ഹാഫിള് ശിഹാബുദ്ദീൻ സഖാഫി അൽ അസ്ഹരി വാവൂർ
ഒന്നാം ദിവസം
2017 സെപ്തംബർ 19 ന് രാത്രി ഖുർആൻ ചരിത്ര ഭൂമികളിലേക്കുള്ള യാത്രക്ക് വേണ്ടി ഞാൻ പുറപ്പെട്ടു
യാത്രയുടെ നിസ്കാരവും പ്രാർത്ഥനയും നിർവ്വഹിച്ച് കൂട്ടുകാരോടൊപ്പം നെടുമ്പാശ്ശേരി എയർപോട്ടിലെത്തി ,സമയം രാത്രി 11
അമീർ പി എസ് കെ മൊയ്തു ബാഖവിയുടെ നേതൃത്വത്തിൽ 48 പേരുടെ സംഘം അവിടെ എത്തിയിട്ടുണ്ട്
എല്ലാവരും എത്തിയ ശേഷം പാസ്പോർട്ട് വിതരണം ചെയ്തു
കൗണ്ടറിലേക്ക് നീങ്ങി ,ബോഡിംഗ് പാസ് കൈപറ്റി ,ലഗേജുകൾ കയറ്റിയ ശേഷം എക്സ്ചേഞ്ചിൽ നിന്ന് ഡോളറാക്കി പണം മാറ്റി
പിന്നെ കാത്തിരിപ്പ്
പുലർച്ചെ 4:15 ന് എയർ അറേബ്യയുടെ ശാർജയിലേക്കുള്ള വിമാനത്തിൽ കയറി
8:05 ന് ശാർജ ഇന്റർ നാഷണൽ എയർപോട്ടിലെത്തി
സുബഹിയുടെ നേരത്ത് വിമാനത്തിൽ നിന്ന് നിസ്കരിച്ചെങ്കിലും ശാർജയിൽ നിന്ന് വീണ്ടും മടക്കി നിസ്കരിച്ചു ,വിമാനത്തിലെ നിസ്കാരത്തിൽ ഖിബ് ല കൃത്യമായി കിട്ടില്ലലോ !
വിമാനത്തിൽ നിന്ന് ചിക്കൻ സാൻഡ് വിച്ചും ചായയും ലഭിച്ചിരുന്നു
നിസ്കാരം കഴിഞ്ഞ് അമീർ നിർദ്ദേശങ്ങൾ തന്നു
പാണാവള്ളി അബ്ദുല്ല ദാരിമി
يا غوث الأعظم دستكير افتح المفاتيح 4312
ഈ ദിക്റ് ചൊല്ലാൻ പറഞ്ഞു
അതിനിടെ സഊദികളായ രണ്ട് വിദ്യാർത്ഥികളെ പരിചയപ്പെട്ടു
എഞ്ചിനീയർ സലാം ,ഡോക്ടർ ഖാലിദും ,കേരളത്തെക്കുറിച്ചും മർകസിനെ കുറിച്ചും അവരോട് സംസാരിച്ചു ,നമ്പർ കൈമാറി
പത്ത് മണിക്ക് എയർ അറേബ്യയുടെ തന്നെ G 9368 വിമാനത്തിൽ ബഗ്ദാദിലേക്ക് പുറപ്പെട്ടു
ഒരേ കമ്പനിയുടെ വിമാനങ്ങൾ മാറിക്കയറിയതിനാൽ ലഗേജുകൾ അധികൃതർ തന്നെ മാറ്റിക്കയറ്റിയിരുന്നു
വിമാനത്തിൽ നിന്ന് ഉച്ചക്ക് ചിക്കൻ ബിരിയാണി കിട്ടി,
രണ്ട് മണിക്കൂർ പിന്നിട്ട് ബഗ്ദാദ് ഇന്റർ നാഷണൽ എയർപോർട്ടിലിറങ്ങി,
വളരെ സൗകര്യം കുറഞ്ഞ എയർപോർട്ടായി എനിക്ക് തോന്നി
പക്ഷേ സദ്ധാമിന്റെ കാലത്ത് നടന്ന പുരോഗമനങ്ങൾക്ക് ശേഷം പിന്നെ കാര്യമായ വികസനങ്ങൾ വരാത്തതും പതിറ്റാണ്ടുകളുടെ പഴക്കമുള്ള താണീ എയർപോർട്ട് എന്നും പിന്നെ മനസ്സിലായി ,
48 ആളുകളുടെയും പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തു
ലഗേജുകൾ കൈപറ്റിയ ശേഷം കാത്തിരുന്നു ,ഗൈഡ് വന്ന് ഞങ്ങൾക്ക് ഹോട്ടലിലേക്ക് ബസ് ഏർപ്പാടാക്കി
ഞങ്ങളുടെ ബസ് ഇറാഖ് നഗരത്തിലൂടെ നീങ്ങി
എല്ലായിടത്തും പട്ടാളക്കാർ ഉണ്ട്,
റോഡുകൾ മികച്ചതെന്ന് പറയാൻ പറ്റില്ല ,പൊളിഞ്ഞതും തിരക്കേറിയതുമാണ് ,പലയിടത്തും സിഗ്നലുകൾ പ്രവർത്തന രഹിതമായതിനാൽ 45 ഡിഗ്രി ചൂടിലും ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാർ ആയാസപ്പെടുന്നത് കണ്ടു,
പാവങ്ങൾ റോഡിൽ പലേടത്തും യാചനക്കിരിക്കുന്നുണ്ട്
ചില്ലറ സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാർ വാഹനങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട്
ഉച്ചക്ക് 1.30 ന് ഞങ്ങൾ ഹോട്ടലിലെത്തി ,ഖസ്റു സിൻദ് ബാദ് എന്ന വലിയ ഹോട്ടൽ,
3 ആളുകൾക്ക് ഒരു റൂമാണ്
ബാത്ത് റൂം ,ഉൾപ്പടെ എല്ലാ സൗകര്യങ്ങളുമുണ്ട് ,റൂം തുറക്കുന്നത് സെൻസർ ഉള്ള ചാവി കൊണ്ടാണ് ,എ റ്റി എം കാർഡ് പോലെയുള്ള ചാവി ഡോർ ലോക്കിൽ പതിച്ചാൽ റൂം തുറന്നു ,ചാവി ശേഷം ഒരു പ്രത്യേക പോയന്റിൽ വെക്കണം എങ്കിലേ ലൈറ്റുകൾ ഓണാവൂ
റൂമിൽ നിന്നിറങ്ങുമ്പോൾ ചാവി എടുത്താൽ തന്നെ എല്ലാം ഓഫാകും ,
റൂമിലെത്തി കുളി കഴിഞ്ഞു ,നിസ്കാരം ജംഉം ഖസ്റുമാക്കി ,ഭക്ഷണ ഹാളിലെത്തി ,ബൊഫെ സിസ്റ്റമാണ് ,
നീണ്ട അരിയുടെ ചോറും ഖുബൂസും ഒലീവും ചിക്കനും പഴങ്ങളും ചായയും എല്ലാമുണ്ട്, ആവശ്യത്തിന് ഉപയോഗിക്കാം
വൈകുന്നേരം 5 മണിക്ക് ഖുതുബുൽ അഖ്താബിന്റെ ചാരത്തേക്ക് ബസിൽ പുറപ്പെട്ടു
എസിയും മൈക്കും എല്ലാം സംവിധാനിച്ച ആധുനിക ബസിൽ ഞങ്ങൾ യാത്ര തുടങ്ങി
അരമണിക്കൂർ യാത്ര പിന്നിട്ടപ്പോൾ തന്നെ
ദൂരെ നിന്ന് തന്നെ ഗൗസുൽ അഅളമിന്റെ മഖാമിനു മുകളിലെ നീല ഖുബ്ബ കണ്ടു ,
ഞങ്ങൾ മഖാമിന്റെ ഗെയ്റ്റിലെത്തി ,പോലീസ് പരിശോധന നടത്തി ,കാമറ ,മൊബൈൽ ,ടാബ് എല്ലാം കൗണ്ടറിൽ വാങ്ങി വെച്ചു ,
വിദേശികളെ പോക്കറ്റടിക്കുന്ന ആലി ബാബമാർ വില പിടിപ്പുള്ളത് മോഷണം നടത്തരുതല്ലോ!
ഏക്കറുകൾ പരന്ന് കിടക്കുന്ന പള്ളി പരിസരം , കയറി വരുമ്പോൾ ആദ്യം കാണുന്നത് ജീലാനീ തങ്ങളുടെ രണ്ട് മക്കളായ ശൈഖ് അബ്ദുൽ ജബാർ ,ശൈഖ് മുഹമ്മദ് സ്വാലിഹ് (റ) എന്നിവരുടെ മസാറുകളാണ്
ഞങ്ങൾ ചെരുപ്പുകൾ കുട്ടയിൽ വെച്ചു ,അകത്തേക്ക് കയറി
മാശാ അല്ലാഹ് എത്ര മനോഹരമായ ഇടം !
വെള്ളി നിറത്തിൽ ഉയർത്തി ക്കെട്ടിയ സുന്ദരമായ മഖ്ബറ
അതുല്യമായ വാസ്തു ശിൽപ്പകലയിൽ ഉയർന്നു നിൽക്കുന്ന ഖുബ്ബ,
ഖുബ്ബയെ പ്രഭാപൂരിതമാക്കുന്ന പളുങ്ക് കൊട്ടാരത്ത വെല്ലുന്ന അലങ്കാരങ്ങൾ ,ആ മഖാമിൽ കയറിയതോടെ മനം നിറഞ്ഞു
യാത്ര സഫലമായി,
കുഞ്ഞു നാൾ മുതലേ മാലയിലും മൗലിദിലും കേട്ട മുഹ്യദ്ധീൻ ശൈഖിന്റെ മുമ്പിലാണ് ഞാൻ!
ഇവിടെ എത്തുമെന്ന് ഞാൻ നിനച്ചതല്ല ,അല്ലാഹുവേ നിനക്ക് സ്തുതി.
ആദ്യം ഞാൻ സലാം പറഞ്ഞു
പിന്നെ ഉപ്പയുടെയും ഉമ്മയുടെയും മറ്റ് സലാം പറയാൻ ഏൽപ്പിച്ച എല്ലാവരുടേയും സലാം പറഞ്ഞു
ശേഷം എല്ലാവരും കൂട്ടമായി യാസീൻ ഓതി ദുആ നടത്തി
പിന്നെ ഞാൻ എന്റെ സങ്കടം ഒറ്റക്ക് പറഞ്ഞു കരഞ്ഞു
പിന്നെയും ഞാൻ ആ ഹള്റത്തിൽ ലയിച്ചു നിന്നു,
തുടർന്ന് മഖാമിന്റെ പുറത്ത് പള്ളിയിലിരുന്നു, മുഹ്‌യദ്ദീൻ മാല ചൊല്ലിത്തീർത്തു, ശേഷം ഖുത്ബിയ്യത്ത് ബൈത്തും ചൊല്ലി ,എല്ലാവരും ഒന്നിച്ചിരുന്ന് ജലാലിയ്യ റാതീബും ചൊല്ലി വീണ്ടും ദുആ ചെയ്തു
അന്ന് മഗ് രിബും ഇശാഉം മഖാമിന്റെ തൊട്ട് ചേർന്നുള്ള പള്ളിയിലാണ് നിസ്കരിച്ചത്
മഗ്രിബിന് ഇമാം നിന്നത് അന്ധനായ ഒരു പണ്ഡിതനാണ്
ഞാൻ നിസ്കാര ശേഷം അദ്ധേ ഹത്തെ കണ്ട് ദുആ വസിയ്യത്ത് ചെയ്തു
ഇശാഇന് ചീഫ് ഇമാമിന്റെ മകനാണ് ഇമാം നിന്നത്
വളരെ വലിയ മനുഷ്യനും ഗാംഭീര്യം സ്ഫുരിക്കുന്ന പണ്ഡിതനുമാണദ്ധേഹം
അദ്ധേഹത്തോടും സലാം പറഞ്ഞു ,ദുആ വസിയ്യത്ത് നടത്തി
ശേഷം ജീലാനി തങ്ങളുടെ രണ്ട് മക്കളുടെ മഖ്ബറകളിലും സിയാറത്ത് നടത്തിയാണ്
ഞങ്ങൾ അന്ന് മഖാമിൽ നിന്ന് പിരിഞ്ഞത്
ഇനി നാളെ !
#shihabvavur
![]() |
| ഹാഫിള് ശിഹാബുദ്ദീൻ സഖാഫി വാവൂർ |



No comments:
Post a Comment