Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, June 14, 2018

ഫിത്വ്‌ർ സക്കാത്ത്‌ മസ്‌അലകൾ

ഫിത്ര്‍ സകാത്ത് നിബന്ധനകള്‍ ,

1.മുസ്ലിമാവല്‍ .

2.റമളാന്‍ അവസാന ദിവസം സൂര്യനസ്തമിക്കല്‍ .

3.കഴിവുള്ളവനാവല്‍ .

4.സ്വതന്ത്രനാവല്‍
.....................................................
ചോദ്യം:

ഫിത്ര്‍ സകാത്ത് ആര്‍ക്ക് വേണ്ടിയാണ് നല്‍കേണ്ടത്

ഉത്തരം:

1. സ്വശരീരത്തിന് .

2. ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് .
................................................
ചോദ്യം:

ഫിത്ര്‍ സകാത്ത് എന്താണ് നല്‍കേണ്ടത്?

ഉത്തരം:
നല്‍കുന്നവന്റെ നാട്ടിലെ
മുഖ്യ ആഹാരവസ്തു.
പാചകം ചെയ്തതും. പണവും സ്വീകാര്യമല്ല.
................................................

ഫിത്ര്‍ സകാത്ത് ആര്‍ക്ക് കൊടുക്കണം ?

1.ഫഖീര്‍ (തീരെ സ്വത്തില്ലാത്തവന്‍ )

2.മിസ്കീന്‍ (സ്വത്തുണ്ട് തികയില്ല )

3.സകാത്ത് ജീവനക്കാരന്‍

4.പുതു വിശ്വാസികള്‍

5.മോചനപത്രം എഴുതപ്പെട്ടവന്‍

6.കടക്കാരന്‍ 7.യോദ്ധാവ്

8.യാത്രക്കാരന്‍
..........................................................
ഫിത്ര്‍ സകാത്ത് ഒരു വ്യക്തിക്ക്  എത്ര കൊടുക്കണം ?

ഒരു സ്വാഹ് = 4 മുദ്ദ്‌

ഒരു സ്വാഹ് = 3.200 ലിറ്റര്‍

ഒരു സ്വാഹ് = 2.600കിലോഗ്രാം
.....................................

ചോദ്യം:
ഫിത്വ്‌ർ സകാത്തും സകാത്തും കടം കഴിച്ചാണോ കൊടുക്കേണ്ടത്‌? കടം ഉള്ളപ്പോൾ കൊടുക്കേണ്ടതുണ്ടോ?

ഉത്തരം:
മുതലിന്റെ സകാത്ത്‌ നിർബന്ധമാകുന്നയാൾ കടക്കാരനാണെങ്കിലും ബാധ്യത ഒഴിവാകുകയില്ല. ഫിത്വ്‌ർ സകാത്ത്‌ പെരുന്നാൾ രാത്രിയിലെയും പകലിലെയും തന്റെയും ബാധ്യതപ്പെട്ടവരുടെയും ചെലവുകളാദിയും തന്റെ കടവും കഴിച്ചു മിച്ചമുണ്ടെങ്കിലേ നിർബന്ധമാകുകയുള്ളൂ. ഫത്‌ഹുൽ മുഈൻ പേ: 172,173.

ചോദ്യം:
വീട്ടിൽ വച്ചു ഫിത്വ്‌ർ സകാത്തിനുള്ള അരി അളന്നുവച്ച്‌ അതിൽ നിന്നു ചെറിയ കുട്ടികളുടെ കൈവശം അവകാശികളിലേക്കു കൊടുത്തയക്കാറുണ്ടല്ലോ. ഈ കുട്ടി ആരുടെ റോളിലാണു നിലകൊള്ളുന്നത്‌? വക്കീലാണോ? അതോ മറ്റേതെങ്കിലും പേരിലോ?

ഉത്തരം:
ഫിത്വ്‌ർ സകാത്ത്‌ അവകാശികൾക്ക്‌ നൽകുന്നതിന്‌ കുട്ടികളെ ഏൽപ്പിക്കാവുന്നതാണ്‌. അപ്പോൾ അവർ വകീലുകൾ തന്നെയാണ്‌. പക്ഷേ, കുട്ടികളെ നിരുപാധികം വക്കീലാക്കാൻ പറ്റുകയില്ല. കൊടുക്കേണ്ട അവകാശിയെ നിർണ്ണയിച്ചു കൊടുത്ത്‌ ആ നിർണ്ണിത അവകാശിക്ക്‌ കൊടുക്കാൻ വ്വേണ്ടി മാത്രമേ ഏൽപിക്കാവൂ. സകാത്തിന്റെ നിയ്യത്ത്‌ ഉടമ തന്നെ നിർവ്വഹിക്കുകയും വേണം. നിയ്യത്തും ഈ കുട്ടിയെ ഏൽപിച്ച്‌ അവനെ സ്വതന്ത്ര വക്കീലാക്കാവതല്ല. ശർഹുബാഫള്‌ൽ: 2-155, ഫത്‌ഹുൽ മുഈൻ പേ: 117.

ചോദ്യം:
ഗൾഫിലുള്ള എന്റെ ഭർത്താവ്‌ എന്റെയും കുട്ടികളുടെയും ഫിത്‌റു സകത്തിനുള്ളത്‌ അയച്ചു തന്നില്ലെങ്കിൽ ഞാൻ കൊടുക്കേണ്ടതുണ്ടോ? ഇനി എങ്ങനെയെങ്കിലും ഞാൻ കടം മേടിച്ച്‌ എന്റെ ഫിത്‌റു സകാത്തു യഥാസമയം കൊടുത്താൽ കടമ വീടുമോ? ഭർത്താവ്‌ അയച്ചുതന്ന ശേഷം വീണ്ടും കൊടുക്കേണ്ടി വരുമോ?

