1. നോമ്പ്
വളരേ പ്രധാനപ്പെട്ട പത്ത് ദിനരാത്രങ്ങളാണ് ദുൽഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങൾ അതിലെ ഒമ്പത് ദിവസവും നോമ്പനുഷ്ഠിക്കൽ പുണ്യമേറിയ സുന്നത്താണ്
وَعَنْ هُنَيْدَةَ بْنِ خَالِدٍ رَضِيَ اللهُ عَنْهُ عَنِ امْرَأَتِهِ ، عَنْ بَعْضِ أَزْوَاجِ النَّبِيِّ ﷺ قَالَتْ : كَانَ رَسُولُ اللهِ ﷺ يَصُومُ تِسْعَ ذِي الْحِجَّةِ وَيَوْمَ عَاشُورَاءَ ، وَثَلَاثَةَ أَيَّامٍ مِنْ كُلِّ شَهْرٍ ؛ أَوَّلَ اثْنَيْنِ مِنَ الشَّهْرِ وَالْخَمِيسَ( رواه أبو داود)
ഹുനൈദ ബ്ൻ ഖാലിദ് (റ) അവിടുത്തെ ഭാര്യയിൽ നിന്നും അവിടുന്ന് തിരു നബി ﷺ യുടെ പ്രീയ പത്നിമാരിൽ നിന്ന് ഒരാളിൽ നിന്നും നിവേദനം: മഹതി പറഞ്ഞു: ദുൽഹജ്ജ് മാസത്തിലെ ഒമ്പത് ദിവസവും, ആശുറാഅ് (മുഹർറം 10) ദിവസത്തിലും, എല്ലാ മാസവും മൂന്ന് ദിവസങ്ങൾ അഥവാ മാസത്തിലെ തിങ്കളും വ്യാഴവും അല്ലാഹുവിന്റെ തിരു ദൂതർ ﷺ നോമ്പനുഷ്ടിക്കുമായിരുന്നു(അബൂ ദാവൂദ്)
അതിൽ തന്നെ ദുൽഹജ്ജ് ഒമ്പത് അഥവാ അറഫ ദിവസത്തിലെ നോമ്പിന്റെ മഹത്വം പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം വിശാലമാണ്.
عَنْ أَبِي قَتَادَةَ رَضِيَ اللهُ عَنْهُ ......وَسُئِلَ عَنْ صَوْمِ يَوْمِ عَرَفَةَ ؟ فَقَالَ : يُكَفِّرُ السَّنَةَ الْمَاضِيَةَ،وَالْبَاقِيَةَ ( رواه مسلم)
അബൂ ഖതാദ (റ) യിൽ നിന്ന് നിവേദനം:...... തിരു നബി ﷺ യോട് അറഫാ നോമ്പിന്റെ മഹത്വത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: കഴിഞ്ഞ വർഷത്തെയും വരാനിരിക്കുന്ന വർഷത്തേയും പാപങ്ങളെ പൊറുപ്പിക്കുന്നതാണ്(മുസ്ലിം)
2. ദാനധർമ്മം
അല്ലാഹു ആദരിച്ച ദിവസങ്ങളും സമയങ്ങളുമാണ് ഈ പത്ത് ദിനരാത്രങ്ങൾ ഈ അമൂല്യ അവസരത്തിലെ ദാനധർമ്മത്തിന് മറ്റു സമയങ്ങളിൽ ലഭിക്കാത്ത വിധം പ്രതിഫലം ലഭിക്കുന്നതാണ്
3. ദിക്റുകൾ അധികരിപ്പിക്കുക
قال تعالى: {وَيَذْكُرُوا اسْمَ اللهَ فِي أَيَّامٍ مَّعْلُومَاتٍ} [الحج:28]، قال ابن عباس وابن كثير يعني: أيام العشر
അല്ലാഹു പറയുന്നു: അറിയപ്പെട്ട ദിവസങ്ങളിൽ അവർ അല്ലാഹുവിനെ സ്മരിക്കാനും വേണ്ടി [ഹജ്ജ്: 28] ഇബ്നു അബ്ബാസ് (റ) പറയുന്നു അറിയപ്പെട്ട ദിവസങ്ങൾ കൊണ്ട് വിവക്ഷ ദുൽ ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളാണ്.
4.സൂറത്തുൽ ഫജ്ർ പാരായണം
വിശുദ്ധ ഖുർആനിലെ 89-ാം സൂറത്താണ് സൂറത്തുൽ ഫജ്ർ വെറും 30 ആയത്തുകൾ മാത്രമുള്ള ഈ സൂറത്ത് ദുൽഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളിലും പാരായണം ചെയ്യൽ പ്രത്യേകം സുന്നത്താണെന്ന് മഹാന്മാർ പഠിപ്പിക്കുന്നു. പ്രഭാതത്തെ കൊണ്ടും പത്ത് രാത്രികളെ കൊണ്ടും സത്യം ചെയ്ത് കൊണ്ടാണ് ഈ സൂറത്തിന്റെ ആരംഭം തന്നെ, ഈ പത്ത് രാത്രികൾ ദുൽ ഹിജ്ജയുടെ രാത്രികളെ സംബന്ധിച്ചാണെന്ന് മുഫസ്സിറുകൾ രേഖപ്പെടുത്തുന്നു.
5. തക്ബീർ, തഹ്ലീൽ,തഹ്മീദ് അധികരിപ്പിക്കൽ
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا عَنِ النَّبِيِّ ﷺ قَالَ : مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللهِ ، وَلَا أَحَبُّ إِلَيْهِ مِنَ الْعَمَلِ فِيهِنَّ مِنْ هَذِهِ الْأَيَّامِ الْعَشْرِ ؛ فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيلِ، وَالتَّكْبِيرِ، وَالتَّحْمِيدِ(رواه أحمد)
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ഈ പത്ത് ദിവസങ്ങളേക്കാൾ (ദുൽ ഹിജ്ജയുടെ 10 ദിവസങ്ങൾ) അല്ലാഹുവിന്റെ അടുക്കൽ മഹത്വമേറിയതോ, ഈ ദിവസങ്ങളിൽ ചെയ്യുന്ന സുകൃതങ്ങളേക്കാൾ പുണ്യമേറിയതോ ആയ മറ്റു സമയങ്ങളില്ല തന്നെ ; അതു കൊണ്ട് ഈ ദിവസങ്ങളിൽ നിങ്ങൾ അധികമായി തഹ്ലീലും(لا اله الا الله) തക്ബീറും (الله اكبر) തഹ്മീദും (الحمد لله) ചൊല്ലുക (അഹ്മദ്)
6. തക്ബീർ ചൊല്ലൽ
ഈ ദിവസങ്ങളിൽ നിർവ്വഹിക്കാൻ നിർദ്ദേശിക്കപ്പെട്ട സുന്നത്തുകളിൽ പ്രധാപ്പെട്ട കാര്യമാണ് ഉള്ഹിയ്യത്ത് അറുക്കാൻ പറ്റിയ വിഭാഗത്തിൽ പെട്ട മൃഗങ്ങളെ (ആട്, മാട്, ഒട്ടകം) കാണുകയോ അതിന്റെ ശബ്ദം കേൾക്കുകയോ ചെയ്യുമ്പോൾ ഒറ്റ തവണ തക്ബീർ (اَللهُ أَكْبَرْ) ചൊല്ലൽ.
7. ഉള്ഹിയ്യത്ത് അഥവാ ബലിദാനം
ദുൽഹജ്ജ് പത്ത് അഥവാ ബലിപെരുന്നാൾ ദിവസത്തിലും ശേഷമുള്ള മൂന്ന് തശ്രീകിന്റെ ദിവസങ്ങളിലും (ദുൽ ഹജ്ജ് 11, 12, 13) പ്രത്യേകം സുന്നത്താക്കപ്പെട്ട കർമ്മമാണ് ഉള്ഹിയ്യത്ത്.
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا أَنَّ رَسُولَ اللهِ ﷺ قَالَ : مَا عَمِلَ آدَمِيٌّ مِنْ عَمَلٍ يَوْمَ النَّحْرِ أَحَبَّ إِلَى اللهِ مِنْ إِهْرَاقِ الدَّمِ ، إِنَّهُ لَيَأْتِي يَوْمَ الْقِيَامَةِ بِقُرُونِهَا ، وَأَشْعَارِهَا ، وَأَظْلَافِهَا ، وَأَنَّ الدَّمَ لَيَقَعُ مِنَ اللهِ بِمَكَانٍ قَبْلَ أَنْ يَقَعَ مِنَ الْأَرْضِ ، فَطِيبُوا بِهَا نَفْسًا(رواه الترمذي)
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ബലിപെരുന്നാൾ ദിവസത്തിൽ രക്തം ഒലിപ്പിക്കുന്നതിനേക്കാൽ (ബലി കർമ്മം നിർവ്വഹിക്കൽ) മനുഷ്യൻ ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് അല്ലാഹുവിന്റെ അടുക്കൽ മഹത്വരമായ മറ്റൊരു പ്രവർത്തനവുമില്ല; ബലി മൃഗം പാരത്രിക ലോകത്ത് അതിന്റെ കൊമ്പുകളും രോമങ്ങളും കുളമ്പുകളുമായി വരുന്നതാണ്; ബലി മൃഗത്തിന്റെ രക്തം ഭൂമിയിൽ പതിക്കും മുമ്പ് തന്നെ അല്ലാഹുവിന്റെ അടുക്കൽ വലിയ സ്ഥാനം കൈവരിക്കുന്നതാണ്; അത് കൊണ്ട് ഉള്ഹിയ്യത്ത് കൊണ്ട് നിങ്ങൾ നന്നാക്കുക (തിർമിദി)
