി ,ജീലാനീ തവസ്സുൽ ബൈത്ത് ചൊല്ലി ദുആ ചെയ്തു ,സലാം ചൊല്ലി ,ശേഷം തസ്ബീഹ് മാലകൾ മഖാമിന്റെ
ഖാദിമിന്റെ കൈയിൽ വെച്ച് മന്ത്രിപ്പിച്ചു,
പുറത്ത് വന്ന് പള്ളിയിൽ നിന്ന് ഞങ്ങൾ ഖുതുബിയ്യത്ത് ചൊല്ലി,
ചില നാട്ടുകാരും അതിൽ പങ്കെട്ടുത്തു
അതിനിടെ മഖാം ഖാദിം മധുരപ്പലഹാരങ്ങൾ നിറച്ച പെട്ടി തബറുകായി കൊണ്ട് വന്നു ,എല്ലാവരും അത് സ്വീകരിച്ചു ,ശേഷം ഞങ്ങൾ ബസിൽ കയറി ,കൂട്ടത്തിലൊരാൾ സാധനങ്ങൾ മറന്നതെടുക്കാൻ വീണ്ടും മഖാമിൽ പോയി
ആ സമയം ഞങ്ങൾ മുഹ്യദ്ധീൻ മാല ചൊല്ലി
നഷ്ടപ്പെട്ട സാധനങ്ങൾ കിട്ടാതെ തിരയാൻ പോയയാൾ നിരാശയോടെ മടങ്ങി ,മുഹ്യദ്ധീൻ മാല ചൊല്ലി കഴിഞ്ഞപ്പോൾ ബസിൽ നിന്ന് തന്നെ ആ സാധനങ്ങൾ തിരിച്ച് കിട്ടി ,മഖാമിന്റെ നീല ഖുബ്ബ നോക്കി മാല ചൊല്ലാനുള്ള നിമിത്തമായിരുന്നു അത്
ഞങ്ങൾ റൂമിലെത്തി
ഇനി നാളെ നജഫിലേക്ക്
.....
#shihabvavur

No comments:
Post a Comment