ഉത്തരം:
ഭർത്താവ്‌ ഏൽപ്പിക്കുയോ അയക്കുകയോ ചെയ്യാതെ നിങ്ങൾ കൊടുക്കേണ്ടതില്ല. പ്രായപൂർത്തിയുള്ള നിങ്ങൾ നിങ്ങളുടേത്‌ എങ്ങനെയെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ അതോടെ കടമവീടും. ഇനി വീണ്ടും കൊടുക്കേണ്ടി വരില്ല. തുഹ്ഫ: 3-310,317.

ചോദ്യം:
ഫിത്വ്‌ർ സകാത്ത്‌, നോമ്പിന്റെ ഫിദ്‌യ മുതലായവ കൊടുക്കുമ്പോൾ അതു വാങ്ങുന്നയാളെ അറിയിച്ചു കൊടുക്കേണ്ടതുണ്ടോ? കൊടുക്കുന്നയാൾ തന്നെ മനസ്സിൽ കരുതിയാൽ മതിയോ?

ഉത്തരം:
കൊടുക്കുന്നയാളെ അറീക്കണമെന്നില്ല. നിയ്യത്തു നിർബന്ധമാകുന്ന ദാനങ്ങൾക്ക്‌ മനസ്സിൽ കരുതിയാൽ മതിയാകും. അതാണു നിയ്യത്തും. (തുഹ്ഫ: 3-346 നോക്കുക).

ചോദ്യം:
ഫിത്‌ർ സകാത്തായി അരിപ്പൊടിയോ അരിയുടെ വിലയോ കൊടുക്കാൻ പറ്റുമോ?

ഉത്തരം:
നാട്ടിലെ മികച്ച ഭക്ഷ്യധാന്യം ധാന്യമായി തന്നെ ഫിത്‌ർ സകാത്ത്‌ നൽകണം. അതിന്റെ വിലയോ പൊടിയോ മതിയാവുന്നതല്ല. തുഹ്ഫ: 3-324, 325.

ചോദ്യം:
ഒരാളുടെ ഫിത്വ്‌ർ സകാത്ത്‌ ചുരുങ്ങിയതു മൂന്നാൾക്കെങ്കിലും വിതരണം ചെയ്യണമെന്നു പറഞ്ഞു കേൾക്കുന്നു. ഇതു ശരിയാണോ?

ഉത്തരം:
ശരിയാണ്‌. ഫിത്വ്‌ർ സകാത്തും ഇതര സകാത്ത്‌ പോലെ അവകാശികളിലെ എല്ലാ ഗണക്കാർക്കും ചുരുങ്ങിയത്‌ മൂന്നു പേർക്കു വീതമെങ്കിലും കൊടുക്കണമെന്നാണു നിയമം. എന്നാൽ ഫുഖറാഅ്, മിസ്‌കീൻ പോലുള്ള ഒരു വിഭാഗത്തിൽ നിന്നു മാത്രം മൂന്നുപേർക്കെങ്കിലും കൊടുത്താലും മതിയാകുമെന്നു നമ്മുടെ മദ്‌ഹബിൽ ഒരു വിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇതനുസരിച്ച്‌ ഒരാൾ നൽകുന്ന ഫിത്വ്‌ർ സകാത്ത്‌ മൂന്നു പേർക്കെങ്കിലും നൽകണം. അതേസമയം, ഒരാൾക്കു മാത്രം നൽകിയാലും മതിയാകുമെന്നു മറ്റൊരു കൂട്ടം പണ്ഡിതർക്ക്‌ അഭിപ്രായമുണ്ട്‌. (ഫത്‌ഹുൽ മുഈൻ തർശ്ശീഹ്‌ സഹിതം പേജ്‌:154).

ചോദ്യം:
പത്തോ പതിനഞ്ചോ മൈൽ ദൂരമുള്ള ഒരു മഹല്ലിൽ ജോലി ചെയ്യുന്ന ഇമാം, മുഅദ്ദിൻ തുടങ്ങിയവർ അവരുടെ ഫിത്വ്‌ർ സകാത്ത്‌ ജോലി ചെയ്യുന്ന സ്ഥലത്ത്‌ തന്നെ കൊടുക്കണമോ? സ്വന്തം  നാട്ടിൽ കൊടുത്താൽ മതിയാകുമോ?

ഉത്തരം:
പെരുന്നാൾ രാവിന്റെ പ്രാരംഭമായ അസ്തമയ വേളയിൽ ഒരാൾ എവിടെയാണോ അന്നാട്ടിലാണ്‌ അയാളുടെ ഫിത്വ്‌ർ സകാത്തു കൊടുക്കേണ്ടത്‌. അതിനാൽ  ചോദ്യത്തിൽ പറഞ്ഞവർ തത്സമയം ജോലിയുള്ള നാട്ടിലാണെങ്കിൽ അവിടെ തന്നെ കൊടുക്കണം. കുടുംബം താമസിക്കുന്ന ദേശത്തു കൊടുത്താൽ മതിയാവുകയില്ല (ഫത്‌ഹുൽ മുഈൻ).

☆☆☆☆☆☆☆☆☆☆☆☆☆☆

No comments: