ജീവിത യാത്രയിൽ ഒരു വ്യക്തിയെ കണ്ടു മുട്ടുന്നു.അദ്ദേഹത്തെ മുമ്പ് യാതൊരു പരിചയവും ഇല്ല. തെളിച്ച് പറഞ്ഞാൽ അദ്ദേഹത്തിന്റെ ഊരും പേരും പോലും മുമ്പ് കേട്ടിട്ടില്ല.ആ കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹത്തെ പിന്നെ കണ്ടിട്ടുമില്ല. അൽപ്പ നേരം മാത്രം ഒരേയൊരു സംഗമം.ആ ഒരൊറ്റ സംഗമത്തിൽ തന്നെ അദ്ദേഹം ഹൃത്തടത്തിൽ ഇടം പിടിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത സ്വാധീനം.
ഇങ്ങനെയൊക്കെ ഉണ്ടാവുമോ എന്നാരെങ്കിലും ചോദിച്ചാൽ ഞാൻ തറപ്പിച്ച് പറയും: ഉണ്ടാവും, അല്ല, ഉണ്ടായിക്കഴിഞ്ഞു..!! എന്റെ ജീവിതത്തിൽ..!
തികച്ചും യാദൃശ്ചികമായാണ് അലിയുസ്താദിനെ വിനീതൻ കാണുന്നത്.എന്തോ ആവശ്യത്തിനു വേണ്ടി മുഹിമ്മാത്ത് ഖുർആൻ റിസർച്ച് സെന്റർ വൈ. പ്രിൻസിപ്പാൾ മിസ്ബാഹി ഉസ്താദിന്റെ റൂമിൽ പോയതായിരുന്നു. ഭംഗിയുള്ള തലപ്പാവും ചീകിയൊതുക്കിയ താടിയും വശ്യമായ ചിരിയുമായി ഇരിക്കുന്ന ആളെ യാതൊരു മുൻ പരിചയവുമില്ലായിരുന്നു. ത്വാഹിർ തങ്ങളുസ്താദിന്റെ ശിഷ്യൻ, പ്രഗൽഭനായ ഖാരിഅ എന്നിങ്ങനെ ആ വ്യക്തിത്വത്തിന് ചന്തം ചേർത്ത ഗുണ ഗണങ്ങൾ നിരത്തി മിസ്ബാഹി ഉസ്താദ് പരിചയപ്പെടുത്തുമ്പോൾ ലളിതമായി ചിരിച്ച് വിഷയം മാറ്റിക്കളഞ്ഞു അദ്ദേഹം.
വിനീതന്റെ നാടും വീടും ചോദിച്ചറിഞ്ഞു. മർക്കസിൽ പഠിക്കുന്ന കാലത്ത് ഖാരിഅ ഹസസനുസ്താദ് ഇഹ്യാഉസ്സുന്നയിൽ ഹിസ്ബ് ക്ലാസെടുക്കാൻ പറഞ്ഞയച്ച അനുഭവം അനാവരണം ചെയ്യുമ്പോൾ എന്ത് നിഷ്കളങ്കതയായിരുന്നു ആ മുഖത്ത്!!!
ഖുർആൻ അദ്ദേഹത്തിന് ആവേശമായിരുന്നു എന്ന് ആ സമാഗമത്തിൽ നിന്ന് തന്നെ ബോധ്യമായി.
ഈജിപ്തിൽ നിന്ന് പത്ത് ഖിറാഅത്തു രീതികളിൽ സനദ് സമ്പാദിച്ച അബ്ദുലത്വീഫ് സഖാഫി ചർച്ചയായപ്പോൾ അദ്ദേഹത്തിന്റെ ദശ ശൈലീസമ്മിശ്ര ഖുർആൻ പാരായണത്തിന്റെ വീഡിയോ ക്ലിപ്പ് വാട്സാപ്പിൽ അയക്കാൻ ആവശ്യപ്പെട്ടു. എനിക്ക് നമ്പർ തന്നിരുന്നു എന്നാണെന്റെ ഓർമ്മ. നെറ്റ് ഇല്ലാത്തതിനാൽ അന്ന് അയക്കാൻ കഴിഞ്ഞില്ല. മറവിയുടെ മാറാലക്കൂടിൽ മറഞ്ഞ വാഗ്ദാനം നിറവേറാൻ കാത്തു നിൽക്കാതെ അലിയുസ്താദ് യാത്രയായി. ബലിപെരുന്നാൾ ദിനത്തിൽ മരണ വാർത്തയും ഫോട്ടോയും കണ്ടപ്പോൾ അപരിചിതനാണെന്ന് കരുതി അധികം ഗൗനിച്ചില്ല. ശ്രദ്ധിച്ച് നോക്കിയപ്പോൾ പരിചയം മണത്തു. ഒന്ന് കൂടെ ഓർമ്മച്ചെപ്പിൽ ഊളിയിട്ടപ്പോൾ അലറാതെ അലറിപ്പോയി.
അലിയുസ്താദ് ..
അദ്ദേഹത്തിന്റെ എന്ത് ഗുണമാണ് ആകർഷണീയം എന്നെനിക്ക് തീർച്ചപ്പെടുത്താൻ കഴിയുന്നില്ല.സൽ സ്വഭാവം ഖുർആനാണ്. നബി (സ) യുടെ സ്വഭാവം ഖുർആനാണെന്നല്ലെ ആയിശ ഉമ്മ (റ) മൊഴിഞ്ഞത്.അലിയുസ്താദിന്റെ ജീവ വായുവും ഖുർആനായിരുന്നല്ലോ.
നാഥാ.. അവിടുത്തോടൊപ്പം ഞങ്ങളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണെ..ആമീൻ
Sulaiman Shamil Irfani
خادم خدم العلم بمهمات


No comments:
Post a Comment