8. തക്ബീർ (മുഖയ്യദും, മുർസലും)
ബലിപെരുന്നാളുമായി ബന്ധപ്പെട്ട തക്ബീറുകൾ മൂന്ന് വിധമാണ്
1. മുർസലായ തക്ബീർ (ആഘോഷ തക്ബീർ)
2. മുഖയ്യദായ തക്ബീർ (നിസ്കാരാനന്തരം ചൊല്ലേണ്ട തക്ബീർ)
3.മൃഗങ്ങളുമായി ബന്ധപ്പെട്ട തക്ബീർ (ഉള്ഹിയ്യത്ത് മൃഗത്തെ കാണുമ്പോഴോ ശബ്ദം കേൾക്കുമ്പോഴോ ചൊല്ലേണ്ട തക്ബീർ)
മുർസലായ തക്ബീർ
ബലി പെരുന്നാൾ ദിവസത്തിലെ തലേ ദിവസത്തെ സൂര്യാസ്തമയം മുതൽ പെരുന്നാൾ നിസ്കാരം ജമാഅത്തായി നിസ്കരിക്കുന്നയാൾക്ക് തന്റെ ഇമാം തക്ബീറത്തുൽ ഇഹ്റാമിലെ "റാഅ്" ഉച്ചരിക്കുന്നത് വരേയും സ്വന്തം നിസ്കരിക്കുന്നവന് സ്വന്തം തക്ബീറത്തുൽ ഇഹ്റാമിലെ "റാഅ്" ഉച്ചരിക്കുന്നത് വരേയും പെരുന്നാൾ നിസ്കരിക്കാത്തവന് പെരുന്നാൾ ദിവസത്തിലെ ളുഹ്ർ വരേയും ഉപാധികളില്ലാതെ ചൊല്ലേണ്ട തക്ബീർ (തുഹ്ഫ :3/51)
മുഖയ്യദായ തക്ബീർ
അറഫാ ദിവസത്തിലെ (ദുൽ ഹജ്ജ് 9) സുബ്ഹി നിസ്കാരം നിർവ്വഹിച്ചത് മുതൽ അയ്യാമുത്തശ്രീഖിന്റെ അവസാനത്തെ അസ്വർ നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയ ശേഷം ചൊല്ലുന്ന തക്ബീറോട് കൂടി അവസാനിക്കുന്ന തക്ബീർ. എന്നാൽ പ്രസ്തുത ദിവസത്തിലെ മഗ്‌രിബ് വരെ സമയമുണ്ടെന്നാണ് ഇമാം റംലി (റ) യുടെ പക്ഷം. (തുഹ്ഫ: 3/53, നിഹായ: 2/399) നിസ്കാരനന്തരമെന്ന നിബന്ധന ഉള്ളത് കൊണ്ടാണ് "മുഖയ്യദ്" എന്ന് പേര് നൽകാൻ കാരണം.(തുഹ്ഫ : 3/51)
9. പെരുന്നാൾ കുളി
ചെറിയ/വലിയ പെരുന്നാളിന്റെ സുന്നത്തായ കുളിയെ ഞാൻ കരുതി എന്ന് നിയ്യത്ത് ചെയ്ത് പെരുന്നാൾ ദിവസത്തിൽ കുളിക്കൽ പ്രത്യേകം സുന്നത്താണ്. (തുഹ്ഫ :3/48, 2/468)
പെരുന്നാൾ ദിവസത്തിലെ അർദ്ധ രാത്രി മുതൽ പെരുന്നാൾ ദിവസത്തിലെ സൂര്യാസ്തമയം വരേയാണ് സമയം (നിഹായ: 2/392)
10. പെരുന്നാൾ നിസ്കാരം, പുതുവസ്ത്രം, സുഗന്ധം, പെരുന്നാൾ ആശംസ കൈമാറൽ
പെരുന്നാൾ ദിവസം ആഘോഷത്തിന്റെ ദിവസമാണ്. ഹലാലായ ആഘോഷ പ്രവർത്തനങ്ങൾ അനുവദനീയമാണ്. പുത്തൻ വസ്ത്രങ്ങൾ ധരിക്കലും, സുഗന്ധം പുരട്ടലും, (തഖബ്ബലല്ലാഹു മിന്നാ വ മിൻക) എന്നോ ഇത് പോലോത്ത മറ്റു വാചകങ്ങൾ കൊണ്ടോ ആശംസകൾ കൈമാറലും അതിന് മറുപടിയായി (തഖബ്ബലല്ലാഹു മിൻകും അഹ്യാകുമുല്ലാഹു ലി അംസാലിഹീ കുല്ലു ആമിൻ വ അൻതും ബി ഖൈർ) എന്ന് പറയലും പ്രത്യേകം സുന്നത്താണ്.
ഇനിയും ഒരുപാട് സുന്നത്തുകൾ ഉണ്ട് എല്ലാം പകർത്തി ജീവിതം ധന്യമാക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ.
ഇസ്ലാമിക് വീഡിയോകൾ ലഭിക്കുന്നതിന് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐകൺ ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക
No comments:
Post a Comment