ഇന്നാലില്ലാഹ്, പ്രീയ ഗുരുവര്യർ അലി സഖാഫി ഉസ്താദ് വിട പറഞ്ഞിരിക്കുന്നു.ഉത്തർ പ്രദേശിലെ ബറേൽവിയിൽ അഅലാ ഹസ്റത് റസാഖാൻ തങ്ങളുടെ ചാരത്തിരിക്കുമ്പോഴാണ് അലി സഖാഫി ഉസ്താദിന്റെ വിയോഗ വാർത്തയറിയുന്നത്. ഖുർആൻ പാരായണ ശാസ്ത്രത്തിന്റെ അറിവുറവ തുറന്നു തന്ന പ്രീയപ്പെട്ട ഉസ്താദിന്റെ വിടവാങ്ങൽ ഞങ്ങളിൽ വലിയ ദു:ഖമാണുണ്ടാക്കിയത്. ആ ഗുരുമുഖത്ത് അറിവാഴം തേടി ചടഞ്ഞിരുന്നവർക്ക് മാത്രമേ ആ ദു:ഖത്തിന്റെ ആഴമറിയൂ..
അലി ഉസ്താദിന്റെ ഖുർആൻ ക്ലാസുകൾക്ക് ഒരു പ്രത്യേക സൗന്ദര്യമുണ്ടായിരുന്നു. ഉസ്താദിലേക്ക് വീണ്ടും വീണ്ടും ശിഷ്യ മനസ്സുകളെ ആകർഷിപ്പിച്ചു നിർത്തിയ ഒരു കാന്തിക സൗന്ദര്യം !! നിഷ്കളങ്കമായ ആ ചിരിയിലും ഖുർആൻ പാരായണത്തിൽ പിഴവു പറ്റുമ്പോൾ മാത്രം കാണാറുള്ള കണ്ണ് തുറിച്ചുള്ള ഗൗരവഭാവത്തിലുമെല്ലാം ഞങ്ങൾ വലിയ പാഠങ്ങൾ കണ്ടെത്തി. തിരക്കിട്ട ജീവിതത്തിനിടയിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമായിരുന്നു ക്ലാസിനായി അലിയുസ്താദ്
മുഹിമ്മാത്തിലെത്തിയിരുന്നത്.ഓർമ്മപ്പിഴവില്ലെങ്കിൽ അത് ചൊവ്വാഴ്ച്ചകളായിരുന്നു. ദഅവ കോളേജ് ഡയറക്ടറും പ്രീയപെട്ട ഉസ്താദുമായ ഖാദിർ സഖാഫി ഉസ്താദിനോട് അലിയുസ്താദിന്റെ കൂടുതൽ ക്ലാസുകൾ ലഭിക്കാനുള്ള സാധ്യതാ - ഉപസാധ്യതകളെക്കുറിച്ച് ആവശ്യപ്പെട്ട് നോക്കി. പക്ഷേ, അലിയുസ്താദിന്റെ തിരക്കൊന്നു കൊണ്ടു മാത്രം ആ ആവശ്യം നിറവേറിയില്ല. പഠനം കഴിഞ്ഞ് ഹിമമിയായി പുറത്തിറങ്ങിയ ശേഷവും അലിയുസ്താദ് സേവനം ചെയ്യുന്ന സ്ഥലത്ത് പോയി തജ് വീദിന്റെ ആഴമേറിയ പഠനത്തെക്കുറിച്ച് സഹൃദയരായ ചില ഹിമമി സുഹൃത്തുക്കളോട് ചർച്ച നടത്തി. ധാരണയിലുമെത്തി. പക്ഷേ അതുണ്ടാകും മുമ്പെ ഉസ്താദ് യാത്ര പോയിരിക്കുന്നു.
മുഹിമ്മാത്തിൽ നിന്ന് പഠിച്ചിറങ്ങിയ ഹിമമികളെ സംബന്ധിച്ചിടത്തോളം അലിയുസ്താദ് ഗുരുവര്യർ മാത്രമായിരുന്നില്ല. ഞങ്ങളുടെ ആത്മീയ നായകർ ത്വാഹിർ തങ്ങളുസ്താദിന്റെ പ്രീയമേറിയ ശിഷ്യൻ കൂടിയായിരുന്നു. തങ്ങളുസ്താദുമായുണ്ടായിരുന്ന ഹൃദയ ബന്ധത്തെക്കുറിച്ചും ക്ലാസു ശാസ്ത്രത്തെക്കുറിച്ചുമെല്ലാം അലിയുസ്താദ് ഒഴിവുവേളകളിൽ പറഞ്ഞു തരും. കൂടെ പൂർവ്വീകരായ ഖാരിഉകളുടെ ചരിത്ര ശകലങ്ങളും.. നാളെയുടെ വാഗ്ദാനങ്ങളായ യുവ പണ്ഡിതന്മാർ അവരിൽ നിന്ന് പഠിക്കേണ്ട ബഹുമുഖ മാതൃകകളെക്കുറിച്ചുള്ള അറിവു ടിപ്സുകളായിരുന്നു അവയത്രയും. ഖുർആൻ പാരായണത്തിൽ വരുന്ന പിഴവുകളെ ലഘൂകരിച്ച് കാണുന്ന 'ആധുനികത'ക്കെതിരെയുള്ള തിരുത്തൽ സ്വരങ്ങളായിരുന്നു അവയെല്ലാം.
സിയാറത്തിന് വേണ്ടി യു.പിയിലെ ബറേൽവിയിലുള്ള അഅലാ ഹസ്റത് റസാഖാൻ (റ) യുടേയും, താജുശ്ശരീഅ (ഖ:സി) യുടേയും മസാറകളിൽ മുഹിമ്മാത്തിലെ മുതഅല്ലിമീങ്ങൾ ഉസ്താദിന് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. അല്ലാഹു അവരുടെ ദറജ ഉയർത്തി കൊടുക്കട്ടെ - ആമീൻ
ശഹീദ് ഹാദി ഹിമമി ചെണ്ടത്തോടി.
മുഹിമ്മാത്ത് ദഅവ കോളേജ് .



No comments:
Post a Comment